''കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ മനസ്സില്‍ വന്നത് മോളുടെ മുഖമാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോള്‍ എന്റെ മോളുടെ തളര്‍ന്ന മുഖം ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അപ്പോള്‍ വേറൊന്നും ചിന്തിച്ചില്ല. നാലുമാസം പ്രായമേയുള്ളു കുട്ടിക്ക്. എടുത്തുകൊണ്ടുപോയി പാലുകൊടുത്തു.'' - കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എം.എ. ആര്യ ഇതുപറയുമ്പോള്‍ വാക്കുകളില്‍ മാതൃത്വം നിറയുന്നുണ്ടായിരുന്നു. ബിഹാര്‍ പട്‌ന സ്വദേശിനിയുടെ നാലുമാസം പ്രായമായ മകള്‍ക്കാണ് കഴിഞ്ഞ ദിവസം ആര്യ അമ്മയായത്. 

ഇതേക്കുറിച്ചുള്ള വീഡിയോ സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം വാര്‍ത്തയറിയുന്നത്. മലയാളികൾ വാർത്ത ഏറ്റെടുക്കാൻ അധികം താമസമുണ്ടായില്ല. രാവിലെയായപ്പോഴേക്കും മാധ്യമങ്ങളിലെല്ലാം ഈ നന്മ നിറഞ്ഞ വാർത്ത നിറഞ്ഞു. 

''വാര്‍ത്തകളില്‍ ഇങ്ങനെ നിറയുമെന്നും ഇത്രയും ആളുകള്‍ അഭിനന്ദിക്കുമെന്നുമൊന്നും അപ്പോള്‍ അറിഞ്ഞതേയില്ല. നാലുവയസ്സുള്ള മകന്‍ ശിവതേജസ്സിനും ഒമ്പതുമാസം പ്രായമുള്ള മകള്‍ ശിവതീര്‍ത്ഥയ്ക്കും അമ്മയാണ് ഞാന്‍. മനസ്സില്‍ അപ്പോള്‍ ആരുടെ കുഞ്ഞാണെന്നതൊന്നും ചോദ്യം വന്നില്ല. കുഞ്ഞ് പാലിനായി കരയുന്നു എന്നതുമാത്രമേ ഓര്‍ത്തുള്ളു. പാലുകൊടുത്ത ശേഷം കുട്ടികളെ ശിശുഭവനിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴേക്കും ഭര്‍ത്താവ് പ്രദീപും വീട്ടുകാരും വാര്‍ത്ത അറിഞ്ഞിരുന്നു. എല്ലാവരും വലിയ സന്തോഷത്തോടെയാണ് വാര്‍ത്ത ഏറ്റെടുത്തത്.'' - ആര്യ പറയുന്നു. 

കുട്ടിയുടെ അമ്മ അജനയുടെ ഹൃദയവാല്‍വില്‍ രക്തം കട്ട പിടിച്ചതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ഭര്‍ത്താവ് ജയിലിലാണ്. ഈ കുഞ്ഞിനു പുറമേ പതിമൂന്നും അഞ്ചും മൂന്നും വയസ്സുള്ള മൂന്നുകുട്ടികള്‍കൂടി അജനയ്ക്കുണ്ട്. നാലുകുട്ടികളെയും സ്‌റ്റേഷനിലെത്തിച്ചു. മൂന്നുപേര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോഴാണ് നാലുമാസക്കാരി ഉറക്കമെഴുന്നേറ്റ് കരഞ്ഞത്. പാലിനായുള്ള കരച്ചിലാണതെന്ന് മനസ്സിലാക്കാന്‍ രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായ ആര്യയ്ക്ക് സമയമധികം വേണ്ടിവന്നില്ല. പലരും ആലോചിച്ചുനില്‍ക്കുന്നിടത്ത് തീരുമാനമെടുക്കാനും അവര്‍ക്ക് താമസമുണ്ടായില്ല.

placeholder
''ഇപ്പോൾ ഓർക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. പാലുകൊടുത്തുകഴിഞ്ഞപ്പോൾ കുഞ്ഞിന് നല്ല സന്തോഷമായി. കളിക്കാനും ചിരിക്കാനും തുടങ്ങി. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. സംഭവദിവസവും ഒരുപാട് താമസിച്ചാണ് വീട്ടിലെത്തിയത്. രാവിലെ 7.30 ക്ക് ജോലിക്ക് വരികയും ചെയ്തു.'' -ആര്യയുടെ മനസ്സിൽ ഇപ്പോഴും വലിയൊരു സന്തോഷം തോന്നിച്ച സാധാരണദിവസം മാത്രമാണത്.