അമേരിക്കൻ മണ്ണിൽ നേട്ടങ്ങളുടെ തുടർക്കഥ രചിച്ചുകൊണ്ട് ഒരു മലയാളി പെൺകുട്ടി. അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ടൊലീഡോ സർവകലാശാലയിൽ നിന്ന് അഭിമാനകരമായ ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ അമല ബാബു തോമസ്. അമേരിക്കയിലെ ടൊലീഡോ സർവകലാശാലയിലെ ബിരുദ പഠനകാലത്താണ് അമല നേട്ടങ്ങൾ ഒന്നൊന്നായി സ്വന്തമാക്കിയത്.
എൻവിയോൺമെന്റൽ എൻജിനീയറിങ് (മേജർ) & പീസ് ആൻഡ് ജസ്റ്റിസ് (മൈനർ )ൽ ബിരുദം പൂർത്തിയാക്കിയ അമല നിലവിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്‌സ് വിദ്യാർഥിനി കൂ

ടിയാണ്.
ടൊലീഡോ സർവകലാശാലയിലെ 2025ലെ മികച്ച വിദ്യാർഥിയായി അമല തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം സർവകലാശാലയിൽ നിന്ന് ഔട്സ്റ്റാൻഡിങ് സീനിയർ ഫോർ ക്യാമ്പസ് ആൻഡ് കമ്യൂണിറ്റി കോൺട്രിബ്യൂഷൻസ് പുരസ്‌കാരവും നേടി. ഇതിനെല്ലാമൊപ്പം മാസ്റ്റേഴ്‌സ് പഠനത്തിന് എഴുപത്തഞ്ച് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും സ്വന്തമാക്കിയാണ് അമല ബിരുദപഠനം പൂർത്തിയാക്കിയത്. അക്കാദമിക് മികവിനൊപ്പം നേതൃപാടവവും സാമൂഹ്യ സേവന സന്നദ്ധതയും കണക്കിലെടുത്ത് സർവകലാശാല അമലയ്ക്ക് ടവർ ഓഫ്എക്‌സലൻസ് പുരസ്‌കാരവും നൽകിയിരുന്നു. അമല ഉൾപ്പെടെ വിവിധ രാജ്യക്കാരായ ആറ് വിദ്യാർഥികളാണ് ഈ പുരസ്‌കാരത്തിന് അർഹരായത്. കൂട്ടത്തിലെ ഏക ഇന്ത്യൻ വിദ്യാർഥിനി കൂടിയാണ് അമല.
അമേരിക്കയിലേക്ക്
പത്തനംതിട്ട, അടൂർ, തുവയൂർ സ്വദേശികളായ ബാബു കെ തോമസിന്റെയും ലിനി ബാബുവിന്റെയും മകളാണ് അമല. തുവയൂർ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂൾ, മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് തുടർപഠനത്തിനായി അമല അമേരിക്കൻ സർവകലാശാലയിൽ എത്തുന്നത്. മൂന്നു രാജ്യങ്ങളിലെ പഠകാലങ്ങൾ അമലയ്ക്ക് സമ്മാനിച്ച തിരിച്ചറിവുകൾ ഏറെ.
''അമേരിക്കയിലേത് സ്റ്റുഡന്റ്സ് ഫ്രണ്ട്ലി വിദ്യാഭ്യാസ രീതിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇഷ്ടമുള്ള വിഷയങ്ങൾ ഒരുമിച്ച് പഠിക്കുന്നതിനുള്ള അവസരം അവിടെയുണ്ട്. കാണാപ്പാഠം പഠിക്കുന്നതിനപ്പുറം നമ്മൾ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നുള്ളത് വിലയിരുത്തുന്ന പരീക്ഷാ രീതിയാണ് അവിടുത്തേത്. അധ്യാപകരെ തിരഞ്ഞടുക്കാനുള്ള അവകാശം പോലും വിദ്യാർഥികളുടെ പക്കലാണെന്നുകാണാം. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സൗകര്യവുമുണ്ട്.
അമേരിക്കയിൽ വിദ്യാർഥികൾ തികച്ചും സ്വതന്ത്രരാണ്. ആ സ്വാതന്ത്ര്യത്തെ എങ്ങനെ നമ്മൾ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ഓരോ വിദ്യാർഥിക്കും മുന്നിൽ സർവകലാശാല അവസരങ്ങളുടെ വലിയ മേച്ചിൽപ്പുറങ്ങൾ തുറന്നിടുന്നുണ്ട്. അവസരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കണം.'' വിദ്യാർഥികളുടെ പഠന മികവിനൊപ്പം അവരുടെ അഭിരുചികളും താത്പര്യങ്ങളും കണക്കിലെടുക്കുന്നു എന്നതാണ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ഗുണമെന്നും അമല. ‘’ഉള്ളിലുള്ള സകല കഴിവുകളും പുറത്ത് കൊണ്ടുവരാനുള്ള അവസരം ലഭിക്കും. പഠനത്തിന്റെ ഓരോ ഘട്ടങ്ങത്തിലും മാർക്കുകൾക്ക് അപ്പുറം ഈ കഴിവുകളും പരിഗണിക്കപ്പെടും.’’

അനുഭവങ്ങൾ
ടൊലീഡോ സർവകലാശാലയിൽ വിദ്യാർഥികൾക്കായി നാനൂറിൽപ്പരം സംഘടനകൾ ഉണ്ട്. താതപര്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ഇവയിൽ പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് കഴിയും. പ്രസിഡൻഷ്യൽ അംബാസഡർ, ഇന്ത്യൻ സ്റ്റുഡന്റ്‌സ് അസോസിയേഷൻ, ഫോക്കസ് തുടങ്ങിയ സംഘടനകളിൽ നേതൃതലത്തിലും അല്ലാതെയും അമല പ്രവർത്തിച്ചു. ‘’സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി പതിനാല് രാജ്യങ്ങളും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളും സന്ദർശിച്ചു. ആ ദേശങ്ങളിലെ ജീവിതവും സംസ്‌കാരവും നേരിട്ട് കണ്ടറിയാൻ സാധിച്ചു. പെറുവിലെയും മെക്‌സിക്കോയിലെയുമൊക്കെ സാധാരണക്കാർക്കൊപ്പം താമസിച്ചു. അവർക്കുവേണ്ടി എന്നാലാവുന്നത് ചെയ്യാനായി. അതൊക്കെയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു.’’ തന്നെപ്പോലൊരു വിദ്യാർഥിക്ക് അന്തർദേശീയ തലത്തിൽ ഇത്തരം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിച്ചത് വലിയ കാര്യമാണെന്നും അമല.
സാധ്യമായ സ്വപ്നം
അമേരിക്കയിൽ തന്നെ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കണം എന്നായിരുന്നു അമലയുടെ ആഗ്രഹം. പഠന-പാഠ്യേതര മികവ് കണക്കിലെടുത്ത് സർവകലാശാല മാസ്റ്റേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമിന് ഫുൾ സ്‌കോളർഷിപ്പ് നൽകി അമലയുടെ ആ ആഗ്രഹം സാധ്യമാക്കി. ‘’എൻവിയോൺമെന്റൽ എഞ്ചിനീറിങ്ങിലെ ഒ
രു പ്രധാന പഠന ഭാഗമായ കെമിക്കൽ എഞ്ചിനീറിങ്ങിലാണ് എനിക്ക് മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് അഡ്മിഷൻ കിട്ടിയത്. ഇതിനൊപ്പം ടീച്ചിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. സാധാരണ ഗതിയിൽ പി എച്ച് ഡി വിദ്യാർഥികൾക്കാണ് ഈ അവസരം ലഭിക്കുക.’’
വെല്ലുവിളികൾ
നേട്ടങ്ങളുടെ ഈ തുടർക്കഥയുടെ തുടക്കത്തിൽ ചില വെല്ലുവിളികളെയും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അമല. ‘’പ്ലസ്ടു പൂർത്തിയാക്കിയ ഉടനെയായിരുന്നു അമേരിക്കയിലേക്കുള്ള യാത്ര. മാതാപിതാക്കളോ പരിചയക്കാരോ ഇല്ലാത്ത അപരിചിത ലോകം. അതിന്റെതായ എല്ലാ ആകുലതകളും ഉണ്ടായിരുന്നു. പക്ഷേ, ജീവിതത്തിൽ റിസ്‌ക് എടുക്കാതെ പറ്റില്ലല്ലോ. അതുകൊണ്ട് വെല്ലുവിളികളെ ഏറ്റെടുക്കാൻതന്നെ തീരുമാനിച്ചു. പഠനത്തിനോ താമസ സൗകര്യത്തിനോ ഒന്നും കാര്യമായ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നില്ല. ടൊലീഡോ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റുഡന്റ് ഡിപ്പാർട്‌മെന്റ് വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ആദ്യനാളുകൾ നന്നായി കടന്നുപോയി. പക്ഷെ, രണ്ടാം വർഷം ഒരു വലിയ കാർ അപകടത്തെ നേരിടേണ്ടിവന്നു. വലിയൊരു സർജറിയും വേണ്ടിവന്നു. പ്രതിസന്ധിയുടെ നാളുകളായിരുന്നു അതൊക്കെയും.’’
ചെലവുകൾ ഇങ്ങനെ
കാനഡ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി ഫ്‌ളക്‌സ്ബിൾ ആണ് അമേരിക്കയിലെ വിദ്യാഭ്യാസ ചെലവുകൾ എന്ന് അമല പറയുന്നു. ‘’ഓരോ സെമസ്റ്ററിലെയും ഫീസ് ഒന്നിച്ച് അടയ്ക്കണമെന്നാണ്. എങ്കിലും ഓരോ മാസമായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. 2022 ജനുവരിയിൽ എൻവിയോൺമെന്റൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ എടുക്കുമ്പോൾ നാല് മാസമുള്ള ഒരു സെമസ്റ്ററിലേക്ക് ഏകദേശം 12000ഡോളർ ആയിരുന്നു ഫീസ്. അതിൽ 4250 ഡോളർ സ്‌കോളർഷിപ്പായി ലഭിച്ചു.
കോവിഡ് കാലം ആയിരുന്നതുകൊണ്ട് ഐഇഎൽടിഎസ് പാസ്സായതിന് ശേഷം യൂണിവേഴ്സിറ്റി ഓൺലൈനായി നടത്തിയ ടെസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്മിഷൻ നൽകിയതും സ്‌കോളർഷിപ്പ് നിശ്ചയിച്ചതും. യൂണിവേഴ്‌സിറ്റി നൽകുന്ന സ്‌കോളർഷിപ്പ് കൂടാതെ വിവിധ സംഘടനകൾ വഴിയും ചെറിയ സ്‌കോളർഷിപ്പുകൾ കണ്ടെത്താവുന്നതാണ്.
അതുപോലെ എൻവിയോൺമെന്റൽ എഞ്ചിനീയറിംഗ് പഠനത്തിന്റെ ഭാഗമായി രണ്ടാം വർഷം മുതൽ ഒരു സെമസ്റ്റർ വീതം ഏതെങ്കിലും കമ്പനിയിൽ ഇന്റേൺഷിപ് ചെയ്‌തെങ്കിൽ മാത്രമേ ഡിഗ്രി ലഭിക്കുകയുള്ളു. അങ്ങനെ ചെയ്യുന്ന ഇന്റേൺഷിപ്പിന് മാന്യമായ പ്രതിഫലം കിട്ടും. അങ്ങനെ ലഭിച്ച തുകയും വിവിധ സ്‌കോളർഷിപ്പുകളും ഒക്കെയായി അവസാന വർഷത്തെ ഫീസും മറ്റു ചെലവുകളും ഒരു പരിധിവരെ സ്വന്തമായി കണ്ടെത്താൻ കഴിഞ്ഞു.
ചില ഓർമ്മകൾ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന അവാർഡുകളും അംഗീകാരങ്ങളും നൽകിയ സന്തോഷം ചെറുതല്ലെന്ന് അമല. ‘’വേദികളിൽ നമ്മുടെ പേര് വിളിക്കുമ്പോൾ അതിനൊപ്പം 'ഫ്രം ഇന്ത്യ' എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു അഭിമാനം എത്രയോ വലുതാണ്. വ്യക്തിപരമായ നേട്ടം എന്നതിനേക്കാൾ ഉപരിയായി ഒരു ചെറിയ ഗ്രാമപ്രദേശത്ത് നിന്നും കടന്നുവരുന്ന എന്നെപ്പോലെ ഒരു സാധാരണ പെൺകുട്ടിക്കും ഇതൊക്കെ സാധിക്കുമെന്ന് കൊച്ചനുജന്മാർക്കും അനിയത്തിമാർക്കും ബോധ്യമുണ്ടാക്കികൊടുക്കാൻ സാധിച്ചു അതാണ് വലിയ സന്തോഷം.’’
അബുദാബിയിൽ സ്‌കൂൾ വിദ്യാർഥിനിയായിരിക്കേ മനസ്സിൽ കയറിക്കൂടിയൊരു ഓർമ്മയും അമല പങ്കുവച്ചു. ‘’അക്കാലത്തൊരിക്കൽ രാഹുൽ ഗാന്ധി ദുബായിൽ ഒരു വിദ്യാർത്ഥി സംവാദത്തിൽ പങ്കെടുത്തു. ഞാനും അതിന്റെ ഭാഗമായി. അന്ന് ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. അതിന് ഉത്തരംതന്നുകൊണ്ട് അദ്ദേഹം എന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചു. അതൊക്കെയും അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മലങ്കര കാതലിക് ചിൽഡ്രൻസ് ലീഗിന്റെ അബുദാബി എമിറേറ്റ്‌സിലെ ആദ്യത്തെ ജനറൽ സെക്രട്ടറിയും UAE സെൻട്രൽ സമിതിയുടെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു അമല.’’
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Amala Babu Thomas, a Malayali student from Kerala, shines at the University of Toledo, Ohio, with multiple awards and a significant scholarship for her academic excellence.
Published: 13 Jan 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented