സംഗീത പ്രേമികളുടെ ഇടനെഞ്ചില്‍ ഇടംനേടിയ ഗായികയാണ് സ്വര്‍ണലത. വേറിട്ട ആലാപന ശൈലികൊണ്ടും ശബ്ദമാധുരികൊണ്ടും അവര്‍ കുറഞ്ഞ കാലത്തിനുള്ളില്‍ സംഗീതലോകത്ത് സ്വന്തമായൊരു ഇടം സൃഷ്ടിച്ചിരുന്നു. ഇന്ന് സ്വര്‍ണലതയുടെ പതിനഞ്ചാം ചരമ വാര്‍ഷികമാണ്. പാതിയില്‍നിന്നുപോയ വിഷാദഗാനം പോലെ സ്വര്‍ണലത പ്രേക്ഷകരുടെ മനസ്സില്‍ നൊമ്പരമായിട്ട് ഇന്നേക്ക് പതിനഞ്ചുവര്‍ഷം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 12-ന്, തന്റെ 37-ാം വയസ്സിലായിരുന്നു സ്വര്‍ണലത സംഗീതലോകത്തോട് വിടപറയുന്നത്. സംഗീതലോകത്തെ കേവലം 23 വര്‍ഷക്കാലയളവിനുള്ളില്‍ സ്വര്‍ണലതയുടെ സ്വരത്തില്‍ ഏഴായിരത്തിലധികം ഗാനങ്ങള്‍ പിറന്നു. തമിഴ്, തെലുഗു, മലയാളം, ഹിന്ദി, ബംഗാളി, കന്നട, ഒറിയ എന്നീ ഭാഷകളിലൊക്കെയും സ്വര്‍ണലത പാടി. പാടിത്തീര്‍ത്ത പാട്ടുകളിലൊക്കെയും അവര്‍ മാന്ത്രികത നിറച്ചു. ആദ്യ കാലങ്ങളിൽ തമിഴ് ഭാഷയിൽ ഉച്ചാരണശുദ്ധിയോടെ പാടുന്നതിനാൽ തമിഴ് വംശജയാണെന്ന് പലരും വിചാരിച്ചിരുന്നു. സംഗീത കരിയറില്‍ തമിഴ്, തെലുഗു പോലെ മറ്റുഭാഷകളില്‍ നൂറുകണക്കിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും മാതൃഭാഷയായ മലയാളത്തില്‍ സ്വര്‍ണലതയുടെ ശബ്ദം തഴയപ്പെട്ടു. നൂറില്‍ താഴെയെ അവസരങ്ങളെ തേടിച്ചെന്നുള്ളൂ.

To advertise here,

പാലക്കാട് ചിറ്റൂരില്‍ പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി. ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായാണ് സ്വര്‍ണലത ജനിക്കുന്നത്. വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്നുവീണ സ്വര്‍ണലത, ചെറുപ്പകാലത്തുതന്നെ പാട്ടിനെ പാട്ടിലാക്കിയിരുന്നു. കുഞ്ഞു സ്വര്‍ണലതയെ ഹാര്‍മോണിയം വായനയും പാട്ടും പഠിപ്പിച്ച് സംഗീതത്തിലേക്ക് കൈപിടിച്ചത് അച്ഛന്‍ കെ.സി ചെറുകുട്ടിയും സ്വര്‍ണലതയുടെ മൂത്ത സഹോദരി സരോജവുമായിരുന്നു. അങ്ങനെ മൂന്നാം വയസ്സുമുതല്‍ സ്വര്‍ണലത ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. കര്‍ണാടകയിലെ ഷിമോഗയിലേക്ക് കുടുംബമൊന്നിച്ച് താമസം മാറ്റിയതോടെ സ്വര്‍ണലത പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയായി.

പതിന്നാലാം വയസ്സിലാണ് സ്വര്‍ണലത പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. തമിഴിലായിരുന്നു അരങ്ങേറ്റം. 1987 ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥാണ് സ്വര്‍ണലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് അവസരം നല്‍കിയത്. ആദ്യ ഗാനം തന്നെ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനൊപ്പമായിരുന്നു. പിന്നീട് ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, ദേവ, വിദ്യാസാഗര്‍, ഹാരിസ് ജയരാജ്, അനുമാലിക്, മണി ശര്‍മ, യുവാന്‍ ശങ്കര്‍രാജ, ശങ്കര്‍ എഹ്‌സാല്‍ ലോയ് തുടങ്ങി ഒട്ടേറെ പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം സ്വര്‍ണലതയ്ക്ക് പ്രവര്‍ത്തിക്കാനായി.  തമിഴകത്ത് ഇളയരാജയുടെയും എ.ആര്‍.റഹ്‌മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചിച്ചു. ‘കാതലനി’ലെ മുക്കാല മുക്കാബുല..., ‘രംഗീല’യിലെ ഹേ രാമ...  തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ സ്വര്‍ണ്ണലതയുടേതാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ തനിക്ക് പാടാനായി വന്നുചേര്‍ന്ന അവസരങ്ങളെയെല്ലാം സ്വര്‍ണലത സ്വീകരിക്കുകയും വ്യത്യസ്തമാര്‍ന്ന ആലാപന ശൈലികൊണ്ട് മനോഹരമാക്കുകയും ചെയ്തു.
 

ഏതാനും പാട്ടുകളെ പാടിയെങ്കിലും മലയാള സംഗീതത്തിന്റെ അമൂല്യ പ്രതിഭയായിരുന്നു സ്വര്‍ണലത. 1989-ല്‍ പുറത്തിറങ്ങിയ ‘ആയിരം ചിറകുള്ള മോഹം’ എന്ന സിനിമയിലെ പാട്ടിലൂടെയാണ് സ്വര്‍ണലത മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗിരീഷ് പുത്തെഞ്ചേരി, കൈതപ്രം, പൂവച്ചാല്‍ ഖാദര്‍, ബിച്ചു തിരുമല, ചിറ്റൂര്‍ ഗോപി, ഷുബു ചക്രവര്‍ത്തി എന്നുതുടങ്ങിയ ഗാനരചയിതാക്കളുടെ വരികള്‍ക്ക് അവര്‍ ശബ്ദമായി. എസ്.പി. വെങ്കിടേഷ്, ജോണ്‍സന്‍ മാസ്റ്റര്‍, ബേര്‍ണി ഇഗ്നേഷ്യസ്, വിദ്യാസാഗര്‍, ഗാജാമണി, കണ്ണൂര്‍ രാജന്‍, മോഹന്‍ സിത്താര തുടങ്ങിയ സംഗീതജ്ഞര്‍ക്കൊപ്പം മലയാള സംഗീതത്തിലേക്ക് സ്വര്‍ണലത സംഭാവനകളേകി. ‘ആയിരം ചിറകുള്ള മോഹം’, ‘മന്മഥശരങ്ങള്‍’, ‘തച്ചോളി വര്‍ഗീസ് ചേകവര്‍’, ‘കാതില്‍ ഒരു കിന്നരം’, ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ലങ്ക’, ‘വര്‍ണ്ണപ്പകിട്ട്’, ‘രാവണപ്രഭു’, ‘ഡ്രീംസ്’, ‘പഞ്ചാബി ഹൗസ്’, ‘തെങ്കാശിപ്പട്ടണം’, ‘നിര്‍ണയം’, ‘വണ്‍മാന്‍ഷോ’, ‘കുബേരന്‍’... തുടങ്ങി അനവധി മലയാള സിനിമകളില്‍ സ്വര്‍ണലത പാടിയിട്ടുണ്ട്.

'സത്യം ശിവം സുന്ദരം' എന്ന സിനിമയിലെ അവ്വാ അവ്വാ..., 'രാവണപ്രഭു'വിലെ പൊട്ടുകുത്തെടി പുടവചുറ്റെടി..., ഇന്‍ഡിപെന്‍ഡന്‍സി'ലെ നന്ദലാല..., 'വര്‍ണപ്പകിട്ടി'ലെ മാണിക്യകല്ലാല്‍ മേഞ്ഞു മെനഞ്ഞേ..., 'തെങ്കാശിപ്പട്ടണ'ത്തിലെ കടമിഴിയില്‍ കമലദളം..., 'ബോംബെ'യിലെ കുച്ചി കുച്ചി രാക്കുമാ..., 'ജെന്റില്‍മാന്‍' എന്ന സിനിമയിലെ ഉസിലംപട്ടി പെണ്‍കുട്ടി..., 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്നതിലെ സിങ്കോരെ സിങ്കോരെ..., 'ദളപതി'യിലെ രാക്കമ്മ കൈയെത്തട്ട്...നീളുകയാണ് സ്വര്‍ണലതയുടെ ഹിറ്റ് ഗാനങ്ങള്‍. മലയാളത്തില്‍ മോഹം എന്ന ആല്‍ബത്തിലാണ് സ്വര്‍ണലത ഏറ്റവും ഒടുവിലായി പാടിയത്. അതിലെ എവര്‍ഗ്രീന്‍ ഹിറ്റായ ‘കുടജാദ്രിയില്‍ കുടചൂടുമാ കൊടമഞ്ഞുപോലെയീ പ്രണയം’ എന്ന ഗാനം മഞ്ഞുകണങ്ങൾപോലെ പ്രേക്ഷകരുടെ ഹൃദയത്തെ തലോടി. 

1994-ല്‍ ‘കറുത്തമ്മ’ എന്ന ചിത്രത്തിലെ പോരാളെ പൊന്ന്യത്തായേ... എന്നുതുടങ്ങുന്ന ഗാനത്തിന് സ്വര്‍ണലതയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. എ.ആര്‍. റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങളിലെ, സ്ത്രീകള്‍ പാടിയവയില്‍, ദേശീയ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തേത് അതായിരുന്നു. അതില്‍പിന്നീട് എ.ആര്‍ റഹ്‌മാന്‍-സ്വര്‍ണലതാ കോമ്പോയില്‍ വീണ്ടും പാട്ടുകള്‍ പിറന്നു. അതിലൊന്നായിരുന്നു എവര്‍ടൈം ഹിറ്റായ മുക്കാല, മുക്കാബല എന്ന ഗാനം. 1991, 1994, 2000 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വര്‍ണലതയെ തേടിയെത്തി. കൂടാതെ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ആന്ധ്ര സര്‍ക്കാര്‍ നന്തി പുരസ്‌കാരവും സ്വര്‍ണലത ഏറ്റുവാങ്ങി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi