ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്നൊരു പരസ്യവാചകമുണ്ടല്ലോ. അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം വഴിമാറ്റി കടന്നുപോയയാളാണ് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ആയിരം ഗോള്‍ എന്ന അദ്ദേഹത്തിന്റെ റെക്കോർഡ്‌ തിരുത്തപ്പെട്ടെങ്കിലും എണ്ണിത്തിട്ടപ്പെടുത്താനാകാത്ത അസംഖ്യം സംഭാവനകളാണ് അദ്ദേഹം നടത്തിയത്. 1969-ല്‍ അദ്ദേഹത്തിന്റെ കളി കാണാനായി മാത്രം ഒരു യുദ്ധം താത്കാലികമായി നിര്‍ത്തിവെക്കപ്പെട്ടു എന്നൊരു കഥയുണ്ട്. 1960-കളുടെ അവസാനത്തില്‍, നൈജീരിയയില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടായി. ഫെഡറല്‍ സര്‍ക്കാരും വിഘടിച്ചുപോയ ബയാഫ്ര റിപ്പബ്ലിക്കും തമ്മിലുള്ള യുദ്ധം. ലക്ഷങ്ങള്‍ മരിച്ചുവീണ ആ യുദ്ധമാണ് പെലെയെ കാണാനായി നിര്‍ത്തിവെച്ചു എന്ന് പറയപ്പെടുന്നത്.

പെലെയുടെ നേതൃത്വത്തിലുള്ള ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സാന്റോസ് ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമിട്ടത് ഇക്കാലത്താണ്. 1969 ജനുവരിയില്‍ അവര്‍ നൈജീരിയയിലെത്തി. പെലെയുടെ വരവ് വലിയ വാര്‍ത്തയായി. ലോകകപ്പ് നേടിയ പെലെയും സംഘവും നാട്ടിലെത്തുന്നത് നൈജീരിയയ്ക്ക് സന്തോഷവാര്‍ത്തയായിരുന്നു. പെലെയുടെ കളി തടസ്സമില്ലാതെ കാണുക ഫുട്‌ബോള്‍ ഭ്രാന്തുള്ള ആ രാജ്യത്തിന് യുദ്ധം തുടരുന്നതിനേക്കാള്‍ വലിയ അടിയന്തരാവശ്യമായി. അങ്ങനെ പെലെയുടെ കളി കഴിയുംവരെ രാജ്യത്ത് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്രെ.

താരങ്ങള്‍ സ്‌റ്റേഡിയത്തിലെത്തുന്നതിനു മുന്‍പേ പരസ്പരം പോരടിച്ചിരുന്നവര്‍ ആയുധം മാറ്റിവെച്ചു. ജനുവരി 26-ന് ലാഗോസില്‍ ദേശീയ ടീമായ ഗ്രീന്‍ ഈഗിള്‍സിനെ നേരിടാനായിരുന്നു സാന്റോസിന്റെ വരവ്. വെടിനിര്‍ത്താലായതുകൊണ്ട് ജനം ഇരച്ചെത്തി. അതുവരെ അന്യോന്യം കൊല്ലാന്‍ തുനിഞ്ഞവര്‍ ഒരു സ്‌റ്റേഡിയത്തിലിരുന്ന് ഒരേ ആവേശത്തോടെ, ഒരേ ആരാധനയോടെ പെലെയെ കണ്ടു, ഫുട്ബോള്‍ കണ്ടു. 2-2 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ സാന്റോസിന്റെ രണ്ട് ഗോളുകളും നേടിയത് പെലെയായിരുന്നു. 

1969 ഫെബ്രുവരി 4-ന് രണ്ടാമത്തെ മത്സരത്തിനായി സാന്റോസ് വീണ്ടും നൈജീരിയയിലെത്തി. ഇക്കുറി ബെനിന്‍ സിറ്റിയിലേക്കായിരുന്നു യാത്ര. ലോക ചാമ്പ്യന്‍മാരുടെ കളി കാണാനായി മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫുട്‌ബോള്‍ ആരാധകര്‍ ഒത്തുകൂടിയപ്പോള്‍, പുതുതായി നിര്‍മ്മിച്ച ഓഗ്‌ബെ സ്റ്റേഡിയം കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ നിറഞ്ഞു. അപ്പോഴും യുദ്ധം കൊടുമ്പിരി കൊള്ളുന്നുണ്ടായിരുന്നു. എങ്കിലും ഇത്തവണ താത്കാലിക വെടിനിര്‍ത്തലുണ്ടായില്ല. പക്ഷേ ഇത്രയും വലിയ ആള്‍ക്കൂട്ടം യുദ്ധത്തിനിടെ ഒത്തുകൂടിയിട്ടും യാതൊരു അനിഷ്ടസംഭവങ്ങളും ഉണ്ടായില്ലെന്നത് ശ്രദ്ധേയം. ഈ മത്സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും പെലെ കളിയിലെ ആധിപത്യം വിട്ടുകൊടുത്തില്ല. സാന്റോസ് എതിര്‍ ടീമിനെ 2-1 ന് പരാജയപ്പെടുത്തി. ടിക്കറ്റിങ്‌, ലോജിസ്റ്റിക്‌സ്, വിശിഷ്ടാതിഥികള്‍, ജനക്കൂട്ടത്തിന്റെ തിരക്ക്, ടീമിന്റെ യാത്രാ ഷെഡ്യൂള്‍ എന്നിവയെല്ലാം വിശദമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് നൈജീരിയന്‍ പത്രങ്ങള്‍ മത്സരം കവര്‍ ചെയ്തു. യുദ്ധം ആഴത്തില്‍ ബാധിച്ച ഒരു രാജ്യത്ത് ആ സന്ദര്‍ശനം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു എന്ന് ഇത് കാണിക്കുന്നു. രണ്ടാമത്തെ മത്സരത്തിന് ശേഷം സാന്റോസ് ഘാനയിലേക്ക് പുറപ്പെട്ടു. നൈജീരിയയിലെ സംഘര്‍ഷം പുനരാരംഭിച്ചു.

പെലെയുടെ സാന്നിധ്യം യുദ്ധത്തില്‍ 48 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ട വെടിനിര്‍ത്തലിന് കാരണമായി എന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഒരു നൈജീരിയന്‍ പത്രവും അത്തരമൊരു വെടിനിര്‍ത്തലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശത്രുതകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് സമകാലികമായ തെളിവുകളുമില്ല. ഈ കഥ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉടലെടുത്തതായാണ് കരുതപ്പെടുന്നത്. 1977-ലെ ആത്മകഥയില്‍ ഇല്ലാതിരുന്ന ഈ സംഭവം 2007-ലെ ആത്മകഥയില്‍ പെലെ ഉള്‍പ്പെടുത്തിയതും സംശങ്ങള്‍ക്കിടയായി. പെലെയുടെ സന്ദര്‍ശനം ആവേശവും താല്‍ക്കാലിക ഐക്യവും സൃഷ്ടിച്ചെങ്കിലും നൈജീരിയന്‍ ആഭ്യന്തരയുദ്ധം നിര്‍ത്തിയില്ലെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. വെടിനിര്‍ത്തലിന്റെ കഥ വ്യാപകമായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അതിന് ചരിത്രപരമായി യാതൊരു തെളിവുമില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi