വാഹനങ്ങള്‍ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ ഗതാഗതകുരുക്കില്‍ കുടുങ്ങി കിടക്കുന്ന തൃശൂര്‍ അശ്വനി ജംങ്ഷന്‍, അവിടേക്കാണ് അത്യാസന്ന നിലയില്‍ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ട ആംബുലന്‍സ് എത്തിയത്, ഗതാഗതകുരുക്കില്‍ പെട്ട് മുന്നോട്ട് പോക്ക് അസാധ്യമാം വണ്ണം ആംബുലന്‍സിന്റെ വേഗത കുറയുന്നു, എന്തുചെയ്യണമെന്നറിയാതെ ആംബുലന്‍സ് ഡ്രൈവറും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കളും ആശങ്കപ്പെട്ടു, ആംബുലന്‍സിന്റെ മുന്നില്‍ അതിനേക്കാള്‍ വേഗത്തിലോടി വാഹനങ്ങളെയെല്ലാം മാറ്റി ഒരുപൊലീസുകാരി വഴിയൊരുക്കി. അവര്‍ ഒരുക്കിയ ആ വഴിയിലൂടെ ആംബുലന്‍സ് അതിവേഗം കടന്നുപോയി, ഈ ദൃശ്യങ്ങള്‍ ആരോ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലിട്ടപ്പോള്‍ നിമിഷനേരങ്ങള്‍ മതിയായിരുന്നു ആ നന്മ വൈറലാകാന്‍. തൃശൂര്‍ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ അപര്‍ണ ലവകുമാറാണ് ഗതാഗതകുരുക്കില്‍ അകപ്പെട്ട ആംബുലന്‍സ് രക്ഷകയായത്. മിന്നല്‍ വേഗത്തില്‍ ആംബുലന്‍സിന്റെ മുന്നിലുള്ള ഓരോ വാഹനത്തെയും അവര്‍ മാറ്റുന്ന ദൃശ്യം കാണുമ്പോള്‍ ആരും പറയും ' ഇത് താന്‍ടാ പൊലീസ് ' എന്ന്. എന്നാല്‍ അപര്‍ണാ ലവകുമാറിനെ നേരിട്ടറിയുന്നവര്‍ക്ക് ഈ സംഭവത്തില്‍ ആശ്ചര്യമൊന്നും തോന്നുന്നില്ല. കാരണം അവര്‍ പൊലീസിലെത്തിയ നാള്‍ മുതല്‍ നടത്തിയ ഓരോ ഇടപെടലും സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ്. ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ നിവര്‍ത്തിയില്ലാത്ത രോഗിക്ക് സ്വര്‍ണ വള ഊരി നല്‍കിയും, ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി നല്‍കിയുമെല്ലാം അപര്‍ണാ ഇതിനുമുമ്പും സമൂഹത്തിന്റെ മാതൃകാ വഴി കാട്ടിനല്‍കിയിട്ടുണ്ട്.

പ്രതിസന്ധികളുടെ കുട്ടിക്കാലം

'കുട്ടിക്കാലത്ത് എന്നെ ഒരുപാടുപേര്‍ സഹായിച്ചിരുന്നു. അന്നൊന്നും എനിക്ക് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കഴിയുന്നത് ചെയ്യുന്നു' - മുമ്പ് ഒരഭിമുഖത്തില്‍ അപര്‍ണ പറഞ്ഞ ഈ വാക്കുകളിലുണ്ട് അവരുടെ സേവന മനോഭാവം. ആമ്പല്ലൂരിനടുത്ത വെണ്ടൂര്‍ കുട്ടിപ്പറമ്പിലെ ലവകുമാറിന്റെയും ശാന്തയുടെയും മകള്‍ പൊലീസിന്റെ കാക്കി യൂണിഫോം അണിഞ്ഞത് ജീവിതത്തെ തകര്‍ക്കാന്‍ വന്ന ഒരുപാട് തിരമാലകളെ അതിജീവിച്ചാണ്. അപര്‍ണയുടെ അച്ഛന് തൃശ്ശൂര്‍ ചിമ്മിനി ഡാമിനടുത്ത് ഒരുചായക്കടയുണ്ടായിരുന്നു. ഇതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടുമക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ചായക്കടയില്‍ തന്നെയായിരുന്നു ഇവരുടെ താമസവും. പെണ്‍കുട്ടിയായതിനാല്‍ അപര്‍ണയെ അവിടെ താമസിപ്പിക്കാതെ അമ്മവീട്ടിലേക്ക് അയക്കുകയായിരുന്നു. അവിടെ താമസിച്ചാണ് അപര്‍ണ സ്‌കൂളിലേക്ക് പോയിത്തുടങ്ങിയത്. എന്നാല്‍ രണ്ടുമക്കളെയും വിദ്യാഭ്യാസം നോക്കാനുള്ള സാമ്പത്തികം ആ പിതാവിന് ഇല്ലാതെ വന്നതോടെ വലിയ പ്രതിസന്ധി നേരിട്ടു. അങ്ങനെയാണ് അപര്‍ണ ഓര്‍ഫനേജിലേക്കെത്തുന്നത്. അവിടെ നിന്നായിരുന്നു പിന്നീട് അപര്‍ണയുടെ പഠനം. സിസ്റ്റര്‍മാരും അധ്യാപകരുടെ കൂടെ പഠിച്ച കുട്ടികളും കാണിച്ച കാരുണ്യമാണ് അന്ന് പിടിച്ചുനില്‍ക്കാന്‍ അപര്‍ണയ്ക്ക് പ്രേരണയും സഹായവും നല്‍കിയത്. നല്ല വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം അവര്‍ നല്‍കി. അപര്‍ണ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് അച്ഛന് മാരകമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാകുന്നത്. അന്ന് ഡോക്ടര്‍ എഴുതിയ ലിസ്റ്റിലെ മരുന്നുകള്‍ വാങ്ങിക്കാന്‍ പണമില്ലാതെ അപര്‍ണ നിസ്സഹായയായി നിന്നു. അന്ന് അപര്‍ണയുടെ അവസ്ഥകണ്ട് സഹായിച്ചത് ആശുപത്രിയില്‍ തൊട്ടപ്പുറത്ത് കിടന്നിരുന്ന കൂലിപ്പണിക്കാരാനായ ആളാണ്. അയാള്‍ ഭാര്യയോട് പറഞ്ഞ് അപര്‍ണയുടെ കൈയിലെ ചീട്ട് വാങ്ങിച്ച് മുഴുവന്‍ മരുന്നുകളും വാങ്ങി നല്‍കി. നമുക്ക് ഉള്ളതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തന്നെ ആദ്യമായി പഠിപ്പിച്ചത് ആ സംഭവമാണെന്ന് അപര്‍ണ പിന്നീട് ഒരുപാട് ഇടങ്ങളില്‍ പറഞ്ഞു.

 

 

വെളിച്ചം, ഇരുട്ട്...

പ്രതിസന്ധിയില്‍ ആഴ്ന്നുപോകുന്ന ജീവിതത്തെ അതിജീവിക്കാന്‍ അപര്‍ണയ്ക്ക് ഒരുജോലി അത്യാവശ്യമായിരുന്നു. അവര്‍ പഠിച്ച് പരീക്ഷ എഴുതി പൊലീസ് കോണ്‍സ്റ്റബിളിന്റെ യൂണിഫോം അണിഞ്ഞു. വരന്തരപ്പിള്ളിയിലെ ഗള്‍ഫുകാരനായ രാജനെ വിവാഹവും ചെയ്തു. സന്തോഷത്തിന്റെ നാളുകളിലേക്ക് വീണ്ടും പ്രതിസന്ധി തിരമാലപോലെ വന്നത് രാജന്‍ നാട്ടില്‍ തിരികെ വന്ന് ബിസിനസുകള്‍ ആരംഭിച്ചപ്പോഴാണ്. തുടങ്ങിയ ബിസിനസുകളെല്ലാം ഒന്നിനുപിറകേ ഒന്നായി പരാജയപ്പെട്ടതോടെ കടക്കെണി ആ കുടുംബത്തെ വന്ന് മൂടി. കടക്കെണി ജപ്തി നോട്ടീസായി വീടിന്റെ ചുമരില്‍ പതിഞ്ഞതോടെ അപര്‍ണയെയും രണ്ടുപെണ്‍മക്കളെയും ഒറ്റയ്ക്കാക്കി രാജന്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. ആ മരണത്തെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലില്‍ നിന്ന് അപര്‍ണയെ നിവര്‍ന്നുനില്‍ക്കാനും കൂടുതല്‍ കരുത്തോടെ ജീവിക്കാനും പ്രാപ്തയാക്കിയത് മേലുദ്യോഗസ്ഥരും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുമാണ്. ആ ഒറ്റപ്പെടല്‍ അവര്‍ കൂടുതല്‍ കരുത്തയാക്കി.

ആ മൂന്ന് വളകള്‍..
ജീവിതത്തെ മെല്ലെ ജയിച്ചുകയറിയ തുടങ്ങി അപര്‍ണ പിന്നെ കണ്‍മുന്നില്‍ മനുഷ്യര്‍ ഒറ്റപ്പെട്ട് നിന്ന ഇടങ്ങളിലെല്ലാം കാരുണ്യത്തിന്റെ കൈനീട്ടി. 2008-ല്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അപര്‍ണ ജോലിചെയ്യുന്ന കാലം. കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഭര്‍ത്തൃവീട്ടുകാരുടെ അടിയേറ്റ് ചികിത്സയിലായിരുന്ന പൂത്തുര്‍ സ്വദേശിയായ ഉഷ മരണപ്പെടുന്നു. ഒല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയെങ്കിലും അനന്തരനടപടികളുടെ ചുമതല അപര്‍ണയ്ക്കായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ അപര്‍ണയോട് ആശുപത്രി അധികൃതര്‍ സംസാരിച്ചു. അറുപതിനായിരം രൂപ ബില്ലിനത്തില്‍ അടയ്ക്കാനുണ്ടെന്നും അത് അടച്ചാല്‍ മാത്രമേ മൃതദേഹം വിട്ടുകൊടുക്കയുള്ളൂ എന്നും ഉറപ്പിച്ചുപറഞ്ഞു. അപര്‍ണ കാര്യം സി.ഐയെ അറിയിക്കുകയും അദ്ദേഹം ആശുപത്രി അധികൃതരോടെ സംസാരിക്കുകയും ചെയ്തു, ബില്‍ തുക പകുതിയാക്കി കുറച്ചു നല്‍തി. അത് എങ്കിലും അടച്ചാല്‍ മൃതദേഹം വിട്ടു നല്‍കാം എന്ന ധാരണയില്‍ എത്തി. മരിച്ച സ്ത്രീയുടെ സഹോദരനെ സിഐ വിവരം ധരിപ്പിച്ചെങ്കിലും അവര്‍ നിസ്സാഹയവസ്ഥ പറഞ്ഞ് പൊട്ടിക്കരഞ്ഞു. മുപ്പതിനായിരം പോയിട്ട് മുപ്പതുരൂപ പോലും എടുക്കാനില്ലാത്ത സ്ഥിതിയാണെന്ന അവരുടെ കരച്ചിലിന് മുന്നില്‍ അപര്‍ണയും ആടിയുലഞ്ഞു. പണത്തിനായി സഹോദരന്‍ പലവഴി ഓടിയെങ്കിലും ആവശ്യമായ പണം കിട്ടിയില്ല. അനാഥമായി മൃതദേഹം കിടക്കുന്നത് കണ്ട അപര്‍ണ പിന്നെ ഒന്നും ചിന്തിച്ചില്ല. തന്റെ കൈയിലുണ്ടായിരുന്ന മൂന്ന് സ്വര്‍ണ വളകള്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് ഊരി നല്‍കി. മരിച്ച സ്ത്രീയുടെ സഹോദരന്‍ ആദ്യം വിസമ്മതിച്ചെങ്കിലും അപര്‍ണയുടെ നിര്‍ബന്ധത്തിന് മുന്നില്‍ അവസാനം അവര്‍ വഴങ്ങി. ആ വളകള്‍ പണയംവെച്ച് ബില്‍ അടക്കുകയും മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ അപര്‍ണയെ കാണാന്‍ അയാള്‍ വീണ്ടുമെത്തി. അപ്പോള്‍ അയാളുടെ കൈയില്‍ ആ മൂന്ന് സ്വര്‍ണവളകള്‍ ഉണ്ടായിരുന്നു. അത് അപര്‍ണയുടെ കൈയില്‍ തിരികെ നല്‍കി നന്ദി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

മുടിയിലെങ്കിലെന്താ...?

ജോലിയുടെ ഭാഗമായി ഒരുപാട് സ്‌കൂളുകളില്‍ അപര്‍ണ ക്ലാസ്സുകള്‍ എടുക്കാന്‍ പോകാറുണ്ട്. അങ്ങനെ ഒരുസ്‌കൂളില്‍ ചെന്നപ്പോള്‍ അര്‍ബുദ ബാധിതനായ ഒരു ആണ്‍കുട്ടിയെ കാണാനിടയായി. കീമോ ചെയ്തതിന് ശേഷം മുടിയെല്ലാം പോയപ്പോള്‍ ആ കുട്ടിക്ക് സ്‌കൂളില്‍ വരാനും മറ്റുള്ളവരെ അഭിമുഖീകരിക്കാനും വലിയ മടിയായിരുന്നു. എല്ലാവരും തന്നെ കളിയാക്കുമോ എന്നായിരുന്നു അവന്റെ പേടി. അതറിഞ്ഞപ്പോഴാണ് അത്തരം ആള്‍ക്കാര്‍ക്ക് ധൈര്യം നല്‍കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണെന്ന് അപര്‍ണയ്ക്ക് തോന്നിയത്. അന്നാദ്യമായി കഴുത്തുവരെ അപര്‍ണ മുടിവെട്ടി,  അര്‍ബുദ രോഗികള്‍ക്ക് ദാനം ചെയ്തതു. പിന്നാലെ അപര്‍ണയുടെ മക്കളായ ദേവിയും ഗൗരിയും അമ്മയുടെ മാതൃക പിന്തുടര്‍ന്ന് മുടി ദാനം ചെയ്തു. 2019 ലാണ് മേലുദ്യോഗസ്ഥരുടെ അനുമതിയോടെ തലമുഴുവനായി മൊട്ടയടിച്ച് മുടി മുഴുവന്‍ അപര്‍ണ അമല ക്യാന്‍സര്‍ ഹോസ്പിറ്റലിലേക്ക് ദാനം ചെയ്തത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi