
തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിലാണ് അശ്വതി സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട്ടെ കോളേജുകാലം വിരസമായി തുടങ്ങിയപ്പോഴാണ് അശ്വതി യാത്രകളെ കൂട്ടുപിടിച്ചത്. ജീവിതത്തിന് നിറം കൂട്ടുന്നത് യാത്ര തന്നെയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ഹൈസ്‌കൂള്‍ പഠനത്തിനുശേഷം അമ്മയുടെ നാടായ കോഴിക്കോട്ടേക്ക് കുടുംബം താമസം മാറി. സ്വര്‍ണപ്പണിക്കാരനായ അച്ഛന്‍ ഉണ്ണികൃഷ്ണന്റെ ബിസിനസ് തകിടംമറിഞ്ഞപ്പോഴായിരുന്നു ഈ കൂടുമാറ്റം. പക്ഷേ ആ മാറ്റത്തോട് അശ്വതിക്ക് പൊരുത്തപ്പെടാനായില്ല. പ്ലസ്ടു പഠനത്തിനുശേഷം ഇനിയെന്ത് എന്ന ചോദ്യം ഇടയ്ക്കിടെ അശ്വതിയെ അലട്ടുന്ന സമയം കൂടിയായിരുന്നു അത്. ഏറെ ആലോചനകള്‍ക്കുശേഷം ഒപ്‌റ്റോമെട്രിക് കോഴ്‌സ് പഠിക്കാന്‍ തീരുമാനിച്ചു. ആ നാല് വര്‍ഷങ്ങള്‍ അശ്വതിക്ക് പുതിയ അറിവുകളും തിരിച്ചറിവുകളും തന്നു. അവിടെനിന്ന് തുടങ്ങുന്നു സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള അശ്വതിയുടെ യാത്ര...
വിരസത മാറ്റിയ യാത്രകള്‍
കോളേജില്‍ എത്തിയതുമുതല്‍ മടുപ്പ് നിറഞ്ഞ ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എത്ര ശ്രമിച്ചിട്ടും കോളേജിനോടും കോഴിക്കോടിനോടും എനിക്ക് പൊരുത്തപ്പെടാന്‍ പറ്റിയില്ല. വിരസത കൂടിയപ്പോള്‍ ക്ലാസ് കട്ട് ചെയ്യാന്‍ തുടങ്ങി. യാത്രകള്‍ നിരന്തരം എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. കോഴിക്കോടിന്റെ ഉള്‍നാടുകളിലേക്ക് അങ്ങനെ യാത്ര തുടങ്ങി. ആനക്കാംപൊയിലിലേക്കും തുഷാരഗിരിയിലേക്കും കരിയാത്തുംപാറയിലേക്കും യാത്രകള്‍ നീണ്ടു. സുഹൃത്ത് കാവ്യയും യാത്രകളില്‍ കൂട്ടായി. വീട്ടില്‍നിന്ന് രാവിലെ ഭക്ഷണവുമായി ഇറങ്ങും. വായിക്കാന്‍ പുസ്തകങ്ങളും കൈയില്‍ കരുതും. അവിടെയെത്തി പുസ്തകങ്ങള്‍ വായിച്ചും മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിച്ചും സമയം പോക്കും. വൈകുന്നേരം തിരിച്ച് വീട്ടിലേക്കെത്തുമ്പോഴേക്കും മനസ്സ് സ്വസ്ഥമായിട്ടുണ്ടാകും. പഠനം പൂര്‍ത്തിയാകാറായപ്പോഴേക്കും കോഴിക്കോട്-മലപ്പുറം ജില്ലകളിലെ ഉള്‍പ്രദേശങ്ങളെല്ലാം ഞാന്‍ കണ്ടുതീര്‍ത്തിരുന്നു. എന്നിട്ടും നല്ല മാര്‍ക്കോടെ പാസായി. യാത്രകളും മറ്റുമായി സന്തോഷത്തോടെ പോകുമ്പോഴാണ് കാമ്പസ് പ്ലേസ്‌മെന്റ് വഴി ബെംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ജോലി കിട്ടുന്നത്.
ബെംഗളൂരുവിലെത്തിയപ്പോഴും എന്നെ ആകര്‍ഷിച്ചത് അവിടുത്തെ ഉള്‍പ്രദേശങ്ങള്‍ തന്നെയായിരുന്നു. ഒഴിവുസമയങ്ങളില്‍ ബെംഗളൂരുവിലെ ഗ്രാമങ്ങളിലേക്ക് യാത്ര പോകും. ചിത്രങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലിടും. ബ്ലോഗെഴുത്തും തുടങ്ങി. ജോലിയുടെ സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി യാത്ര തന്നെയായിരുന്നു. ഇരുപത്തയ്യായിരത്തിലേറെ ശമ്പളമുള്ള ജോലിയാണ്. പക്ഷേ ഒട്ടും സമാധാനമില്ല. സന്തോഷമില്ലാതെ ജീവിച്ചിട്ട് എന്തുകാര്യം ? യാത്രയിലാണ് ഞാന്‍ ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നതെന്ന് അതിനകം മനസ്സിലാക്കിയിരുന്നു. അന്നേരമാണ് ഒരു ഐഡിയ തോന്നിയത്, എന്തുകൊണ്ട് ഔട്ട്‌ഡോര്‍ ഫീല്‍ഡ് തിരഞ്ഞെടുത്തുകൂടാ? ജീവിതത്തെ അര്‍ഥവത്താക്കിത്തീര്‍ക്കണമെന്ന് അതിയായി ഞാനാഗ്രഹിച്ചു. ജീവിതാവസാനം വരെ ഒരു സഞ്ചാരിയായി അറിയപ്പെടാനൊന്നുമല്ല, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. കൃഷി എന്ന ആശയം മനസ്സില്‍ തോന്നുന്നത് അങ്ങനെയാണ്. വിദേശത്ത് കൃഷി ചെയ്യുന്ന ചെറുപ്പക്കാരുടെ വീഡിയോസ് യൂട്യൂബില്‍ കണ്ടുനോക്കി. സാമ്പത്തികമായി മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് മനസ്സിലായെങ്കിലും ഞാനതില്‍ കംഫര്‍ട്ട് ആയിരുന്നു. സ്ലോ ലൈഫിനോടാണ് എനിക്കിഷ്ടം. അങ്ങനെ കൃഷിയെപ്പറ്റിയും ഓര്‍ഗാനിക് ഫാമിങ്ങിനെപ്പറ്റിയും റിസര്‍ച്ച് നടത്തി. കൃഷിയെപ്പറ്റി അറിവ് തരുന്ന പുസ്തകങ്ങള്‍ പലതും വായിച്ചു. പക്ഷേ പെട്ടെന്ന് കൃഷിയിലേക്കിറങ്ങാനുള്ള അറിവോ ബന്ധങ്ങളോ എനിക്കുണ്ടായിരുന്നില്ല. ജോലിസമ്മര്‍ദം അധികമായപ്പോഴാണ് ബെംഗളൂരുവില്‍നിന്ന് മാറിനില്‍ക്കാമെന്ന ചിന്തയുണ്ടാകുന്നത്. അന്നേരമാണ് ഒരു സുഹൃത്ത് വഴി മൂന്നാറിലെ അഡ്വഞ്ചര്‍ ക്യാമ്പ് സൈറ്റുമായി ബന്ധപ്പെടുന്നത്. കൂടുതലൊന്നും ചിന്തിച്ചില്ല, രാജിക്കത്ത് മെയില്‍ ചെയ്ത് നേരെ മൂന്നാറിലേക്ക്...
സ്വന്തം ഇഷ്ടങ്ങളിലേക്ക് ഒരു മലകയറ്റം
രണ്ടു ദിവസം പിടിച്ചുനില്‍ക്കാനുള്ള പണവും വസ്ത്രങ്ങളുമായാണ് ഞാന്‍ മൂന്നാറിലെത്തിയത്. ക്യാമ്പിലെത്തി കാര്യങ്ങളെല്ലാം അവിടെയുള്ളവരോട് പറഞ്ഞു. എല്ലാം കേട്ടശേഷം അവര്‍ വൊളന്റിയര്‍മാരില്‍ ഒരാളായി എന്നെ ഒപ്പം കൂട്ടി. ഗ്രൂപ്പിലെ ലേഡി കോര്‍ഡിനേറ്ററായി പതിയെ ഞാന്‍ മാറുകയായിരുന്നു. പിറ്റേന്ന് മുതല്‍ ഞാന്‍ യാത്രകള്‍ പുനരാരംഭിച്ചു. ആദ്യം ലക്ഷ്മി ഹില്‍സിലേക്ക് ഒരു ട്രക്കിങ്. അവിടുത്തെ കാഴ്ചകള്‍ മനംകുളിര്‍പ്പിച്ചു. രണ്ട് ദിവസത്തെ മൂന്നാര്‍ ട്രിപ്പ് 28 ദിവസം വരെ നീണ്ടു. ആ യാത്ര എന്റെ ഇഷ്ടത്തെ സ്വയം തിരിച്ചറിയാന്‍ കൂടി സഹായിച്ചു. വീട്ടിലേക്ക് വിളിച്ച് അമ്മയോട് മൗണ്ടനിയറിങ് കോഴ്‌സ് പഠിച്ചോട്ടെയെന്ന് ചോദിച്ചു. തെറിയായിരുന്നു മറുപടിയായി കിട്ടിയത്. ബെംഗളൂരുവിലെ ജോലി രാജിവെച്ചത് വീട്ടുകാരോട് പറഞ്ഞിട്ടില്ലായിരുന്നു. കരിയര്‍ ആയി തിരഞ്ഞെടുക്കേണ്ടത് ടൂറിസം മേഖലയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ബെംഗളൂരിവിലെത്തി, ചെറിയ കടങ്ങളും വീട്ടുവാടകയും തീര്‍ത്ത് തിരിച്ച് മൂന്നാറിലേക്ക് യാത്രയായി. ഒമ്പത് മാസത്തോളം മൂന്നാറില്‍ താമസിച്ചു. അവിടുത്തെ സ്ഥലങ്ങളെല്ലാം കണ്ടു.
അങ്ങനെയിരിക്കുമ്പോഴാണ് ജോലി രാജിവെച്ച കാര്യം വീട്ടിലറിയുന്നത്. ആകെ സീനായി. എന്നെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഞാന്‍ ഒരു സുഹൃത്തിന്റെ വീട്ടിലെത്തി. നാട്ടിലെ സുഹൃത്തുക്കള്‍ പലതും പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കി. 'ഇത് കൈവിട്ട കളിയാണ്. ഒരു പെണ്‍കുട്ടി ഒറ്റയ്ക്കിങ്ങനെ യാത്ര ചെയ്യുന്നത് ശരിയാവില്ല, ഇത് കേരളമാണ്' എന്നെല്ലാം. എനിക്ക് വാശിയായി. ഞാന്‍ അതുവരെ യാത്ര ചെയ്ത സ്ഥലങ്ങളില്‍ നിന്നെടുത്ത ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അവിടുത്തെ പ്രോപ്പര്‍ട്ടിയെപ്പറ്റിയും എഴുതിയിടും. ഇതും ഒരുതരം പ്രൊമോഷനാണെന്ന് മനസ്സിലായി. അങ്ങനെ പ്രൊമോഷനും മാര്‍ക്കറ്റിങ്ങും പഠിച്ചു. ഒപ്പം ടൂറിസം മേഖലയിലെ ലാഭനഷ്ടങ്ങളെപ്പറ്റിയും അറിഞ്ഞു. അതിനിടയില്‍ വീട്ടുകാര്‍ ഒന്ന് കൂളായപ്പോള്‍ ഞാന്‍ വീണ്ടും യാത്രയെപ്പറ്റി പറഞ്ഞു. ബാല്യകാലസുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചല്‍പ്രദേശിലേക്ക്... വീട്ടുകാര്‍ എന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കുകയും സ്വതന്ത്രയായി വിടുകയും ചെയ്തതാണ് ഏറ്റവും സന്തോഷം പകര്‍ന്നത്.
നാലായിരം രൂപയുമായി ഹിമാചലിലേക്ക്
ഹിമാചല്‍ യാത്രയിലെ അനുഭവങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചപ്പോള്‍ ഒരുപാട് പേര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. 4500 രൂപയ്ക്ക് നാട് ചുറ്റിയ കഥ പെട്ടെന്ന് വൈറലായി. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടി. ഒരു ടോക്ക് സംഘടിപ്പിച്ചാലോയെന്ന് സുഹൃത്ത് ചോദിച്ചു. കോഴിക്കോട് ബീച്ച് വേദിയാക്കി. പത്തുപേര്‍ വന്നാല്‍ ഭാഗ്യമെന്ന് കരുതിയപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് 95 പേര്‍ കേള്‍ക്കാനെത്തി. പറഞ്ഞറിയിക്കാനാകാത്ത സന്തോഷംകൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ മേഖല നിനക്ക് പറ്റിയതല്ലെന്ന് പറഞ്ഞവര്‍ നീ ശരിയായ വഴിയിലാണെന്ന് അഭിനന്ദിച്ചപ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. തുടര്‍ന്നും പബ്ലിക് സ്പീക്കുകള്‍ സംഘടിപ്പിച്ചു. ചിലയിടത്ത് വീട്ടുകാരെയും ഒപ്പം കൂട്ടി. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഞാന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷം. അപ്പോഴും ഉദ്ദേശിച്ച ട്രാക്കിലേക്കെത്താന്‍ എനിക്ക് പറ്റിയിട്ടില്ലായിരുന്നു. ടൂറിസം മേഖലയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനുള്ള വഴിയെന്തെന്ന് തിരഞ്ഞു. അതിന്റെ ഭാഗമായി സോഷ്യല്‍മീഡിയയില്‍ ഒരു ട്രാവല്‍ പേജ് തുടങ്ങി. ട്രാവല്‍ ഇവന്റ്‌സ് പ്ലാന്‍ ചെയ്തു. ആദ്യപരിപാടി എവിടെ വെക്കണമെന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, വട്ടവട തിരഞ്ഞെടുത്തു. അവിടുത്തെ പരിചയക്കാരനായ ഹസീബ് ചേട്ടന്റെ റിസോര്‍ട്ടില്‍ പരിപാടി നടത്തി. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിങ് ഞാന്‍ തന്നെ ചെയ്യാമെന്ന് അദ്ദേഹവുമായി കരാര്‍ വെച്ചു. അങ്ങനെ സ്വന്തം ട്രാവല്‍ കമ്പനിയായ 'ഇന്ത്യന്‍ ട്രൈബ്‌സി'ന് വട്ടവടയില്‍ തുടക്കമായി. തുടര്‍ന്ന് വിവിധ റിസോര്‍ട്ടുകളില്‍നിന്ന് ഓഫറുകള്‍ വന്നുതുടങ്ങി. അതിനൊപ്പം ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി ചെറിയ രീതിയില്‍ കൃഷിക്കും തുടക്കമിട്ടു. കാബേജ്, കാരറ്റ്, സ്‌ട്രോബെറി എന്നിവ വളര്‍ത്തിയെടുത്തു. താമസിക്കുന്ന സ്ഥലത്ത് കൃഷി ചെയ്ത വിളകള്‍ അതേപടി കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെത്തന്നെയായിരുന്നു. അതിഥികളായെത്തുന്നവരുടെ സന്തോഷവും മനസ്സ് നിറച്ചു. ഓരോ തവണയും കൃഷിയിടങ്ങളിലേക്ക് പോകുമ്പോള്‍ എനിക്കും കൃഷി ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടാകും. ഇടയ്ക്ക് വയനാട്ടിലെ ഒരു ഫാം റിസോര്‍ട്ടില്‍നിന്ന് വിളി വന്നു. കൃഷിയും ടൂറിസവും കോര്‍ത്തിണക്കേണ്ട നല്ല സമയം ഇതാണെന്ന് മനസ്സിലാക്കി നേരെ വയനാട്ടിലേക്ക്...
വട്ടവടയിലെ കൃഷി വയനാട് ഏറ്റില്ല
വട്ടവടയില്‍നിന്ന് പഠിച്ച പല കാര്യങ്ങളും വയനാട്ടില്‍ നടപ്പിലാക്കാനായിരുന്നു ആദ്യത്തെ ശ്രമങ്ങള്‍. നാലഞ്ച് വര്‍ഷമായി എന്റെ സമയം മുഴുവന്‍ ഇതിനായി സമര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടപ്പോഴും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു മനസ്സുനിറയെ. പക്ഷേ വയനാട്ടില്‍ കാര്യങ്ങള്‍ പ്രതികൂലമായിട്ടാണ് വന്നത്. അവിടുത്തെ വലിയൊരു ഭാഗം പാഴ്‌നിലം കിളച്ച് കൃഷിചെയ്തു. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവയാണ് കൃഷി ചെയ്തത്. മണ്ണിനെപ്പറ്റിയും കൃഷിയിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ഉണ്ടായിരുന്ന സംശയങ്ങളെല്ലാം തീര്‍ത്തിരുന്നു. പക്ഷേ പരാജയമായിരുന്നു ഫലം. കാരറ്റും ബീറ്റ്‌റൂട്ടും വളഞ്ഞുപോയി. കാബേജ് വല്ലാതെ ചെറുതായിപ്പോയി. ഇനിയെന്താണ് പരിഹാരമെന്ന ആലോചനയിലാണ് ഷിഹാബ്ക്കയുടെ സഹായം തേടിയത്. കാട് ആണ് കൃഷി ചെയ്യാനുള്ള മികച്ച സ്ഥലമെന്ന് അദ്ദേഹം പറഞ്ഞുതന്നു. 'ഫുഡ് ഫോറസ്റ്റ്' എന്ന ആശയവും ഷിഹാബ്ക്ക പരിചയപ്പെടുത്തി. യൂട്യൂബില്‍ നോക്കി ഫുഡ് ഫോറസ്റ്റ് എന്തെന്ന് മനസ്സിലാക്കി. രണ്ടുതവണ സംഭവം പരാജയപ്പെട്ടു. മൂന്നാംവട്ടം വൊളന്റിയര്‍മാരുടെ സഹായം തേടിയാണ് കാര്യങ്ങള്‍ നടപ്പാക്കിയത്. തക്കാളിയും കാബേജും മുളകും പരീക്ഷിച്ചു. റിസോര്‍ട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം കിട്ടി. വയനാട്ടില്‍നിന്ന് കിട്ടിയ വരുമാനം കൂട്ടിവെച്ച് വട്ടവടയില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി. ഒരു മണ്‍വീട് നിര്‍മിച്ചു. ഇടയ്ക്ക് സഹായിക്കാനായി ഒരു ചേച്ചിയും അവരുടെ ഭര്‍ത്താവും വരും. കിട്ടുന്ന ലാഭത്തില്‍നിന്ന് കൂടുതലും കൃഷിയാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്.
കൊടൈക്കനാലിലേക്ക്
ആദ്യം കുറച്ച് കഷ്ടപ്പെടേണ്ടി വരുമെങ്കിലും ഫാം ടൂറിസം കരിയര്‍ സാധിക്കുന്ന മേഖല തന്നെയാണ്. വേഗം കുറഞ്ഞ ഒരു ജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ട് മറ്റു കാര്യങ്ങളൊന്നും എന്നെ അലട്ടാറില്ല. മല കയറി പത്തിരുപത് ദിവസം കഴിഞ്ഞേ തിരിച്ച് ഇറങ്ങാറുള്ളൂ. വട്ടവടയില്‍ ഞാന്‍ താമസം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഇവിടുത്തെ സാഹചര്യങ്ങളുമായി ഞാന്‍ പൊരുത്തപ്പെട്ടു. അടുത്ത ലക്ഷ്യം കൊടൈക്കനാല്‍ ആണ്.
Content Highlights: life story of traveller aswathy
Published: 22 May 2023, 07:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented