ഗായികയും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയും കൂടിയാണ് പലക് മുച്ഛൽ. അവരിപ്പോൾ മറ്റൊരു നേട്ടത്തിലേക്ക് കൂടി നടന്നടുത്തിരിക്കുകയാണ്. ഇത്തവണ സംഗീതത്തിന്റെ പേരിലല്ല, സാമൂഹ്യസേവനത്തിന്റെ പേരിലാണ് അവരുടെ നേട്ടം. പിന്നാക്കകുടുംബങ്ങളിൽനിന്നുള്ള കുട്ടികളുടെ ഹൃദയശസ്ത്രക്രിയകൾക്ക് സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരിക്കുകയാണ് പലക്.

ഇന്ത്യയിലും വിദേശത്തുമുള്ള 3800-ലേറെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കാണ് അവർ സാമ്പത്തികസഹായം നൽകിയത്. പലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് അർഹിക്കുന്ന ആളുകളിലേക്ക് അവർ സഹായമെത്തിച്ചത്.
 

ഇൻഡോറിലാണ് പലക് ജനിച്ചതും വളർന്നതും. ഒരു തീവണ്ടിയാത്രയിലാണ് പലക്കിന്റെ മനസ്സിൽ മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്ത കടന്നുവന്നത്. ട്രെയിൻയാത്രയിൽ ഒരു സ്റ്റേഷനിൽവെച്ച് കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത, നഗ്നപാദരായി നടക്കുന്ന കുറേ കൊച്ചുകുട്ടികളെ കണ്ടു. തങ്ങളുടെ വസ്ത്രമുപയോഗിച്ച് കമ്പാർട്ട്‌മെന്റുകളിലെ നിലം തുടയ്ക്കുന്ന കുട്ടികൾ പലക്കിനെ വേദനിപ്പിച്ചു. അത് കൊച്ചു പലക്കിന്റെ മനസ്സിൽ പതിഞ്ഞു. അവരെ പോലുള്ള കുട്ടികളെ സഹായിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യുമെന്ന് അവൾ അന്ന് തന്നെ തീരുമാനിച്ചു.

ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ആ പെൺകുട്ടിക്കുണ്ടായി. ചെറുപ്രായത്തിൽ തന്നെ സാമൂഹ്യസേവനങ്ങളുടെ ഭാഗമായി. കാർഗിൽ യുദ്ധസമയത്ത് പലക്കിന് ഏഴുവയസ്സേയുള്ളൂ. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ദോറിലെ കടകൾ തോറും ആ പെൺകുട്ടി പാടിനടന്നു. അന്ന് 25,000 രൂപയാണ് പലക് പാടി സമാഹരിച്ചത്. വലുതായപ്പോൾ തന്റെ പാടാനുള്ള കഴിവ് പണം സമാഹരിക്കാനുള്ള മാർഗമായി മാറ്റുകയായിരുന്നു. സംഗീതസംവിധാനകനും സഹോദരനുമായ പലാഷ് മുച്ഛലും പലക്കിനൊപ്പം സജീവമായി. പലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷനും രൂപംകൊടുത്തു.

ഇന്ന് പലക് സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നത് എത്രയോ കുട്ടികളെ സഹായിക്കാൻ കൂടി വേണ്ടിയാണ്. 2013-ൽ മാത്രം രണ്ടര കോടി രൂപയാണ് പലക് സമാഹരിച്ചത്. അതിലൂടെ 572 കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. 'ദിൽ സേ ദിൽ തക്', 'സേവ് ലിറ്റിൽ ഹാർട്‌സ്' എന്നിങ്ങനെ പേരിട്ട ചാരിറ്റി ഷോകളിലൂടെയാണ് അവർ കുട്ടികൾക്കായുള്ള ഫണ്ട് ശേഖരിക്കുന്നത്. രണ്ടുവർഷം മുമ്പ് പാകിസ്താനിൽനിന്നുള്ള രണ്ടുവയസ്സുകാരിയായ കുട്ടിക്കുവേണ്ടിയും പലക് സഹായം നൽകിയിട്ടുണ്ട്.

പലക്കിന്റെ പ്രവർത്തനങ്ങൾക്ക് സഹായവുമായി പങ്കാളിയും സംഗീതസംവിധായകനുമായ മിഥുനുമുണ്ട്. ''ഷോ ഇല്ലെങ്കിലും കാര്യമായ വരുമാനമില്ലെങ്കിലും ഒരു കുട്ടിയുടെ പോലും ശസ്ത്രക്രിയ മുടങ്ങരുത്. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'', എന്നാണ് ഒരിക്കൽ മിഥുൻ പറഞ്ഞത്.
 

താൻ സഹായിച്ച ഓരോ കുഞ്ഞുജീവനെയും ഓർമിക്കാൻ പലക് ഒരു പ്രത്യേകമാർഗവും കണ്ടെത്തി. ഓരോ ശസ്ത്രക്രിയ കഴിയുമ്പോഴും ഒരു പാവയ്ക്ക് ആ കുട്ടിയുടെ പേരിട്ട് വീട്ടിൽ സൂക്ഷിക്കുക എന്നതാണത്. ഇന്ന് 3800-ലേറെ പാവകളാണ് അവരുടെ കൈയിലുള്ളത്. ഈ പാവകൾ അവർ വാങ്ങുകയല്ല ചെയ്യുന്നത്, പാവശേഖരത്തെക്കുറിച്ചറിയുന്ന ആരെങ്കിലും സമ്മാനമായി പലക്കിന് നൽകുകയാണ്. ''ഓരോ പാവയ്ക്കും ആ കുട്ടിയുടെ പേരിട്ടാണ് മുറിയിൽ സൂക്ഷിക്കുന്നത്'', അവർ സ്‌നേഹത്തോടെ ഓർക്കുന്നു. 'അനുഗ്രഹങ്ങളുള്ള മുറി' എന്നാണ് ആ മുറിയെ പലക് വിശേഷിപ്പിക്കുന്നത്.

ദമാദം, ചാഹൂം മേ യാ നാ, തേരി മേരി കഹാനി, സനം തേരി കസം, കോൻ തുഛേ, നൈയോ ലഗ്ദാ എന്നിവയാണ് അവരുടെ പ്രധാനപാട്ടുകൾ. ഗുജറാത്തി, മറാത്തി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി ഭാഷകളിലും അവർ പാടിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi