
ജി. സുധാകരന്റെ ഓണം ഓര്‍മകളില്‍ രുചിയുടെ മേളപ്പെരുക്കവും നിറയുന്നു. ''വഴുതനങ്ങാ തീയലായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ഓണാട്ടുകര എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ അന്നത്തെ സാമ്പാറിന്റെ രുചിയും മറക്കാനാകില്ല. പിന്നെയെപ്പോഴോ ആ രുചി നഷ്ടമായി. സദ്യയ്ക്കും ഉണക്കമീനുണ്ടാകും. ഇറച്ചി ഉണ്ടാവാറില്ല. വാങ്ങാനുള്ള ശേഷിയുമില്ല. പതിവു കറികളെല്ലാമുണ്ടാകും. നേരത്തെ തയ്യാറാക്കിവെച്ച ഉപ്പേരികളും. മൂന്നുമാസത്തോളം സൂക്ഷിക്കാവുന്ന ഒരുതരം പരിപ്പുവട അക്കാലത്തുണ്ടാക്കുമായിരുന്നു. വളരെ ചെറുതാണ്. 1982 ഏപ്രില്‍ 25നായിരുന്നു എന്റെ കല്യാണം. കല്യാണശേഷം ഭാര്യ ജൂബിലി നവപ്രഭയ്‌ക്കൊപ്പം ഒറ്റ വാഴയിലയിലായി പലപ്പോഴും സദ്യയൂണ്.
ഓണത്തിനു പത്തുദിവസം മുമ്പേ പലചരക്കുകള്‍ വാങ്ങിത്തുടങ്ങും. പുതുവസ്ത്രങ്ങളും. അത്തമാകുമ്പോഴേക്ക് ഊഞ്ഞാലിട്ടിരിക്കും. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ കളികളും തുടങ്ങും. ഉപ്പേരിയുണ്ടാക്കുന്നതൊക്കെ വലിയ ആഘോഷമാണ്. കപ്പ, കാച്ചില്‍, ചേന, കായ തുടങ്ങി പലതരം ഉപ്പേരികളുണ്ടാക്കി ഭരണികളിലാക്കി പത്തായത്തില്‍ വെച്ചുപൂട്ടും. മുറ്റത്ത് വലിയ സന്നാഹത്തോടെയാണ് ഉപ്പേരിയുണ്ടാക്കല്‍. എല്ലാ വീടുകളിലും അങ്ങനെയൊക്കെയാണ്.
കൈകൊട്ടിക്കളി, ഉറിയടി, തിരുവാതിര, തുമ്പിതുള്ളല്‍ തുടങ്ങിയവ നാട്ടിലുണ്ടാകും. ഓട്ടുപാത്രം പണയംവെച്ച് ഓണമാഘോഷിക്കുന്ന ശീലവും അക്കാലത്തുണ്ട്''.
ജി. സുധാകരന്റെ ഓണക്കവിത
ഓണമേ! എന്റെ ഓണമേ!
വീണ്ടും നീ അണയുന്ന
നാളുകളടുത്തുപോയ്!
ഓണനിലാവും നിശയില്‍
വിടരുന്ന തൂമണം തൂവും
പ്രഭാതസൂനങ്ങളും
ഓടിക്കളിക്കും ശിശുക്കളും
നാട്ടിലെ ഓടവരമ്പിലും
പാടവരമ്പിലും
വറ്റിവരണ്ടു കിടക്കും നിലങ്ങള്‍തന്‍
വിസ്തൃതമാകുന്ന മാറിടത്തിങ്കലും
കാലികള്‍ മേയുന്ന പച്ചപ്പുല്‍മേടുകള്‍
നാടിന്റെ ഓമന സൗവര്‍ണ സ്വപ്‌നമേ!
ഓണമേ! എന്റെ പൊന്നോണമേ!
എന്റെ ബാല്യകാലത്തിലെ ആനന്ദമേ!
നീ വരൂ! നീയണഞ്ഞീടുക
മാനുഷര്‍ ഏവരും ഒന്നുപോല്‍
വാഴുന്നതോര്‍ക്കുവാന്‍
നീയണയും മുമ്പണയും ഇവയൊക്കെ
നാടിനെ സുന്ദരമാക്കാന്‍
സൗവര്‍ണമോണത്തെ കൈപിടിച്ചീടാന്‍.
എങ്കിലും സങ്കല്‍പ്പസ്വര്‍ഗത്തിലും
ദുഃഖം അമ്പേ പടര്‍ത്തുന്ന കാളഭാവം
ഓണമുണ്ടോ ഇന്നോണമുണ്ടോ
പണ്ടോണമുണ്ണുന്നപോല്‍
ഏവരും ഒന്നിച്ചിരുന്നുണ്ടെഴുന്നേല്‍ക്കും
ഓണമുണ്ടോ? ഇന്നോണമുണ്ടോ?
ഓണമേ! നീ വരുമെന്നുകേട്ടീടവേ
ഭാവനയില്‍വരും പുണ്യഓണം
ഭൂമിയില്‍വീണ ഇരുളിനെ
തല്‍ക്കാലമോര്‍മിച്ചിടാ ഓണനാളുകളില്‍.
കള്ളമില്ലേ കളവില്ലേ ചതിയില്ലേ
എള്ളോളമില്ലേ പൊളിവചനം?
ഉണ്ടെങ്കിലും അവയില്ലാതെയാകുന്ന
പൊന്‍സ്വപ്‌നമല്ലോ ഈ ഓണനാളുകള്‍!
(അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഗൃഹലക്ഷ്മി ഓണപ്പതിപ്പ് വാങ്ങാം)
Content Highlights: onam memories and life of g sudhakaran
Published: 28 Aug 2023, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented