ലോകമെങ്ങും സെലിബ്രിറ്റി സ്റ്റാറ്റസുള്ള ആളുകളാണ് യൂട്യൂബേഴ്സ്. കോണ്ടെൻറ് ക്രിയേറ്റേഴ്സിന്റെ ജനപ്രീതി വാനോളം ഉയർത്തിയതുതന്നെ ഈ സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സാണ്. ഇപ്പോഴിതാ ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള യുട്യൂബർമാരുടെ ആസ്തി സംബന്ധിച്ച ഒരു റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന നിലയിലാണ് അവരിൽ പലരുടെയും വരുമാനം.

റിപ്പോട്ടുകൾ പ്രകാരം,തന്മയ് ഭട്ട് ആണ് ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള യൂട്യൂബർ. പുതിയ റിപ്പോർട്ടുകളിൽ തന്മയ് ഭട്ടിൻറെ മൊത്തം ആസ്തി 665 കോടിയാണ്. 5.2 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് അദ്ദേഹത്തിന് ഉള്ളത്. കോമഡി സ്കെച്ചുകൾ, റിയാക്ഷൻ വീഡിയോകൾ, ലൈവ് സ്ട്രീമിങ്, പോഡ്കാസ്റ്റ് എന്നിവയാണ് തന്മയ് യുടെ കോണ്ടെൻറുകൾ.

ഒരുകാലത്ത് 'ഓൾ ഇന്ത്യ ബക്ചോദ്' (AIB) എന്ന കോമഡി സംഘത്തിന്റെ സഹസ്ഥാപകൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന തന്മയ്, 2018-ൽ എഐബി പിരിച്ചുവിട്ടതിനുശേഷം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തെ അതിജീവിച്ചു.

യുട്യൂബർ എന്നതിനപ്പുറം മൂൺഷോട്ട് എന്ന തൻറെ ഏജൻസി വഴി ഓൺലൈൻ ട്രെൻഡുകളെയും മീമുകളെയുമൊക്കെ പരസ്യ ക്യാമ്പെയ്നുകളായും വരുമാനം നേടിക്കൊടുക്കുന്ന ആളാണ് തന്മയ്.

ഫറ ഖാന്‍ അഭിനയിച്ച ക്രെഡ് പരസ്യം തന്മയ് ചെയ്തതാണ്. എഐയെ ക്രിയേറ്റീവ് ആയി പരസ്യചിത്രങ്ങളില്‍ ഉപയോഗിച്ച ആള്‍ കൂടിയാണ് ഇദ്ദേഹം. അര്‍ജുന്‍ കപൂറിന്‍റെ ഐസ്ക്രീം പരസ്യവും മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ ഷാരൂഖ് ഖാന്‍ പരസ്യവുമൊക്കെ ഇദ്ദേഹത്തിന്‍റെ തന്നെ സൃഷ്ടികളാണ്.

ഇന്ത്യന്‍ യൂട്യൂബേഴ്സില്‍ ഏറ്റവും ആസ്തിയുള്ള രണ്ടാമന്‍ ടെക്നിക്കല്‍ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരിയാണ്. ഗൗരവിന്‍റെ ആസ്തി 356 കോടിയാണ്. സമയ് റെയ്ന എന്ന യൂട്യൂബറാണ് ആസ്തിയില്‍ മൂന്നാമന്‍. കോമഡിയും ചെസും സംയോജിപ്പിച്ച് വ്യത്യസ്തമായ വീഡിയോകളുണ്ടാക്കുന്ന സമയ് യുടെ ആസ്തി ആവട്ടെ 140 കോടിയും.

ഡിജിറ്റൽ രംഗത്തെ സർഗ്ഗാത്മകതയെ ഒരു വലിയ ബിസിനസ്സാക്കി മാറ്റാൻ കഴിയുമെന്നതിന്റെ തെളിവാണ് തന്മയ് എന്ന യുട്യൂബറിന്റെ വിജയം. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi