
നാഗാലാന്‍ഡ് സ്പീക്കറുടെ വസതിയിലെ വലിയ ഓട്ടുമണി, ഡല്‍ഹി പ്രഗതി മൈതാനിലെ ക്രാഫ്റ്റ് മ്യൂസിയത്തിലുള്ള 1,200 കിലോയുടെ വാര്‍പ്പ്, ഷിംലാക്ഷേത്രത്തിലെ 3,500 കിലോയുള്ള ഭീമാകാരന്‍ ഓട്ടുമണി... പലനാടുകളിലാണ് എത്തിപ്പെട്ടതെങ്കിലും ഇവയ്‌ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എല്ലാം നിര്‍മിക്കപ്പെട്ടത് ഇങ്ങ് കേരളത്തിലാണ്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന കൊച്ചുഗ്രാമത്തില്‍. വെങ്കലനിര്‍മാണത്തിന്റെ പെരുമ പേറുന്ന ഗ്രാമം.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കൂറ്റന്‍ ആല്‍വിളക്കിനും ഗുരുവായൂര്‍ ക്ഷേത്രത്തിലെ രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പിനും പറയാനുള്ളത് മാന്നാറിന്റെ കഥതന്നെ. ഓരോ സൃഷ്ടിയിലും നാടിന്റെ അഭിമാനവും സൂക്ഷ്മതയുടെ സൗന്ദര്യവും നിറയ്ക്കുന്ന കലാകാരന്മാരുടെ കഠിനാധ്വാനത്തിന്റെയും കലോപാസനയുടെയും കഥ.

പണിയെല്ലാം തീര്‍ത്ത ഒരു ഭീമന്‍ ഓട്ടുമണിയാണ് അവിടെ സ്വാഗതംചെയ്തത്. ഒരരികില്‍ കുറെ വാര്‍പ്പുകള്‍ നിരത്തിയിട്ടുണ്ട്. മറ്റൊരിടത്ത് വാര്‍പ്പിന്റെ മണ്‍മാതൃകകള്‍ വെയിലത്ത് ഉണങ്ങാന്‍ വെച്ചിരിക്കുന്നു. ''വെയില്‍ കൃത്യമായി കിട്ടണം. എങ്കിലേ, പണി ശരിക്ക് നടക്കൂ,'' വെങ്കിടാചലം പറഞ്ഞു. ആലയിലുള്ളവരെല്ലാം തിരക്കിട്ട ജോലികളിലാണ്. ഇടതടവില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്നു. പല നിര്‍മാണഘട്ടങ്ങളിലൂടെയാണ് ഓരോ നിലവിളക്കും മണിയും ഉരുളിയും കടന്നുപോവുന്നത്. നിലവിളക്കിന്റെയോ ഉരുളിയുടെയോ ആകൃതിയിലുള്ള കരു (മാതൃക)വുണ്ടാക്കുന്നതുമുതല്‍ വാര്‍ക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍. കരുവില്‍ എന്തെങ്കിലുമൊരു പിഴവ് വന്നാല്‍, അതുവരെയുള്ള അധ്വാനം മുഴുവന്‍ പാഴായെന്നര്‍ഥം.
വ്യത്യസ്ത വലുപ്പത്തിലുള്ള മണ്ണില്‍ തീര്‍ത്ത മൂന്ന് മണികള്‍വെച്ച് അതിന്റെ പുറംഭാഗത്ത് മുഴുവന്‍ ഇഷ്ടിക നിരത്തുന്ന തിരക്കിലാണ് രണ്ടുപേര്‍. ഇനിയത് തീയില്‍വെച്ച് ചൂടാക്കും. അപ്പോഴേ കരുവിന് ഉറപ്പുണ്ടാവൂ. ഈ കരുവിന്റെ മൂന്നുവശങ്ങളിലായി, ഓരോ ദ്വാരമുണ്ട്. ഇതെന്തിനാണെന്ന് അദ്ഭുതപ്പെട്ടപ്പോള്‍, കാത്തിരിക്കൂ എന്നായിരുന്നു അവരുടെ മറുപടി. മറ്റൊരുഭാഗത്ത് കുറേപ്പേര്‍ ഇരുമ്പുപാത്രത്തില്‍ ഓട് നുറുക്കിയത് നിറച്ചു. ശേഷം ആ പാത്രത്തിന്റെ വായഭാഗത്ത് പേപ്പറും പിന്നീട് ചെളിയുടെ മിശ്രിതവുമൊട്ടിച്ച് മുഴുവനായടച്ചു.

''ഈ പാത്രമാണ് മൂശ കോവ. ആന്ധ്രയില്‍നിന്നാണത് വരുന്നത്. എത്ര ചൂടില്‍വെച്ചാലും ഉരുകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത,'' ആലയിലെ തൊഴിലാളിയായ രാജേന്ദ്രന്‍ ചുട്ടുപൊള്ളുന്ന ഉലയിലേക്ക് ആ പാത്രങ്ങള്‍ നിരത്തി. നാലുമണിക്കൂറെങ്കിലും വേണം ഓട് ഉരുകിത്തീരാന്‍. അതുവരെ എന്തുചെയ്യും? അതിനുള്ള മറുപടി മറ്റൊരു മറുചോദ്യമായിരുന്നു: ''നിങ്ങള്‍ വിഗ്രഹങ്ങളുണ്ടാക്കുന്നത് കണ്ടിരുന്നോ? ഇല്ലെങ്കില്‍ നേരേ വിട്ടോ, ആലയ്ക്കല്‍ രതീഷിന്റെ ആലയിലേക്ക്''.
ഒരു ശില്പം ജനിക്കുന്നു
''ഇവിടെ പ്രധാനമായും വിഗ്രഹങ്ങളും ആര്‍ട്ട് വര്‍ക്കുകളുമാണ് ഞങ്ങള്‍ ചെയ്യുന്നത്,'' രതീഷ് പറഞ്ഞുതുടങ്ങി. വീടിനോട് ചേര്‍ന്നുള്ള ആലയിലിരുന്ന് മൂന്നുപേര്‍ കാര്യമായ പണികളിലാണ്. ഒരാള്‍, മെഷീനുപയോഗിച്ച് ദേവിയുടെ വിഗ്രഹത്തില്‍ ആഭരണങ്ങളുണ്ടാക്കുന്നു. മറ്റൊരാള്‍, അയ്യപ്പന്റെ ചുണ്ടിനും കണ്ണുകള്‍ക്കും ഉളികൊണ്ട് ആകൃതിവരുത്തുന്ന തിരക്കിലും. ''വിഗ്രഹങ്ങളുണ്ടാക്കുന്നതൊക്കെ തൊട്ടപ്പുറത്തുള്ള ആലയിലാണ്. മിനുക്കുപണികളും ഫിനിഷിങ്ങും ഇവിടെയും,'' രതീഷ് മുന്നില്‍ നടന്നു.
ആലയുടെ മൂലയിലായി അയ്യപ്പവിഗ്രഹത്തിന്റെ കരുക്കള്‍ ഊഴം കാത്തുകിടക്കുന്നു. അതിനിടയില്‍ രതീഷ് അച്ഛനെ പരിചയപ്പെടുത്തി, മുരുകന്‍. ''പതിന്നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഈ പണി. അന്നൊക്കെ അപ്പന്റെ കൂടെയായിരുന്നു. അപ്പന് കൂട്ടിരുന്ന് ഞാനും പഠിച്ചെടുത്തു. ഇപ്പോഴെനിക്ക് അറുപത്തേഴുവയസ്സായി. എന്റെ രണ്ടുമക്കളും ഈ ജോലിതന്നെയാണ് ചെയ്യുന്നത്. പക്ഷേ, പുതിയ പിള്ളേരൊന്നും ഇതിലേക്ക് വരുന്നില്ല. ഈ ചെളി കണ്ടില്ലേ, അതുകാണുമ്പോള്‍ പിള്ളേര്‍ക്ക് പിടിക്കില്ല. ഇത് ചവിട്ടിക്കുഴച്ച് വേണമല്ലോ കരുവൊക്കെയുണ്ടാക്കാന്‍. അപ്പോള്‍, ഡ്രസ് നാശമാവും. പിന്നെയിതിന്റെ ചൂട്, പുകയടിക്കുമ്പോഴുള്ള ശ്വാസംമുട്ടല്‍... അങ്ങനെ, കുറെ പ്രശ്‌നങ്ങളാണ്'', പണിതീര്‍ത്ത വിളക്ക് ഒരുവശത്തേക്ക് മാറ്റിവെച്ചു മുരുകന്‍.

അവിടെനിന്നുമിറങ്ങി മാന്നാര്‍ ടൗണിലൂടെയൊന്ന് കറങ്ങി. എല്ലാ കടകളിലും അത്യാവശ്യം തിരക്കുണ്ട്. ദൂരെയുള്ള സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ നിലവിളക്കും കിണ്ടിയും ചോദിച്ച് ഇവിടെയാണ് വരുന്നത്. അതുകൂടാതെയാണ് പള്ളികളിലേക്കും ക്ഷേത്രങ്ങളിലേക്കുമുള്ള ഓര്‍ഡറുകള്‍. കിലോക്കണക്കിലാണ് ഉരുളിയുടെയും മറ്റും വില കണക്കാക്കുന്നത്. ഒരു കിലോയുടെ ഉരുളിക്ക് 1,000 രൂപയാണ് വില. ചെറിയ ഉരുളിയും കിണ്ടിയുമടക്കം 250 രൂപ മുതലുള്ള സാധനങ്ങള്‍ ഇവിടത്തെ കടകളില്‍ വാങ്ങാന്‍ കിട്ടും. കടകളിലെല്ലാം ചുറ്റിത്തിരിഞ്ഞശേഷം വീണ്ടും വെങ്കിടാചലത്തിന്റെ ആലയിലെത്തി.
പണിക്കാരെല്ലാം വിശ്രമത്തിലാണ്. വാര്‍പ്പ് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ നല്ല അധ്വാനമായിരിക്കും. സമയം പെട്ടെന്ന് കടന്നുപോയി. വിശ്രമിച്ചിരുന്നവരെല്ലാം എഴുന്നേറ്റു. രണ്ടുപേര്‍ ഉലയുടെ അടുത്തുചെന്ന് അതിലേക്ക് വെള്ളമൊഴിച്ചശേഷം, കുറെക്കൂടി കല്‍ക്കരി വാരിയിട്ടു. തീ ഒന്നുകൂടി ആളിക്കത്തി. തീയുടെ ചൂടില്‍ എല്ലാവരും വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. അടുത്തേക്കുപോലും പോകാന്‍ കഴിയാത്തത്ര ചൂട്. പതുക്കെ തീയുടെ ശക്തി കുറഞ്ഞുവന്നു. കഠിനമായ ചൂടും പുകയും പുറത്തേക്ക് തെറിക്കുന്ന ഉരുക്കിയ ഓടും...

''മാന്നാറില്‍ മാത്രം കിട്ടുന്ന ചെളി ഉപയോഗിച്ചാണ് ഈ കരുവെല്ലാം നിര്‍മിക്കുന്നത്. ഓരോ കരുവിന്റെയും വലുപ്പമനുസരിച്ച് അത് നിര്‍മിക്കുന്ന സമയവും മാറും. ചെറിയ കരുവാണെങ്കില്‍ ഒരാഴ്ചകൊണ്ട് പണിതീരും. വലുതാണെങ്കില്‍ മൂന്നാഴ്ചയെടുക്കും,'' മുരുകന്‍ പറഞ്ഞു.

ശില്പികളുടെ കഥ
നൂറ്റാണ്ടുകള്‍ക്കുമുന്നേ കൊരട്ടിക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ഇവിടെയെത്തിയ വിശ്വകര്‍മവിഭാഗക്കാരെ ചുറ്റിപ്പറ്റിയാണ് മാന്നാര്‍ എന്ന വെങ്കലഗ്രാമം വികസിച്ചത്. ശില്പനിര്‍മാണത്തിലേര്‍പ്പെട്ട് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയി. അവിടെ പണിയാലകളും പിന്നീട് കടകളുമുണ്ടായി.
''പതിനാലാം നൂറ്റാണ്ട് മുതല്‍ക്കേ ഈ സമൂഹം ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്‍പൊക്കെ വീടുകളില്‍ അച്ഛനും അമ്മയും മക്കളും ചേര്‍ന്നാണ് ശില്പങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്റെ അപ്പൂപ്പനാണ് ആദ്യം കട തുടങ്ങിയത്, 'സ്വാമിയുടെ കട' എന്നാണ് ഇന്നത് അറിയപ്പെടുന്നത്. അതിനൊപ്പംതന്നെ വീടുകളില്‍ ജോലി ചെയ്യുന്നവരെയെല്ലാം വിളിച്ചുകൂട്ടി ഒരു ആലയിട്ടുകൊടുക്കുകയും ചെയ്തു. 250-ഓളം കുടുംബങ്ങളുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ കഷ്ടിച്ച് 60 കുടുംബങ്ങളെ കാണൂ. മാന്നാര്‍ റോഡരികില്‍ത്തന്നെ ഏഴെട്ടോളം ആലകളുണ്ടായിരുന്നു. അതും ഇപ്പോഴില്ല,'' വെങ്കിടാചലം വിശദീകരിച്ചു.
പുതിയ തലമുറയിലുള്ളവരാരും ഈ മേഖലയോട് കാര്യമായ പ്രിയം കാണിക്കുന്നില്ലെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ തലമുറ കഴിയുമ്പോഴേക്കും ഈ വെങ്കലപ്പെരുമതന്നെ ഇല്ലാതായേക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കണ്ടുവളര്‍ന്ന വിഗ്രഹങ്ങളും ചെയ്തുവന്ന തൊഴിലും ഇല്ലാതാവുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്.
''ഇവിടെ ശില്പനിര്‍മാണം പഠിപ്പിക്കുന്നൊരു പരിശീലനകേന്ദ്രം തുടങ്ങണം. ഉത്പന്നങ്ങള്‍ വാങ്ങാനൊരു കൗണ്ടറും. അങ്ങനെയേ ഇത് നിലനിര്‍ത്താന്‍ കഴിയൂ'', വെങ്കിടാചലം പറഞ്ഞു
നിര്‍ത്തി. പുറത്ത് സന്ധ്യ കനത്തു, നിശ്ശബ്ദതയും. ആലയിലെ തിരക്കും കെട്ടടങ്ങിക്കഴിഞ്ഞു. ഇനി നാളെയ്ക്കായുള്ള കാത്തിരിപ്പാണ്...
നിര്‍മാണമിങ്ങനെ
ആദ്യം തന്നെ നിര്‍മിക്കേണ്ട വസ്തുവിന്റെയോ ശില്പത്തിന്റെയോ ആകൃതിയിലുള്ള കരു ഉണ്ടാക്കും. ചെളി, ചണം, ചാണകം...ഇവയെല്ലാം ചേര്‍ന്ന് മിശ്രിതമാക്കിയ നല്ല മിനുസവും പശയുമുള്ള മണ്ണുകൊണ്ടാണ് കരുനിര്‍മാണം. അത് വെയിലത്തുവെച്ച് ഉണക്കിയശേഷം, വാക്‌സ് ഇടും. കരുവിന്റെ മുകളില്‍ കൃത്യമായ ആകൃതിയിലാണ് വാക്‌സ് പുരട്ടുന്നത്. അതിനുമുകളിലേക്ക് പലതരത്തിലുള്ള മണ്ണുകൊണ്ടുമൂടും. ആദ്യം മൃദുവായ മണ്ണും അതിനുശേഷം പരുപരുത്ത മണ്ണുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ മൂന്നോ നാലോ തവണ ആവര്‍ത്തിക്കും. കരുവിന്റെ വലുപ്പത്തിനനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. അതിനുമുകളില്‍ ഓട്ടക്കലം പതിച്ച് ഉണങ്ങാന്‍വയ്ക്കും. പിന്നീട് കരു ചൂളയില്‍വെച്ച് ചൂടാക്കുമ്പോള്‍ വാക്‌സ് പുറത്തേക്കുപോവും. അല്പനേരം വെച്ചശേഷം കരു മണ്ണില്‍ കുഴിച്ചിടും. അതിനുശേഷമാണ് ഉരുക്കിയ ഓടൊഴിക്കുന്നത്. ചൂടാറിയ കരുക്കളില്‍നിന്ന് ലോഹം വേര്‍പ്പെടുത്തിയെടുക്കുക എന്നതാണ് അവസാനത്തെ പണി. അടുത്തദിവസമാണിത് ചെയ്യുക. വലിയ ചുറ്റികകൊണ്ട് ശക്തിയായി, അടിക്കുമ്പോള്‍ മണ്ണ് പൊട്ടിയടര്‍ന്ന് പോരും. ഒടുവില്‍ ഭംഗിയാക്കി, പോളിഷ് ചെയ്‌തെടുക്കും.
Content Highlights: kerala heritage craft bronze artifacts from mannar
Published: 09 Sept 2023, 10:23 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented