'ജനിച്ചു ഒരു വയസാകുന്നതിന് മുന്‍പാണ്, ആ കുഞ്ഞിന്റെ ദേഹത്ത് ചൊറിയും ചിരങ്ങും പിടിക്കുന്നത്. പൗഡറിന് പകരം ചാരമിട്ടതിന്റെ പരിണിത ഫലമായിരിക്കാം. എല്ലാവര്‍ക്കും എടുക്കാന്‍ മടി, കൊഞ്ചിക്കാന്‍ മടി.... തൊടാന്‍ മടി.

മഞ്ഞച്ച രണ്ടു കുഞ്ഞി കണ്ണുകള്‍ ചുറ്റിനും പരതി. നാള്‍ക്കുനാള്‍ ദേഹം വൃണമായി കൊണ്ടിരുന്നു. കരിമ്പടം പുതപ്പിച്ചു കിടത്തിയ അവളെ, അമ്മയുടെ ഇളയ സഹോദരന്‍ ഒരിക്കല്‍ വന്നെടുത്തു. മുഖം ചുളിയുകയും മനംപുരട്ടുകയും ചെയ്തിരിക്കാം....ചേറുപുരണ്ടൊരു പാവ കഴുകി വൃത്തിയാക്കുന്നത് പോലെയായിരുന്നത്.

മുറിവുകളുണങ്ങി തുടങ്ങി....

പാടുകള്‍ മാഞ്ഞു തുടങ്ങി....

മഞ്ഞച്ച കുഞ്ഞിക്കണ്ണുകള്‍

മെല്ലെ തിളങ്ങി തുടങ്ങി.

ജീവന്റെ മിടിപ്പറിഞ്ഞു തുടങ്ങി...' നീതു പോള്‍സണ്‍ തന്റെ ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. കഷ്ടപ്പാടും ദുരിതവും ഒറ്റപ്പെടലും നിറഞ്ഞ ബാല്യവും അടുക്കളകളില്‍ പൊരുതേണ്ടി വന്ന കൗമാരവും കടന്ന് ഇന്നത്തെ ജീവിതത്തിലെത്താന്‍ കനല്‍പ്പാതകള്‍ ചില്ലറയല്ല അവര്‍ക്ക് നടക്കേണ്ടി വന്നത്. ഇന്നാ പുഞ്ചിരിയില്‍ കഷ്ടപ്പാടുകളുടെ വേദനയല്ല, വിജയത്തിന്റെ തിളക്കമാണ്. ‘ജിമിക്കി’, ‘റോസമ്മ’(നോവല്‍), ‘മൂക്കുത്തി’ ( ചെറുകഥകള്‍), ‘നീലവാകപോലൊരു പെണ്‍കുട്ടി’ എന്നിങ്ങനെ നാല് പുസ്തകങ്ങള്‍, കണ്ണാന്തളിയെന്ന സംരംഭം.... നീതു തന്റെ യാത്ര തുടരുകയാണ്.

ആര്‍ക്കും വേണ്ടാത്ത ഒരു കുഞ്ഞ്

വീട് ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയാണ്. മലയോരഗ്രാമം. വളരെ സാധാരണ കുടുംബം. ദാരിദ്ര്യത്തിന് ഒരു കുറവുമില്ല. എന്റെ ജനനം പോലും സമൂഹത്തിലെ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധമായിരുന്നു. എന്റെ അമ്മയുടെ വിവാഹം കഴിഞ്ഞിരുന്നില്ല, ഒരു പ്രണയമുണ്ടായിരുന്നു, അയാള്‍ ചതിച്ചെന്നൊ പറ്റിച്ചെന്നോ ഒക്കെ പറയാം. അങ്ങനെയുണ്ടാകുന്ന ഒരു കുട്ടിക്ക് സമൂഹത്തില്‍ ജീവിച്ചുവരാന്‍ വലിയ പാടാണ്.എനിക്ക് ഒരു ആറ് മാസം പ്രായമുള്ളപ്പോള്‍ അമ്മ വേറെ വിവാഹം കഴിച്ചുപോയി. എന്നെ വളര്‍ത്തിയത് അമ്മയുടെ അച്ഛനും അമ്മയും കൂടിയായിരുന്നു. ചാച്ചനും, വല്യമ്മയും. അവര്‍ക്ക് മറ്റ് മക്കളുണ്ട്, അവരുടെ ഭാര്യമാരും കൊച്ചുമക്കളുമുണ്ട്. ഇതിനിടയ്ക്ക് എന്നെ ചേര്‍ത്തുപിടിക്കാന്‍ അവര്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. നാട്ടുകാരും വീട്ടുകാരും എന്നെക്കാണുമ്പോഴേ പറയും ഇവള് പത്ത് പതിനേഴ് വയസ്സാകുമ്പോഴേ ആരുടേലും കൂടേപ്പോകും, അമ്മ നടന്നപോലെ ഒക്കത്തൊരു കുട്ടിയുമായി വരും എന്നൊക്കെ. അങ്ങനെയായിരിക്കും എന്റെ ജീവിതമെന്ന് ഉറപ്പിച്ചു വെച്ചതുപോലെയായിരുന്നു.

എവിടെച്ചെന്നാലും ആളുകള്‍ തുറിച്ചുനോക്കും, അല്ലേല്‍ ഒഴിവാക്കും. ചെറുപ്പത്തില്‍ അതിന് കാരണമെന്താണെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല, ഞാന്‍ ചിന്തിച്ചിട്ടുമില്ല. ചുറ്റും അച്ഛനില്ലാത്ത വേറെയും കുട്ടികളെ ഞാന്‍ കാണാറുണ്ട്. അവരോടൊക്കെ എല്ലാവര്‍ക്കും വലിയ സ്‌നേഹവും കരുണയുമാണ്. എന്നോട് വെറുപ്പും. എനിക്കൊരു പന്ത്രണ്ട് വയസ്സൊക്കെ കാണും, ബന്ധുവായ പെണ്‍കുട്ടി എന്നോട് ചോദിച്ചു എന്താ നിന്റെ ആഗ്രഹം എന്ന്. അച്ഛനും അമ്മയും അനിയനും ഞാനും കൂടി ഒന്നിച്ചുതാമസിക്കുന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഞാനും. ആ സമയത്ത് അമ്മയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന സമയമാണ്. അപ്പോഴൊന്നും എനിക്കറിയില്ല അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്, ഇപ്പോള്‍ അമ്മയുടെ കൂടെയുള്ളത് എന്റെ സ്വന്തം അനിയനല്ല എന്നൊന്നും. അച്ഛന്‍ എന്നെ ഉപേക്ഷിച്ചുപോയി, അനിയന്‍ അച്ഛനൊപ്പം പോയി എന്നെ എന്തിനോ മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നെ അറിയൂ. ഒരിക്കല്‍ അച്ഛന്‍ തിരിച്ചുവരും, അമ്മയും അനിയനും വരും സന്തോഷമായി ജീവിക്കും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് ഞാന്‍ അത് പറയുന്നത്.

നിന്നോട് ആരുമൊന്നു പറഞ്ഞു തന്നിട്ടില്ലേ എന്ന ചോദ്യമാണ് അവരാദ്യം ചോദിച്ചത്. ആ ബന്ധുവാണ് എന്നോട് പറഞ്ഞത്, എന്റെ ആഗ്രഹമൊന്നും നടക്കില്ല, അച്ഛന്‍ വരില്ല. ഇനി നിനക്ക് എന്തേലും അറിയണമെങ്കില്‍ വീട്ടിലെ വേറെ ആരോടേലും ചോദിച്ചോളൂ എന്ന്. പിന്നെ അമ്മായിയാണ് പറഞ്ഞു തരുന്നത്, അമ്മയുടെയും എന്റെയും ജീവിതത്തെപ്പറ്റി. അമ്മയ്‌ക്കൊരു അബദ്ധം പറ്റിയതാണ് ഞാന്‍ എന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് ഭയങ്കര നാണക്കേടു തോന്നി, അപമാനം തോന്നി. മനസ്സുതകര്‍ന്നു പോകുന്നതുപോലെയായിരുന്നു. അതുവരെ സ്‌കൂളിലൊക്കെ എല്ലാ പരിപാടികള്‍ക്കും ഞാന്‍ പങ്കെടുക്കുമായിരുന്നു. അധ്യാപകര്‍ പോലും കറുത്ത നിറമാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തും. പക്ഷേ ഡാന്‍സിനും, പാട്ടിനും എല്ലാം ഞാന്‍ ചേരും. എന്നാല്‍ അമ്മയുടെ കാര്യങ്ങളൊക്കെ അറിഞ്ഞതോടെ ഭയങ്കര അപകര്‍ഷബോധമായി. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി. അതുവരെ വല്യമ്മയും ചാച്ചനും പോകുന്ന എല്ലാ ആഘോഷങ്ങള്‍ക്കും ഞാനും പോകും. എന്നെയും കൂട്ടിച്ചെല്ലുന്നകൊണ്ട് അവിടെയെല്ലാം മാറ്റിനിര്‍ത്തലോ പ്രശ്‌നങ്ങളോ അവര്‍ നേരിടും. ഇക്കാര്യങ്ങള്‍ അറിയുന്നതുവരെ ഒരിക്കലും ഞാനിതൊന്നും ചിന്തിച്ചിരുന്നില്ല. കറുമ്പി എന്ന വിളിപ്പേരുപോലും ഈ മാറ്റിനിര്‍ത്തലിന്റെ ഭാഗമായിരുന്നു. അങ്ങനെ വിളിക്കുന്നതൊന്നും എനിക്ക് പ്രശ്‌നമായിരുന്നേയില്ല. പക്ഷേ ആര്‍ക്കും വേണ്ടാത്ത കുട്ടിയെന്ന അറിവ് ഏറെ വേദനിപ്പിച്ചു.

അമ്മയുടെ രണ്ടാം വിവാഹം കുഞ്ഞിന് ഒന്നരവയസ്സുള്ളപ്പോള്‍ വേര്‍പിരിഞ്ഞു. കുട്ടിയെ അച്ഛനെ ഏല്‍പ്പിച്ച് അമ്മ പല സ്ഥലങ്ങളില്‍ വീട്ടുജോലിക്കായി പോയി. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വീട്ടിലേക്ക് തിരിച്ചെത്തി. അമ്മയുടെ ജീവിതം ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് സങ്കടം തോന്നും. ചെറിയ പ്രായത്തില്‍ അച്ഛനില്ലാതെ ഒരു കുഞ്ഞിന് ജന്മം നല്‍കുക. പിന്നീട് ഒരു വിവാഹജീവിതം ഉണ്ടായിട്ടും അതും പരാജയപ്പെടുക. എന്നോട് അമ്മയ്ക്ക് ഭയങ്കര ദേഷ്യമായിരുന്നു. ചിലപ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കും. പക്ഷേ നിമിഷങ്ങള്‍കൊണ്ട് അത് മാറിമറിയും. അന്നൊക്കെ അതെനിക്ക് വലിയ സങ്കടമായിരുന്നു. ഇന്നെനിക്ക് അമ്മയുടെ മനസ്സില്‍ എന്തായിരുന്നുവെന്ന് അറിയാം.

അമ്മതന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞുണ്ടായി വീട്ടിലേക്ക് വരുമ്പോള്‍ എന്നെ ഉടുപ്പിക്കാന്‍ ഡ്രെസ്സ് പോലും ഉണ്ടായിരുന്നില്ല. പുതയ്ക്കാന്‍ ടൗവ്വലില്ല. ഒരു ദിവസം വല്യമ്മ കടയില്‍ പോകുമ്പോ പൗഡര്‍ വാങ്ങിക്കൊണ്ടുവരാമോ എന്ന് അമ്മ ചോദിച്ചു. അതിന് അമ്മയ്ക്ക് നല്ല വഴക്കു കേള്‍ക്കേണ്ടി വന്നു. അതു കഴിഞ്ഞ് അടുപ്പിലെ ചാരം തെള്ളിച്ച് (അരിച്ചെടുത്താണ്) എടുത്താണ് എനിക്ക് ഇട്ടിരുന്നതെന്ന്. അമ്മ എന്നോട് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുതന്നിട്ടുള്ള കാര്യം ആരെയും വിശ്വസിക്കരുത് അമ്മയെപ്പോലെയാവരുത് എന്നതാണ്. ആകെ പറഞ്ഞു തന്നതുമതാണ്.

സുമ ടീച്ചറും ഗീത ടീച്ചറും

കുടുംബത്തിലെ ആഘോഷങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുമ്പോഴും സ്‌കൂളില്‍ ഒന്നില്‍ നിന്നും മാറി നിന്നിട്ടില്ല. പഠിക്കാനൊന്നും വലിയ മിടുക്കിയായിരുന്നില്ല. നിറവും ജീവിതസാഹചര്യവും കൂട്ടുകാരും അധ്യാപകരും അടക്കം പരിഹസിക്കുകയും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. മലയാളം മാത്രമാണ് ഇഷ്ടം. കറുമ്പി നീതു എന്നായിരുന്നു വിളിപ്പേര്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹിന്ദി പഠിപ്പിക്കാന്‍ പുതിയൊരു ടീച്ചര്‍ വരുന്നത്. സുമ എന്നായിരുന്നു ടീച്ചറിന്റെ പേര്. ടീച്ചറാണ് ആദ്യമായി എനിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത്. ടീച്ചര്‍ എന്നോട് കഥയെഴുതാന്‍ പറഞ്ഞു. ആദ്യമായി ഹിന്ദിക്ക് മാര്‍ക്ക് കിട്ടാന്‍ തുടങ്ങിയത് ടീച്ചര്‍ വന്നതോടെയാണ്. ടീച്ചറിനോടുള്ള ഇഷ്ടം കൊണ്ട് ഞാനൊരു കഥയെഴുതിക്കൊടുത്തു. പിന്നീട് എല്ലാ എഴുത്തുമത്സരങ്ങള്‍ക്കും ടീച്ചര്‍ എന്നെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ തുടങ്ങി. ബാല്യത്തിലെ ഏതെങ്കിലും കാലത്തേക്ക് തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് എന്റെ എട്ടാം ക്ലാസാണ്. കറുമ്പി നീതു എന്നൊക്കയുള്ള വിളികള്‍ മാറി കഥയെഴുതുന്ന നീതു എന്നായി. ടീച്ചര്‍ ആ വര്‍ഷം സ്ഥലം മാറിപ്പോയി, പകരം ഒന്‍പതാം ക്ലാസില്‍ എനിക്ക് ഗീതടീച്ചറിനെക്കിട്ടി. ടീച്ചര്‍ എനിക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ പറഞ്ഞുതരും. വായിക്കാനും എഴുതാനുമെല്ലാം പ്രോത്സാഹിപ്പിക്കും.. അങ്ങനെ.

ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കൂട്ടുകാരി അവളുടെ ഒരു ബന്ധുവിന് വേണ്ടി അമ്മയെ കല്യാണമാലോചിച്ചാലോ എന്നു ചോദിച്ചു. അവള്‍ ആദ്യം തമാശയ്ക്ക് പറഞ്ഞതാണ്. എന്നാല്‍ പിന്നീടത് കാര്യമായി. അമ്മയുടെ മൊത്തം ജീവിതവും ദുരന്തമായിരുന്നല്ലോ. ഞാന്‍ ജനിച്ചു, പിന്നീടുണ്ടായ വിവാഹവും നല്ലതായില്ല. സ്വത്തില്ല, നല്ലതൊന്നുമുണ്ടായിട്ടില്ല. അമ്മയെപ്പറ്റി പുറത്തൊക്കെ പലരും മോശമായി പറയുന്നു... അതൊക്കെ വലിയ സങ്കടമായിരുന്നു. അങ്ങനെ അമ്മയ്ക്കുവേണ്ടി ചെയ്യാന്‍ പറ്റുന്ന ഒരേയൊരു നല്ലകാര്യം ഇതായിരിക്കും എന്നൊരു തോന്നല്‍ എനിക്കും വന്നു. അങ്ങനെ ഈ ആലോചന വീട്ടില്‍ പറഞ്ഞു. അമ്മ ആദ്യം സമ്മതിച്ചില്ല. ഞാന്‍ പത്താം ക്ലാസിലേക്ക് കയറുന്ന ആ അവധിക്കാലത്ത് അമ്മയുടെ വിവാഹം വീണ്ടും കഴിഞ്ഞു. അന്നുമുതലാണ് വീണ്ടും ഞാന്‍ അമ്മയുടെ അഭാവം അറിഞ്ഞുതുടങ്ങിയത്. എന്നെ ഉപദ്രവിക്കുമായിരുന്നു, ഇഷ്ടമായിരുന്നില്ല.. പക്ഷേ അങ്ങനെയൊരാളുടെ സ്ഥാനം ജീവിതത്തില്‍ തരുന്ന ആശ്വാസം ചില്ലറയായിരുന്നില്ല. അമ്മ പോയതോടെ എനിക്ക് പെട്ടെന്ന് ആരുമില്ലാതായി. ഞാനുമായി എന്തെങ്കിലും ബന്ധം അമ്മയ്ക്ക് ഉണ്ടാകുന്നത് ചെറിയച്ഛന് താല്‍പര്യവുമില്ലായിരുന്നു. എന്നെ ഇഷ്ടമില്ലാത്തതുകൊണ്ട് അമ്മ തിരക്കി വരാത്തതെന്നാണ് അന്നൊക്കെ ഞാന്‍ കരുതിയത്. ശരിക്കും എന്റെ അമ്മയുടെ ഗതികേടുകളായിരുന്നു ആ മാറ്റിനിര്‍ത്തല്‍ പോലും.

പിന്നെയാണ് എന്റെ ജീവിതം തുടങ്ങുന്നത്. നരക ജീവിതം എന്നൊക്കെ പറയാം. ആ സമയത്ത് ചാച്ചന്‍ പറഞ്ഞു നീ ഇനി ഇവിടെ നില്‍ക്കരുത്, ബസിന്റെ ബോര്‍ഡ് വായിക്കാന്‍ നിനക്കറിയാം, ഈ വീട്ടില്‍ നിന്ന് എങ്ങോട്ടേലും പോയി എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്ക് എന്ന്.

പന്നിക്കൂട് കഴുകിയ പതിനാറുകാരി

പത്താം ക്ലാസില്‍ മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. എന്റെ വീടിനടുത്തൊരു ചേച്ചിയുണ്ടായിരുന്നു. അവര്‍ കളമശേരിയില്‍ ഒരു കന്യാസ്ത്രിമഠത്തില്‍ പണിക്കായി പോവുകയായിരുന്നു. ഞാന്‍ ആ ചേച്ചിയുടെ കൂടെപ്പോയി. ചേച്ചി അപ്പോഴേ പറയുന്നുണ്ട്, നീ വിചാരിക്കുന്നതുപോലെ എളുപ്പമുള്ള ജീവിതമൊന്നുമല്ല എന്നൊക്കെ. പക്ഷേ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. നന്നായി ജീവിക്കണമെന്നും ഒരിക്കലും മോശം വഴികളിലൂടെ ജീവിക്കരുതെന്നും ചാച്ചന്‍ പറഞ്ഞു. അവിടെ ചെന്നു, അടിയും ഇടിയും വഴക്കുമില്ലാത്ത ഒരു രാത്രി കഴിഞ്ഞു. പിന്നെത്തുടങ്ങി, അവിടെക്കുറച്ച് സ്ത്രീകള്‍ ജോലിക്കുണ്ട്, 30 വയസ്സിന് മുകളിലുള്ളവര്‍, എനിക്ക് അവരുടെ പകുതിയേ പ്രായമുള്ളു. ഞാന്‍ ഭയങ്കര തന്റേടിയാണെന്ന് അവര്‍ക്ക് അപ്പോഴേ തോന്നി. അതോടെ അവിടെയും പ്രശ്‌നങ്ങളായി. അവിടുന്ന് എനിക്കൊരു തൃശ്ശൂരുകാരി കൂട്ടുകാരിയെക്കിട്ടി. അവളുടെ കൂടെ ഒരു കോമഡിഷോ കാണാന്‍ പോയി. വലിയൊരു അനുഭവമായിരുന്നു അത്. ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ആദ്യത്തെ അനുഭവം ആയിരുന്നു അത്. എന്നാല്‍ അതു കഴിഞ്ഞതോടെ ഞങ്ങളെ രണ്ടാളെ ഒന്നിച്ച് ഒരിടത്തും വിടാതായി. ഒന്നിച്ചിരുന്നാല്‍ പണിയുഴപ്പും എന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവും. അവരെനിക്ക് പന്നിക്കൂട് കഴുകുന്ന ജോലിവരെ തന്നു. അതിനെയൊക്കെ കുളിപ്പിക്കണം, കൂട് കഴുകണം, ഭക്ഷണം കൊടുക്കണം. പണികഴിഞ്ഞ് വന്നാല്‍ ആരും എന്റെ കൂടെ ഭക്ഷണം കഴിക്കില്ല. അങ്ങനെ എനിക്കവിടെ മടുത്തു. വീട്ടിലേക്ക് വിളിക്കാനൊന്നും അവര് സമ്മതിക്കില്ല. വലപ്പോഴും വിളിച്ചാലായി. അങ്ങനെ ഒരു ദിവസം എന്റെ അമ്മവിളിച്ചു. എനിക്കിവിടെ പറ്റുന്നില്ല, എന്നെ വന്നു കൊണ്ടുപോകുമോ എന്ന് ഞാന്‍ കരഞ്ഞു. ഞാനത്രയും നിസ്സഹായവസ്ഥയില്‍ ആണെന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടാവും . അമ്മയെന്നെ വീട്ടിലേക്കു കൊണ്ടുപോയി. നാല് മാസമേ ഞാനവിടെ നിന്നിട്ടുള്ളു. എനിക്കവിടെ പൊരുത്തപ്പെട്ടു പോകാന്‍ പറ്റിയില്ല. പിരിഞ്ഞു പോരുമ്പോള്‍ 2750 രൂപയും കിട്ടി.

പോളിനെ കണ്ടുമുട്ടുന്നു

വീട്ടിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഒരു ഏജന്‍സി വഴി എറണാകുളത്ത് ഒരു വീട്ടില്‍ ജോലിക്കു കയറി. പ്രായമായമായവരെ നോക്കാനാണ് അന്നൊക്കെ പോയിരുന്നത്. 21 വയസ്സാണെന്ന് കള്ളം പറയും. വലിയ, അയഞ്ഞ കൈയിറക്കമുള്ള ഡ്രെസ്സുകളിടും. ആദ്യം ഒരു അപ്പാപ്പനെ നോക്കി. കാലൊടിഞ്ഞ അപ്പാപ്പനാണ്. കുളിപ്പിക്കണം, മൂത്രവും മലവും എടുക്കണം. മൂത്രവും മലവും കളയാന്‍ താഴെയുള്ള ബാത്ത്‌റൂം ഒന്നും ഉപയോഗിക്കാന്‍ സമ്മതിക്കില്ല. അതെല്ലാം മുകളില്‍ ഉള്ള ബാത്ത്‌റൂമില്‍ കൊണ്ടുപോയി കളയണം. ഒരു പ്രത്യേകതരം മനുഷ്യര്‍.

ഒരു ഡിസംബറിലാണ്, കൈയൊടിഞ്ഞ പ്രായമായ ഒരു ടീച്ചറിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഞാന്‍ പോയിത്തുടങ്ങി. അവര്‍ക്കെന്നെ വലിയകാര്യമായിരുന്നു. ഒരു മകള്‍ ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കും അതുപോലെ. അവിടെ നിന്ന് ഒരു മാസമാകുന്നതിനുമുന്നേ, അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചു. എന്താണെന്നൊന്നും ആരും പറഞ്ഞില്ല. കോട്ടയം മെഡിക്കല്‍ കോളേജിലാണ് അമ്മ. മാരകമായി പൊള്ളലേറ്റിരുന്നു. 50 ശതമാനത്തിലധികം പൊള്ളിയിരുന്നു. അമ്മയും ഇപ്പോഴത്തെ ഭര്‍ത്താവും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടായപ്പോള്‍ അമ്മ പേടിപ്പിക്കാനായി സ്വയം ചെയ്തതാണ്. മൂന്നരമാസത്തോളം അമ്മകിടന്നു. ഞാനാണ് നോക്കിയത്. പൊള്ളിയഴുകി പോയിരുന്നു. എന്നും തേച്ച് ഉരച്ച് വൃത്തിയാക്കണം. അപ്പോള്‍ അനുഭവിക്കുന്ന വേദന. നമ്മുടെ മാനസികാവസ്ഥ. ഒന്നും ഇപ്പോള്‍ ഓര്‍ക്കാനാവില്ല.

അമ്മയ്ക്ക് ബ്ലഡ് കയറ്റണമായിരുന്നു. അതിന്റെ ആവശ്യത്തിനായി പോയപ്പോഴാണ് പോളിനെ കാണുന്നത്. ഞാന്‍ മുതിര്‍ന്ന വിവാഹഹപ്രായമെത്തിയ പെണ്ണാണെന്നാണ് പോള്‍ കരുതിയത്. ഞാന്‍ നഴ്‌സിങ് എന്തോ പഠിക്കുകയാണെന്നാണ് പുള്ളി കരുതിയത്. എന്നോട് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനെന്റെ പ്രായം പറഞ്ഞു. 16 വയസ്സേയുള്ളൂ എനിക്ക്. ഞാന്‍ വീട്ടുജോലിക്കൊക്കെ പോവുകയാണെന്നും പറഞ്ഞു. പോള്‍ എന്നെക്കാളും എട്ട് വയസ്സിന് മൂത്തതാണ്. അപ്പോള്‍ പോള്‍ പറഞ്ഞു രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ട് കല്യാണം കഴിക്കാന്‍ കുഴപ്പമില്ലല്ലോ എന്ന്. പിന്നെ പുള്ളിയെ ഞാന്‍ കണ്ടിട്ടില്ല. ഒരു കോണ്ടാക്ടുമില്ല. പോള്‍ എന്നെ കാത്തിരിക്കും എന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചതുമില്ല.

ജീവിതം പഠിച്ച കാലം

പിന്നെ ഏജന്‍സി വഴി ഞാന്‍ പുണെയില്‍ പോയി. വീട്ടുജോലിക്കൊപ്പം പ്രായമായ ഒരമ്മയെ നോക്കാനായിരുന്നു. അവരുടെ മക്കള്‍ ഇടയ്ക്കിടയ്ക്ക് യാത്രകള്‍ പോകും. അപ്പോള്‍ വീട് മുഴുവന്‍ നോക്കുന്ന ചുമതലയും എനിക്കു കിട്ടും. വീട് മുഴുവന്‍ കഴുകി വെളുപ്പിച്ചിടണം. വേറൊരു ചേച്ചി കൂടി അവിടെ പണിക്കു വരുന്നുണ്ടായിരുന്നു. കാറ് കഴുകുന്നതുപോലെയുള്ള എക്‌സ്ട്രാ പണികള്‍ കൂടി ഞാന്‍ ചെയ്യും. അതിനും പേയ്‌മെന്റ് കിട്ടും. അതെല്ലാം കണ്ണുമടച്ച് വീട്ടിലേക്ക് അയക്കും. അവിടുത്തെ അമ്മയുടെ മരുമകള്‍ വീട്ടുവേലക്കാരിയെന്നതിനെക്കാളും ഒരു സ്ഥാനം എനിക്കു തന്നിരുന്നു. അവരാണ് എനിക്ക് പറഞ്ഞു തന്നത്, സ്വന്തമായി പണം സൂക്ഷിക്കണം, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്, വീട്ടിലേക്ക് മൊത്തം കാശും അയച്ചു കൊടുക്കരുത് എന്നൊക്കെ. അവര് അതുവരെ ജോലി ചെയ്തതില്‍ ഉണ്ടായിരുന്ന പണമെല്ലാം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ ഇട്ടു തന്നു. ശമ്പളം കിട്ടുമ്പോള്‍ ചെറിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിപ്പിച്ചു. പുള്ളിക്കാരിയാണ് ജീവിതം എങ്ങനെയാണെന്ന് പഠിപ്പിച്ചു തന്നത്. ആ ചേച്ചിയുടെ അമ്മയും വീട്ടിലുണ്ടാവും. അവരെ കൊണ്ട് ഞാന്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ചോറ് ഒക്കെ കഴിക്കാന്‍ ഇരിക്കുമ്പോള്‍ അവര് അടുത്ത് വന്നിരുന്നിട്ട് പലതും പറയും. ചിലതൊക്കെ വിശേഷം പറയുന്നതുപോലെയാണ്. എന്നാല്‍ അങ്ങനെയല്ല. നീതു, മുന്നേ ഇവിടെയൊരു പെണ്ണുണ്ടായിരുന്നു, അവര് പാത്രം നിറച്ച് ചോറ് വിളമ്പിയങ്ങ് തിന്നും. പിന്നെ ആര്‍ക്കും തികയില്ല... എന്നൊക്കെ. നമ്മുടെ പാത്രത്തിലേക്ക് നോക്കിയാണ് പറയുക. അതോടെ വിശപ്പു കെടും. പിന്നെ ഞാന്‍ കുറച്ച് ചോറ് മാത്രം വെളമ്പി അതില്‍ വെള്ളമൊഴിച്ച് കുടിക്കാന്‍ തുടങ്ങി. അതോടെ എനിക്ക് ആരോഗ്യപ്രശ്‌നങ്ങളായി. രണ്ട് വര്‍ഷത്തോളം ഞാനവിടെ നിന്നു. പിന്നെ നാട്ടിലേക്ക് വന്നു. നീ നന്നായി ജീവിക്കണം, നീ മിടുക്കിയാണെന്ന് പറഞ്ഞാണ് ആ ചേച്ചി എന്നെ യാത്രയാക്കിയത്.

എന്നെ തിരഞ്ഞെത്തിയ ആ കോള്‍

നാട്ടില്‍ വന്ന് കഴിഞ്ഞ് ജോലിക്കായി പറവൂരുള്ള ഒരു വീട്ടില്‍ പോയി. രസതന്ത്രം സിനിമയിലെ ലേശം പ്രാന്തുള്ള ഒരു വല്യമ്മയില്ലെ, അങ്ങനെയൊരു വല്യമ്മ. രാത്രി ഉറക്കില്ല. അതിന്റെ കൂടെ ജാതി പ്രശ്‌നവും. എനിക്ക് ജാതിയില്ലല്ലോ. എനിക്ക് കഴിക്കാന്‍ വേറെ പാത്രം, ഗ്ലാസ് ഒക്കെയുണ്ട്. വേറെയൊന്നിലും ഞാന്‍ തൊടാനൊന്നും പാടില്ല. നരകമായിരുന്നു അക്കാലം. എന്തേലും ഒരു പാപം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ അക്കാലത്ത് തീര്‍ന്നിട്ടുണ്ടാവും. മനുഷ്യന് ഉറങ്ങാതെ ജീവിക്കാന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായത് അക്കാലത്താണ്. അങ്ങനെയൊരു ദിവസമാണ് എനിക്ക് ഒരു കോള്‍ വരുന്നത്. അറിയാത്ത നമ്പര്‍. പോള്‍സണെ അറിയുമോ എന്ന ചോദ്യത്തോടെയായിരുന്നു സംസാരത്തിനു തുടക്കം. ഏത് പോള്‍സണ്‍ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പോളിന് നാട്ടില്‍ ഒരു കല്യാണാലോചനവന്നു. വീട്ടുകാര്‍ക്കൊക്കെ വലിയ താല്പര്യം. അപ്പോഴാണ് പോള്‍ അവരോട് എന്നെപ്പറ്റി പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് കണ്ടതാണ്. ഇപ്പോള്‍ എന്താ, എവിടെയാണ് എന്നൊന്നും അറിയില്ല, എങ്കിലും അതൊന്ന് അന്വേഷിച്ചുനോക്കട്ടെ എന്നായി പോള്‍. ഞാന്‍ ഫോണ്‍ വാങ്ങിയിട്ട് രണ്ടാഴ്ചയായിട്ടേ ഉള്ളൂ. അതുവരെ ഫോണ്‍ പോലുമില്ല. എന്റെ വീട്ടിലെ അഡ്രസ്സൊക്കെ കണ്ടുപിടിച്ച് അവിടുന്ന് അമ്മയുടെ നമ്പര്‍ വാങ്ങി, അമ്മയെവിളിച്ച് എന്റെ നമ്പര്‍ വാങ്ങി, അങ്ങനെയാണ് പോള്‍ എന്നെ വീണ്ടും കണ്ടെത്തിയത്.

വിളിച്ച് കിട്ടിയതോടെ ഇനി വിട്ടുകൊടുക്കില്ല എന്ന് രണ്ടാള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. ആ സമയത്ത് പോള്‍ കോട്ടയത്ത് ഒരു വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി ഒരുവര്‍ഷം കഴിഞ്ഞപ്പോഴേക്കും എനിക്കീ വീട്ടുജോലി മടുത്തിരുന്നു. അടിമജീവിതം പോലെ. പോളിനോട് ആലോചിച്ച് തിരിച്ച് വീട്ടിലേക്ക് വന്നു. 20 വയസ്സാണ് അപ്പോഴെനിക്ക്. അവിടെ ഒരു തുണിക്കടയില്‍ കയറി. പക്ഷേ ആ ജോലി അധികം തുടരാനായില്ല, നിറവും സൗന്ദര്യവുമായിരുന്നു പ്രശ്‌നം. ഈ സമയത്ത് അമ്മ വീണ്ടും ഭര്‍ത്താവിനൊപ്പം പോയിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടില്‍ എന്നെയുംകൊണ്ട് ജീവിക്കാന്‍ വല്യമ്മക്കു പേടിയായിത്തുടങ്ങി.

ജീവിതം തുടങ്ങുന്നു

ഈ സമയത്ത് പോളിനോട് വിവാഹം കഴിക്കാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളിയുടെ കൈയില്‍ ആ സമയത്ത് സ്വന്തമായി സമ്പാദ്യമൊന്നുമില്ല, വീടൊക്കെ വെച്ചിട്ട് കല്യാണം കഴിക്കണമെന്നൊക്കെയാണ്. പോള്‍ തൊടുപുഴയില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. അത്യാവശ്യം സാധനങ്ങളെല്ലാം ഞങ്ങള്‍ രണ്ടാളും കൂടി വാങ്ങി. വീട്ടുകാരുടെയെല്ലാം എതിര്‍പ്പിനെ മറികടന്നാണ് പോള്‍ എന്നെ വിവാഹം കഴിക്കുന്നത്. പോളിനും ചാച്ചനും അമ്മയുമില്ല. മറ്റ് ബന്ധുക്കളെല്ലാം എതിര്‍ത്തു. പോളിന്റെ കുടുംബം സാമ്പത്തികമായി കുറച്ച് ഉയര്‍ന്ന നിലയിലുമായിരുന്നു. എന്നാല്‍ അതെല്ലാം വേണ്ടെന്ന് വെച്ച് പോള്‍ എന്റെ കൈപിടിച്ചു.

പിന്നെ ഞാന്‍ മുഴുവന്‍ സമയ വീട്ടമ്മയായി. മക്കളായി. ഞങ്ങള്‍ നാലുപേരുള്ള വീട്. മറ്റൊന്നുമില്ല. എങ്കിലും ഇടയ്‌ക്കൊക്കെ എഴുതണമെന്ന തോന്നല്‍ വരും. പുസ്തകങ്ങളും വായനയുമൊക്കെയായി കഴിഞ്ഞു കൂടുമ്പോള്‍, സ്‌കൂള്‍ വരാന്തയില്‍ നിരാശയോടെ കരഞ്ഞു നിന്നൊരു പെണ്‍കുട്ടിയെ വീണ്ടും ഓര്‍മ്മ വരും. എഴുത്തിലേയ്ക്ക് മടങ്ങി വരാന്‍ വെറുതെ ആഗ്രഹിച്ചു. പതിനഞ്ചോ, പതിനാറോ വയസ്സില്‍ ഉപേക്ഷിച്ചു കളഞ്ഞ ആ എന്നെ വീണ്ടെടുക്കുന്നത് ശ്രമകരമായിരുന്നു. ഫെയ്‌സ്ബുക്കില്‍ അന്നൊക്കെ സജീവമായ എഴുത്തു ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. (എന്റെ തൂലിക, കഥ വീട്, എന്റെ കവിത,) ആ ഗ്രൂപ്പുകളിലൊക്കെ ചേര്‍ന്നു. രണ്ടു മൂന്നും വരികള്‍ എഴുതിയിടാന്‍ തുടങ്ങി. വായനക്കാരുണ്ടായി... അതുവഴി സൗഹൃദങ്ങളുണ്ടായി. 2019 ല്‍ ഫെയ്‌സ്ബുക്കില്‍ എന്റെ സ്വന്തം കല്യാണം നടത്തിയ കാര്യം എഴുതിയിട്ടു. ഒരുപാട് ന്യൂസ് ചാനലുകളില്‍ 750 രൂപയുടെ ആ കല്ല്യാണസാരി കഥ വന്നു. നീതു പോള്‍സണ്‍ എന്ന വ്യക്തിയെ കുറച്ചു പേരെങ്കിലും അറിയുന്നത് അങ്ങനെയാണ്. പ്രൊഫൈലില്‍ സ്വന്തം ജീവിതവും കഥകളുമൊക്കെ എഴുതാന്‍ തുടങ്ങിയത് അങ്ങനെയാണ്. നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുക്കണമെന്ന ആഗ്രഹം തീവ്രമായിരുന്നു. പോളിന്റെ പൂര്‍ണ്ണമായ പിന്തുണ ആ കാര്യത്തിലുണ്ടായിരുന്നു. 2021ല്‍ ആദ്യ പുസ്തകം ‘ജിമിക്കി’ ഇറങ്ങി. ശേഷം ‘റോസമ്മ’(നോവല്‍) ‘മൂക്കുത്തി’ ( ചെറുകഥകള്‍) പിന്നാലെ ഇറങ്ങി.

 

വീട് എന്നതായിരുന്നു മറ്റൊരു സ്വപ്നം. വാടകവീട്ടിലാണ് ഈ കാലമത്രയും ജീവിച്ചത്. അങ്ങനെ 2021-ല്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയിട്ടും 8000 രൂപയുടെ കുറവു വന്നു. അന്ന് ബിന്ദു എന്ന എന്റെയൊരു സുഹൃത്താണ് ആ പണം തന്നത്. ജീവിതത്തില്‍ അന്നുമിന്നും കൂടെ നിന്ന സൗഹൃദങ്ങളുണ്ട്. സ്ഥലം വാങ്ങിയപ്പോള്‍ വാടക കൊടുക്കാന്‍ വഴിയില്ലെന്നായി. ആ സ്ഥലത്ത് ഒരു ഷെഡ്ഡ് കെട്ടി അവിടേക്ക് താമസം മാറി. പിന്നെയും ആവശ്യങ്ങളുണ്ടായി. അതിനെല്ലാം സുഹൃത്തുക്കളുണ്ടായി. ഇപ്പോള്‍ വീട് പണി നടക്കുകയാണ്. കടമുണ്ട്, എങ്കിലും സന്തോഷമാണ്.

കണ്ണാന്തളിപൂക്കള്‍ വിടര്‍ന്നകാലം

'2023-ലാണ് സ്വന്തമായി എന്തെങ്കിലും ചെയ്തു തുടങ്ങണം എന്ന ആഗ്രഹം ശക്തമായത്. ഭര്‍ത്താവിന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ സഹായിക്കുക എന്നതിനൊപ്പം വരുമാനമുള്ള സ്ത്രീകള്‍ക്ക് കിട്ടുന്ന ഒരു ആത്മവിശ്വാസവും കൂടി ഇത്തരം ചിന്തയുടെ പിന്നിലുണ്ടായിരുന്നു. എനിക്ക് തൈറോയിഡടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഈ സമയത്തുണ്ടായി. പുറത്തുപോയി ജോലി ചെയ്യാനുള്ള ആരോഗ്യമില്ല. പോള്‍ ഒറ്റയ്ക്കാണ് എല്ലാം മാനേജ് ചെയ്യുന്നത്. അങ്ങനെ ആദ്യം എംബ്രോയ്ഡറി വര്‍ക്കുകളിലൂടെ ഓണ്‍ലൈന്‍ ബിസിനസില്‍ വന്നു. പിന്നെ അത് എംബ്രോയ്ഡറി ക്ലാസുകളായി.

ഓണ്‍ലൈനില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ വാങ്ങി അത് വില്‍ക്കാന്‍ ശ്രമം നടത്തി നോക്കി. എന്നാല്‍ വാങ്ങിയ സാധനങ്ങള്‍ തീരെ നിലവാരമില്ലാത്തവയായിരുന്നു. പൈസ വെറുതേ പോയി എന്ന സങ്കടം ബാക്കിയായി. ആ സമയത്ത് തൊടുപുഴയില്‍ ഒരു കടയില്‍ കുറേ ചിലങ്കമണികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതു കണ്ടു. അതും കുറച്ച് നൂലും വാങ്ങി മാലയുണ്ടാക്കി വെറുതേ ഫേസ്ബുക്കിലിട്ടു. നാല് മാലയാണ് ഉണ്ടാക്കിയത്. നാല് മാലയും ഒറ്റ ദിവസം കൊണ്ട് വിറ്റുപോയി. അത് ഭയങ്കര സന്തോഷം തോന്നി. അങ്ങനെ കണ്ണാന്തളി എന്ന പേരിട്ട് ചിലങ്കമാലകള്‍ ഉണ്ടാക്കി നല്‍കിത്തുടങ്ങി. ഒരു പെണ്‍കുട്ടി എന്നോട് മഞ്ചാടിക്കുരുകൊണ്ടുള്ള മാലയുണ്ടാക്കി തരാമോ എന്ന് ചോദിച്ചു. ഒന്നരമാസമെടുത്തു ആ മാലയുണ്ടാക്കാന്‍. പക്ഷേ നന്നായൊന്നുമില്ല.

 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എന്റെ ജിമിക്കിയെക്കുറിച്ച് വന്ന കുറിപ്പ് വായിച്ചിട്ട് ഒരു വൈദികന്‍ എന്നെ വിളിച്ചു. അദ്ദേഹം ലണ്ടനിലായിരുന്നു ആ സമയത്ത്. അദ്ദേഹമാണ് മഞ്ചാടി കൊണ്ട് കൊന്തയുണ്ടാക്കിത്തരമോ എന്ന് ആവശ്യപ്പെട്ടു. ആ കൊന്ത ഫേസ്ബുക്കിലിട്ടപ്പോള്‍ അത് ക്ലിക്കായി. അങ്ങനെയാണ് കണ്ണാന്തളി വൈറലാകുന്നത്. 2023-ല്‍ കണ്ണാന്തളിയെന്ന ഹാന്‍ഡ്‌മെയ്ഡ് ഓര്‍ണമെന്റ്‌സിന്റെ ഓണ്‍ലൈന്‍ ഷോപ്പ് തുടങ്ങി. മഞ്ചാടി കൊണ്ടുള്ള ജപമാലകള്‍, മാലകള്‍, വളകള്‍, കമ്മലുകള്‍ വളരെ പെട്ടെന്ന് പ്രചാരം നേടി. കൂടാതെ ചിലങ്ക വെച്ചുള്ള ആഭരണങ്ങള്‍, വ്യത്യസ്തങ്ങളായ ജപമാലകള്‍ എന്നിവയും. ഭര്‍ത്താവ് നന്നായി കണക്ക് പഠിപ്പിച്ചിരുന്നു. 2022-ല്‍ ഒരു ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍ തുടങ്ങി. ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേര്‍ പഠിപ്പിക്കുന്ന എന്‍പി ലേണിംഗ് സെന്ററായി പിന്നീട് അത് മാറി. ഒരുപാട് കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും ഞാന്‍ വിമര്‍ശനം നേരിട്ടു. കുട്ടികള്‍ക്ക് കിട്ടിയ മികച്ച റിസള്‍ട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ആ വിമര്‍ശനത്തിനെ നേരിട്ടത്. ജീവിതാനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച ഒരു പുസ്തകം 2025 ഏപ്രിലില്‍ പുറത്തിറങ്ങി. ‘നീലവാക പോലൊരു പെണ്‍കുട്ടി.’

ഫേസ്ബുക്കില്‍ മഞ്ചാടി ആഭരണങ്ങളുടെ ഫോട്ടോകണ്ട് എന്റെ ഒരു പരിചയക്കാരി വഴിയാണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന് മഞ്ചാടിമാല വേണമെന്നായിരുന്നു ആവശ്യം. മാലയ്‌ക്കൊപ്പം ‘നീലവാക പോലൊരു പെണ്‍കുട്ടി’ കൂടി അദ്ദേഹത്തിനയച്ചു. സാര്‍ അത് വായിക്കുമെന്ന് ഞാൻ കരുതിയില്ല. എന്നാലദ്ദേഹം പുസ്തകം വായിച്ച് വാട്‌സാപ്പില്‍ മറുപടി അയച്ചു. “പുസ്തകം ഈ വൃദ്ധനെ കരയിച്ചു...” എന്നായിരുന്നു ആ സന്ദേശം. ഒരു അവാര്‍ഡ് കിട്ടിയതിന് തുല്യമായിരുന്നു അത്.' എന്റെ പതിനാറുകളില്‍ ഞാന്‍ ഒരു വീട്ടുപണിക്കാരിയായിരുന്നു. ഇന്നെന്റെ 35-ാം വയസ്സില്‍ ഒരു സംരംഭയാണ്.... നീതു അഭിമാനത്തോടെ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi