'2020 ലോക്ഡൗണ്‍കാലം. കൊറോണ വൈറസിനെ ഭയന്ന് വീടിനകത്ത് അടച്ചിരുന്ന കാലത്താണ് കോഴിക്കോടുകാരി നൗറിന്‍ ആയിഷയുടെ മനസ്സില്‍ ഒരാശയം ഉദിച്ചത്.  ''വീട്ടിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീയിലെ ചേച്ചിമാര്‍ വരും. സാനിറ്ററി പാഡുകളടക്കമുള്ള മാലിന്യങ്ങള്‍. അതും ആഴ്ചകള്‍ പഴക്കമുള്ളത്...'' ഇത് എന്തുചെയ്യും എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി അവളെ ഏറെ വിഷമിപ്പിച്ചു. ''പാഡിലെ പ്ലാസ്റ്റിക്കും പഞ്ഞിയും ജെല്ലും കൈകളുപയോഗിച്ചുതന്നെയാണ് വേര്‍തിരിക്കുന്നത്. അക്കാര്യം ഓര്‍ത്തപ്പോള്‍ത്തന്നെ ബുദ്ധിമുട്ടുതോന്നി. ഞാന്‍ ഏഴുവര്‍ഷമായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നുണ്ട്. എല്ലാ സ്ത്രീകളിലേക്കും കൈയിലൊതുങ്ങുന്ന വിലയില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ എത്തിച്ചാലോ എന്നുതോന്നിയത് അപ്പോഴാണ്...'' ഫെമിസേഫ് എന്ന മെന്‍സ്ട്രല്‍ കപ്പ് ബ്രാന്‍ഡിന് നൗറിന്‍ തുടക്കമിട്ടത് അങ്ങനെയാണ്.
 
തുടക്കം എളുപ്പമായിരുന്നില്ല

പൊതുവെ ആര്‍ത്തവത്തെക്കുറിച്ചും ലൈംഗികാരോഗ്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ വിമുഖതകാണിക്കുന്ന കേരളത്തില്‍ ഇത്തരമൊരു സംരംഭത്തിന്റെ തുടക്കം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ''ഞാന്‍ സോഫ്റ്റ് വെയർ എന്‍ജിനീയറാണ്. ഭര്‍ത്താവ് നസീഫ് നാസറും അതേ മേഖലയില്‍ത്തന്നെ. ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിച്ച ആളൊന്നുമല്ല. സത്യത്തില്‍ സംഭവിച്ചുപോയതാണ്.'' 

2020-ല്‍ വിവാഹനിശ്ചയം കഴിഞ്ഞ സമയത്താണ് നൗറിന്‍, നസീഫിനൊപ്പം ചേര്‍ന്ന് ഇതൊരു സംരംഭമാക്കിമാറ്റാന്‍ തീരുമാനിച്ചത്. ''പലവിഷയങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍, മാലിന്യം എടുക്കാന്‍ വരുന്ന ചേച്ചിമാരെപ്പറ്റി ഞാന്‍ നസീഫിനോട് പറഞ്ഞു. ഭയങ്കര സങ്കടമാണ് ഇതുകാണുമ്പോള്‍. 
എന്തുകൊണ്ട് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ നീ മറ്റുള്ളവരോടും പറയുന്നില്ല എന്ന് അപ്പോള്‍ നസീഫ് ചോദിച്ചു. ഈ ചോദ്യം മനസ്സില്‍വെച്ച് ഞങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയില്‍ ഒരു സര്‍വേ നടത്തി. എണ്‍പതോളം ആളുകള്‍. അവരില്‍ പകുതിപ്പേര്‍ക്കേ മെന്‍സ്ട്രല്‍ കപ്പിനെപ്പറ്റി അറിയൂ. ഒരു ബ്രാന്‍ഡിനെപ്പറ്റിയെങ്കിലും കേട്ടവര്‍ അതില്‍ അഞ്ചുശതമാനം മാത്രമാണ്. ഉപയോഗിക്കുന്നവര്‍ അതിലും കുറവ്. അറിയാവുന്നവരോട്, നിങ്ങളെങ്ങനെ ഇതിനെപ്പറ്റിയറിഞ്ഞു എന്നായി ചോദ്യം. യൂട്യൂബിലും ഓണ്‍ലൈനിലുമൊക്കെ കണ്ടിട്ടുണ്ടെന്ന് അവര്‍. പക്ഷേ, ഉപയോഗിക്കാന്‍ ഭയമാണെന്നായിരുന്നു പലരുടെയും മറുപടി. കൃത്യമായ ബോധവത്കരണം നടത്തി ആളുകളിലേക്കെത്തിച്ചാല്‍ വിജയമാവുമെന്നു തോന്നിയത് അപ്പോഴാണ്. വെറുമൊരു സംരംഭമെന്നതുമാത്രമല്ല, സമൂഹത്തിന് ഗുണമുള്ള ഒന്നെന്നതും വലിയ ആത്മവിശ്വാസം നല്‍കി.''
 
ആരും അറിഞ്ഞില്ല

വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഞങ്ങള്‍ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു. ഒരു സംരംഭം തുടങ്ങാന്‍ ഏറ്റവും നല്ലത് കൊച്ചിയാണ്. എല്ലാവരും കരുതിയത് ലോക്ഡൗണൊക്കെക്കഴിഞ്ഞ് ഞങ്ങള്‍ ജോലിയില്‍ തിരിച്ചുകയറുമെന്നാണ്. താമസിക്കുന്ന ഫഌറ്റില്‍ത്തന്നെയായിരുന്നു ഞങ്ങളുടെ ബ്രാന്‍ഡിന്റെ ഓഫീസും. അവിടേക്ക് വന്നപ്പോഴാണ് വീട്ടുകാര്‍ ഞങ്ങള്‍ സംരംഭം തുടങ്ങിയെന്നറിഞ്ഞത്. തുടക്കത്തില്‍ ഫണ്ടിങ്ങൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. അപ്പോള്‍ വീട്ടുകാര്‍, ഇത് വേണമായിരുന്നോ എന്നു ചോദിച്ചിട്ടുണ്ട്. ഞങ്ങളുടെ രണ്ടാളുടെയും എല്ലാ സമ്പാദ്യവും ചെലവഴിച്ചാണ് സംരംഭം തുടങ്ങിയത്.

ഒരു കുടക്കീഴില്‍ 

ഞങ്ങള്‍ ഫെമിസേഫ് തുടങ്ങുമ്പോള്‍ മറ്റുകമ്പനികളുടെ മെന്‍സ്ട്രല്‍ കപ്പുകള്‍ വിപണിയിലുണ്ട്. എന്നാല്‍, എങ്ങനെ, ഏതുവാങ്ങണം എന്നൊക്കെ അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. പലരും വാങ്ങി അബദ്ധം പറ്റിയവര്‍. അതുകൊണ്ട് ആദ്യം ബോധവത്കരണം, പിന്നെ വിപണനം എന്ന നയമാണ് ഞങ്ങള്‍ സ്വീകരിച്ചത്. 

ഏഴുവര്‍ഷം മുന്‍പ് യു.എസ്. ആമസോണില്‍നിന്നാണ് ഞാന്‍ കപ്പ് വാങ്ങിയത്. വിപണിയില്‍ ലഭ്യമായ കപ്പുകളുടെ സ്റ്റെം ചെറുതാണെന്ന് പലരും പരാതിപറഞ്ഞിരുന്നു. പ്രത്യേകിച്ച്, ഉയരമുള്ള ആളുകള്‍ക്ക് അത്തരം കപ്പുകള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയുള്ള പിഴവുകള്‍ നികത്തിയാണ് ഫെമിസേഫ് വിപണിയിലെത്തിച്ചത്. ഗ്ലോസി ഫിനിഷിലുള്ള കപ്പുകളാണ് ഫെമിസേഫിന്റെത്. കറപിടിക്കില്ല എന്നതാണ് ഇതിന്റെ ഒരു ഗുണം. 100 ശതമാനം മെഡിക്കല്‍ ഗ്രേഡ് സിലിക്കണുപയോഗിച്ച് നിര്‍മിച്ച മെന്‍സ്ട്രല്‍ കപ്പാണ്.

അന്നൊക്കെ മെന്‍സ്ട്രല്‍ കപ്പ് സ്റ്റെറിലൈസ് ചെയ്യുന്നതും വലിയൊരു തലവേദനയായിരുന്നു. തിളച്ചവെള്ളത്തിലിട്ട് വീണ്ടും തിളപ്പിക്കുകയൊക്കെ വേണം. യാത്രചെയ്യുമ്പോഴും വേറേ ഒരിടത്ത് താമസിക്കേണ്ടിവരുമ്പോഴുമൊക്കെ അത് വലിയ ബുദ്ധിമുട്ടായിരിക്കും. ഇതൊഴിവാക്കാന്‍ സ്റ്റെറിലൈസര്‍കൂടി വിപണിയിലെത്തിച്ചു. മെന്‍സ്ട്രല്‍ കപ്പ് അണുവിമുക്തമാക്കുന്നതിന് ഇലക്ട്രിക്കലല്ലാത്ത സ്റ്റെറിലൈസര്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് ഫെമിസേഫാണ്. ഇന്റിമേറ്റ് കെയര്‍ പ്രോഡക്ടുകളും ഇപ്പോള്‍ ഞങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. 

ഇനി സ്ത്രീകള്‍ക്കുള്ള സെക്ഷ്വല്‍ വെല്‍നെസ് പ്രോഡക്ടുകളും എത്തും. ഫീമെയില്‍ വെല്‍നെസ് ആന്‍ഡ് ഹൈജീന്‍ എന്നരീതിയില്‍ ഒരു സ്ത്രീക്ക് ആവശ്യമുള്ളതെല്ലാം ഒരു സ്ഥലത്ത് ലഭ്യമാക്കുകയാണ് ഇനി ലക്ഷ്യം. ഞങ്ങളുടെ ആദ്യവിപണി സൗത്ത് ഇന്ത്യയായിരുന്നു. രാജ്യത്തുമാത്രം ഞങ്ങള്‍ക്ക് എഴുപത്തയ്യായിരത്തിലധികം കസ്റ്റമേഴ്സുണ്ട്. ഫെമിസേഫിന്റെ വെബ്സൈറ്റ് വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമാണ് വിപണി കണ്ടെത്തുന്നത്. കൊച്ചി കലൂരില്‍ റീട്ടെയില്‍ സ്റ്റോറുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ അംഗീകാരവുമുണ്ട്.
 
തെറ്റിദ്ധാരണകള്‍ മാറണം

''ലൈംഗികാരോഗ്യത്തെക്കുറിച്ചും മെന്‍സ്ട്രല്‍ കപ്പുകളെക്കുറിച്ചും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആളുകള്‍ സംസാരിക്കാന്‍ മടിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചെല്ലാം സോഷ്യല്‍ മീഡിയ പേജ് വഴി ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. 
ഐ.ഐ.ടി. ബോംബെ അടക്കം ഇന്ത്യയിലെ പല സ്ഥാപനങ്ങളിലും ഞങ്ങള്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഞങ്ങള്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. ഇപ്പോഴും തുടരുന്നു. പത്തുപേരുടെ ടീമാണ് ഞങ്ങളുടെത്. ബോധവത്കരണക്ലാസുകള്‍ക്ക് കൂടുതലും ഞാന്‍തന്നെയാണ് പോകാറുള്ളത്. 

ആര്‍ത്തവം, ശുചിത്വം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിനൊപ്പം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. മറ്റ് ബ്രാന്‍ഡുകളില്‍നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ ചെയ്യുന്ന കാര്യമാണിത്. '' മെന്‍സ്ട്രല്‍ എഡ്യുക്കേഷന്‍ ടെഡ് എക്‌സ് സ്പീക്കറാണ് നൗറീന്‍. 
''ഈ സംരംഭം തുടങ്ങുമ്പോള്‍ നെറ്റിചുളിച്ചവര്‍ ധാരാളമുണ്ട്. ശരിക്കുപറഞ്ഞാല്‍ സംരംഭം തുടങ്ങുന്നതിനെക്കാള്‍ ബുദ്ധിമുട്ട്, ഇതിന്റെ നല്ലവശങ്ങള്‍ ആളുകളെ പറഞ്ഞുമനസ്സിലാക്കുന്നതായിരുന്നു. 

കന്യകാത്വം, കന്യാചര്‍മം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഇപ്പോഴും ധാരാളം തെറ്റായ അറിവുകള്‍  സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ മാറാന്‍ കുറച്ച് സമയമെടുക്കും. എങ്കിലും ആളുകള്‍ കൂടുതലായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചുതുടങ്ങുന്നുണ്ട്, പ്രത്യേകിച്ചും പുതിയ തലമുറ. 13 മുതല്‍ 19 വരെ വയസ്സുള്ളവരാണ് അവരിലധികവും.'' 

മുന്നോട്ട് പോകണം

''ബിസിനസ് തുടങ്ങാന്‍ സമയം നോക്കിയിരിക്കുന്നവരുണ്ട്. അങ്ങനെയൊന്നില്ലെന്നാണ് എന്റെ അനുഭവം. ഇറങ്ങിപ്പുറപ്പെടുക എന്നതുമാത്രമേയുള്ളൂ. തുടങ്ങുക, മുന്നോട്ടുപോകാന്‍ നോക്കുക. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.2 കോടി വിറ്റുവരവ് ലഭിച്ചു. ഞങ്ങള്‍ നല്ലസമയത്തിനായി കാത്തിരുന്നെങ്കിലോ?'' നൗറീന്‍ ചോദിക്കുന്നു.