കഴിഞ്ഞ 25 വർഷമായി രാത്രി ഭക്ഷണം കഴിക്കാൻ പുറത്ത് പോയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് നടൻ സൽമാൻ ഖാൻ. ജീവിതമിപ്പോൾ ജോലിയിലും യാത്രകളിലുമാണെന്ന് താരം പറയുന്നു. വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലിലെ ഒരു സെക്ഷനിൽ പങ്കെടുക്കവേയാണ് സൽമാന്റെ തുറന്നുപറച്ചിൽ. അടുത്ത സുഹൃത്തുക്കളുടെ നഷ്ടത്തെക്കുറിച്ചും ഒരു നടനെന്ന നിലയിലുള്ള തന്റെ യാത്രയിലെ അലസതയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു.

To advertise here,

"ജീവിതത്തിന്റെ ഭൂരിഭാഗവും ഞാനെന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്. അതിൽ കുറച്ചുപേരെ നഷ്ടപ്പെട്ടിട്ടുണ്ട്, ഇപ്പോൾ ദീർഘകാലമായി എന്നോടൊപ്പമുള്ളവരായിട്ട് നാലോ അഞ്ചോ പേരേയുള്ളൂ.

25-26 വർഷമായി ഞാൻ പുറത്ത് രാത്രി ഭക്ഷണം കഴിക്കാൻ പോയിട്ട്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ, വീട്ടിൽ നിന്ന് ഷൂട്ടിങ്ങിന്, വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക്, എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക്, ഹോട്ടലിൽ നിന്ന് ഇവിടെ വരെ. അത്രമാത്രം. ഇതാണ് എന്റെ ജീവിതം." -അദ്ദേഹം പറഞ്ഞു.

അതിലൊന്നും തനിക്ക് ഖേദമില്ലെന്നും സൽമാൻ പറഞ്ഞു. "എനിക്കിതിൽ യാതൊരു പ്രശ്നവുമില്ല. അവർ ഇത്രയധികം ബഹുമാനവും സ്നേഹവും നൽകുന്നു. അതുകൊണ്ടാണ് ഞാൻ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നത്. ഇടയ്ക്കിടെ ഞാൻ കുറച്ച് അലസനാവാറുണ്ട്. പക്ഷെ അടുത്തതായി എന്താണ് വരാൻ പോകുന്നതെന്ന് ചിന്തിച്ച് ഞാനതിലേറെ ആസ്വദിക്കും"

റെഡ് സീ ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്. നേരത്തേ, ഹോളിവുഡ് ഇതിഹാസം ജോണി ഡെപ്പിനെ ഫെസ്റ്റിവലിൽ സൽമാൻ കണ്ടിരുന്നു. ബുധനാഴ്ച, ഗോൾഡൻ ഗ്ലോബ്സ് ഗാലാ ഡിന്നറിലും അദ്ദേഹം പങ്കെടുത്തു. സൽമാൻ ഇദ്രിസ് എൽബ, എഡ്ഗർ റാമീരസ്, മറ്റ് അതിഥികൾ എന്നിവരോടൊപ്പം സമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. 

സിക്കന്ദറാണ് സൽമാന്റെ ഒടുവിലിറങ്ങിയ ചിത്രം, പ്രതീക്ഷിച്ചിച്ചത്ര നേട്ടമുണ്ടാക്കാൻ ചിത്രത്തിനായിരുന്നില്ല. ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് ഷോയായ 'ദി ബാ..ഡ്സ് ഓഫ് ബോളിവുഡി'ൽ അദ്ദേഹം ഒരു കാമിയോ വേഷം ചെയ്തിരുന്നു. 'ബാറ്റിൽ ഓഫ് ഗാൽവാൻ' ആണ് അടുത്ത ചിത്രം. ഹിന്ദി ബിഗ് ബോസിന്റെ അവതാരകനാണ് സൽമാൻ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi