വീട്ടുകാര്യങ്ങള്‍ നോക്കിയും വീട്ടുജോലികള്‍ ചെയ്തും നടുവൊടിക്കുന്ന വീട്ടമ്മമാര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ഈ ജോലികളൊക്കെ ഞാന്‍ വീടിന് പുറത്താണ് ചെയ്യുന്നതെങ്കില്‍ എന്തുമാത്രം വരുമാനം കിട്ടുമായിരുന്നു എന്ന്. വീട്ടമ്മമാരുടെ കഴിവിനെക്കുറിച്ച് പറയുമ്പോള്‍, അത് സിനിമയായാലും കഥയായാലും ജീവിതത്തിലായാലും രുചിയൂറുന്ന ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചും കുട്ടികളെ നന്നായി വളര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെയേ പറയാറുള്ളൂ. സ്ത്രീകളുടെ ഈ മള്‍ട്ടിടാസ്‌ക്കിങ് സ്‌ക്കില്ലിനെ പറ്റി വാനോളം പുകഴ്ത്താത്തവര്‍ ആരുമുണ്ടാവില്ല. അതൊരു കെണിയാണെന്ന് അറിയാതെ അവര്‍ അതില്‍ പുളകം കൊള്ളുകയും ചെയ്യും. എന്നാല്‍ ഈ പലതരം കഴിവുകളെ കൈയിലിത്തിരി കാശ് വരാനുള്ള വഴികൂടിയാക്കാം. വീട്ടില്‍ തന്നെയിരുന്ന് ചെറിയ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്.

ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്

നിങ്ങള്‍ക്ക് നല്ല എംബ്രോയിഡറി ചെയ്യാന്‍ അറിയാം. കേക്ക് ഉണ്ടാക്കാന്‍ അറിയാം. അങ്ങനെ എന്തെല്ലാം അറിയാം. അതിന്റെ ഓണ്‍ ലൈന്‍ ക്ലാസ് ആരംഭിക്കാം. ലൈവായിട്ട് ചെയ്യാം. അല്ലെങ്കില്‍ റെക്കോര്‍ഡഡ് വീഡിയോ വഴിയുമാകാം. സൂം, ഗുഗിള്‍ മീറ്റ് ഉപയോഗിക്കാം.ചെറിയ തുക ഫീസ് വാങ്ങിത്തുടങ്ങാം. ഗ്രൂപ്പ് ബുക്കിംഗിന് ഡിസ്‌ക്കൗണ്ട് നല്‍കാം. ചെറിയ സാമ്പിള്‍ വീഡിയോ ഉണ്ടാക്കി സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ട് തുടങ്ങാം.

ടിഫിന്‍ സര്‍വ്വീസ്

നിങ്ങളുണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ച് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്ല അഭിപ്രായമാണോ. നിങ്ങളൊരു പപ്പടം കാച്ചിയാലോ ഓംലെറ്റുണ്ടാക്കിയാലോ അതിനുപോലും കിടിലന്‍ ടേസ്റ്റാണ് എന്ന് എല്ലാവരും പറയാറുണ്ടോ. വീട്ടിലുണ്ടാക്കിയ ഭക്ഷണം അടങ്ങിയ ലഞ്ച് ബോക്‌സ് സര്‍വ്വീസ് തുടങ്ങാം. വീടിനടുത്തുള്ള ഓഫീസുകളില്‍ കൊടുത്തുകൊണ്ട് തുടങ്ങാം.

ടെയിലറിങ്ങും ഓള്‍ട്ടറേഷനും

വീട്ടിലെ തയ്യല്‍ മെഷിന്‍ പൊടിപിടിച്ച് കിടക്കുകയാണോ. പൊടിതട്ടിയെടുക്കൂ. അടുത്തുള്ളവര്‍ക്കെല്ലാം ആദ്യം സൗജന്യമായി ഓള്‍ട്ടറേഷന്‍ സേവനം നല്‍കൂ. വസ്ത്രങ്ങള്‍ വീടുകളില്‍പോയി കളക്ട് ചെയ്ത് തയിച്ച് തിരികെ നല്‍കിക്കൊടുത്തുനോക്കൂ. ബിസിനസ് വെച്ചടി കയറും.

ക്രാഫ്റ്റും ഹാന്‍ഡ് മേഡ് ഗിഫ്റ്റും

ക്രാഫ്റ്റും ഹാന്‍ഡ് മേഡ് ഗിഫ്റ്റും, രണ്ടിനും ആവശ്യക്കാരേറെയാണ്. ഹാന്‍മേഡ് ആയിരിക്കണം എന്നുമാത്രം. പേപ്പര്‍ പൂക്കള്‍, മെഴുകുതിരികള്‍, സോപ്പ്, ഗ്രീറ്റിംഗ് കാര്‍ഡ് തുടങ്ങിയവ ഉണ്ടാക്കാനറിയാമെങ്കില്‍ മടിക്കേണ്ട. ഇവയുടെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കൂ. ഓര്‍ഡര്‍ കിട്ടും.

ഹൗസ് ട്യൂഷന്‍

നല്ല ട്യൂഷന്‍ ടീച്ചര്‍മാരെ തേടിനടക്കുകയാണ് മാതാപിതാക്കള്‍. പഠിപ്പിക്കാനറിയാമോ. ക്ഷമയുണ്ടോ. ഏതു ക്ലാസിലെ കുട്ടികള്‍ക്കും വിട്ടില്‍ ട്യൂഷന്‍ നല്‍കാം. ഒന്നോ രണ്ടോ കുട്ടികളെ തുടക്കത്തില്‍ കിട്ടിയാല്‍ മതി. പതുക്കെ വിപുലമാക്കാം.

സോഷ്യല്‍ മീഡിയ മാനേജര്‍

സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ പുലിയാണോ. സോഷ്യല്‍ മീഡിയ മാനേജരാകാം. മുകളില്‍ സൂചിപ്പിച്ച് ലഘുബിസിനസ് ചെയ്യുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ ഹെല്‍പ്പുകള്‍ ചെയ്തുകൊണ്ട് തുടങ്ങാം. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ട്യൂട്ടോറിയലുകള്‍ ഓണ്‍ലൈനില്‍ കിട്ടും.

കൗണ്‍സിലിംഗ് ആന്‍ഡ് മെന്റിംഗ്

കൗമാരക്കാര്‍ ടീനേജുകാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് അറിയാം. ദമ്പതികള്‍ക്കിടയിലെ വഴക്കും അത് പരിഹരിക്കേണ്ട വിധവും അറിയാം. പരീക്ഷക്കാലത്ത് കുട്ടികള്‍ നേരിടുന്ന ടെന്‍ഷനെക്കുറിച്ചും അത് മറികടക്കാനുള്ള വഴികളെക്കുറിച്ചും അറിയാം. ഇതൊക്കെ എന്തുകൊണ്ട് മറ്റുള്ളവരോട് ഷെയര്‍ചെയ്യാം. സ്ത്രീകളുടെ ചെറു വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റ കൂട്ടായ്മകളുണ്ടാക്കി അതിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാം. റീലുകള്‍, വീഡിയോകള്‍ എന്നിവ ചെയ്യാം. പതിയെ പണം വന്നു തുടങ്ങും

നിങ്ങളുടെ സമയത്തിനും പ്രയത്‌നത്തിനും കഴിവിനും വിലയുണ്ട്. മൂല്യമുണ്ട്. വിവാഹത്തോടെ നിങ്ങള്‍ കരിയര്‍ ഉപേക്ഷിച്ചതാകാം. വീണ്ടും തുടങ്ങാന്‍ അവസരം കിട്ടിയില്ലായിരിക്കാം. പക്ഷേ വൈകിയിട്ടില്ല. ഏതു പ്രായത്തിലും ഒരു വരുമാനമാര്‍ഗ്ഗമായി ചെറു ബിസിനസുകള്‍ വലിയ ചെലവില്ലാതെ തുടങ്ങാം. ഇത്തരം ചെറിയ പരിശ്രമങ്ങള്‍ നിങ്ങള്‍ക്ക് വരുമാനം മാത്രമല്ല ജീവതത്തിന് ഒരു ലക്ഷ്യവും അഭിമാനവും നല്‍കും.

( ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, ഇ-മെയില്‍: jayakumarkk8@gmail.com)