'സാരാഭായ് വേഴ്‌സസ് സാരാഭായ്' എന്ന പരമ്പരയിലൂടെ പ്രശസ്തനായ നടനാണ് സതീഷ് ഷാ. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹം അന്തരിക്കുകയുണ്ടായി. സംവിധായകന്‍ അശോക് പണ്ഡിറ്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹം സതീഷ് ഷായുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഒപ്പം നടന്റെ വിയോഗത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.

To advertise here,

സതീഷ് ഷാ മാന്‍ഡ്വിയില്‍ നിന്നുള്ള ഒരു കച്ചി ഗുജറാത്തിയായിരുന്നു. സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പഠിച്ച അദ്ദേഹം പിന്നീട് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. 1978-ല്‍ അരവിന്ദ് ദേശായി കി അജീബ് ദസ്താന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാ തന്റെ സിനിമയില്‍ അങ്ങേറ്റം കുറിച്ചത്.

1983-ലെ ആക്ഷേപഹാസ്യമായ ജാനേ ഭി ദോ യാരോയിലെ മുനിസിപ്പല്‍ കമ്മീഷണര്‍ ഡി'മെല്ലോ എന്ന കഥാപാത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടി. തന്റെ സിനിമാ ജീവിതത്തിലുടനീളം, ഹം സാത്ത് സാത്ത് ഹേ (1999), കല്‍ ഹോ ന ഹോ (2003), മുജ്സെ ഷാദി കരോഗി (2004), 'മേം ഹൂം നാ' (2004), ഓം ശാന്തി ഓം (2007) എന്നിവയുള്‍പ്പെടെ 250-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

'സാരാഭായ് വേഴ്‌സസ് സാരാഭായ്' എന്ന ജനപ്രിയ സിറ്റ്‌കോമിലെ ഇന്ദ്രവദന്‍ സാരാഭായ് എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ വളരെയധികം പ്രശസ്തി നേടിയത്. 'യേ ജോ ഹേ സിന്ദഗി', 'ഫില്‍മി ചക്കര്‍', 'ഘര്‍ ജമായി' തുടങ്ങിയ ടിവി ഷോകളിലും സതീഷ് ഷാ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിന് പുറമെ, 2008-ല്‍ അര്‍ച്ചന പുരണ്‍ സിങ്ങിനൊപ്പം 'കോമഡി സര്‍ക്കസ്' എന്ന റിയാലിറ്റി ഷോയുടെ സഹ-വിധികര്‍ത്താവായിരുന്നു സതീഷ്. 2015-ല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സൊസൈറ്റി അംഗമായും അദ്ദേഹം നിയമിതനായി.

സുനില്‍ ഗ്രോവര്‍, മനു റിഷി, സപ്ന പബ്ബി, നയനി ദീക്ഷിത് എന്നിവര്‍ക്കൊപ്പം 2023-ല്‍ പുറത്തിറങ്ങിയ 'യുണൈറ്റഡ് കച്ചേ' എന്ന ടിവി സീരീസിലാണ് സതീഷ് ഷാ അവസാനമായി അഭിനയിച്ചത്. 'സന്ദീപ് ഔര്‍ പിങ്കി ഫറാര്‍' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ഈ കോമഡി-ഡ്രാമ ചിത്രത്തില്‍ അര്‍ജുന്‍ കപൂറും പരിണീതി ചോപ്രയുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

നിരവധി സിനിമാപ്രവര്‍ത്തകരാണ് സതീഷിന്‌റഎ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനങ്ങളുമായെത്തിയിരിക്കുന്നത്. ആര്‍ മാധവന്‍, ഫറാ ഖാന്‍, അനുപം ഖേര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi