ജന്മനാ വലതുകെെ ഇല്ലാത്ത ഒരു പെൺകുട്ടി പരിമിതികളെ മാറ്റിനിർത്താൻ തീരുമാനിച്ചപ്പോൾ വലിയൊരു ലോകം അവൾക്കുമുമ്പിൽ തുറന്നുവന്നു. അഞ്ജനാ ഷാജി എന്ന ഇടുക്കിക്കാരി ഒറ്റക്കെെയിൽ മനോഹരമായ ഹാൻഡ് എംബ്രോയ്ഡറികൾ നെയ്തെടുത്ത് ആളുകളുടെ മനംകവരുകയാണിന്ന്. സ്വന്തം കെെകളാൽ തുന്നിയെടുത്ത വസ്ത്രശേഖരത്തെ വൺഹാൻഡ്എംബ്രോയ്ഡറി എന്ന ബ്രാൻഡാക്കി വിജയകരമായ ഒരു സംരംഭത്തിന് അഞ്ജന തുടക്കവുമിട്ടു.
’’ജന്മനാ വലതുകെെ ഇല്ലാത്ത ആളാണ് ഞാൻ. തുടക്കത്തിൽ അപകർഷതാബോധം എന്നെ വേട്ടയാടിയിരുന്നു. കൗമാരപ്രായത്തിലാണല്ലോ ശരീരത്തെക്കുറിച്ചുള്ള ബോധം നമുക്ക് വന്നുതുടങ്ങുന്നത്. അപ്പോഴാണ് ഒരു കെെയില്ലെന്ന യാഥാർഥ്യത്തിലേക്ക് ഞാനെത്തിയത്. നാട്ടുംപുറത്ത്, എന്നെയും എനിക്കും പരിചിതമായ ചുറ്റുപാടിൽ ജീവിച്ചതുകൊണ്ടാകാം, കുട്ടിക്കാലത്ത് വല്ലാത്ത തുറിച്ചുനോട്ടങ്ങളൊന്നും സഹിക്കേണ്ടി വന്നിട്ടില്ല. പുതിയ ആളുകളെ കാണാൻ തുടങ്ങിയ ശേഷമാണ് അവരുടെ ചോദ്യങ്ങളും നോട്ടവും എന്നെ അസ്വസ്ഥപ്പെടുത്താൻ തുടങ്ങിയത്. അങ്ങനെ ഞാൻ എന്നിലേക്കുതന്നെ ഉൾവലിഞ്ഞു. പ്ലസ് ടു വരെ അത് എന്നെ വല്ലാതെ പിടികൂടി എന്നുതന്നെ പറയാം. ഡിഗ്രി പഠനത്തിന് കോട്ടയത്തേക്ക് പോയ ശേഷമാണ് യാത്രകൾ ചെയ്തു തുടങ്ങിയത്. എംഎസ്ഡബ്ല്യു ആണ് സത്യത്തിൽ എന്നെ മാറിചിന്തിക്കാനും പുറത്തേക്ക് ഇറങ്ങാനും ആളുകളുമായി ഇടപഴകാനും പ്രാപ്തയാക്കിയത്. ക്രമേണ, കെെയുടെ കാര്യം ചിന്തിക്കാൻ പോലും ഞാൻ മറന്നുപോയി.’
ചെറുപ്പം മുതലേ ഒരു കൈ മാത്രമുള്ള അഞ്ജനയ്ക്ക് ഈ പരിമിതി ഒരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. കൂടെയുള്ളവരുടെ പൂർണ്ണ പിന്തുണയാണ് അതിന് കാരണം. ഒരു വർഷം ജോലി ചെയ്തതിന് ശേഷം അത് തനിക്ക് പറ്റിയ മേഖലയല്ലെന്ന് മനസ്സിലാക്കി, സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തിലാണ് അഞ്ജന ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്.
‘’മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കുമ്പോഴാണ് എനിക്ക് ഏറ്റവും സന്തോഷം കിട്ടുന്നത്. ഏറ്റവും ഇഷ്ടമുള്ള കാര്യം പ്രൊഫഷനായി തിരഞ്ഞെടുത്താൽ സന്തോഷത്തോടെ ജോലിചെയ്യാൻ കഴിയുമെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് സോഷ്യൽ വർക്ക് തന്നെ ഇഷ്ടവിഷയമായി തിരഞ്ഞെടുത്തതും. എന്നാൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് അത് മറ്റുള്ളവരെ ശാക്തീകരിക്കാൻ കൂടി കഴിയുന്ന ഒന്നാണെന്ന് മനസ്സിലായത്. എം.എസ് ഡബ്ലൂ കഴിഞ്ഞ് ജോലിയ്ക്കായി ഒരുപാട് ഇന്റർവ്യൂകളിൽ പങ്കെടുത്തു. അവിടെ നിന്നെല്ലാം മറ്റു പല ചോദ്യങ്ങളുമാണ് എന്നെത്തേടിയെത്തിയത്, യാത്ര ചെയ്യാൻ കഴിയുമോ? ജോലിക്കിടയിൽ ബുദ്ധിമുട്ടാകുമോ? ഒരു വർഷത്തോളം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു. ജോലിഭാരവും സന്തോഷമില്ലായ്മയും കാരണം ഞാൻ ആ ജോലി ഉപേക്ഷിച്ചു. മറ്റൊരു ജോലി അന്വേഷിക്കുന്നതിനിടയിലാണ് തുന്നലിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നത്.
തികച്ചും യാദൃശ്ചികമായി ഒരു അടുത്ത സുഹൃത്തിന്റെ കുഞ്ഞിന്റെ ഉടുപ്പിൽ കണ്ട പൂക്കൾ കണ്ണിലുടക്കിയതുകൊണ്ടു മാത്രം സംഭവിച്ചതാണത്. അങ്ങനെയൊന്ന് ചെയ്തുനോക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് തുന്നൽ ആരംഭിക്കുന്നത്. ഒരു പഴയതുണി കീറി എടുത്ത് ഫോണിലെ ഫോട്ടോ നോക്കി അതുപോലൊരു പൂ തുന്നിയെടുത്തു. തുന്നിയ പൂക്കൾ അമ്മച്ചിയെ(ആലീസ്) കാണിച്ചു. അമ്മച്ചിയ്ക്ക് ഇഷ്ടപ്പെട്ടപ്പോൾ അടുത്തത് ചെയ്യാൻ പ്രചോദനമായി. പിന്നെ, എന്റെ പഴയ ഡ്രസ്സുകളിലെല്ലാം ചെറിയ ഹാൻഡ് എംബ്രോയ്ഡറി ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ ഒരുപാട് സമയം എടുത്താണ് തുന്നിക്കൊണ്ടിരുന്നത്. ഇത്രയും കഷ്ടപ്പെട്ട് ചെയ്ത വർക്കായതുകൊണ്ട് കുറച്ച് ഫോട്ടോ എടുത്ത് വയ്ക്കാമെന്നുകരുതി. ഒപ്പം വീഡിയോയും എടുത്തു. ഫോൺ ചീത്തയായാലും എനിക്ക് എപ്പോഴും കാണമെന്നു കരുതി ഒരു സോഷ്യൽമീഡിയ അക്കൗണ്ടും തുടങ്ങി. എടുത്ത ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തു. പേജ് ആർക്കും അയച്ചുകൊടുത്തിട്ടുണ്ടായിരുന്നില്ല. ഒരു കറുത്ത ടീഷർട്ടിൽ ‘അ’ എന്നെഴുതിയ വീഡിയോ ആണ് ആദ്യം ഇട്ടത്. അതിന് വിചാരിക്കാത്തതിലും അധികം റീച്ച് കിട്ടി. വെറുതെയിട്ട പോസ്റ്റിന് ആയിരത്തിലധികം കാഴ്ചക്കാരുണ്ടായി. അതിനുശേഷം ഒരുപാട് ആവശ്യക്കാരെത്താൻ തുടങ്ങി. കഴിഞ്ഞവർഷമാണ് പേജ് തുടങ്ങുന്നത്. ഇപ്പോൾ യുട്യുബിലും ഫേസ്ബുക്കിലും സമാനമായ പേരിൽ അക്കൗണ്ടുകളുണ്ട്. പക്ഷേ, അപ്പോഴൊന്നും സംരംഭമാക്കാൻ പദ്ധതി ഉണ്ടായിരുന്നില്ല. ഈ വർഷം ഏപ്രിലിലാണ് ഇതൊരു സംരംഭമായി മാറിയത്.’’
ചെറുപ്പം മുതൽ നീന്തലും സെെക്കിങും വശമുള്ള അഞ്ജന ഇപ്പോൾ കരാട്ടെയിൽ ഗ്രീൻബെൽറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
‘’ചെറുപ്പത്തിലെ കളരി പഠിക്കണമെന്നും മ്യൂസിക്കൽ ഉപകരണങ്ങൾ പഠിക്കണമെന്നുമൊക്കെയുള്ള താല്പര്യം ഉണ്ടായിരുന്നു. പക്ഷേ, എന്റെ ചെറുപ്പകാലത്ത് ഇടുക്കി പോലുള്ള ഒരു സ്ഥലത്ത് അതിനുള്ള അവസരങ്ങളും ഇല്ലായിരുന്നു. പക്ഷേ, അന്നുണ്ടായിരുന്ന ആ ആഗ്രഹങ്ങളൊക്കെ ഇന്ന് ചെയ്യാൻ കഴിയുന്നുണ്ട്. ഇപ്പോ ജിമ്മിലൊക്കെ പോകുന്നുണ്ട്.
ചെറുപ്പത്തിലെ തന്നെ സെെക്കിൾ ചവിട്ടാൻ അപ്പച്ചൻ (ഷാജി) പഠിപ്പിച്ചു. എന്നെ സെെക്കിൾ പഠിപ്പിക്കാനായി കൊല്ലനെ കൊണ്ട് അപ്പച്ചൻ പുതുതായൊരു ഹാൻഡിൽ കൂടി സെെക്കിളിൽ വച്ചുപിടിപ്പിച്ചു. എന്നെ സെെക്കിൾ പഠിപ്പിക്കാൻ അപ്പച്ചൻ കുറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ബാലൻസ് കിട്ടിയശേഷം ഞാൻ എല്ലാ സെെക്കിളും ഓടിക്കും.
പതിനഞ്ചാം വയസ്സിൽ അപ്പച്ചൻ കാറ് പഠിപ്പിക്കാൻ ഡ്രെെവിങ് സ്കൂളിൽ കൊണ്ടു ചെന്നാക്കി. പക്ഷേ, ലെെസൻസിനായി കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം പേരിൽ ഗിയറില്ലാത്ത കാർ എടുത്താൽ, ആ കാർ ഓടിക്കാനുള്ള ലെെസൻസ് കിട്ടും. സംരംഭത്തിൽ നിന്ന് പണം സമ്പാദിച്ച് സ്വന്തമായി ഒരു കാർ വാങ്ങണമെന്നാണ് ആഗ്രഹം.’
തുടക്കത്തിൽ എംബ്രോയിഡറിയെക്കുറിച്ച് വലിയ അറിവൊന്നും അഞ്ജനയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു കൗതുകത്തിന്റെ പുറത്ത് തുടങ്ങിയ ഒന്നിനെ സംരംഭമാക്കാൻ പെർഫക്ഷനിസ്റ്റായ അഞ്ജനയ്ക്ക് അധിക കാലം വേണ്ടിവന്നില്ല. കലാലയ ജീവിതത്തിനിടയിൽ കൂടെകൂടിയ സുഹൃത്തും പങ്കാളിയുമായ ആൽവിനാണ് അഞ്ജനയുടെ ഏറ്റവും വലിയ പിന്തുണ. അതുതന്നെയാണ് തന്റെ കഴിവിനെ ഒരു സംരംഭമായി വളർത്താൻ അഞ്ജനയ്ക്ക് പ്രചോദനമായതും.
‘’ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു ആൽവിൻ. കേട്ടുപരിചയമുണ്ടായിരുന്ന ഞങ്ങൾ പിന്നീട് ഒത്തിരി വർഷങ്ങൾക്കുശേഷം അടുത്ത സുഹൃത്തുക്കളായി. പിന്നീട് ജീവിതപങ്കാളിയായി. ഒരു ലൗ കം അറെെൻജ്ഡ് മാരേജ്. ഇന്ന് എന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം ആൽവിനാണ്. അദ്ദേഹം ഒരു സ്വാകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹമാണ് വൺഹാൻഡ് എംബ്രോയ്ഡറി എന്ന ഈ പേര് നിർദേശിച്ചതും ഇൻസ്റ്റഗ്രാം പേജ് തുടങ്ങാൻ കാരണമായതും.’’
കസ്റ്റമറിന്റെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത എംബ്രോയിഡറി ഉൽപ്പന്നങ്ങളും സ്വന്തമായി തയ്ച്ചെടുക്കുന്ന ഉടുപ്പുകളുമാണ് അഞ്ജനയുടെ ശേഖരത്തിലുള്ളത്. ടീ ഷർട്ടുകളും നവജാത ശിശുക്കൾക്കുള്ള കുഞ്ഞുടുപ്പുകളും തേടി ആവശ്യക്കാരെത്തുന്നുണ്ട്.
‘തുടക്കത്തിൽ സംരംഭം വിജയിക്കുമെന്ന് കരുതിയതേയില്ല. ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നുണ്ടെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ടീ ഷർട്ട്, ജീൻസ്, ഡെനിം ജാക്കറ്റ്, കുഞ്ഞുടുപ്പ് തുടങ്ങിയവയിലെല്ലാം തുന്നി ഹാൻഡ് എംബ്രോയ്ഡറി ചെയ്തുകൊടുക്കാറുണ്ട്. ആളുകൾ ടീ ഷർട്ടുകൾ അയച്ചുതന്ന് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള വർക്കുകളും ചെയ്യാറുണ്ട്. കേരളത്തിനകത്തും ഇന്ത്യയ്ക്ക് പുറത്തുനിന്നുപോലും ഓർഡറുകൾ വരാറുണ്ട്. തുണി കൂടാതെ, ഹെയർ പിന്നിലും ഹെയർ ബാൻഡിലും ഇത്തരം എംബ്രോയ്ഡറി വർക്കുകൾ ചെയ്തിട്ടുണ്ട്. അഞ്ച് സെന്റിമീറ്റർ വലിപ്പമുള്ളതാണെങ്കിൽ രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് വർക്ക് ചെയ്ത് തീർക്കും. പ്രിന്റ് എടുത്ത് കാർബൺ പേപ്പർ വെച്ച് ഡ്രസ്സിലേക്ക് പകർത്തിയാണ് എംബ്രോയ്ഡറി ചെയ്യുന്നത്.’
പ്രതിസന്ധികളിൽ പതറാതെ അവസരങ്ങൾ നെയ്തെടുത്ത അഞ്ജനയുടെ കഥ ഒരുപാട് പേർക്കൊരു പ്രചോദനമാണ്.
‘എന്നെ ഒരുപാട് അംഗപരിമിതരായ ആളുകൾ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ചെറിയ കുട്ടികളുടെ മാതാപിതാക്കൾ വിളിച്ചിട്ട് എന്റെ വീഡിയോ കാണിച്ചാണ് അവരെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് പറയുമ്പോൾ സത്യത്തിൽ സന്തോഷമുണ്ട്. പല കോളേജുകളിലും അതിഥിയായി ക്ഷണിക്കാറുമുണ്ട്.’
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anjana Shaji, a one-handed embroiderer from Idukki, turns limitations into opportunities with her brand `One Hand Embroidery`.
Published: 20 Sept 2025, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented