ഒരുകാലത്ത് സൂപ്പർനായികയായിരുന്നു കിരൺ റാത്തോഡ്. ജയ്പൂരിലാണ് കിരൺ ജനിച്ചത്. പ്രശസ്ത ബോളിവുഡ് നടി രവീണ ഠണ്ടന്റെ ബന്ധു കൂടിയായ ആ പെൺകുട്ടിക്ക് സ്വാഭാവികമായും സിനിമയോട് താത്പര്യമുണ്ടായിരുന്നു. പഠനത്തിനായി മുംബൈയിലെത്തിയതാണ് അവരുടെ കരിയറിൽ വഴിത്തിരിവായത്. പഠനത്തിനൊപ്പം തന്നെ മോഡലിങ്ങിലും ഹിന്ദി പോപ്പ് ആൽബങ്ങളിലും അഭിനയിച്ചു. ആ പരിചയമാണ് സിനിമയിലേക്കെത്തിച്ചത്.

ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി കിരൺ സ്‌ക്രീനിലെത്തി. 'യാദേം' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് തുടക്കം. അതിൽ ഹൃത്വിക് റോഷനും കരീന കപൂറുമായിരുന്നു നായികാനായകൻമാർ. തമിഴ്, തെലുഗു ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. കമൽഹാസനൊപ്പം 'അൻപേ ശിവ'ത്തിലും വിക്രമിനൊപ്പം 'ജെമിനി'യിലും നായികയായി.

തെന്നവൻ, വില്ലൻ, ദിവാൻ, വിന്നർ, ന്യൂ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് കിരൺ. 'താണ്ഡവ'ത്തിൽ മോഹൻലാലിന്റെ നായികയായി. മനുഷ്യമൃഗം, ഡബിൾസ്, മായക്കാഴ്ച എന്നിവയാണ് മറ്റ് മലയാളംസിനിമകൾ. ചിന്ന, തിമിര്, രാജാധി രാജ, ഗുരുശിഷ്യൻ, ഗൺ തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റംഡാൻസറായി. ഒരുകാലത്ത് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരത്തിന് പിന്നീട് അവസരങ്ങൾ കുറയുന്നതാണ് കണ്ടത്. 2025-ൽ റിലീസായ 'മിസിസ് ആന്റ് മിസ്റ്റർ' എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.

അതിനിടെ അവരെക്കുറിച്ച് കുറേ ഗോസിപ്പുകളും പുറത്തുവന്നു. മൂന്ന് വിവാഹം കഴിച്ചു, നാലുമക്കളുണ്ട് എന്ന് ആരൊക്കെയോ പറഞ്ഞുപരത്തിയെന്നും അത് തന്റെ കരിയറിനെ വല്ലാതെ ബാധിച്ചുവെന്നും അവർ ഒരിക്കൽ പറഞ്ഞിരുന്നു.

അവസരങ്ങൾ കുറഞ്ഞതോടെ അവർ മറ്റൊരു മേഖലയിലേക്ക് നീങ്ങി. 2022-ൽ കിരൺ ഒരു സബ്‌സ്‌ക്രിപ്ഷൻ ആപ്പ് തന്നെ കൊണ്ടുവന്നു. തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് ലഭ്യമാക്കുന്നതിനാണ് ഈയൊരു ആപ്പ് അവർ തുടങ്ങിയത്. കിരൺ റാത്തോഡ് ആപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിൽ പ്രൈവറ്റ് വീഡിയോ കോളുകളും ചാറ്റും ചെയ്യാനുള്ള അവസരമുണ്ട്.

തുടക്കകാലത്ത് ഓഡിയോ കോളിന് ഒരുമിനിറ്റിന് മാത്രം അവർ വാങ്ങിയത് 10,000 രൂപയാണ്. വീഡിയോകോളിന് മിനിറ്റിന് 1000 രൂപയും. നടി ഷക്കീലയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ ഇതിനെക്കുറിച്ചുള്ള ചോദ്യമുണ്ടായപ്പോൾ കിരൺ അതിനെ ന്യായീകരിച്ചു. തനിക്കും ജീവിക്കണമെന്നും ഇത് തെറ്റായ ജോലിയല്ലെന്നുമാണ് അവർ പറഞ്ഞത്.

ഇപ്പോഴിതാ കിരണിന്റെ ഒരു പോസ്റ്റ് വൈറലാവുകയാണ്. ഒരു സ്‌പെഷൽ ഓഫറുമായിട്ടാണ് ഇക്കുറി അവർ എത്തിയിരിക്കുന്നത്. 'കിരൺ റാത്തോഡ് ആപ്പി'ലെ വി.വി.ഐ.പി അംഗത്വത്തിനായി 99,999 രൂപയുടെ പുതിയൊരു ഓഫർ എന്നാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പറയുന്നത്. ഈ മെമ്പർഷിപ്പുള്ളവർക്ക് അൺലിമിറ്റഡ് ചാറ്റുകൾ, വീഡിയോ കോളുകൾ, സ്വകാര്യ ഗ്രൂപ്പുകളിലേക്കുള്ള പ്രവേശനം എന്നിവയും ലഭ്യമായിരിക്കുമെന്നും അവർ പറയുന്നു.

തൊട്ടുപിന്നാലെ ഈ പോസ്റ്റ് വിവാദമാവുകയും ചെയ്തു. പലരും എതിർപ്പുമായെത്തി. 'ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന് 299-ഉം 399-ഉം വാങ്ങുന്നവരെ അറിയാം. അപ്പോഴാണ് ഒരുലക്ഷം രൂപയുടെ ഓഫറുമായി കിരൺ എത്തുന്നത്. ഇത് ആളുകളെ ചൂഷണം ചെയ്യുകയല്ലേ, ഇതിനെതിരെ സർക്കാർ നടപടിയെടുക്കണം'. കിരണിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ആരെയും നിർബന്ധിച്ച് ചേർക്കുന്നില്ലെന്നും അത് അവരുടെ സ്വാതന്ത്ര്യമാണെന്നും അവർ വാദിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi