സ്വന്തം കുലത്തെ പുറംനാട്ടുകാര്‍ കൊന്ന് തിന്നുതീര്‍ക്കുമെന്ന ഭയപ്പാടില്‍ ജീവിക്കേണ്ടിവന്ന ഒരുകൂട്ടം മനുഷ്യരെപ്പറ്റിയാണിത്. ആഫ്രിക്കന്‍ രാജ്യമായ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ പിഗ്മി ഗോത്രക്കാര്‍. ഉഷ്ണമേഖലാമഴക്കാടുകളില്‍ കഴിഞ്ഞുപോരുന്ന പുരാതനമനുഷ്യരാണ് പിഗ്മികള്‍. താരതമ്യേന കുറിയ മനുഷ്യര്‍. റുവാണ്ട, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, കാമറൂണ്‍, ഗിനി തുടങ്ങിയ രാജ്യങ്ങളിലും ഇവരുണ്ട്. കോംഗോയുടെ വടക്കുകിഴക്കേ മേഖലയില്‍ കഴിയുന്ന പിഗ്മികളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. സായുധരായ വിമതര്‍ ഭൂമിക്കും വിഭവങ്ങള്‍ക്കും വേണ്ടി നിരന്തരം പോരടിക്കാറുള്ള മേഖലയാണിത്. റുവാണ്ടയോടും ഉഗാണ്ടയോടുമെല്ലാം കൂറുപുലര്‍ത്തുന്ന ഒട്ടേറെ വിമതസംഘങ്ങള്‍ കോംഗോയുടെ അതിര്‍ത്തിമേഖലകളില്‍ തമ്പടിച്ചുപോന്നു. 1960-ല്‍ കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു, അതിനുശേഷവും വടക്കുകിഴക്കേ അറ്റം ഭരണമേല്‍ക്കാത്ത ഇടമായി തുടര്‍ന്നു. തോക്കുമാത്രമായിരുന്നു അവിടുത്തെ നിയമം.

രാഷ്ട്രീയപ്പിരിമുറുക്കങ്ങളിലെല്ലാം വിമതരും സര്‍ക്കാര്‍ സേനകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എല്ലാവിധത്തിലും അസ്ഥിരപ്പെട്ടത് അവിടുത്തെ വനവാസികളാണ്. 1998-ല്‍ രണ്ടാം കോംഗോ യുദ്ധം തുടങ്ങി. നിബിഡ വനങ്ങളില്‍ കയറി സായുധര്‍ ഗോത്രക്കാരെ കൊള്ളയടിച്ചു. മഴക്കാടുകളിലെ സമ്പന്നമായ ധാതു നിക്ഷേപങ്ങളും വിശാലമായ വനങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയുമെല്ലാം പിടിച്ചെടുക്കണമായിരുന്നു അവര്‍ക്ക്. വര്‍ഷം 2002. യുദ്ധം ഏകദേശം നാലരവര്‍ഷം പിന്നിട്ട സമയത്താണ് ലോകം ആ സംഭവമറിയുന്നത്. ആയുധങ്ങളുമായി കാടുകയറിയ വിമതസൈന്യം പിഗ്മിമനുഷ്യരെ കൊന്നുതിന്നുന്നു, വാര്‍ത്ത പരക്കെവന്നു. പൊക്കംകൂടിയ മറ്റു ഗോത്രക്കാര്‍ ഈ കുറിയ മനുഷ്യരുടെ മാംസം പാകം ചെയ്ത് കഴിക്കുന്നുണ്ട്. കാട്ടുമൃഗങ്ങളെ വേട്ടയാടിത്തിന്നുന്നതുപോലെ. ഇതുരി പ്രവിശ്യയില്‍ പിഗ്മികളുടെ കൂട്ടക്കൊല നടന്നെന്ന വാര്‍ത്തകള്‍ പുറംലോകത്തെത്തിയതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഐക്യരാഷ്ട്ര സംഘടന അവിടേക്ക് ഉദ്യോഗസ്ഥരെ അയച്ചു. അവരുടെ അന്വേഷണത്തില്‍ കാര്യം ബോധ്യപ്പെട്ടു. കേട്ടത് സത്യം. നരഭോജനം ഇതിനകം തന്നെ നടന്നുകഴിഞ്ഞെന്നും വലിയൊരു സമ്പ്രദായമായി അത് മാറിക്കഴിഞ്ഞെന്നും. ഉറ്റവരെ കൊല്ലുന്നത് കണ്ടു ഭയന്ന്, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വനംവിട്ട് പിഗ്മികള്‍ പരന്നോടി. ചരിത്രത്തിലാദ്യമായി പിഗ്മികള്‍ ഇതുരി കാടില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു. വിമതസംഘങ്ങളും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഏകദേശം ഒന്നര ലക്ഷത്തോളം പേരെ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ക്രൂരതയും കൂട്ടക്കൊലയും വംശഹത്യയുമെല്ലാം കണ്ടുശീലിച്ചവരാണെങ്കിലും മനുഷ്യരെ വേട്ടയാടി അക്ഷരാര്‍ഥത്തില്‍ ഭക്ഷിക്കുന്നുവെന്ന വിവരം പുറംലോകത്തെ വിറങ്ങലിപ്പിച്ചു. 

എന്തിനാണ് ഗോത്രക്കാരെ കൊന്നുതിന്നുന്നത്?
കോംഗോക്ക് നരഭോജനത്തിന്റെ ദീര്‍ഘകാലചരിത്രമുണ്ട്. അതിന് പല കാരണങ്ങളാണ്. പിഗ്മികളുടെ മാംസം കഴിക്കുന്നവര്‍ക്ക് മാന്ത്രിക ശക്തി കിട്ടുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ട്. പിഗ്മിവേട്ടയ്ക്ക് കാലങ്ങളായി ഇതൊരു കാരണമാണ്. മാംസത്തിന് വിപണിപോലുമുണ്ടായിരുന്നെന്നും കമാന്‍ഡര്‍മാര്‍ പിഗ്മികളുടെ ലൈംഗികാവയവങ്ങള്‍ ഭക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
കോംഗോ സമൂഹത്തില്‍ ഏറ്റവും അടിത്തട്ടിലുള്ള പിഗ്മികള്‍ മനുഷ്യനേക്കാള്‍ അന്തസ്സുകുറഞ്ഞവരാണെന്ന് മറ്റ് ഗോത്രക്കാര്‍ കരുതി. നരഭോജികളെ ഭയന്ന് പിഗ്മികള്‍ കാടുകളില്‍ നിന്നോടിപ്പോവണമെന്നും ഒരുപക്ഷേ അവര്‍ കരുതിക്കാണണം. വനവാസികളെ വനത്തില്‍ നിന്ന് തുരത്താന്‍ ഇതിലും വലിയൊരു ഭീതി വിതയ്ക്കാനില്ല. 

ഇതുരിയിലെ വനവാസികള്‍ വ്യാപകമായി അടിമകളാക്കപ്പെട്ടവരാണ്. വനത്തില്‍ നിന്ന് ഭക്ഷണം കണ്ടെത്താന്‍ വേട്ടയില്‍ അഗ്രഗണ്യരായ പിഗ്മികളെ വിമതസംഘങ്ങള്‍ പറഞ്ഞുവിടും. വെറുംകൈയോടെ തിരിച്ചുവന്നാല്‍ അയാളെ കൊന്നുതിന്നും. യുദ്ധവേളയില്‍ അതായിരുന്നു നിയമം. പോരാട്ടം രൂക്ഷമാകുന്നതിടെ പലവഴിക്കോടിപ്പോയവരെല്ലാം തങ്ങളുടെ ആളുകളെ അവര്‍ കൊന്നുതിന്നുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സഹജീവികളുടെ വേവിച്ച മാംസത്തിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ പിഗ്മികള്‍ നിര്‍ബന്ധിതരാവുകപോലും ചെയ്തു. 

കുടുംബത്തെ തിന്നുന്നത് കണ്ട അമുസാതി സോലി
അമുസാതി സോലിയെ ലോകത്തെ ഏറ്റവും അറിയപ്പെടുന്ന പിഗ്മിയെന്ന് വേണമെങ്കില്‍ വിളിക്കാം. 2002-ല്‍ തന്റെ കുടുംബത്തെ വിമതസൈനികരുടെ ഒരു സംഘം കൊന്ന് പാകം ചെയ്യുന്നത് മാറിനിന്ന് കാണേണ്ടിവന്ന വ്യക്തിയാണദ്ദേഹം. 'അമ്മയെയും ഇളയ സഹോദരിയെയും മൂത്ത സഹോദരനെയും അഞ്ചോ ആറോ വയസ്സുള്ള മരുമകളെയും അവര്‍ പിടികൂടി. ഇറച്ചി വെട്ടുന്നതുപോലെയാണവര്‍ കൈകാര്യംചെയ്തത്. പാകം ചെയ്ത് മാംസം ഭക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ അവരതില്‍ ഉപ്പു വിതറുന്നുണ്ടായിരുന്നു, മനുഷ്യമാസം കഴിക്കുന്നത് അവര്‍ക്ക് വളരെ സാധാരണയായ ഒരു സംഭവം പോലെയാണ് തോന്നിയത്'-എന്ന് സോലി വെളിപ്പെടുത്തി. ഇക്കാര്യം പുറത്തുവന്നതോടെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി 'നരഭോജികളായ വിമതരു'ടെ പ്രവൃത്തിയെ അപലപിക്കുകയും മേഖലയിലേക്ക് സമാധാന സേനയെ അയയ്ക്കുകയും ചെയ്തു. 

യു.എന്‍. പ്രതിനിധി പറഞ്ഞത്
ഒട്ടേറെ ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്നയിടമാണ് കോംഗോയും റുവാണ്ടയും ഉഗാണ്ടയുമടങ്ങുന്ന മേഖല. 120-ഓളം സായുധസംഘങ്ങളും സജീവമായുണ്ട്. 1996 മുതലുള്ള ആഭ്യന്തരകലഹത്തില്‍ 60 ലക്ഷത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്ക്. കോംഗോയില്‍ അരങ്ങേറുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് അവിടം സന്ദര്‍ശിച്ച യു.എന്‍. പ്രതിനിധിയെഴുതി. 'വിമത സൈനികരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നുപോലും തങ്ങളുടെ കുഞ്ഞുങ്ങളെ ഒളിപ്പിക്കാന്‍ കുടുംബങ്ങള്‍ പാടുപെട്ടു. പിഗ്മികള്‍ ഭൂമിയോ അവകാശങ്ങളോ ഇല്ലാതെ ജീവിക്കുകയാണ്. ഒറ്റപ്പെടുത്തലും. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ തിന്നുമോ? അതാണ് കോംഗോയില്‍ സംഭവിക്കുന്നത്. കുട്ടികളെയടക്കം ബലാത്സംഗം ചെയ്യാനും വനങ്ങള്‍ കൊള്ളയടിക്കാനും അവര്‍ നേരിട്ട് ആഹ്വാനം ചെയ്തിരിക്കുകയാണ്. പിഗ്മി വനിതകളെ സൈനികര്‍ ബലാംത്സംഗം ചെയ്യുന്നു. ലൈംഗികരോഗങ്ങള്‍ പിഗ്മി സമൂഹത്തില്‍ പടരാന്‍ ഇത് കാരണമായി.' ഒരു ഡസന്‍ പിഗ്മികളെയും മറ്റ് ഗോത്രക്കാരെയും കൊന്ന് പാകം ചെയ്ത് ഭക്ഷിച്ചുവെന്നതിന് യു.എന്‍. നേരിട്ട് തെളിവു ശേഖരിച്ചു. യഥാര്‍ഥകണക്കുകള്‍ ലഭ്യമല്ല. കോംഗോളീസ് സൈന്യവും ഇതിന്റെ ഭാഗമായിരുന്നെന്ന് പറയപ്പെടുന്നു. 

മൂന്നാഴ്ചകൂടുമ്പോള്‍ കുടില്‍ മാറുന്ന പിഗ്മികള്‍
ആയിരക്കണക്കിന് വര്‍ഷങ്ങളായി നായാടി ജീവിച്ചുപോരുന്ന പിഗ്മികളില്‍ ഏറ്റവും ഉയരം കുറഞ്ഞവരാണ് മ്പൂട്ടികള്‍ (ബാംബുട്ടി). ഉയരം ഏകദേശം നാലടി നാലിഞ്ച്. കോംഗോ നദീതടത്തിന്റെ വടക്കുകിഴക്കേ അറ്റത്തുള്ള ഇടതൂര്‍ന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ് ഇതുരി. ഇവിടെ അധിവസിക്കുന്നത് പ്രധാനമായും ബാംബുട്ടി ഗോത്രക്കാരും.  

മണിക്കൂറുകള്‍കൊണ്ട് കെട്ടിയെടുക്കാവുന്ന ചെറുകുടിലുകളിലാണ് പിഗ്മികളുടെ താമസം. നാടോടിസ്വഭാവക്കാരാണ്. ഏകദേശം മൂന്നാഴ്ച കൂടുമ്പോള്‍ പുതിയ ഇടങ്ങളിലേക്ക് കുടില്‍ മാറും. പത്തോ പതിനഞ്ചോ കുടുംബങ്ങളുള്ള ചെറുഗ്രാമങ്ങളായിട്ടാണ് ഇവര്‍ കഴിയുക. മരക്കമ്പുകളും മറ്റുമുപയോഗിച്ച് നിലത്തും മരങ്ങള്‍ക്കുമുകളിലും വീടുണ്ടാക്കാറുണ്ട്. കാട്ടുവിഭവങ്ങളും മൃഗങ്ങളെയും തേടിയുള്ള യാത്രയിലാണ് ഈ കുടില്‍മാറ്റം. വളരെക്കുറച്ച് വസ്തുക്കളേ ഒപ്പംകൊണ്ടുനടക്കാറുള്ളൂ. സ്ഥിരംസമ്പത്തോ ഗോത്രനേതാവോ ഉണ്ടാവാറില്ല. ഓരോ ബാംബുട്ടി വിഭാഗക്കാരും വേട്ടയാടാന്‍ പലരീതിയാണ് പിന്തുടരുന്നത്. കുരങ്ങനെയും മാനുകളെയും കാട്ടുപോത്തുകളെയും ചെറിയ സസ്തനികളെയുമൊക്കെ കഴിക്കും.  

60000 കൊല്ലങ്ങള്‍ക്കു മുമ്പ് ജീവിച്ച ഒരു പിതാമഹനില്‍ നിന്നാണ് ഈ കുലം പിറന്നതെന്ന് കരുതുന്നു. അവരുടെ പൊക്കക്കുറവിന് കാരണം കാടിനുള്ളിലെ ജീവിതമാണെന്നും ജനിതകഘടകങ്ങളാണെന്നുമൊക്കെ ഊഹാപോഹങ്ങള്‍ പലവിധമാണ്. രണ്ടര ലക്ഷം മുതല്‍ ഏകദേശം ആറുലക്ഷം വരെ പിഗ്മികള്‍ കോംഗോയിലുണ്ടെന്നാണ് കണക്ക്. ഭൂമിയില്‍ വേട്ടയാടി ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന ഏറ്റവും വലിയ ഗോത്രസമൂഹം ഇവരായിരിക്കും.   

വേട്ടയാടിപ്പിടിക്കുന്ന മാംസവും വനവിഭവങ്ങളും മാത്രമായിരുന്നു ഒരുകാലത്ത് പിഗ്മികളുടെ ഭക്ഷണം. തേനും ഇറച്ചിയും കായ്കനികളും കൂണുകളും പുഴുക്കളെയും ചിതലുകളെയും ശേഖരിച്ച് ഭക്ഷിക്കും. പതിയെ വേട്ടയാടിപ്പിടിക്കുന്ന മാംസം കാടിനു പുറത്ത് കൃഷിചെയ്യുന്നവര്‍ക്ക് നല്‍കി പകരം കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങി ഭക്ഷിച്ചുതുടങ്ങി. കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍, തുണികള്‍, പാത്രങ്ങള്‍, ആയുധങ്ങള്‍, ഉപ്പ് തുടങ്ങി കാട്ടില്‍ ലഭ്യമല്ലാത്തവ കര്‍ഷകര്‍ അവര്‍ക്കുനല്‍കും. ഭക്ഷണത്തിലടക്കം പുറംലോകവുമായി ഇഴുകിച്ചേര്‍ന്ന് അവരുടെ ജീവിതരീതി ഒട്ടേറെ മാറിയിട്ടുണ്ട്. 

അതിജീവിക്കാന്‍ കഞ്ചാവു വില്‍ക്കുന്നവര്‍
ആഫ്രിക്കയിലെ മറ്റു ഗോത്രക്കാര്‍ പിഗ്മികളെ തുരത്താനുള്ള ഒരവസരവും പാഴാക്കാറില്ല. പുറംലോകത്തെ ജീവിതരീതിയോടുചേര്‍ന്ന് പതിയെ ഭക്ഷണത്തിലടക്കം മാറ്റം വരുത്തിയെങ്കിലും പരിഷ്‌കൃതലോകവും സൈനികരും കോംഗോ വിമതരുമൊന്നും പിഗ്മികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടികാണിക്കും. ഭക്ഷണത്തിന് പണം കണ്ടെത്താന്‍ ഇന്ന് പിഗ്മികള്‍ വ്യാപകമായി ചെയ്തുവരുന്ന തൊഴിലാണ് കഞ്ചാവുകൃഷി. പരമ്പരാഗതമായി കൃഷി ചെയ്തുശീലമില്ലാത്തവരാണവരാണവര്‍, ഒരുപക്ഷേ, അവര്‍ കൃഷിയിറക്കുന്ന ആദ്യവിളപോലുമായിരിക്കും കഞ്ചാവ്. 1970-കള്‍ മുതല്‍ കഞ്ചാവുകൃഷിയിലേര്‍പ്പെടുന്ന ഇവര്‍ക്ക് തൈകള്‍ ലഭിച്ചത് സമീപത്തെ കൃഷിക്കാരില്‍ നിന്നാണ്. അമ്മയും അച്ഛനും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേപോലെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോവന്‍ ഇവര്‍ക്കുമുമ്പില്‍ മറ്റുമാര്‍ഗങ്ങളില്ല. പട്ടാളക്കാരും പോലീസുകാരുമടക്കം വലിയൊരു ജനവിഭാഗം പിഗ്മികളില്‍ നിന്ന് കഞ്ചാവ് വാങ്ങിക്കും. ചിലര്‍ മറിച്ചുവില്‍ക്കും. പിഗ്മികളിലെ യുവതലമുറ വലിയൊരളവില്‍ കഞ്ചാവു വലിക്കുന്നുണ്ട്. ഇത് ഗോത്രത്തിന്റെ തന്നെ നിലനില്‍പിന് ചോദ്യചിഹ്നമാവുകയാണ്. 

കോംഗോയില്‍ മുമ്പും നരഭോജനം
1950-കളിലും 60-കളിലും കോംഗോയില്‍ മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിനുപിന്നാലെ കൊല്ലപ്പെട്ട ശത്രുക്കളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. യുദ്ധത്തില്‍ ഇരയായവരുടെ മാംസം ഭക്ഷണത്തിനായി വില്‍ക്കപ്പെട്ടിരുന്നു. ചരിത്രാതീതകാലം തൊട്ട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നരഭോജനമുണ്ടായിരുന്നു. 21-ാം നൂറ്റാണ്ടിലും അത് തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഉഗാണ്ടന്‍ ഏകാധിപതിയായിരുന്ന ഈദി അമീന്‍ മനുഷ്യമാംസം ഭക്ഷിച്ചിരുന്നുവത്രേ. 2012-ല്‍ തുടങ്ങിയ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് യുദ്ധവേളയിലും സുഡാന്‍ ആഭ്യന്തരയുദ്ധക്കാലത്തും നരഭോജനമുണ്ടായിരുന്നു. അടിമകളായിരുന്നു മിക്കപ്പോഴും ഇരകള്‍.