
ചില സ്ഥലങ്ങളില്‍ പേടിയോടെ മാത്രമേ കടന്നുചെല്ലാന്‍ കഴിയൂ. ചിലപ്പോള്‍ ആരോ പുറകെ വരുന്നതുപോലെ തോന്നും. മറ്റു ചിലപ്പോള്‍ ആരോ പിറുപിറുക്കുന്നതുപോലെ... പ്രേതമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ അത്തരം ചില സ്ഥലങ്ങളിലൂടെ ഒന്ന് ചുറ്റിവരാം
ഭാംഗഢ്കോട്ടയിലെ നിശ്വാസങ്ങള്‍
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഭാംഗഢ് കോട്ട. ആരവല്ലി പര്‍വതനിരകളുടെ താഴ്വാരത്തില്‍, തലയുയര്‍ത്തിനില്‍ക്കുന്ന കോട്ടയും അതിന് ചുറ്റുമുള്ള നഗരത്തിന്റെ അവശേഷിപ്പുകളും. രാജാ മധോ സിങ്, പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചത്. കൊട്ടാരത്തിനുപുറമെ ക്ഷേത്രങ്ങളും 9000-ത്തോളം വീടുകളും കോട്ടയ്ക്കുള്ളിലുണ്ടായിരുന്നു. ഇന്നതെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ഒരു മന്ത്രവാദിയുടെ ശാപംമൂലമാണ് നഗരം നശിച്ചത് എന്നാണ് വിശ്വാസം. ഇന്ത്യയിലെ ഏറ്റവും ദുരൂഹമായ സ്ഥലങ്ങളിലൊന്നാണ് ഈ കോട്ടയും ചുറ്റുമുള്ള പ്രദേശവും.
രാത്രികാലങ്ങളില്‍ ഇങ്ങോട്ടേക്കുള്ള സന്ദര്‍ശനം പുരാവസ്തുവകുപ്പ് വിലക്കിയിട്ടുണ്ട്. കോട്ടയിലേക്കുള്ള കവാടത്തിനടുത്തൊരു ബോര്‍ഡ് കാണാം. അതില്‍ ഹിന്ദിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ''സൂര്യോദയത്തിനുമുന്‍പും സൂര്യാസ്തമയത്തിനുശേഷവും ഈ കോട്ടയുടെ ഉള്ളില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കും''.
കോട്ടയ്ക്കുള്ളിലെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍, മനസ്സിന് നല്ല ശാന്തത തോന്നും. എന്നാല്‍, ഈ ശാന്തത രാത്രിയാകുമ്പോള്‍ ഭീകരരൂപം പ്രാപിക്കുമെന്ന് പരിസരവാസികള്‍ പറയുന്നു. ഇരുട്ടില്‍ ഇവിടെത്തിയാല്‍ ചുറ്റും നടക്കുന്നതൊന്നും മനസ്സിലാക്കാന്‍ കഴിയില്ലത്രേ. ആരോ നിരന്തരം നിരീക്ഷിക്കുന്നുവെന്ന തോന്നലുണ്ടാവും. ഒപ്പം കട്ടികൂടിയ വായുവും. എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുമെന്നും പറയപ്പെടുന്നു.
ഗോവന്‍പള്ളിയിലെ രാജാക്കന്‍മാര്‍
ഗോവയിലെ കുലിം കുന്നിന്‍മുകളില്‍ ഏകാന്തമായൊരു പള്ളിയുണ്ട്. തലയെടുപ്പോടെ നില്‍ക്കുന്ന ആ പള്ളിയില്‍നിന്ന് താഴേക്ക് നോക്കിയാല്‍ ദക്ഷിണഗോവയുടെ വിദൂരദൃശ്യം കാണാം. ഈ പള്ളിയെ വ്യത്യസ്തമാക്കുന്നത് ഇതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതയാണ്.
അധികാരമോഹികളായ മൂന്ന് രാജാക്കന്‍മാരുടെ കഥയാണ് ഇതിനുപിന്നില്‍ പറഞ്ഞുകേള്‍ക്കുന്നത്. അധികാരം പിടിച്ചടക്കാനായി ഒരു രാജാവ് മറ്റ് രണ്ടുപേരെയും വിഷംകൊടുത്ത് കൊന്നു. ഈ ക്രൂരതയറിഞ്ഞ ആളുകള്‍, രാജാവിനെ പിന്തുടര്‍ന്നു. അവരില്‍നിന്ന് രക്ഷപ്പെടുന്നതിനിടയില്‍, വിഷമുള്ള ഭക്ഷണം തന്നെ രാജാവ് കഴിച്ചു, മരിക്കുകയും ചെയ്തു. മൂന്നുപേരുടെയും മൃതദേഹം പള്ളിയുടെ പരിസരത്തുതന്നെയാണ് അടക്കിയത്.
എവിടെയും പോവാനിഷ്ടമില്ലാതെ, രാജാക്കന്‍മാര്‍ ഈ പള്ളിയില്‍ കറങ്ങിനടക്കുന്നുവെന്നാണ് അടക്കംപറച്ചില്‍. കാര്യം എന്തൊക്കെയായാലും നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
മുസ്സോറിയിലെ പ്രേതങ്ങള്‍
ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലുള്ള ലോഹാഗട്ടിലെ ഒരു പഴയ ബംഗ്ലാവാണ് അബ്ബേ. ഒരു ബ്രിട്ടീഷ് കുടുംബത്തിന്റെതായിരുന്നു ബംഗ്ലാവ്. പിന്നീട് ആശുപത്രി നടത്താനായി വിട്ടുകൊടുത്തു. ആശുപത്രിയിലേക്ക് കുറേ രോഗികള്‍ വരാനും തുടങ്ങി. എന്നാല്‍, പുതിയ ഡോക്ടര്‍ വന്നതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. തന്റെ രോഗികള്‍ എന്ന് മരിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്ന അദ്ദേഹം ആ ദിവസം അവര്‍ മരിച്ചില്ലെങ്കില്‍, ഒരു മുറിയില്‍ കൊണ്ടുപോയി അവരെ കൊലപ്പെടുത്തിയിരുന്നുവത്രേ. ആ മുറിയുടെ പേരാണ് മുക്തി കോത്രി. അന്ന് ക്രൂരമായി കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ ഇന്നും ഇവിടെയുണ്ട് എന്നാണ് പറയപ്പെടുന്നത്. രാത്രിയാവുമ്പോള്‍ ഇവിടെ നിന്ന് പേടിപ്പെടുത്തുന്ന ശബ്ദങ്ങളും അലര്‍ച്ചകളും കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഉത്തരാഖണ്ഡിലെതന്നെ മുസ്സോറിയില്‍ പ്രേതങ്ങളുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളാണുള്ളത്. സാവോയ് ഹോട്ടല്‍, പാരി ടിബ്ബ കുന്നുകള്‍, ലാംബി ദെഹര്‍ ഖനി എന്നിവയാണത്.
പ്രശസ്തരും സമ്പന്നരും മാത്രം വന്നിരുന്ന ഒരു ആഢംബര ഹോട്ടലായിരുന്നു സാവോയ്. 1911-ല്‍ ഇവിടെ ഒരു വിദേശവനിത താമസിക്കാനെത്തി. പിന്നീട് അവരെ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മാരകമായ ഒരുതരം വിഷമായിരുന്നു അവരുടെ ശരീരത്തില്‍. ആ സ്ത്രീയെ പോസ്റ്റ്‌മോര്‍ട്ടംചെയ്ത ഡോക്ടറും അതേ വിഷം ഉള്ളില്‍ച്ചെന്ന് വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചു. എങ്ങനെയാണ് അവര്‍ രണ്ടുപേരും മരിച്ചതെന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഹോട്ടലിലെ ലോബിയിലും മുറികളിലും ആ സ്ത്രീയുടെ പ്രേതമുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. വാതിലില്‍ തുടര്‍ച്ചയായി ഇടിക്കുന്ന ശബ്ദത്തിനൊപ്പം വിചിത്രമായ ചില അലര്‍ച്ചകളും കേള്‍ക്കാറുണ്ടായിരുന്നുവത്രേ. മരിച്ച സ്ത്രീ അവരുടെ കൊലയാളിയെ അന്വേഷിച്ച് ഇറങ്ങുന്നതാണെന്ന് വ്യാഖ്യാനങ്ങളുമുണ്ട്.
പിന്നീട് കുറേ വര്‍ഷങ്ങളോളം ഈ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 2009-ലാണ് കേടുപാടുകള്‍ തീര്‍ത്ത് ഹോട്ടല്‍ വീണ്ടും തുറന്നത്. അഗതാ ക്രിസ്റ്റിയുടെ ആദ്യനോവലായ 'ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്‌റ്റൈല്‍സി'ന് പശ്ചാത്തലമായത് ഈ സംഭവമാണ്.
പാരി ടിബ്ബയുടെ ഉള്ളിലേക്ക് കടക്കുന്നവരെ മുകളറ്റം ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുന്ന മരങ്ങളാണ് വരവേല്‍ക്കുക. മഞ്ഞിനിടയിലൂടെ ഈ മരങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കും പേടി തോന്നാം. അപ്രതീക്ഷിതമായി അനുഭവപ്പെടുന്ന ഇടിമിന്നലാണ് പാരി ടിബ്ബയിലെ പ്രത്യേകത. ഒപ്പം പാരാനോര്‍മല്‍ അനുഭവങ്ങളുമുണ്ടാവാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. അതുകൊണ്ട് വൈകുന്നേരങ്ങളില്‍ അധികം ഉള്ളിലേക്ക് ആളുകള്‍ പോവുന്നത് വിലക്കാറുണ്ട്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെയെത്തിയ ഒരു സ്ത്രീയും പുരുഷനും ഇടിമിന്നലേറ്റ് മരിച്ചുപോയത്രേ. അവരുടെ ആത്മാവ് ഇപ്പോഴും ഈ സ്ഥലത്ത് കറങ്ങിനടക്കുന്നുണ്ടെന്നാണ് വിശ്വാസം. റസ്‌കിന്‍ ബോണ്ടിന്റെ പല കഥകളിലും പാരി ടിബ്ബയെക്കുറിച്ച് പറയുന്നുണ്ട്. മുസ്സോറിയില്‍നിന്ന് പാരി ടിബ്ബയിലേക്ക് പത്തുകിലോമീറ്ററുണ്ട്.
ഒരുകാലത്ത് അയ്യായിരത്തിലധികം പേര്‍ ജോലിചെയ്തിരുന്ന സ്ഥലമാണ് ലാംബി ദെഹര്‍ ഖനി. അവരില്‍ പലരും ശ്വാസകോശരോഗങ്ങളെത്തുടര്‍ന്ന് മരിച്ചുപോയി. പിന്നീട് ഈ ഖനി അടച്ചുപൂട്ടിയെങ്കിലും മരിച്ച തൊഴിലാളികളുടെ കരച്ചില്‍ ഇന്നും കേള്‍ക്കാന്‍ പറ്റുമത്രെ. ഈ പ്രദേശത്തുകൂടി യാത്രചെയ്യുന്ന പലരും അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കാറുള്ളതായി പറയാറുണ്ട്. മുസ്സോറി പട്ടണത്തില്‍നിന്ന് എട്ടുകിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം.
ദുമാസ് ബീച്ചിലെ കറുത്തരാത്രികള്‍
ദക്ഷിണ ഗുജറാത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ദുമാസ് ബീച്ച്. കറുത്ത മണലാണ് ബീച്ചിലെ പ്രത്യേകത. പക്ഷേ, ഇവിടത്തെ രാത്രികള്‍ പേടിപ്പെടുത്തുന്നതാണെന്ന് ആളുകള്‍ പറയുന്നു. രാത്രികളില്‍ ആരൊക്കെയോ ചിരിക്കുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദം കേള്‍ക്കാമത്രേ. വര്‍ഷങ്ങള്‍ക്കുമുമ്പ്, മരിച്ചവരെ അടക്കം ചെയ്തിരുന്നത് ഇവിടെയായിരുന്നു. അങ്ങനെയാണ് കടല്‍ത്തീരത്തിന് കറുത്തനിറമായതെന്നാണ് വിശ്വാസം. ആ ആത്മാക്കളൊക്കെ മോക്ഷം കിട്ടാതെ ഇവിടെ അലഞ്ഞുനടക്കുന്നുണ്ടു പോലും. രാത്രിയാവുമ്പോഴേക്കും ഈ കടല്‍ത്തീരത്തിന്റെ രൂപം മാറും. പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും, രാത്രിയില്‍ ഇവിടമാകെ നെഗറ്റീവ് എനര്‍ജി നിറയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

കലിംപോങ്ങിലെ പ്രേതഹോട്ടല്‍
ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്നുനില്‍ക്കുന്ന സ്ഥലമാണ് പശ്ചിമബംഗാളിലെ കലിംപോങ്. അവിടെ ബ്രിട്ടീഷ് കൊളോണിയല്‍ സൗന്ദര്യവും നിഗൂഢതയും ഒരുപോലെ സമ്മേളിക്കുന്ന ഒരു സ്ഥലമുണ്ട്, മോര്‍ഗന്‍ ഹൗസ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് മോര്‍ഗന്‍ ഹൗസ്. പ്രേത ഹോട്ടല്‍ എന്നാണിത് അറിയപ്പെടുന്നതുതന്നെ. 16 ഏക്കര്‍ സ്ഥലത്താണ് മോര്‍ഗന്‍ ഹൗസ്.
1930-ല്‍ ബ്രിട്ടീഷുകാരനായ ജോര്‍ജ് മോര്‍ഗന്റെയും ഭാര്യയുടെയും വേനല്‍ക്കാല വസതിയായിരുന്നു ഇത്. ഇവിടെവെച്ച് അപ്രതീക്ഷിതമായാണ് മോര്‍ഗന്റെ ഭാര്യ മരിക്കുന്നത്. അതിനുശേഷം മോര്‍ഗന്‍ ഈ സ്ഥലമുപേക്ഷിച്ച് പോയി. പിന്നീടിത് ഒരു ഹോട്ടലായി മാറ്റുകയായിരുന്നു.

എന്നാല്‍, ഇന്നും മോര്‍ഗന്റെ ഭാര്യ അവരുടെ വീടുപേക്ഷിച്ച് പോയിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. രാത്രിയാവുമ്പോള്‍, മരത്തടികൊണ്ടുള്ള ഫ്‌ളോറിലൂടെ ആരോ ഹൈ ഹീല്‍സ് ഷൂവിട്ട് നടക്കുന്നതുപോലെ അനുഭവപ്പെടുമത്രേ. മിസിസ് മോര്‍ഗന്‍ ഉപയോഗിച്ചിരുന്ന മുറി കുറച്ചുകാലം മുമ്പ് വരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇപ്പോഴത് താമസിക്കാന്‍ തുറന്നുകൊടുത്തിട്ടുണ്ട്.
Content Highlights: haunted places in india
Published: 14 Aug 2023, 11:41 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented