''പത്താം ക്ലാസ്സിലെ അവധിക്കാലത്ത് ഒരു പരസ്യം കണ്ടിട്ടാണ് മുള കൊണ്ടുള്ള ടൂത്ത് ബ്രഷിനെപ്പറ്റി അറിയുന്നത്. ചെറുപ്പം മുതല്‍ എനിക്ക് കൃഷിയോടായിരുന്നു താല്പര്യം. അങ്ങനെയാണ് മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍ വച്ചൊരു സംരംഭം തുടങ്ങിയലോ എന്ന ചിന്ത വരുന്നത്. കേരളത്തിലെ വിപണികളില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു ഉത്പന്നമാണിത്. എന്നാല്‍ ഒരു കൈ നോക്കിയാലോ എന്നു പറഞ്ഞപ്പോള്‍ വീട്ടുകാരും പിന്തുണച്ചു. വീട്ടില്‍ നിന്ന്  5000 രൂപവാങ്ങി, ആ പൈസ കൊണ്ട് ഒരു ഹോള്‍സെയിലറുടെ പക്കല്‍നിന്ന് മുള വാങ്ങി സംരംഭത്തിലേക്കിറങ്ങി. ബ്രാന്‍ഡിന് ഗ്രീന്‍ ലവര്‍ സ്റ്റോര്‍ എന്ന പേരിട്ടു. ഫേസ്ബുക്ക് വഴിയാണ് ഉത്പന്നങ്ങളെ പരിചയപ്പെടുത്തിയത്. മുള കൊണ്ടുള്ള  ടൂത്ത് ബ്രഷില്‍ തുടങ്ങി ആര്യ വേപ്പു കൊണ്ടുള്ള ചീപ്പ്, മുളകൊണ്ടുള്ള കോട്ടണ്‍ ബട്സ്, വിത്ത് നിറച്ച പേപ്പര്‍ പെന്‍സില്‍, വീഗന്‍ ലെതര്‍ ജേണല്‍ എന്നിങ്ങനെ  അഞ്ചോളം ഉത്പന്നങ്ങളിലെത്തി നില്‍ക്കുകയാണ്''പറയുന്നത് പതിനേഴാം വയസ്സില്‍ സംരംഭം തുടങ്ങി വിജയത്തിലെത്തിച്ച  പത്തനംതിട്ടക്കാരന്‍ ആകാശാണ്.

To advertise here,

ചെറുപ്പം മുതല്‍ കൃഷിയെ സ്നേഹിച്ച ആകാശിന്റെ സ്വപ്‌നങ്ങളും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. തന്റെ സംരംഭം പ്രകൃതിസൗഹാര്‍ദ്ദമായിരിക്കണമെന്ന് ആകാശിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മുള ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്തതും ബ്രാന്‍ഡിന് അത്തരത്തിലൊരു പേരിട്ടതും. പതിനേഴാം വയസ്സില്‍ അയ്യായിരം രൂപയ്ക്ക് തുടങ്ങിയ സംരംഭം ഇന്ന് അഞ്ചോളം ഉത്പന്നങ്ങളില്‍ എത്തിനില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഉ്തപന്നത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. പ്രകൃതി സൗഹാര്‍ദ്ദമായ ഉത്പന്നങ്ങളിലൂടെ സുസ്ഥിരതയും പ്ലാസ്റ്റിക് വിമുക്തമായ അന്തരീക്ഷവും കൊണ്ടുവരാനാണ് ആകാശ് ശ്രമിക്കുന്നത്.

അച്ഛനും അമ്മയും തന്ന പിന്തുണയാണ് ഇവിടെ വരെ എത്തിച്ചത്

ബിസിനസ് ചെയ്ത് പരിചയമുള്ളവരാരും കുടുംബത്തിലില്ല. ബിസിനസ്സിനെക്കുറിച്ച് വലുതായി ഒന്നും അറിയില്ലായിരുന്നു. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പരമാവധി കുറയ്ക്കാനാണ് എന്റെ ശ്രമം. എന്റെ ദിനചര്യയില്‍ പോലും പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതലും സ്റ്റീല്‍ ആണ് ഉപയോഗിക്കുന്നത്. കെെയിൽ  കിട്ടുന്ന പ്ലാസ്റ്റിക്കുകളെ പരമാവധി റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാറുണ്ട്. സംരംഭം തുടങ്ങുമ്പോള്‍ ഇത് എങ്ങനെ മുന്നോട്ടുകൊണ്ടുപോകും, പഠിത്തം മുടങ്ങുമോ എന്ന ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ഇതൊന്നും വേണ്ട പഠിക്കേണ്ട സമയമല്ലേ അതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് വീട്ടുകാരും പറഞ്ഞില്ല. അന്ന് അച്ഛനും അമ്മയും എതിര്‍ത്തു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇതുവരെ എത്തില്ലായിരുന്നു. അവര്‍ തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ഈ പ്രായത്തില്‍ തന്നെ നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. തുടക്കത്തില്‍ നിക്ഷേപത്തിനായുള്ള തുക ചോദിച്ചപ്പോഴും ഒട്ടും മടിക്കാതെ വീട്ടുകാര്‍ പൈസ തന്നു. അന്ന് അവര്‍ നോ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് എന്റെ  സ്വപ്‌നം കെെവരിക്കാൻ കഴിയില്ലായിരുന്നു.

placeholder

നിലവില്‍ സ്റ്റോറില്‍ ബാംബു ടൂത്ത് ബ്രഷ്, നീം കോമ്പ്, ബാംബൂ കോട്ടണ്‍ ബട്ട്‌സ്, സീഡ് പേപ്പര്‍ പെന്‍സില്‍, വീഗന്‍ ലെതര്‍ കൊണ്ട് നിര്‍മിച്ച ജേണല്‍സ് എന്നിവയാണുള്ളത്. ബാംബൂ ടൂത്ത്ബ്രഷിന്റെ പിടി മുളയും, നാരുകൾ ബി.പി. എ ഫ്രീ നൈലോണ്‍ കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ആര്യവേപ്പിൻ തടികൊണ്ടുള്ള ചീപ്പുമുണ്ട്. പത്തിലധികം ആയുര്‍വേദ മൂലികകൾ കൊണ്ട് തയ്യാറാക്കിയ എണ്ണയില്‍ ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ മുക്കി വെച്ചതിനുശേഷമാണ് വിപണിയിലെത്തിക്കുന്നത്. ഇത് മുടികൊഴിച്ചിലും താരനും അകറ്റി മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ന്യൂസ് പേപ്പര്‍, പള്‍പ്പ് രൂപത്തിലാക്കി അതിനെ റോള്‍ ചെയ്ത് ഗ്രാഫൈറ്റ് ഉള്ളില്‍ വെച്ച് മുകളിലായി  ചെടിയുടെ വിത്ത് കൂടി വെച്ചാണ്  പ്ലാറ്റബിള്‍ സീഡ് പെന്‍സിലിന്റെ നിർമാണം. ഉപയോഗിച്ചശേഷം പെന്‍സില്‍ മണ്ണിലേക്ക് വലിച്ചെറിയുമ്പോള്‍ അതില്‍ നിന്ന് ഒരു പുതിയ ചെടി മുളച്ചു വരുകയും ചെയ്യും. ബാംബൂ കോട്ടണ്‍ ബട്സ്, ബാംബൂ സ്റ്റിക്കില്‍ ഇരുവശത്തും  ഓര്‍ഗാനിക് കോട്ടണ്‍ വെച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബാംബൂ ടൂത്ത്ബ്രഷിന് അന്‍പത് രൂപയാണ് വില. നീം കോമ്പിന് 120 രൂപയും. പെന്‍സില്‍ പത്തുരൂപയ്ക്കാണ് നല്കുന്നത്. 80 എണ്ണം വരുന്ന ബട്സ് പാക്കറ്റ് അന്‍പതു രൂപയ്ക്കാണ് നല്കുന്നത്.


തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളും നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വന്നു. മാര്‍ക്കറ്റില്‍ നിലവിലില്ലാത്ത ഒരു പ്രൊഡക്ടാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഈ പ്രായത്തില്‍ എന്ത് അറിഞ്ഞിട്ടാണ് നീ ബിസിനസ്സിലേക്കിറങ്ങുന്നത്? നിനക്ക് ബിസിനസ്സിനെപ്പറ്റി എന്തറിയാം? ബാംബൂ ടൂത്ത്ബ്രഷ് ഉപയോഗിക്കുമ്പോള്‍ വായില്‍ മുറിവ് പറ്റുമോ? എന്നൊക്കെ ചോദിച്ചവരുണ്ട്. ചോദ്യങ്ങളെ  അതിജീവിക്കാനും ആളുകള്‍ക്കിടയില്‍ പ്രൊഡക്ടിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കുന്നതിനുമായി ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ ഇടാന്‍ തുടങ്ങി. അതു കണ്ട് നിരവധി പേര്‍ പിന്തുണച്ചു.  ഒരു പ്ലാസ്റ്റിക്ക് ടൂത്ത്ബ്രഷ് ദ്രവിച്ചുപോകാന്‍ ആയിരം വര്‍ഷമെങ്കിലും എടുക്കും. അത്രയും നാള്‍ അത് മണ്ണില്‍ തന്നെ നിലനില്‍ക്കുകയും മണ്ണിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും  ചെയ്യുന്നു. അതേ സമയം ബാംബൂ ടൂത്ത് ബ്രഷ് ആണെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ മണ്ണില്‍ അലിഞ്ഞു ചേരും. സാധാരണ ടൂത്ത്ബ്രഷ് പോലെതന്നെ ഇത് ആറുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാനും കഴിയും. എന്ത് കാര്യം ചെയ്യുമ്പോഴും ആദ്യം നെഗറ്റീവ് പറയുക എന്നുള്ളത് ആളുകളുടെ ഒരു രീതിയാണല്ലോ. മറിച്ച് കൂടെ നിന്നവരും ഒരുപാടുണ്ട്. ബന്ധുക്കളും കൂട്ടൂകാരും എല്ലാവരും നല്ല രീതിയില്‍ സഹായിച്ചു. എന്ത് പോസ്റ്റ് ഇട്ടാലും അത് ഷെയര്‍ ചെയ്ത് എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

സുസ്ഥിരത ഉറപ്പുവരുത്താനാണ് ഞാന്‍ ശ്രദ്ധിക്കുന്നത്

നൂറുശതമാനം പ്ലാസ്റ്റിക്ക് ഫ്രീ എന്നതിനപ്പുറത്തേക്ക് സുസ്ഥിരത ഉറപ്പുവരുത്താനാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. പ്ലാസ്റ്റിക്ക് എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം തന്നെ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുക. സുസ്ഥിരത എന്നത് യഥാര്‍ത്ഥത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക എന്നല്ല, മറിച്ച് അത് റീസൈക്കിള്‍ ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ്. ഉത്പാദനം നടത്തുന്നതുന്നത് പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ വെച്ചാണ്. ഉല്പാദനം മുതല്‍ വിതരണം വരെ സുസ്ഥിരത നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ പാക്കേജിംഗ് സമയത്ത്  പല കാര്യങ്ങളിലും വീട്ടുവീഴ്ച വരുത്തേണ്ടതായി വരും. അവിടെയും ഇക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള പേപ്പര്‍ ടേപ്പുകളാണ് ഉപയോഗിക്കുന്നത്. പോസ്റ്റ് വഴിയാണ് പ്രൊഡക്ട് അയയ്ക്കുന്നത്. എന്നാല്‍ മീഷോ വഴിയുള്ള ഓര്‍ഡറുകള്‍ക്ക് അവര്‍ നിര്‍ബന്ധം പിടിച്ചതുകൊണ്ടു തന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന കോറിയര്‍ ബാഗുകള്‍ കൊടുക്കുന്നുണ്ട്. വില്‍പന ഓണ്‍ലൈന്‍ വഴിയാണ്. ഒരു ബില്‍ഡിങ് എടുത്ത് ഉത്പാദനവും വിപണനവും വിതരണവും എല്ലാം അവിടെയാണ്. നഗരപ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതല്‍ അതിനാല്‍ അത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഔട്ട്‌ലെറ്റ് തുറക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. 
 

 

അച്ഛന്‍ അഖിലേഷ് വിദേശത്താണ്. അമ്മ ബിജിയാണ് ബിസിനസില്‍ കൂടുതലും സഹായിക്കുന്നത്. ഗുജറാത്തിലെ പാരല്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്. സി അഗ്രിക്കള്‍ച്ചര്‍ ഓണേഴ്സ് പഠനത്തിനൊപ്പം ഓണ്‍ലൈനായി സ്റ്റോറും കൊണ്ടുപോകുകയാണ് ആകാശ്.