നൂപുർ സനോണിന്റെ വിവാഹസമയത്താണ് പഞ്ചാബി ഗായകൻ തൽവീന്ദറിന്റെ പേര് വീണ്ടും ചർച്ചകളിലിടം പിടിക്കുന്നത്. വിവാഹച്ചടങ്ങുകളിൽനിന്നുള്ള ഒരു വീഡിയോയാണ് കാരണം. നടി ദിഷ പഠാനിയും തൽവീന്ദറും കൈകോർത്തുപിടിച്ച വീഡിയോയായിരുന്നുവത്. അതോടെ ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പുകൾ പരന്നു. അതിനിടെ ഒരുമിച്ച് ലിഫ്റ്റിൽനിന്നിറങ്ങുന്നതും ഒരേ കാറിൽ കയറിപ്പോകുന്നതുമായ വീഡിയോകളും ആരാധകർ ഏറ്റെടുത്തു. അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി ഇത്തരം വീഡിയോകൾ. ഇതുവരെ ദിഷയോ തൽവീന്ദറോ ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

To advertise here,

അതിനിടെ ചിലർക്ക് കൗതുകമാകുന്നത് പൊതുവേദികളിൽ മുഖംമറച്ചും മാസ്‌ക് ധരിച്ചുമെത്തുന്ന തൽവീന്ദറാണ്. ചില സന്ദർഭങ്ങളിൽ മുഖത്ത് പെയിന്റ് അടിച്ചാണ് തൽവീന്ദർ പ്രത്യക്ഷപ്പെടാറുള്ളത്. നൂപുറിന്റെ വിവാഹവേദിയിൽ പോലും മാസ്‌ക് കൊണ്ട് മുഖംമറച്ചാണ് അദ്ദേഹം എത്തിയത്. ഫോട്ടോഗ്രാഫർമാർ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ കൈകൾകൊണ്ട് മുഖംമറയ്ക്കുകയും ചെയ്തു. പലപ്പോഴും അസ്ഥികൂടം മുഖത്ത് പെയിന്റ് ചെയ്താണ് മ്യൂസിക് കൺസർട്ടുകളിൽ അദ്ദേഹം എത്താറുള്ളത്. ചിലപ്പോൾ അസ്ഥികൂടത്തിന്റെ മാതൃകയിലുള്ള ഫെയ്‌സ് മാസ്‌ക് ധരിച്ചും.

ഇതിനെക്കുറിച്ച് പലരും പല കണ്ടെത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് അതിനുപിന്നിലൊരു കാരണം കണ്ടെത്തി. അതിങ്ങനെ. ആളുകൾ തന്റെ മുഖത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തൽവീന്ദർ ആഗ്രഹിക്കുന്നില്ലെന്നാണ് ആ ഉപയോക്താവ് പറയുന്നത്. തന്റെ പാട്ടുകളിലും അതിന്റെ വികാരങ്ങളിലും പ്രേക്ഷകർ പൂർണമായും ശ്രദ്ധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മുഖത്തുനിന്ന് ശ്രദ്ധതിരിക്കുന്നതിനുള്ള മാർഗമായാണ് മാസ്‌കുകളെ അദ്ദേഹം കാണുന്നത്. ഈ വീഡിയോയെ അനുകൂലിച്ച് തൽവീന്ദർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഗായകൻ തന്റെ അച്ഛനോടുള്ള ആദരസൂചകമായിട്ടാണ് മുഖത്ത് പെയിന്റ് കൊണ്ട് വരയ്ക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ചിത്രകാരനായിരുന്നു. അച്ഛനെയും അദ്ദേഹത്തിന്റെ കലയെയും പ്രതിനിധീകരിക്കാനാണ് മുഖത്ത് പെയിന്റ് ചെയ്യുന്നതത്രെ.

അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഒരിക്കൽ അതിനെക്കുറിച്ച് തൽവീന്ദർ തുറന്നുപറഞ്ഞു, ''പൊതുസ്ഥലത്ത് പെർഫോം ചെയ്യുമ്പോൾ എന്റെ ഉള്ളിലെ ഈഗോ ഇല്ലാതാക്കാൻ വേണ്ടിയാണ് മുഖത്ത് വരയ്ക്കുന്നത്. അത് സത്യത്തിൽ ശ്രദ്ധമാറ്റൽ തന്നെയാണ്. സംഗീതം കാണുകയല്ല, അനുഭവിക്കുകയാണ് വേണ്ടത്. മുഖത്തെ പെയിന്റ് അഹങ്കാരത്തെ ഇല്ലാതാക്കി, ശ്രദ്ധ വ്യതിചലിക്കുന്നതും ഒഴിവാക്കും. കല കലാകാരനേക്കാൾ വലുതാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു'', തൽവീന്ദർ പറഞ്ഞു.

പഞ്ചാബിലും സാൻ ഫ്രാൻസിസ്‌കോയിലുമായിട്ടാണ് തൽവീന്ദർ വളർന്നത്.  2024-ലാണ് അദ്ദേഹം തന്റെ ആദ്യത്തെ മ്യൂസിക് ആൽബം പുറത്തിറക്കുന്നത്. 13 പാട്ടുകളടങ്ങിയ ആൽബമാണത്. ടീ-സീരീസ് ഉൾപ്പെടെയുള്ള വൻകിടബ്രാൻഡുകളുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട് തൽവീന്ദർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi