പച്ചിലച്ചാർത്ത് കുടവിരിച്ച ലൈഫ്ലൈൻ ഗാർഡനെന്ന ഔഷധ ഉദ്യാനത്തിലേക്ക് ഓടിയെത്തി വെള്ളനിറമുള്ളൊരു കാർ. ഡിക്കി ഉയരുന്നു, ഒരു റാമ്പ് പതിയെ താഴുന്നു, വീൽചെയർ ഡ്രൈവിങ് സീറ്റ് അനായാസമായി ആ റാമ്പിലൂടെ പുറത്തേക്ക് എത്തുന്നു. നിറചിരിയോടെ ഒരാൾ ആ സീറ്റിലുണ്ട്. ഇത് മലപ്പുറം ചെമ്മൻകടവ് സ്വദേശി തോരപ്പ മുസ്തഫ. വൈദ്യശാസ്ത്രം ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ മനുഷ്യൻ. അപ്രതീക്ഷിതമായെത്തിയ ഒരപകടം സമ്മാനിച്ചത് 95 ശതമാനം വൈകല്യം. എന്നാൽ ആ വിധിയെ മുസ്തഫ തോൽപ്പിച്ചു, ആത്മവിശ്വാസവും മനോധൈര്യവും കൊണ്ട്.
ഇന്ന് തന്നെപ്പോലുള്ള നൂറു കണക്കിന് മനുഷ്യരുടെ ഡ്രൈവിങ് മോഹങ്ങൾക്ക് ചിറകുനൽകുകയാണ് മുസ്തഫ. ഭിന്നശേഷിക്കാരായ ആളുകൾക്ക് ഓടിക്കാൻ കഴിയുന്ന വിധത്തിൽ 2600 കാറുകൾ ഇതുവരെ മുസ്തഫ മോഡിഫൈ ചെയ്തു നൽകിക്കഴിഞ്ഞു. വാഹനങ്ങളെ സ്നേഹിച്ച മുസ്തഫയുടെ ജീവിതത്തിൽ നിർഭാഗ്യവും ഭാഗ്യവും കൊണ്ടുവന്നത് വാഹനം തന്നെ. ആ കഥ മുസ്തഫ പറഞ്ഞു തുടങ്ങി.
വില്ലനായ ഓട്ടോ
ചെറുപ്പം മുതലേ മുസ്തഫയ്ക്ക് വാഹനങ്ങളോട് അടുപ്പമുണ്ട്. ആ അടുപ്പം അദ്ദേഹത്തെ ഡ്രൈവറാക്കി. ''പണ്ടുമുതലേ വാഹനമോടിച്ചിരുന്നയാളാണ് ഞാൻ. മെക്കാനിക്കൽ വർക്കുകളും ചെയ്തു. ഓഫ് റോഡ് ഡ്രൈവുകൾക്കും പോകും. അഞ്ച് വർഷം സൗദിയിൽ ജോലി ചെയ്തു. അവിടെ ഭിന്നശേഷിക്കാരായ അറബികൾ യു.കെയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത മോഡിഫൈഡ് കാറുകൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നതൊരു കൗതുകമായിരുന്നു.
നാട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ടാക്സി ഓടിക്കാൻ തുടങ്ങി. ഒപ്പം ഒരു ബേക്കറിയും. എന്നാൽ ജീവിതത്തിൽ വാഹനം വില്ലനുമായി. ഞാൻ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു. നട്ടെല്ല് പൊട്ടി. 28-ാം വയസ്സിലാണ്. പിന്നെ ചികിത്സകളുടെ കാലമായിരുന്നു. എല്ലാം നിഷ്ഫലമായി, അരയ്ക്കു താഴേക്ക് ചലനശേഷിയും സ്പർശന ശേഷിയും നഷ്ടമായി. കട്ടിലിൽ ഒരാളുടെ സഹായത്തോടെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ.''
പക്ഷേ, പൊരുതാനായിരുന്നു മുസ്തഫയുടെ തീരുമാനം. ''ആദ്യം മുച്ചക്രസ്‌കൂട്ടറിലായിരുന്നു സഞ്ചാരം. ആയാസവും വേദനകളും കൂടുതലായിരുന്നു. വിദേശത്തായിരുന്നപ്പോൾ കണ്ട ഭിന്നശേഷിക്കാരായ ആളുകൾ ഓടിക്കുന്ന തരം കാറുകൾ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ എന്ന മോഹം മനസ്സിൽ കയറിക്കൂടി. അങ്ങനെയൊന്ന് ഉണ്ടാക്കിയാലോ എന്ന കൂട്ടലും കിഴിക്കലുമായി പിന്നെ മനസ്സിൽ.''
നായകനായ കാർ
ഇരുകൈകളും ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനത്തിന്റെ മോഡൽ മുസ്തഫ തയ്യാറാക്കി, ഒരു പഴയമാരുതി 800 ൽ. ''മനസ്സിലെ ആശയങ്ങൾക്ക് രൂപ ഭാവം നൽകാൻ വർക്ക് ഷോപ്പ് ജോലിക്കാരനും സുഹൃത്തുമായ കടമണ്ണ വിജയനും സഹായിയായി. രണ്ടു വർഷമെടുത്താണ് ആ കാർ ഡിസൈൻ ചെയ്തത്. 1999 പുതുവർഷത്തിൽ കാറ് പുറത്തിറക്കി. ഒരു വെള്ളിയാഴ്ച ഞാൻ ആ വണ്ടി ഓടിച്ച് പള്ളിയിൽ പോയി, അതിലിരുന്ന് നിസ്‌കരിച്ചു. കണ്ടവർക്കെല്ലാം വലിയ അദ്ഭുതമായി.
വണ്ടിയോടിക്കാൻ പറ്റിയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവുമല്ലോ എന്ന് പ്രതീക്ഷിക്കുന്ന ഒരുപാട് ആളുകളെ അക്കാലത്ത് കണ്ടു. അങ്ങനെയാണ് വർക്ക് ഷോപ്പ് തുടങ്ങുന്നതും വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ തുടങ്ങുന്നതും. 'പെർഫെക്ട് വെഹിക്കിൾ കെയർ' എന്ന പേരിൽ താന്നിക്കൽ കോടൂരാണ് വർക്ക്ഷോപ്പിന് തുടക്കമിട്ടത്. മോഡിഫിക്കേഷൻ പരീക്ഷണങ്ങളിൽ കൂടെനിന്ന വിജയനെയും ഒപ്പം കൂട്ടി. 24 വർഷമായി വിജയൻ എനിക്കൊപ്പമുണ്ട്.''
കേരളത്തിനു പുറത്തും കാറിന് ആവശ്യക്കാരുണ്ടെന്ന് മുസ്തഫ. ആൻഡമാൻ നിക്കോബാറിലുള്ള ഒരാൾക്ക് കാർ മോഡിഫൈ ചെയ്ത് നൽകിയിട്ടുണ്ട്. ഒമാൻവംശജനായ ക്വാഡർപീജിയ(കഴുത്തിന് താഴേക്ക് പൂർണമായി ചലനശക്തി നഷ്ടപ്പെട്ട അവസ്ഥ) ബാധിച്ച ഒരാൾക്കും കാർ മോഡിഫൈ ചെയ്ത് നൽകിയിരുന്നു.
കാറോടിച്ച് ഡൽഹിയിലേക്ക്
''കേന്ദ്ര സാമൂഹിക ക്ഷേമ നീതി വകുപ്പിന്റെ അംഗീകാരം ലഭിച്ചാലേ മറ്റ് കാറുകളിൽ എന്റെ കണ്ടെത്തൽ ഉപയോഗിക്കാൻ പറ്റൂ. അംഗീകാരത്തിനായി വിവിധ സംസ്ഥാനങ്ങളിലെ 13 പേർ ഉൾപ്പെട്ട ലിസ്റ്റിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരേയൊരാളായിരുന്നു ഞാൻ. എല്ലാ കണ്ടുപിടുത്തങ്ങളും ഭിന്നശേഷിക്കാരായ ആളുകൾക്കു വേണ്ടിയാണ്. പക്ഷേ, ആ പതിമൂന്ന് പേരിൽ ഭിന്നശേഷിക്കാരനായ ഒരാൾ ഞാൻ മാത്രമായിരുന്നു. അന്ന് ഭിന്നശേഷി സൗഹൃദമായ വണ്ടികളെപ്പറ്റി ആളുകൾ ചിന്തിച്ചുതുടങ്ങിയിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനായിരുന്നു എന്റേത്. അതും ഒരു മാനുവൽ കാറിൽ.
2001 ഒക്ടോബർ 21-നായിരുന്നു ഡൽഹിയിലെ പ്രദർശനം. ഫ്ളൈറ്റിന് പോകാമെന്ന് സുഹൃത്തുക്കൾ. വേണ്ട കാറിൽ പോകാമെന്നായി ഞാൻ. 2700 കിലോമീറ്റർ കാറോടിക്കണം. അന്നെന്റെ കൈയിലുള്ളത് ഒരു മാരുതി 800 ആണ്. അങ്ങനെ അടുത്ത രണ്ട് സുഹൃത്തുക്കൾക്കൊപ്പം യാത്ര തുടങ്ങി. അപകടത്തിന് ശേഷം യൂറിൻ, മോഷൻ എന്നിവയ്ക്കൊന്നും കൺട്രോളില്ല. ഓരോ നാല് മണിക്കൂറിലും യൂറിൻ ബാഗ് നീക്കണം. ഭക്ഷണം സൂക്ഷിച്ചേ കഴിക്കാനാവൂ. ബ്രെഡിന്റെ കഷണവും ഇളനീർ വെള്ളവും മാത്രമായിരുന്നു ഭക്ഷണം. കാറോടിച്ച് നാല് ദിവസം കൊണ്ട് ഡൽഹിയിലെത്തി.
രണ്ടുകാലും തളർന്നയൊരാൾക്ക് മാനുവൽ കാർ ഹാൻഡ് കൺട്രോളിൽ ഓടിക്കാനുള്ള സാങ്കേതികവിദ്യയായിരുന്നു എന്റെ കണ്ടുപിടുത്തം. ജഡ്ജസ് അത് പരിശോധിച്ച ശേഷം നിങ്ങളെങ്ങനെയാണ് ഇവിടേക്ക് എത്തിയതെന്ന് ചോദിച്ചു. സ്വന്തമായി കാറോടിച്ചാണ് വന്നതെന്ന് പറഞ്ഞപ്പോൾ അവരമ്പരന്നു. എന്റെ കാർ ഓഫീസിന്റെ മുന്നിലുണ്ട്, വന്നാൽ കാണിച്ചു തരാമെന്ന് ഞാനും. ജഡ്ജസിന് ഭയങ്കര ആകാംഷയായി. അവരെന്റെയൊപ്പം വന്നു. ഞങ്ങളെ ഈ വണ്ടി ഓടിച്ചു കാണിക്കാമോ എന്നായി പിന്നെയവർ. അവരെ കയറ്റി ഇന്ത്യാഗേറ്റിനെ വലംവെച്ചു. തിരിച്ചുവരുമ്പോൾ നോൺസ്റ്റോപ്പായി 1300 കിലോമീറ്റർ ഡ്രൈവ് ചെയ്തു.''
കസ്റ്റമൈസ്ഡ് കാറുകൾ
''2022- ൽ ദുബായിൽ 110 രാജ്യങ്ങൾ ചേർന്നു നടത്തിയ ഒരു എക്സ്പോയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങളുടെ പ്രദർശനമായിരുന്നു. അവയിലേറെയും ഓട്ടോമാറ്റിക്ക് വാഹനങ്ങൾ. ഒരു മാനുവൽ കാറിൽ എല്ലാപ്രവർത്തനങ്ങളും ഹാൻഡ് കൺട്രോളിൽ ഒരുക്കിയത് എന്റെ വാഹനത്തിലായിരുന്നു.''
എട്ട് ലോകോത്തര കമ്പനികളുടെ 64 തരം മോഡലുകളിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള അനുമതിയുണ്ട് മുസ്തഫയ്ക്ക്. കാറുകൾക്ക് രൂപമാറ്റം വരുത്തി നൽകാനുള്ള ഓട്ടോമൊബൈൽ ഇന്ത്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനുമതിയുള്ള രാജ്യത്തെ പന്ത്രണ്ട് വർക്ക് ഷോപ്പുകളിലൊന്നാണ് മുസ്തഫയുടെയുടേത്.
''13 ടൈപ്പ് ഡിസൈനുകൾ അങ്ങനെ ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ഭിന്നശേഷിക്കാരുടെ ആവശ്യമനുസരിച്ച് ഡിസൈനുകളിലും മാറ്റം വരുത്തണം. വീടിരിക്കുന്ന സ്ഥലം, യാത്ര ചെയ്യേണ്ട ദൂരം, തൊഴിൽ... എന്നിങ്ങനെ ജീവിതചുറ്റുപാടുകളും പരിഗണിക്കും. '
ആത്മവിശ്വാസമാണ് കരുത്ത്
ശരീരം മുഴുവൻ തളർന്ന ഒരാൾക്ക് ആദ്യമായി വാഹനം ഡിസൈൻ ചെയ്ത് നൽകിയതിന്റെ ഓർമ്മയും മുസ്തഫ പങ്കുവെച്ചു. ''കോഴിക്കോടുകാരനായ ഐടി പ്രൊഫഷണൽ പ്രജിത്ത് ജയപാലിനായിരുന്നു അത്. ഡ്രൈവിങ്ങിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രജിത്തിന്റെ ജീവിതം മാറ്റിയത് ഒരു അപകടമാണ്. കൈ പോലും അനക്കാൻ കഴിയാത്ത ഒരാൾക്ക് വേണ്ടി വാഹനത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രജിത്തിന്റെ വിരലുകൾക്ക് പോലും ചലനമില്ല. പക്ഷേ, കൈമുട്ടു മുതൽ കൈക്കുഴവരെയുള്ള ഭാഗം അനക്കാൻ പറ്റും. .
അത്ര ആത്മവിശ്വസത്തോടെയല്ല ആ വർക്ക് തുടങ്ങിയത്. വരുത്തുന്ന മാറ്റങ്ങൾ പ്രജിത്തിന് യോജിക്കുമോയെന്ന് അറിയില്ലെന്ന് മുൻകൂർ ജാമ്യമെടുത്തു. 'ശരിയായില്ലെങ്കിലും സാരമില്ല, നിങ്ങളെനിക്കുവേണ്ടി ഒരു ശ്രമം നടത്തിയല്ലോ' എന്ന് സമാധാനിച്ചോളാമെന്ന് പ്രജിത്ത് പറഞ്ഞു.
ഒരു ഓട്ടോമാറ്റിക്ക് കാർ വാങ്ങാനാണ് പ്രജിത്തിനോട് ആദ്യം ആവശ്യപ്പെട്ടത്. ഇതുവരെ പരീക്ഷിക്കാത്ത കാര്യങ്ങൾ ആ വണ്ടിയിൽ ചെയ്യേണ്ടി വന്നു. സ്റ്റിയറിങ്ങിൽ പിടിപ്പിച്ച ക്ലാമ്പിലേക്ക് പ്രജിത്തിന്റെ കൈ അറ്റാച്ച് ചെയ്യും. എന്നിട്ട് കൈക്കുഴ റൊട്ടേറ്റ് ചെയ്യുമ്പോൾ സ്റ്റിയറിങ് വർക്കാവും. കൈമുട്ടുകൊണ്ട് സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന വിധം ബട്ടൺ സ്റ്റാർട്ട് വെച്ചു. വലിയ കടമ്പ ആക്സിലറേറ്ററും ബ്രേക്കുമായിരുന്നു. കാലുകൊണ്ട് ആക്സിലറേറ്ററിലും ബ്രേക്കിലും നൽകുന്ന പവർ കൈകൊണ്ട് നൽകാനാവില്ല. അതുകൊണ്ട് വാഹനത്തിന്റെ മൊത്തം പവർ തന്നെ കുറച്ചു. കൈയിലേക്ക് ഘടിപ്പിക്കുന്ന ലിവർ പിന്നിലേക്ക് വലിച്ചാൽ ആക്സിലറേറ്ററും മുന്നിലേക്ക് വലിച്ചാൽ ബ്രേക്കും എന്ന രീതിയിലായിരുന്നു പ്രവർത്തനം. ആദ്യ ഡ്രൈവിങ്ങിൽ തന്നെ പ്രജിത്ത് ഞെട്ടിച്ചു. അത്ര അനായാസമായാണ് അയാൾ വണ്ടിയോടിച്ചത്. 2018- ൽ പ്രജിത്ത് ആ വണ്ടിയോടിച്ച് ഡൽഹി വരെ പോയി.''
സസ്യങ്ങളുടെ കൂട്ടുകാരൻ
''ആരോഗ്യപ്രശ്നങ്ങൾ എപ്പോഴും ഉണ്ടായിരുന്നു. വിട്ടുമാറാത്ത യൂറിനറി ഇൻഫക്ഷനായിരുന്നു ഏറെ ഗുരുതരം. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം ശരീരത്തെ മോശമായി ബാധിച്ചു. അണുബാധ മൂലം ചർമപ്രശ്നങ്ങളും വന്നു. ഈ സമയത്താണ് ഒറ്റപ്പാലത്തുള്ള സ്വാമി നിർമ്മലാനന്ദ മഹാരാജയെ പറ്റി കേൾക്കുന്നത്. ആയുർവേദത്തെപ്പറ്റി വലിയ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെ അദ്ദേഹത്തെ കണ്ടു. സ്വാമിജി നമ്മുടെ പറമ്പിലും തൊടിയിലുമുള്ളകുറയേറെ പച്ചമരുന്നുകളെഴുതി തന്നു. മരുന്നുകൾ തേടിയിറങ്ങിയപ്പോൾ പകുതിയോളം ചെടികളും കിട്ടിയില്ല. ഉള്ളവ കൊണ്ടുതന്നെ ആരോഗ്യം മെച്ചപ്പെട്ടു. അങ്ങനെ നമ്മുടെ നാട്ടിൽ ഇല്ലാതാവുന്ന ഔഷധച്ചെടികളെ സംരക്ഷിക്കാൻ ഒരിടമുണ്ടാവണമെന്നായി ആഗ്രഹം. അപകട ഇൻഷുറൻസ് വഴി കിട്ടിയ പണം കൊണ്ട് ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങി. തരിശ്ശു ഭൂമിയായിരുന്നു അത്. അവിടെ ഔഷധച്ചെടികളും മരങ്ങളുമെല്ലാം വെച്ചുപിടിപ്പിക്കാൻ തുടങ്ങി. അട്ടപ്പാടി, വയനാട് തുടങ്ങി മലേഷ്യയിൽ നിന്നുപോലുമുള്ള ഔഷധസസ്യങ്ങൾ ഈ 'ലൈഫ് ലൈൻ ഗാർഡനിൽ' ഇന്ന് വളരുന്നുണ്ട്.''
360 ഓളം അപൂർവ സസ്യങ്ങളെ മുസ്തഫ സംരക്ഷിക്കുന്നുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്കും ഈ തോട്ടത്തിലെ ഔഷധസസ്യങ്ങൾ എത്തുന്നു. കാവിന്റെ മാതൃകയിലാണ് ഉദ്യാനത്തിന്റെ സംരക്ഷണം. കേരളത്തിന് പുറത്തുനിന്ന് കാറിന് ആവശ്യക്കാരെത്തുമ്പോൾ അവർക്ക് താമസിക്കാനുള്ള സൗകര്യവും ഈ തോട്ടത്തിലുണ്ട്. പൂർണമായും ഭിന്നശേഷിസൗഹൃദമായ തോട്ടവും കോട്ടേജുമാണ് ഇത്.
പ്രതീക്ഷകളാണ് ജീവിതം
''എനിക്ക് ഒരുപാട് ഭക്ഷണമൊന്നും കഴിക്കാനാവില്ല. നിത്യഭക്ഷണത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളുമാണ്. പിന്നെ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനായി ശ്രമം. അതിനായി ഒരേക്കർ സ്ഥലം വാങ്ങി. അപ്പോഴാണ് അറിയുന്നത് അവിടെ വെള്ളം കിട്ടില്ലെന്ന്. സ്ഥലം വിറ്റുകളയാൻ പലരും ഉപദേശിച്ചു. മനസ്സനുവദിച്ചില്ല. കുറച്ചകലെ ഒരു സുഹൃത്തിന്റെ പറമ്പിൽ കുഴൽക്കിണർ കുത്തി. പക്ഷേ, വേനലായപ്പോൾ വെള്ളം വറ്റി. അവിടുന്ന് ഒരു കിലോമീറ്റർ അകലെ ഒരു കുളമുള്ള രണ്ടരസെന്റ് സ്ഥലം വാങ്ങി. ആ കുളം വലുതാക്കി, തോട്ടത്തിലേക്കുള്ള വെള്ളം കണ്ടെത്തി. അതുമൊരു പ്രതീക്ഷയായിരുന്നു. ആദ്യത്തെ കാറ് നിർമ്മിച്ചപ്പോൾ തോന്നിയ അതേ പ്രതീക്ഷ.''
ഇപ്പോൾ 100 ലധികം പഴവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന തോട്ടമാണ് മുസ്തഫയുടേത്. 12 തരം പ്ലാവുകളും അപൂർവമായ പഴവർഗ്ഗങ്ങളും ഇവിടെയുണ്ട്. കപ്പയും മുരിങ്ങയും പച്ചക്കറികളും എല്ലാം ഇവിടെ വിളയുന്നു. വീൽചെയറിൽ സഞ്ചരിക്കാനും വിളകൾ ശേഖരിക്കാനും കഴിയും വിധമാണ് ഫാം.
എന്റെ ശക്തി
എനിക്ക് അപകടം പറ്റുമ്പോൾ മകൻ മുർഷിദിന് മൂന്ന് വയസ്സാണ്. ഇപ്പോൾ അവന്റെ വിവാഹം കഴിഞ്ഞു. രണ്ട് മക്കളുണ്ട്. എന്റെ ജീവിതം ഇന്ന് സന്തോഷത്തോടെ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അതിന് കാരണം ഭാര്യ സഫിയയാണ്. മരണക്കിടക്കയിൽ നിന്ന് കരകയറാൻ സഫിയയുടെ താങ്ങാണ് സഹായിച്ചത്. നിനക്കിതുവന്നല്ലോ എന്ന് കണ്ണീർപൊഴിച്ചിട്ടുണ്ട് പലരും. പക്ഷേ, കഴിഞ്ഞ 31 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും നിങ്ങൾക്കിങ്ങനെയൊരു പരീക്ഷണം ദൈവം തന്നല്ലോയെന്നൊരു സങ്കടം പറച്ചിലോ, ഭാരമാണെന്ന പരാതിയോ സഫിയ എന്നോട് പറഞ്ഞിട്ടില്ല. എന്തിനും പ്രചോദനം തരും. കൂടെനിൽക്കും. എനിക്കെന്ത് വിജയമുണ്ടായാലും ഉയർച്ചയുണ്ടായാലും അതെന്റെ പ്രിയസഖി കാരണമാണ്.''
കൈത്താങ്ങാവണം
ഇനിയുള്ള കാലം തന്നെപ്പോലെയുള്ളവർക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ് മുസ്തഫയുടെആഗ്രഹം. ''സൂര്യാ ടിവിയിലെ 'ഡീൽ ഓർ നോ ഡീൽ' പരിപാടിയിൽ നിന്ന് മൂന്നര ലക്ഷം രൂപകിട്ടിയിരുന്നു. ഈ പണം എന്ത് ചെയ്യാനാണ് ആഗ്രഹമെന്ന് ആ പരിപാടിക്കിടെ നടൻ മുകേഷ് ചോദിച്ചു. ഭിന്നശേഷിക്കാർക്ക് ഒരു തെറാപ്പി സെന്റർ തുടങ്ങാനാണെന്ന് ഞാൻ പറഞ്ഞു. അതറിഞ്ഞ് ഒരു സുഹൃത്ത് 40 സെന്റ് സ്ഥലം തന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആ പദ്ധതി ഏറ്റെടുത്തു. ഇപ്പോൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. തണൽ ചാരിറ്റബിൾ ട്രസ്റ്റും ഇതിനൊപ്പമുണ്ട്. അടുത്തമാസം മുതൽ ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള ചികിത്സ, ബേസിക്ക് ലൈഫ് സ്‌കിൽ പരിശീലനം എന്നിവയൊക്കെ അവിടെത്തുടങ്ങും. ഞാനും അതിന്റെയൊക്കെ ഭാഗമാകും. '
മെഡിക്കൽ കോളേജ് കെയർ ഹോമിലുള്ളവർക്കും മുന്നോട്ടുള്ള ജീവിതത്തിന് മുസ്തഫയുടെ കൈത്താങ്ങുണ്ട്. അവിടെ മൂന്നുമാസത്തെ ഫിസിയോതെറാപ്പി കഴിഞ്ഞ ഭിന്നശേഷിക്കാരായവർക്ക് ഡ്രൈവിങ്ങ് പരിശീലനം നൽകുന്നുണ്ട് അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കാറുകൾ ഭിന്നശേഷി സൗഹൃദമായി രൂപമാറ്റം വരുത്തുന്നത് മുസ്തഫയാണ്. ''നാനോയിൽ തുടങ്ങി ഏറ്റവും വിലകൂടിയ കാറിൽ വരെ മാറ്റങ്ങൾ വരുത്താനാവും. കൈരളി ടി.എം.ടി ഡയറക്ടർ പഹലീഷ കള്ളിയത്തിന്റെ മൂന്നരകോടിയുടെ ബിഎംഡബ്ല്യു എക്സ് എം കാറിൽ മോഡിഫിക്കേഷൻ വരുത്തിയിരുന്നു. ഫിംഗർ ടച്ചാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്.''
ഇതൊരു ബിസിനസ്സല്ല. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിതം മനോഹരമാക്കുക എന്നൊരു ഉദ്ദേശം കൂടിയുണ്ട് തന്റെ ശ്രമങ്ങൾക്കെന്നും മുസ്തഫ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Meet Musthafa, a disabled innovator who modifies cars for the differently-abled, empowering hundreds with driving freedom. Discover his inspiring journey & Life Line Garden.
Published: 15 Feb 2026, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented