ഇന്ത്യ ഈ വര്‍ഷം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ ചരിത്രപ്രസിദ്ധമായ യുദ്ധസ്മാരകങ്ങളെപ്പറ്റി ഈ സ്വാതന്ത്ര്യദിനത്തില്‍ അറിയാം.
1. ദേശീയ യുദ്ധ സ്മാരകം- ന്യൂ ഡല്‍ഹി:
സ്വാതന്ത്ര്യത്തിനുശേഷം വിവിധ പോരാട്ടങ്ങളിൽ പങ്കെടുത്ത ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നതിനായി നിര്‍മിച്ച സുപ്രധാന സ്മാരകം. ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യാ ഗേറ്റ് സര്‍ക്കിളിലാണ് സ്ഥിതി ചെയ്യുന്നത്. 2019 ഫെബ്രുവരി 25-ന് ഉദ്ഘാടനം ചെയ്തു. വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ സുവര്‍ണ്ണ ലിപികളില്‍ സ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന സ്തൂപത്തിന് താഴെയുള്ള അമര്‍ ചക്ര ഇവിടുത്തെ പ്രധാന സവിശേഷതയാണ്. ഇന്ത്യാ ഗേറ്റിന് താഴെയുണ്ടായിരുന്ന അമര്‍ ജവാന് ജ്യോതി എന്ന കെടാവിളക്ക് 2022-ല്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
2. കാര്‍ഗില്‍ യുദ്ധ സ്മാരകം:
കാര്‍ഗില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത ഇന്ത്യന്‍ സൈനികര്‍ക്കുള്ള ആദരാഞ്ജലിയാണിത്. കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ യുദ്ധസ്മാരകം. 'വിജയപഥ്' അഥവാ വിജയ ജ്വാല, സ്മരണയുടെ ഭിത്തി, യുദ്ധ ഗാലറി, ദ്രാസ് വാര് റൂം എന്നിവ ഈ സ്മാരകത്തിന്റെ പ്രധാന സവിശേഷതകളില്‍ പെടുന്നു. കാര്‍ഗില്‍ വിജയ് ദിവസ് പോലുള്ള അനുസ്മരണ ദിനങ്ങളില്‍ ഇവിടെ ധാരാളമാളുകൾ എത്താറുണ്ട്.
3. ഡാര്‍ജിലിങ് യുദ്ധ സ്മാരകം:
ഗൂര്‍ഖ യുദ്ധസ്മാരകം എന്നും അറിയപ്പെടുന്ന ഇത് ഡാര്‍ജിലിങ്ങിന് സമീപമുള്ള ബറ്റാസിയ ലൂപ്പിലാണ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന യുദ്ധങ്ങളിലും സൈനികദൗത്യങ്ങളിലും ജീവന് ബലിയര്‍പ്പിച്ച, ഡാര്‍ജിലിങ് കുന്നുകളില്‍ നിന്നുള്ള ധീരരായ ഗൂര്‍ഖ സൈനികരെ ആദരിക്കുന്നതിനായി സ്ഥാപിച്ചു. 1995-ല്‍ നിർമാണം പൂര്‍ത്തിയാക്കി. സന്ദര്‍ശകര്‍ക്ക് സ്മാരകം കാണാനായി ടോയ് ട്രെയിന്‍ ബറ്റാസിയ ലൂപ്പില്‍ നിര്‍ത്താറുണ്ട്.
4. ചണ്ഡീഗഡ് യുദ്ധ സ്മാരകം:
ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിലൊന്നായ ഇത് ചണ്ഡീഗഡിലെ സെക്ടര്‍ 3-ലുള്ള ബോഗന്‍വില്ല ഗാര്‍ഡനില്‍ സ്ഥിതി ചെയ്യുന്നു. 1947 മുതല്‍ രാജ്യരക്ഷയ്ക്കായി ജീവന് ബലിയര്‍പ്പിച്ച ഏകദേശം 8,459 സൈനികരെ ഇവിടെ ആദരിക്കുന്നു. 2006-ല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനാച്ഛാദനം ചെയ്തു. ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി, 22 അടി ഉയരമുള്ള ശ്രദ്ധേയമായൊരു ശില്പം രൂപകല്പനയുടെ ഭാഗമാണ്. പിങ്ക് സാന്‍ഡ്സ്റ്റോണ്‍ മതിലുകളും ഒരു ഓപ്പണ്‍ എയര്‍ ആംഫിതിയേറ്ററും ഇവിടെയുണ്ട്.
5. നദബെത് യുദ്ധ സ്മാരകം, ഗുജറാത്ത്:
ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ നഡാബെറ്റ് ഗ്രാമത്തിലാണ് ഈ യുദ്ധസ്മാരകം. അതിര്‍ത്തി പ്രദേശം എന്ന നിലയില്‍ നഡാബെറ്റ് 'ഗുജറാത്തിന്റെ വാഗ' എന്നും അറിയപ്പെടുന്നു. ഗുജറാത്ത് ടൂറിസം വകുപ്പും അതിര്‍ത്തി സുരക്ഷാ സേനയും ചേര്‍ന്ന് ആരംഭിച്ച സീമ ദര്ശന് പദ്ധതിയുടെ ഭാഗമാണിത്. വാഗ അതിര്‍ത്തിയിലെ റിട്രീറ്റ് ചടങ്ങിന് സമാനമായ ആചാരപരമായ പരിപാടികള്‍ ഇവിടെ നടത്താറുണ്ട്.
6. സീ വാര് മെമ്മോറിയല്‍, വിശാഖപട്ടണം:
ഔദ്യോഗികമായി വിക്ടറി അറ്റ് സീ വാര് മെമ്മോറിയല്‍ എന്നറിയപ്പെടുന്നു. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് ഇന്ത്യന്‍ നാവികസേനയുടെയും ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെയും നാവികരുടെ ധീരതയെയും ത്യാഗങ്ങളെയും ആദരിക്കുന്നതിനായി 1996-ലാണ് നിര്‍മിച്ചത്. വിശാഖപട്ടണത്തിലെ നാവികസേനാ ദിനാഘോഷങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ഈ സ്മാരകം.
7. തവാങ് യുദ്ധ സ്മാരകം, അരുണാചല്‍ പ്രദേശ്:
അരുണാചല്‍ പ്രദേശിലെ തവാങ് യുദ്ധസ്മാരകം, 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍, പ്രത്യേകിച്ച് തവാങ് മേഖലയില്‍ ജീവത്യാഗം ചെയ്ത ഇന്ത്യന്‍ സൈനികര്‍ക്കുള്ള ആദരാഞ്ജലിയാണ്. 1984-ല്‍ നിര്‍മിച്ചു. തവാങ്ങിലെ മനോഹരമായ കുന്നുകളില്‍ ഏകദേശം 10,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്മാരകത്തില്‍, വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്ത ഒരു വലിയ സ്തൂപമുണ്ട്. 1962-ലെ യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, യുദ്ധ രേഖകള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയവും ഇതിന്റെ ഭാഗമാണ്.
8. സിയാച്ചിന്‍ യുദ്ധ സ്മാരകം:
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധക്കളങ്ങളിലൊന്നായ സിയാച്ചിന്‍ ഹിമാനിയിലെ ബേസ് ക്യാമ്പിന് സമീപമാണ് സ്മാരകം സ്ഥിതിചെയ്യുന്നത്. 1984-ല്‍ ഓപ്പറേഷന് മേഘദൂതോടെ ആരംഭിച്ച സിയാച്ചിന്‍ സംഘര്‍ഷത്തിനിടെ ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ഈ സ്മാരകം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ത്രിവര്‍ണ്ണ പതാകയുമേന്തി കോണി കയറുന്ന വെള്ള വസ്ത്രധാരികളായ സൈനികരുടെ ഒരു നിര്‍മ്മിതി ഇവിടെയുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: explore india`s significant war memorials honoring the sacrifices of its brave soldiers. discover the stories behind these monuments of courage and patriotism.
Published: 15 Aug 2025, 11:45 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented