
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ സഞ്ചരിക്കുന്ന നാടകക്കമ്പനി നടത്തുന്ന മാതാപിതാക്കള്‍ക്കൊപ്പം പലനാടുകളിലായിരുന്നു ജൂലിയന്‍ അസാഞ്ജിന്റെ കുട്ടിക്കാലം. പിതാവെന്നു പറയുമ്പോള്‍ രണ്ടാനച്ഛന്‍ ബ്രെറ്റ് അസാഞ്ജ്. ജൂലിയന്‍ ജനിക്കും മുമ്പേ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. വൈകാതെ അമ്മ ക്രിസ്റ്റിന്‍ ആന്‍ ഹോക്കിങ്‌സ് ബ്രെറ്റിനെ രണ്ടാംവിവാഹം ചെയ്ത്, അദ്ദേഹത്തിന്റെ പേര് മകന്റെ സര്‍നെയിം ആക്കി. യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഒരു ആക്ടിവിസ്റ്റായിരുന്നു ജൂലിയന്റെ സ്വന്തം പിതാവ് ജോണ്‍ ഷിപ്ടണ്‍. പക്ഷേ, 25-ാം വയസ്സില്‍ മാത്രമാണ് അസാഞ്ജ് അദ്ദേഹത്തെ കാണുന്നത്. തന്റെ വിമതരക്തം അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയതാണെന്ന് അദ്ദേഹം വിശ്വസിച്ചു. 30-ഓളം ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ കുട്ടിക്കാലത്ത് ജൂലിയന്‍ ജീവിച്ചിട്ടുണ്ട്. അമ്മയുടെ വിവാഹങ്ങളും വിവാഹമോചനങ്ങളും അസാഞ്ജിനെ ഒരർഥത്തിൽ അനാഥത്വത്തിലാക്കി. വിദ്യാഭ്യാസം പല സ്‌കൂളുകളില്‍. ചിലപ്പോള്‍ വീട്ടുപഠനവും. രണ്ടാനച്ഛന്റെ സര്‍നെയിമുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ വേറെ. അമ്മയ്ക്കും അര്‍ധസഹോദരനുമൊപ്പമായിരുന്നു കൗമാരകാലം വരെ ജീവിതം.
കമ്പ്യൂട്ടറിന്റെ രഹസ്യഭാഷ തകര്‍ക്കാന്‍ ചെറിയ പ്രായത്തിലേ അസാഞ്ജ് അതിവൈദഗ്ധ്യം നേടിയിരുന്നു. ഓസ്ട്രേലിയയിൽ അന്ന് അത്തരം ഹാക്കിങ് ശൃംഖലകൾ സജീവമായിരുന്നു. ഹാക്കിങ് തലയ്ക്കു പിടിച്ച കാലം. പതിനാറാം വയസ്സില്‍ മെന്‍ഡക്‌സ് എന്ന പേരില്‍ അസാഞ്ജ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തുതുടങ്ങി. സ്വന്തം ജീവിതത്തിലെ കഠിനമായ വഴികളിലേക്കുള്ള എടുത്തുചാട്ടമായിരുന്നു അത്. രണ്ടുപേരെ കൂടെക്കൂട്ടി ഇന്റര്‍നാഷണല്‍ സബ് വേര്‍സീവ്‌സ് എന്ന പേരിലൊരു ഹാക്കിങ് കമ്പനിയുണ്ടാക്കി. പക്ഷേ, സെന്‍സിറ്റീവായ ചില വിവരങ്ങള്‍ ഹാക്ക് ചെയ്തതോടെ പിടിക്കപ്പെട്ടു. വീട് റെയ്ഡ് ചെയ്ത് ഉപകരണങ്ങള്‍ കണ്ടുകെട്ടിയ പോലീസ് അസാഞ്ജിനെ അറസ്റ്റുചെയ്തു. പിഴയടച്ചാണ് ജയില്‍ മോചിതനായത്.
കൗമാരത്തിലെ വിവാഹം
ഹാക്കിങ്ങിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കാലം. 18-ാംവയസ്സില്‍ സ്വദേശിയായ 16-കാരിയുമായി അസാഞ്ജ് പ്രണയത്തിലായി. തെരേസ എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. ഇരുവരും ഒന്നിച്ചു താമസിക്കുകയും വിവാഹിതരാവുകയും ചെയ്തു. കൗമാര ദമ്പതിമാര്‍ക്ക് (അസാഞ്ജിന് 19-ഉം തെരേസയ്ക്ക് 17-ഉം) ഡാനിയേല്‍ എന്ന മകന്‍ പിറന്നു. അസാഞ്ജ് തുടരെ പോലീസിന്റെ നിരീക്ഷണത്തിലായ സമയമായിരുന്നു അത്. പൊരുത്തപ്പെടാനാവാതെ വന്ന തെരേസ കുഞ്ഞുമായി വീടുവിട്ടു. ഇത് വലിയ വിഷമമുണ്ടാക്കി അസാഞ്ജിന്. കുഞ്ഞിന്റെ സംരക്ഷണാവകാശത്തിനായി അമ്മയ്ക്കൊപ്പം അസാഞ്ജ് ദീര്‍ഘകാലം പോരാടിയിരുന്നു. അതേസമയം, പല പ്രണയങ്ങളിലായി അദ്ദേഹത്തിന് നാലു കുഞ്ഞുങ്ങളെങ്കിലുമുണ്ടായിരുന്നെന്നും ഒരുപാട് കുഞ്ഞുങ്ങളെ അസാഞ്ജ് ആഗ്രഹിച്ചിരുന്നെന്നും മുന്‍സഹപ്രവര്‍ത്തകന്‍ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
വിക്കിലീക്‌സ് സ്ഥാപിക്കുന്നു
യു.എസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രതിരോധരഹസ്യങ്ങള്‍ പുറത്തുവിട്ടാണ് അസാഞ്ജ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. അനീതികള്‍ തുറന്നുകാട്ടുന്നതിനായി രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമമെന്ന നിലയ്ക്ക് 2006-ല്‍ വിക്കിലീക്‌സിന് രൂപം നല്‍കി. ഒരുകൂട്ടമാളുകള്‍ സംഘത്തിലുണ്ടായിരുന്നു. അധികം താമസിയാതെ ഒളിവുജീവിതം തുടങ്ങിയെന്നു പറയാം. പലയിടങ്ങളില്‍ സഞ്ചരിച്ച് കൂട്ടുകാരുടെയും പരിചയക്കാരുടെയും വീട്ടിലോ കടത്തിണ്ണയിലോ അന്തിയുറക്കം. ഏപ്പോഴും രണ്ട് കമ്പ്യട്ടറുകള്‍ ഒപ്പമുണ്ടാവും. സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരുന്നു.
അമേരിക്കയെ നടുക്കിയ 2010
ഇറാഖിലെ യുദ്ധത്തിനിടെ യു.എസ്. സൈന്യം രണ്ട് മാധ്യമപ്രവര്‍ത്തകരടക്കം 11 പേരെ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ട് അമേരിക്കയുമായി അസാഞ്ജ് നേരിട്ട് യുദ്ധം പ്രഖ്യാപിച്ചു. 2010 ഏപ്രിലിലായിരുന്നു അത്. ഇതോടെ യു.എസിന്റെ കണ്ണിലെ കരടായി. അമേരിക്ക വിദേശരാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്രകാര്യാലയം വഴി രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം വൈകാതെ ലോകമറിഞ്ഞു. സഖ്യസേനയുടെ അഫ്ഗാന്‍, ഇറാഖ് അതിക്രമങ്ങളെപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് രേഖകളാണ് അസാഞ്ജ് വിക്കിലീക്‌സിന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ഇത് അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിച്ചു.
ഐക്യരാഷ്ട്രസഭയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ യു.എസ്. നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും വര്‍ഷങ്ങളായി അമേരിക്കയുടെ വിദേശകാര്യവകുപ്പും വിവിധ രാജ്യങ്ങളിലെ എംബസികളും തമ്മില്‍ നടന്ന രഹസ്യവിനിമയങ്ങളുടെ രേഖകള്‍ തെളിവായി നിരത്തി അസാഞ്ജ് സ്ഥാപിച്ചു. രഹസ്യയിടങ്ങളില്‍ നിന്ന് ചോര്‍ത്തിയ രണ്ടരലക്ഷത്തോളം രേഖകള്‍ ഘട്ടം ഘട്ടമായി പുറത്തുവിട്ടു. അമേരിക്കയ്ക്കും സുഹൃദ് രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇതോടെ അസ്വാരസ്യങ്ങളുണ്ടാക്കി. വിക്കിലീക്‌സ് രേഖകളില്‍ പകച്ചുപോയ അമേരിക്കയ്ക്ക് സഖ്യരാജ്യങ്ങള്‍ക്കിടയിലും മുഖം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികാരനടപടികളുമായി ലോകപോലീസ് നേരിട്ടിറങ്ങി. വിക്കിലീക്‌സിന്റെ എഡിറ്ററായ ജൂലിയന്‍ അസാഞ്ജിനെതിരേ ചാരക്കുറ്റം ചുമത്തി, സൈനികനിയമപ്രകാരം കേസെടുത്തു. പരിക്കുതീര്‍ത്ത് രാജ്യങ്ങളുമായി നല്ല ബന്ധം പുനസ്ഥാപിക്കാന്‍ വലിയ ശ്രമം തന്നെ അമേരിക്കയ്ക്ക് നടത്തേണ്ടിവന്നു. വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്ന് പിന്മാറണമെന്ന് പലതവണ യു.എസ്. പ്രതിരോധ കാര്യാലയമായ പെന്റഗണ്‍ അസാഞ്ജിനോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ വഴങ്ങിയില്ല. പത്രപ്രവര്‍ത്തകനായും ശാസ്ത്രഗവേഷകനായും കമ്പ്യൂട്ടര്‍ ഹാക്കറായും പ്രവര്‍ത്തിച്ചിട്ടുള്ള അസാഞ്ജിനെതിരേ നിയമനടപടിയെടുക്കുക അമേരിക്കയ്ക്ക് എളുപ്പമായിരുന്നില്ല. ഓസ്‌ട്രേലിയന്‍ പൗരനാണെന്നതും പിടികൂടാന്‍ സാധിക്കാത്തതുമായിരുന്നു പ്രധാനവെല്ലുവിളി.
സ്വീഡനിലെ ബലാത്സംഗക്കുറ്റം
പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന കര്‍ശന നിയമവ്യവസ്ഥയുള്ള രാജ്യമാണ് സ്വീഡന്‍. അവിടം കേന്ദ്രമായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നു. വിക്കിലീക്‌സില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്വീഡിഷ് വനിതകള്‍ അസാഞ്ജിനെതിരേ ബലാത്സംഗക്കുറ്റത്തിന് കേസുകൊടുത്തു. 2010-ല്‍ സ്‌റ്റോക് ഹോമില്‍ നടന്ന വിക്കിലീക്‌സ് വാര്‍ത്താസമ്മേളനത്തിനിടെ ബലാത്സംഗത്തിനിരയായെന്നാണ് പരാതിയില്‍ പറഞ്ഞത്. ആരോപണം അസാഞ്ജ് നിഷേധിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കുകയാണ്, സുഹൃത്തുക്കളായിരുന്ന ആ സ്ത്രീകളുമായുണ്ടായ തീര്‍ത്തും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അമേരിക്ക ഇടപെട്ട് ലൈംഗിക പീഡനക്കേസാക്കി, അമേരിക്കയുടെ പ്രേരണയില്‍ സ്വീഡിഷ് സര്‍ക്കാര്‍ തനിക്കെതിരേ പ്രവര്‍ത്തിക്കുകയാണ് എന്നെല്ലാം അസാഞ്ജ് വാദിച്ചു.
അതേസമയം, സ്വീഡിഷ് സര്‍ക്കാര്‍ 2010-ല്‍ അസാഞ്ജിനെതിരേ കേസെടുത്തു. എന്നാല്‍, അറസ്റ്റുവാറന്റിലെ പഴുതു മുതലെടുത്ത് പിടിക്കപ്പെടും മുമ്പേ അസാഞ്ജ് ഇംഗ്ലണ്ടിലേക്കു കടന്നു. ദീര്‍ഘകാലം ഒളിവുജീവിതത്തില്‍. വിക്കിലീക്‌സ് അപ്പോഴും അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന രഹസ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടേയിരുന്നു. വിദേശരാജ്യങ്ങളുടെയും നേതാക്കളുടെയും സൈനികരേഖകളും ചിത്രങ്ങളും പുറത്തുവന്നത് യു.എസിനെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തി.
ജീവന് ഭീഷണിയുണ്ടെന്നും താന്‍ ഇല്ലാതായാലും രേഖകള്‍ തനിയേ പുറത്തുവരുമെന്നും അസാഞ്ജ് അമേരിക്കയ്ക്കു മുന്നറിയിപ്പുനല്‍കി. വൈകാതെ വിക്കിലീക്‌സിന്റെ പ്രധാനസൈറ്റ് പ്രവര്‍ത്തനരഹിതമാക്കി അമേരിക്ക പ്രതികാരംചെയ്തു. ഹാക്കര്‍മാര്‍ നിരന്തരം വിക്കിലീക്‌സിന്റെ പല രാജ്യങ്ങളിലെ വെബ്‌സൈറ്റുകള്‍ ആക്രമിച്ചു. വിക്കിലീക്‌സിന് പണംനല്‍കുന്ന കമ്പനിയെ വിലക്കി. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് വിക്കിലീക്‌സ് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു.
ഇക്വഡോര്‍ എംബസിയില്‍ അഭയം
ബ്രിട്ടനിലേക്കു കടന്ന അസാഞ്ജിനെതിരേ 2010-ല്‍ തന്നെ ഇന്റര്‍പോള്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. സ്വീഡനിലെ ബലാത്സംഗക്കേസിലായിരുന്നു നടപടി. ഇന്റര്‍പോള്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചതോടെ ഏതു രാജ്യത്തുവെച്ചും അറസ്റ്റിലാകുമെന്ന സാഹചര്യംവന്നു. നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപ്രകാരം ബ്രിട്ടിഷ് പോലീസില്‍ അസാഞ്ജ് കീഴടങ്ങി. അവിടെനിന്ന് ജാമ്യം സമ്പാദിച്ചു. ബ്രിട്ടനില്‍ നിന്ന് സ്വീഡന് കൈമാറാനുള്ള ശ്രമത്തിനെതിരേ നല്‍കിയ അവസാനത്തെ അപ്പീലും തള്ളിയതോടെ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അസാഞ്ജ് അഭയം തേടി. ബ്രിട്ടനിലെ ജാമ്യവ്യവസ്ഥയുടെ ലംഘനമായിരുന്നു ഇത്. ഇതോടെ ലണ്ടനില്‍ പുതിയ കേസ് അസാഞ്ജിനെതിരേ രജിസ്റ്റര്‍ ചെയ്തു. എംബസ്സിക്കു പുറത്തിറങ്ങിയാല്‍ അറസ്റ്റെന്ന ഭീഷണിയില്‍ പിന്നീടുള്ള ദീര്‍ഘകാലം. എംബസിയില്‍ കടന്ന് അസാഞ്ജിനെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടന്‍ ശ്രമിച്ചെങ്കിലും തങ്ങളുടെ പരമാധികാരം ഉപയോഗിച്ച് ഇക്വഡോര്‍ അതിനെ എതിര്‍ത്തു. അവിടെവെച്ച് അറസ്റ്റുചെയ്യാനാവില്ലെന്ന് യു.എന്നും വ്യക്തമാക്കി. എങ്കിലും എംബസിയിലെ കുടുസ്സുമുറിയില്‍ ഒരുതരത്തില്‍ തടവില്‍ തന്നെയായിരുന്നു അസാഞ്ജ്. ഗുരുതര ശ്വാസകോശ, ഹൃദ്രോഗങ്ങളെത്തുടർന്ന് എംബസി വിടുമെന്ന് പിന്നീട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എംബസിയുടെ ചുരുങ്ങിയ ലോകത്ത് ചിലവിടേണ്ടി വന്നത് തന്റെ മാനസികാരോഗ്യത്തെ തകരാറിലാക്കിയെന്ന് അസാഞ്ജ് പലതവണ പറഞ്ഞു.
ഒടുവില്‍ അറസ്റ്റ്
2017-ല്‍ ഇക്വഡോര്‍ പൗരത്വം നല്‍കി. പക്ഷേ, ഇക്വഡോറിന്റെ ഉപാധികള്‍ അസാഞ്ജ് തുടര്‍ച്ചയായി ലംഘിച്ചതിനാല്‍ രാഷ്ട്രീയാഭയം പിന്‍വലിച്ചു. ഏതു നിമിഷവും സ്വീഡനും അമേരിക്കയ്ക്കും കൈമാറുമെന്ന ഭീതിയിലാണ് അസാഞ്ജ് പിന്നീട് കഴിഞ്ഞത്. 2019-ല്‍ ലണ്ടനില്‍ എംബസിക്കുപുറത്തുവെച്ച് അസാഞ്ജിനെ അറസ്റ്റുചെയ്തു. അപ്പോഴേക്കും സ്വീഡന്‍ ലൈംഗികാരോപണക്കേസ് റദ്ദാക്കിയിരുന്നു. പക്ഷേ, ലണ്ടനില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കേസുണ്ട്. ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ 50 മാസത്തെ തടവുശിക്ഷ തുടങ്ങി. ലണ്ടനിലെ ജയിലില്‍ കടുത്ത വിഷാദരോഗത്തിലൂടെയാണ് അസാഞ്ജ് കടന്നുപോകുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറയുകയുണ്ടായി. മരണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം വില്‍പ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും യാത്രാമൊഴി എഴുതുകയും ചെയ്‌തെന്നും.
ഒളിവുകാലത്തെ പ്രണയം, കുഞ്ഞുങ്ങള്‍, വിവാഹം
സംഘര്‍ഷഭരിതമായ വര്‍ഷങ്ങളില്‍ അസാഞ്ജിന് ആശ്വാസം പകര്‍ന്നത് ഒപ്പമുണ്ടായിരുന്ന അഭിഭാഷക സുഹൃത്തായിരുന്നു. പേര് സ്റ്റെല്ല മോറിസ്. പേരെടുത്ത അഭിഭാഷകയും അന്താരാഷ്ട്ര നിയമവിദഗ്ധയുമായിരുന്നു അവര്‍. ലണ്ടനിലെ സുഹൃത്തിന്റെ വീട്ടില്‍ കഴിയുന്ന സമയത്താണ് അസാഞ്ജ് സ്റ്റെല്ലയുമായി അടുക്കുന്നത്. അസാഞ്ജിനെ സ്വീഡന് കൈമാറുന്നതിനെതിരേയുള്ള നിയമപോരാട്ടത്തിന് നിയോഗിതയായതായിരുന്നു അവര്‍. ഇരുവര്‍ക്കുമിടയിലെ അടുപ്പം തുടങ്ങിയതോടെ സാറ ഗോണ്‍സാലെസ് ഡെവാന്റ് എന്ന യഥാര്‍ഥപേര് മാറ്റി സ്റ്റെല്ല മോറിസ് എന്ന പേരു സ്വീകരിച്ചു. കുടുംബത്തിന്റെ സുരക്ഷയോര്‍ത്തായിരുന്നു അത്.
2015-ല്‍ പ്രണയജീവിതം തുടങ്ങി. 2017-ല്‍ വിവാഹനിശ്ചയം. വൈകാതെ രണ്ടു കുഞ്ഞുങ്ങളും പിറന്നു. ഗബ്രിയേല്‍, മാക്‌സ്. ഇരുവരും ബ്രിട്ടിഷ് പൗരന്മാരാണ്. എല്ലാം അതീവരഹസ്യം. തന്റെ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറെക്കാലം സ്റ്റെല്ല രഹസ്യമാക്കിവെച്ചു. അടുത്ത സുഹൃത്തുക്കളോടുപോലും വെളിപ്പെടുത്തിയില്ല. മക്കളുടെ സുരക്ഷയായിരുന്നു അവര്‍ക്ക് പ്രധാനം. ജീവനോടെ പുറത്തുവരുമോ എന്നുപോലും അറിയാതെ ദീര്‍ഘകാലം സ്റ്റെല്ല അസാഞ്ജിനുവേണ്ടി കാത്തിരുന്നു. തുടര്‍ന്ന് 2020 ഏപ്രിലില്‍ ഇരുവരും പ്രണയം പരസ്യമാക്കി. തങ്ങളെ വിവാഹിതരാവാന്‍ അനുവദിക്കണമെന്ന് ജയില്‍ അധികൃതരോട് അനുമതി ചോദിച്ചു.
ഒടുവില്‍ 2022-ല്‍ ബെല്‍മാര്‍ഷ് ജയില്‍ ഇവര്‍ക്ക് വിവാഹവേദിയായി. ദമ്പതിമാരുടെ രണ്ടു കുട്ടികള്‍, അസാഞ്ജിന്റെ പിതാവ്, സഹോദരന്‍ എന്നിവരായിരുന്നു അതിഥികള്‍. അസാഞ്ജിന്റെ കടുത്ത അനുകൂലിയായ ഫാഷന്‍ ഡിസൈനര്‍ വിവിയെന്ന വെസ്റ്റ്വുഡ് രൂപംനല്‍കിയ വസ്ത്രങ്ങളാണ് ദമ്പതിമാര്‍ അണിഞ്ഞത്. പിന്തുണ അറിയിച്ച് ഒട്ടേറെപ്പേര്‍ ജയിലിനുചുറ്റും തടിച്ചുകൂടി. ജയിലിനു പുറത്ത് സ്റ്റെല്ല അനുയായികള്‍ക്കൊപ്പം കേക്ക് മുറിച്ച് വിവാഹമാഘോഷിച്ചു. വിവാഹം കഴിഞ്ഞനിമിഷം തന്നോട് അവിടെനിന്ന് പോവാന്‍ അധികൃതര്‍ പറഞ്ഞെന്ന് വേദനയോടെ അവര്‍ പറഞ്ഞു. 'എന്റെ ഹൃദയം കൊണ്ട് ജൂലിയനെ സ്‌നേഹിക്കുന്നു. അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. ലോകത്തെ ഏറ്റവും അതിശയിപ്പിക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തെ സ്വതന്ത്രനാക്കണം.' അന്നവര്‍ പറഞ്ഞു.
വിക്കിലീക്‌സിലെ ഇന്ത്യയെ പരാമര്‍ശിക്കുന്ന രേഖകള്‍
വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ 5087 എണ്ണമാണ് ഇന്ത്യയുമായി ബന്ധമുള്ളത്.
- യു.എന്‍. സ്ഥിരാംഗത്വത്തിനുള്ള 'സ്വയം നിയുക്ത അവകാശി' എന്ന് ഇന്ത്യയെ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി ക്ലിന്റണ്‍ കളിയാക്കി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം നയതന്ത്രജ്ഞരുടെ സൂക്ഷ്മവിവരങ്ങള്‍ വരെ ശേഖരിക്കാന്‍ ഹില്ലരി അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളോടു നിര്‍ദേശിച്ചിരുന്നു.
- മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കൊപ്പം നില്‍ക്കുകയാണെന്ന് നടിക്കുമ്പോള്‍ തന്നെ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യെ സംരക്ഷിക്കാനും അമേരിക്ക ശ്രമിച്ചിരുന്നു. ഇസ്ലാമാബാദിലെ യു.എസ്. എംബസിയും അമേരിക്കന്‍ ഭരണകൂടവും തമ്മില്‍ നടന്ന കത്തിടപാടുകളാണ് ഇതിനായി തെളിവായി നിരത്തിയത്.
- മുംബൈയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും നടത്തിയ വാക്‌പോരില്‍ പങ്കാളിയാകേണ്ടെന്ന് ന്യൂഡല്‍ഹിയിലെ വിദേശനയതന്ത്ര ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു.
- ഇന്ത്യയുടെ പ്രതിരോധസംവിധാനങ്ങളെപ്പറ്റി ആവശ്യത്തിലധികം കാര്യങ്ങള്‍ അമേരിക്കയ്ക്ക് അറിയാം. വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയിലെ അമേരിക്കയുടെ നയതന്ത്രകാര്യാലയം വഴിയും.
- 2000 പ്രമുഖരുടെ സ്വിസ് ബാങ്ക് രേഖകള്‍ പുറത്തുവിട്ടു. സ്വിസ് ബാങ്കില്‍ കൂടുതലും ഇന്ത്യക്കാരുടെ പണമാണ്.
യു.എസ്. അസാഞ്ജിനെ മോചിപ്പിക്കുന്നു
175 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അമേരിക്ക അസാഞ്ജിനെതിരേ ചുമത്തിയിരുന്നതെങ്കിലും കുറ്റസമ്മതക്കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയ അസാഞ്ജിനെ, പസഫിക് സമുദ്രത്തിലെ കോമണ്‍വെല്‍ത്ത് പ്രദേശമായ നോര്‍ത്തേണ്‍ മരിയാന ദ്വീപുകളിലെ സൈപനിലെ കോടതിയിലെത്തിച്ചാണ് യു.എസിന്റെ വിചാരണ നടത്തിയത്. ജന്മനാടായ ഓസ്‌ട്രേലിയക്ക് അടുത്താണ് മരിയാന ദ്വീപുസമൂഹം. ശിക്ഷ ഇതിനകം അനുഭവിച്ചതായി കണക്കാക്കി അസാഞ്ജിനെ യു.എസ്. വിട്ടയക്കുകയായിരുന്നു.
Content Highlights: teenage marriage, extraordinary life wikileaks founderof julian assange
Published: 26 Jun 2024, 05:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented