
ആശ്രിതനിയമനം നേടിയിട്ട് മരിച്ചയാളുടെ കുടുംബത്തെ സംരക്ഷിക്കാത്തവരുടെ ശമ്പളത്തില്‍നിന്ന് ഒരു തുക പിടിച്ചെടുക്കുന്ന നടപടി അടുത്തിടെ ചര്‍ച്ചയായ വിഷയമാണ്. ആ നടപടിക്ക് കാരണമായത് സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന ആലപ്പുഴ പഴവീട് നിയതിയില്‍ കെ. ചന്ദ്രദാസിന്റെ ഇടപെടലാണ്. ആദ്യം നിയമവും പിന്നീട് അത് ലംഘിക്കുന്നവര്‍ക്കെതിരേയുള്ള നടപടിയും ചന്ദ്രദാസ് സ്വയം എഴുതിത്തയ്യാറാക്കി. റിട്ട. റവന്യൂ ഇന്‍സ്പെക്ടറാണ് കെ. ചന്ദ്രദാസ്. തനിക്ക് മുന്നിലെത്തുന്ന ഓരോ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തി ഉത്തരവുകളും വിധികളുമെല്ലാം എഴുതിത്തയ്യാറാക്കുന്നതിലും ഉത്സുകനായ ഉദ്യോഗസ്ഥന്‍. അങ്ങനെയാണ് ചന്ദ്രദാസ് ആശ്രിതര്‍ക്ക് ആശ്രയമായിമാറിയത്.
''അമ്മമാരുടെ കണ്ണീര്‍ കാണുമ്പോള്‍ സഹിക്കാനാവില്ല. നിസ്സഹായാവസ്ഥയില്‍ കൈകൂപ്പി നില്‍ക്കുന്ന അമ്മമാരെ സ്വന്തം അമ്മയെന്നനിലയിലേ കണ്ടിട്ടൂള്ളൂ. അങ്ങനെയിരിക്കെയാണ് ആ അമ്മ എന്റെ ഓഫീസിലേക്ക് എത്തുന്നത്. നിറകണ്ണുകളോടെ മുന്നിലെത്തിയ അവരുടെ മുഖം ഇന്നും മായാതെ മനസ്സിലുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം മകന് ആശ്രിതനിയമനം നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞ് ഭാര്യയുമായി ചേര്‍ന്ന് മകന്‍ അമ്മയെ അകറ്റി. കയറിക്കിടക്കാന്‍ വീടില്ല. സംരക്ഷിക്കാനും ആരുമില്ലെന്ന് പറഞ്ഞു. ഈ അവസ്ഥയ്ക്ക് എന്താണ് പരിഹാരം? അങ്ങനെയാണ് പുതിയൊരു നിയമം വരേണ്ടത് ആവശ്യമല്ലേ എന്നാലോചിച്ചുതുടങ്ങിയത്. അതിനിടെ ഒരു സംഭവംകൂടി ഉണ്ടായി. ഒരു ക്ഷേത്രമുറ്റത്തു വച്ച് മറ്റൊരമ്മയെ കണ്ടു. ഭിക്ഷയാചിക്കുകയാണ് അവര്‍. അവശയായിരുന്നു അവര്‍. ആരും ശ്രദ്ധിക്കുന്ന മുഖം.
Also Read

അടുത്ത് ചെന്ന് 'എന്തുപറ്റി അമ്മേ' എന്ന് ചോദിച്ചു. അവരുടെ കണ്ണ് നിറഞ്ഞു. സംസാരിച്ചപ്പോഴാണ് അറിഞ്ഞത്, മൂന്ന് മക്കളുണ്ട് ആ അമ്മയ്ക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. എന്നാല്‍ അമ്മയെ നോക്കാനാവില്ല. മാസം വളരെ ചെറിയൊരു തുക നല്‍കും. മറ്റ് ഭൗതികസാഹചര്യങ്ങളൊന്നുമില്ല. അതുകൊണ്ടെന്താവാന്‍? ഇതൊക്കെ മനസ്സിനെ വല്ലാതെ അലട്ടി. ഇങ്ങനെ ഒരമ്മയ്ക്കും ഇനി തെരുവിലിറങ്ങേണ്ടിവരരുതെന്ന തോന്നലുണ്ടായി.''ചന്ദ്രദാസ് പറയുന്നു.
നിയമനിര്‍മാണം
''തന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്കായി ചെയ്യണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. അത് നിമിത്തമായി എന്ന് വേണമെങ്കില്‍ പറയാം. ഗുണ്ടാ ആക്ട് മാത്രം കൈകാര്യം ചെയ്തിരുന്ന ആളായിരുന്നു ഞാന്‍. അക്കാലത്ത് ഉത്തരവുകള്‍ എഴുതുന്നതും ജഡ്ജ്മെന്റ് തയ്യാറാക്കുന്നതുമെല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. എന്റെ എഴുത്തിനെ അന്ന് കളക്ടറായിരുന്ന വി.കെ. ബാലകൃഷ്ണന്‍ അഭിനന്ദിച്ചു.
അതിനുശേഷം 2011-ല്‍ റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന്റെ ചുമതലയായി. ഇടയ്ക്ക് പാലക്കാട് വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും അത് വേണ്ടെന്നുവെച്ച് ആലപ്പുഴയില്‍ തുടര്‍ന്നു. അതിനുശേഷം 2017 സെപ്റ്റംബറില്‍ പുതിയ എ.ഡി.എം. വന്നപ്പോഴാണ് ആശ്രിതനിയമനവിഭാഗത്തിന്റെ ചുമതലകൂടി നല്‍കിയത്. 2018 ഫെബ്രുവരി 21-ന് ആദ്യ ഉത്തരവും പുറത്തിറങ്ങി. അങ്ങനെയൊരു മാറ്റം വരാനും അതിന്റെ കാരണക്കാരനാവാന്‍ കഴിഞ്ഞതുമെല്ലാം ഒരു നിമിത്തമായി വിശ്വസിക്കുന്നു.
നിയമത്തിലേക്കുള്ള വഴി
2018 തുടക്കത്തിലാണ് പുതിയ നിയമം എന്ന ആശയത്തിലേക്ക് എത്തിയത്. ആശ്രിതനിയമന ജീവനക്കാരെ മാതൃപിതൃ സംരക്ഷണ സമ്മതമൊഴി നല്‍കി സര്‍വീസില്‍ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ വേണമെന്നതായിരുന്നു ആവശ്യം. നിയമം സ്വയം എഴുതിയുണ്ടാക്കി.
അന്ന് ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയ്ക്കുമുന്നിലാണ് ആദ്യം സമര്‍പ്പിച്ചത്. പൂര്‍ണ പിന്തുണ നല്‍കി. അവരുടെ ഇടപെടലും ആത്മാര്‍ഥതയും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
2018 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നിയമം അംഗീകരിച്ച് ഉത്തരവിറക്കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി നടപ്പിലാക്കി 40 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു ഉത്തരവിറങ്ങുന്നത്. അതിനുശേഷമാണ് ഈ വിധി ലംഘിച്ചാല്‍ എന്തുചെയ്യും എന്നതിനെപ്പറ്റി ചിന്തിച്ചത്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പ്രതിമാസം 20 ശതമാനം പിടിച്ചെടുത്ത് ആശ്രിതര്‍ക്ക് നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എല്ലാ പഴുതുകളുമടച്ചുള്ള നിര്‍ദേശം എഴുതി തയ്യാറാക്കി. സര്‍ക്കാരിലേക്ക് നേരിട്ട് അയച്ചു.
ആദ്യം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനാണ് അയച്ചത്. അവിടന്ന് ധനവകുപ്പിന് കൈമാറി. അംഗീകാരം നല്‍കി. പക്ഷേ, ഫയല്‍ മുന്നോട്ടുനീങ്ങിയില്ല. ഇതിനിടെ 2021-ല്‍ റവന്യു ഇന്‍സ്പെക്ടറായി ജോലിയില്‍നിന്ന് വിരമിച്ചു. വിരമിക്കലോടുകൂടി പ്രയത്‌നം അവസാനിപ്പിച്ചില്ല. ഒടുവില്‍ 2022 ഏപ്രിലില്‍ മുഖ്യമന്ത്രി ഇടപെട്ട് കരട് തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. എന്നിട്ടും ഒരു വര്‍ഷത്തോളം നടപടിയില്ലാതെ കിടന്നു. വീണ്ടും 2023 ഏപ്രിലില്‍ മുഖ്യമന്ത്രി ഇടപെട്ട് ഫയല്‍ എടുപ്പിച്ച് അദ്ദേഹം ഒപ്പിടുകയും മന്ത്രിസഭായോഗത്തിലേക്ക് വയ്ക്കുകയും ചെയ്തു. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍നിന്ന് 25 ശതമാനം തുക പിരിച്ചെടുക്കുന്നതിന് തീരുമാനമായി.

ജോലിയിലിരിക്കേ മൂന്നുവര്‍ഷവും വിരമിച്ചശേഷം രണ്ടുവര്‍ഷവും ഈ നിയമത്തിനായി പോരാടി. പ്രധാനമന്ത്രിക്കും ഇതേ ആവശ്യമുന്നയിച്ച് 2022 ഡിസംബര്‍ ഒന്നിന് കത്ത് നല്‍കി. കത്ത് സ്വീകരിച്ചതായും വിഷയം ശ്രദ്ധയില്‍പെട്ടതായും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇ മെയില്‍ സന്ദേശവും ലഭിച്ചു. തമിഴ്നാട്ടില്‍ ഇത് നടപ്പാക്കാനുള്ള നടപടികളായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്ത് അയച്ചതിനെത്തുടര്‍ന്നാണിത്. ഇത് സ്വീകരിച്ചതായും ഭേദഗതിയിലേക്ക് കടക്കുന്നതായും തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തും ലഭിച്ചു. കര്‍ണാടക സര്‍ക്കാരിനും സമാനമായ കത്ത് നല്‍കി. അസം സര്‍ക്കാരും നിയമമാക്കിയിട്ടുണ്ട്. 'പ്രണാം' എന്ന പേരിലാണ് അവിടെ ബില്ലാക്കിയത്. 'ദ പേരന്റ്സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് മോണിറ്ററിങ് ബില്‍' എന്നതാണ് പ്രണാം. ''ഈ മാസം 15നാണ് ഉത്തരവായത്. അതിന്റെ പകര്‍പ്പുവെച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കാനിരിക്കുകയാണെന്നും ചന്ദ്രദാസ് ചൂണ്ടിക്കാട്ടി.
പുതിയ ശ്രമങ്ങള്‍
''പല വിഷയങ്ങള്‍ മനസ്സിലുണ്ട്. അതില്‍ ഇപ്പോള്‍ പ്രധാനമായുള്ളത് മക്കള്‍തന്നെ മാതാപിതാക്കളെ സംരക്ഷിക്കണം എന്നതാണ്. പണംകൊടുത്ത് സംരക്ഷിക്കുന്നതല്ല. ഭൗതിക സംരക്ഷണം വേണം. മാനസിക പിന്തുണയും വേണം. പ്രളയകാലത്ത് പല പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട കാര്യമാണ്. മിക്ക വീടുകളിലും വൃദ്ധമാതാപിതാക്കളും നായ്ക്കളുമാണുള്ളത്. മക്കളെല്ലാം വിദേശത്തും. എല്ലാ മാസവും പണം കൃത്യമായി അയയ്ക്കും, എന്നാല്‍ മാനസികമായി പിന്തുണയുണ്ടാവില്ല.
മറ്റുചിലര്‍ വിദേശത്ത് പഠിച്ച് ഉയര്‍ന്ന ജോലിയും സ്വന്തമാക്കും. വിവാഹം കഴിഞ്ഞ് വിദേശത്തുതന്നെ 'സെറ്റില്‍ഡ്' ആവും. മാതാപിതാക്കളെ വയോജന സംരക്ഷണ കേന്ദ്രങ്ങളിലോ വൃദ്ധസദനങ്ങളിലോ ആക്കും. അത്തരം സാഹചര്യം ഒഴിവാകണം. മാതാപിതാക്കള്‍ മക്കളെ സംരക്ഷിച്ചതുപോലെ അവരെ തിരിച്ചുസംരക്ഷിക്കണം. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഏറിയപങ്കും മാതാപിതാക്കളുടെ സംരക്ഷണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ അവസ്ഥ ഇന്ത്യയിലും ഉണ്ടാകും. ഭാവിയില്‍ വൃദ്ധസദനങ്ങളുടെ വലിയ ഹബ്ബുകള്‍ രാജ്യത്തുണ്ടാകും.''
എല്ലാവരോടും സ്‌നേഹം
എല്ലാവരെയും സ്‌നേഹിക്കാനാണ് അച്ഛനമ്മമാര്‍ പഠിപ്പിച്ചത്. അച്ഛന്‍ പി.എന്‍. കേശവപിള്ളയ്ക്കും അമ്മ കെ. രാജമ്മയ്ക്കും ഞങ്ങള്‍ ഏഴ് മക്കളാണ്. കുട്ടിക്കാലം മുതലേ വീട്ടന്തരീക്ഷം സ്‌നേഹം നിറഞ്ഞതായിരുന്നു. സഹോദരങ്ങള്‍ എല്ലാവരും ജോലിക്കാരാണ്. പലയിടത്താണ്. എങ്കിലും വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും മക്കളുമൊക്കെയായി ഒത്തുകൂടും. അത് നിര്‍ബന്ധമാണ്. ബന്ധങ്ങള്‍ക്ക് അത്ര വിലയുണ്ടാവണം. ഭാര്യ പ്രസന്നകുമാരി കെ.എസ്.ഇ.ബി. റിട്ട. അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍. മകള്‍ പി. ആര്യ. മുത്തൂറ്റ് എന്‍ജിനീയറിങ് കോളേജ് അധ്യാപികയാണ്.
Content Highlights: life story of Rtd. revenue office k chandrahasan
Published: 11 Sept 2023, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented