
'എനിക്ക് വിജയിക്കണമായിരുന്നു, ഞാനൊരു സ്ത്രീയായതുകൊണ്ട് മാത്രമല്ല, ആദ്യത്തെ സ്ത്രീ എന്ന പേര് നേടാന്‍, പുരുഷാധിപത്യമുള്ള ഈ മേഖലയില്‍, നാവികര്‍ക്കിടയില്‍ തുല്യതയുടെ മാതൃകകൊണ്ടുവരാന്‍.' ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യ വനിത ക്രിസ്റ്റന്‍ നോയ്‌ഷെഫര്‍ എന്ന ദക്ഷിണാഫ്രിക്കക്കാരി. മിനെഹാഹ എന്ന തന്റെ കുഞ്ഞു പായ്‌വഞ്ചിയില്‍ 235 ദിവസങ്ങള്‍ നീണ്ട സാഹസിക യാത്രയ്‌ക്കൊടുവില്‍ തന്റെ സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് അവര്‍.
235 ദിനങ്ങള്‍
പായ് വഞ്ചികളുപയോഗിച്ച് പരിമിതമായ സൗകര്യത്തില്‍ ലോകം ചുറ്റിക്കറങ്ങാനുള്ള മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. മലയാളിയായ അഭിലാഷ് ടോമി ഈ റേസില്‍ രണ്ടാംസ്ഥനത്ത് എത്തിയിരുന്നു. 235 ദിവസം കൊണ്ടാണ് നാല്‍പതുകാരിയായ ക്രിസ്റ്റന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. കണക്കനുസരിച്ച് 233 ദിവസവും 43 മിനിറ്റും 47 സെക്കന്‍ഡും. കടല്‍ക്കാറ്റിന്റെ ദിശയ്ക്കനുസരിച്ച് പായ് വഞ്ചിയെ നിയന്ത്രിക്കുക എന്നത് വലിയൊരു കടമ്പയാണ്. ഈ റേസിനിടെ അപകടത്തില്‍ പെട്ട മറ്റൊരു മത്സരാര്‍ത്ഥിയെ രക്ഷിക്കാനും ക്രിസ്റ്റന്‍ മടിച്ചില്ല. ടാപിയോ ലെറ്റിനെന്നയാളേ മറ്റൊരു രക്ഷാകപ്പലില്‍ കയറ്റി വിട്ടശേഷമാണ് ക്രിസ്റ്റന്‍ മുന്നോട്ട് നീങ്ങിയത്. 'ആരും അതിന് എന്നെ അഭിനന്ദിക്കേണ്ട. ഏതൊരു നാവികനും കടലില്‍ തന്റെ സഹനാവികനോട് ചെയ്യുന്ന കടമയാണത്.' ടാപിയോയെ രക്ഷിപ്പെടുത്തിയതിനെപ്പറ്റി ക്രിസ്റ്റന്റെ പ്രതികരണം ഇതായിരുന്നു.
യാത്രയ്ക്കിടെ നിരവധി അപകടകരമായ സാഹചര്യങ്ങളെ ക്രിസ്റ്റന്‍ നേരിടേണ്ടി വന്നിരുന്നു. തെക്ക് കേപ്പ് ഹോണിലേക്കുള്ള യാത്രയില്‍ ഒരു ന്യൂനമര്‍ദ്ദമാണ് അവരെ കാത്തിരുന്നത്. തന്റെ ചെറിയ പായ് വഞ്ചിയെ മൂടിയിട്ട് 12 മണിക്കൂര്‍ കാറ്റ് കടന്നുപോകുന്നത് വരെ ക്രിസ്റ്റന് കാത്തിരിക്കേണ്ടിയും വന്നു. ഇത്തരം അപകടങ്ങളെ പറ്റി എപ്പോഴും മനസ്സില്‍ കണക്കുകൂട്ടിവേണം കടലിലെ യാത്രകള്‍ക്കിറങ്ങാന്‍ എന്നാണ് ഇതിനെപ്പറ്റി പിന്നീട് ക്രിസ്റ്റന്‍ പ്രതികരിച്ചത്.
ഭ്രാന്തൻമാരുടെ കപ്പലോട്ടം
'voyage for madmen' എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അറിയപ്പെടുന്നത് തന്നെ. ദിക്കോ ദിശയോയ അറിയാത്ത കടലില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പരിമിതമായ സാഹചര്യങ്ങള്‍ മാത്രമുപയോഗിച്ച് സഞ്ചരിക്കുന്നതിനെ വട്ട് എന്നല്ലാതെ എന്ത് പറയാന്‍ അല്ലേ. അതും സാങ്കേതികമായി ഇത്രയും പുരോഗമിച്ച കാലത്ത്. 1968 ലാണ് ഈ മത്സരം ആരംഭിച്ചത്. ഇന്നും അന്നത്തെ അതേ സാഹചര്യങ്ങള്‍ ഉപയോഗിച്ച് വേണം മത്സരത്തില്‍ പങ്കെടുക്കാന്‍. ആഞ്ഞടിക്കുന്ന കാറ്റിനും അപകടകരമായ തിരമാലകള്‍ക്കും പേരുകേട്ട തെക്കന്‍ മാഹാസമുദ്രത്തിന്റെ പലഭാഗങ്ങളും മത്സരത്തിനിടെ കടക്കുകയും വേണം.
സാഹസികതയോട് കൂട്ടുകൂടിയ ബാല്യം
ചെറുപ്പംതൊട്ടേ സാഹസികതയോടാണ് ക്രിസ്റ്റന് പ്രിയം. ആര്‍ട്ടിക് പര്യവേഷകരായ സ്‌കോട്ട്, ഷാക്കെല്‍ട്ടണ്‍, അമഡ്‌സണ്‍ തുടങ്ങിയവരുടെ യാത്രകള്‍ വായിക്കാനാണ് ഏറെ ഇഷ്ടപ്പെട്ടത്. അത്തരത്തില്‍ സാഹസികയാകണമെന്നായിരുന്നു മോഹം. ഇരുപത്തിരണ്ടാം വയസ്സില്‍ യൂറോപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കവരെ ഒറ്റയ്ക്ക് സൈക്കളില്‍ യാത്രപോയി ക്രിസ്റ്റന്‍. ഒരുവര്‍ഷം കൊണ്ട് പതിനയ്യായിരം കിലോമീറ്ററാണ് അന്നവര്‍ താണ്ടിയത്.
2006 മുതല്‍ പായ്‌വഞ്ചി യാത്രകള്‍ തുടങ്ങി. ഈ മത്സരത്തിന് മുമ്പ് ക്രിസ്റ്റന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പായ് വഞ്ചിയാത്ര പോര്‍ച്ചുഗലില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു.
അന്റാര്‍ട്ടിക്കയുടെ ഭംഗി പകര്‍ത്തിയ നിരവധി സിനിമകളില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സഹായത്തിനായെത്തിയതും ക്രിസ്റ്റനാണ്. നാഷണല്‍ ജോഗ്രഫിക്ക് ചാനലിന്റെ ‘Wild Life Resurrection Island with Bertie Gregory’ എന്ന പരമ്പരയ്ക്കു വേണ്ടി സൗത്ത് ജോര്‍ജിയിലെ കടലിടുക്കുകള്‍ താണ്ടാന്‍ അവര്‍ക്കൊപ്പം പോയതും ക്രിസ്റ്റിനാണ്.

പ്രചോദനമാകാന്‍
'എന്റെ വിജയം ആരെയെങ്കിലുമൊക്കെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ അതെനിക്കേറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാനൊരു നാവികനായാണ് മത്സരിച്ചത്, വിജയം നേടിയതും നാവികന്‍ എന്ന പേരില്‍ തന്നെ. ഇത് പുരുഷാധിപത്യമുള്ള മേഖലയാണ്. ഭ്രാന്തന്‍മാരുടെ ഈ കപ്പലോട്ട മത്സരത്തില്‍ സ്ത്രീയായി വിജയിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്.' തന്റെ വിജയത്തെ പറ്റി ക്രിസ്റ്റന്‍ പറയുന്നത് ഇങ്ങനെ.
മത്സരത്തിന്റെ അവസാനദിനം, ഫ്രഞ്ച് കടല്‍ത്തീര നഗരമായ ലെ സാബെല്‍ ഡോളോണില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് ക്രിസ്റ്റനെ സ്വീകരിച്ചത്. സ്വീകരിക്കാനായി മുന്നിലേക്കെത്തിയ ക്രിസ്റ്റന്റെ സുഹൃത്ത് അവള്‍ക്കൊരു ഷാംപെയ്ന്‍ ബോട്ടില്‍ സമ്മാനിച്ചു. അതിന്റെ നുരകള്‍ വായുവിലേക്കുയരുന്നതിനിടെ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു. 235 ദിവസത്തിനു ശേഷം മണ്ണില്‍ കാലുകുത്തിയിരിക്കുന്നു. ക്രിസ്റ്റന്‍ പുഞ്ചിരിച്ചു.
Content Highlights: kirsten neuschafer becomes first woman to win historic Golden Globe Race
Published: 27 Oct 2023, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented