
'രാത്രി ഏറെ വൈകി സോഷ്യല്‍ മീഡിയ പേജുകള്‍ തിരയുന്നതിനിടയില്‍ ഒരു മാക്രോണിന്റെ ചിത്രം കണ്ണില്‍ തടഞ്ഞു. അതൊരു ഇറാനിയന്‍ പേജായിരുന്നു. കൊതി മൂത്ത് സൂം ചെയ്തു. മാക്രോണി മെഴുകുതിരിയായപ്പോള്‍ അതിശയം ഇരട്ടിച്ചു. ഭക്ഷ്യവസ്തുക്കളുടെ ആകൃതിയിലുള്ള മെഴുകുതിരികള്‍. ഇഷ്ടത്തിനൊപ്പം ആശയവും മനസ്സില്‍ തറച്ചു. മെഴുകുതിരി നിര്‍മാണത്തിന് പ്രചോദനമായത് ആ പേജാണ്.' പൂക്കളും ഡോനട്ട്സും കുക്കികളും കപ്പ്‌കേക്കുകളും...കൊതിതോന്നിക്കുന്ന മെഴുകുതിരിയാക്കി മാറ്റുന്ന കോഴിക്കോട്ടുകാരി റിധയുടെ വാക്കുകളാണിവ... റിധയ്ക്ക് ഇന്ന് ചുറ്റും കാണുന്ന വസ്തുക്കളെല്ലാം മെഴുകുതിരികളാണ്. കാന്‍ഡില്‍പ്രേമികള്‍ക്കായി പുത്തന്‍ ട്രെന്‍ഡില്‍ തീര്‍ക്കുന്ന, സംഗീതവും പ്രണയവും വിരഹവും ഒളിപ്പിച്ചുവെച്ച മെഴുതിരി നാളങ്ങള്‍ സംരംഭത്തിന്റെ മാറ്റേകുന്നു. പൂര്‍ണ്ണമായും തന്റെ കരവിരുത് പതിഞ്ഞൊരു ബിസിനസ് എന്ന ആശയമാണ് റിധയെ 'ലാവന്‍ഡര്‍ കാന്‍ഡില്‍സ്' എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെയും കോഴിക്കോട് ഐക്ക(Aiqah) സ്റ്റോറിന്റെയും തുടക്കം.
'ഞാനൊരു മെഹന്തി ആര്‍ട്ടിസ്റ്റായിരുന്നു. അതിനോടൊപ്പം തന്നെ ആക്‌സസറീസ് റീസെല്ലിങുകളും നടത്തിയിരുന്നു. പിന്നീട് അബായ (പര്‍ദ്ദ) ബിസിനസും നടത്തി. അബായ മാര്‍ക്കറ്റിനെല്ലാം ഇന്റര്‍നെറ്റില്‍ നിന്നെടുത്ത ഫോട്ടോകളാണ് ഉപയോഗിച്ചിരുന്നത്. എന്തോ, ആ ബിസിനസിലും എന്റേത് മാത്രമായ ഒന്നാണതെന്ന തോന്നല്‍ വന്നില്ല. മെഴുകുതിരി നിര്‍മാണമാണ് അത്തരമൊരു സംതൃപ്തി നല്‍കിയത്. കൊറോണക്കാലത്താണ് ആരംഭിച്ചത്. '
രാത്രിയില്‍ പിറന്ന മെഴുകുതിരികള്‍
ആഗ്രഹത്തിന്റെ ആവേശത്തില്‍ രാത്രി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പേജ് തുടങ്ങി. പേരും കണ്ടു പിടിച്ചു. 'ലാവന്‍ഡര്‍ കാന്‍ഡില്‍സ്'. അപ്പോഴും എങ്ങനെ നിര്‍മിക്കുമെന്നറിയില്ല. എന്തോ, ഒരു ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചു. പിറ്റേന്നുതന്നെ അച്ഛനോട് കാര്യം അവതരിപ്പിച്ചു. അന്നത്തെ അച്ഛന്റെ പിന്തുണ സത്യത്തില്‍ വലിയ പ്രചോദനമായി. ഉണ്ടാക്കാന്‍ അറിയാമോ എന്ന ചോദ്യത്തിന് പോലും നില്‍ക്കാതെ ഒരു ഹോള്‍സെയില്‍ ഡീലറിന്റെ കൈയില്‍ നിന്നും പന്ത്രണ്ട് കിലോ മെഴുക് വാങ്ങി വന്നു. എല്ലാം കൂടി ആയപ്പോള്‍ ആദ്യം ഞാനൊന്നു പകച്ചെങ്കിലും ആത്മവിശ്വാസം മുതല്‍ക്കൂട്ടായി. ഇന്‍ഡക്ഷന്‍ കുക്കറും അടുക്കളയിലെ കുറച്ച് പഴയ പാത്രങ്ങളും എടുത്ത് പണി തുടങ്ങി. തുടക്കത്തിലെ പഠനം യൂട്യൂബ് നോക്കിയായിരുന്നു. മോള്‍ഡും സുഗന്ധം കിട്ടാനുള്ള സാധനങ്ങളുമെല്ലാം അടുത്തുകണ്ട സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി.
ഉണ്ടാക്കിയ മെഴുകുതിരിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒരുപാട് പേര്‍ നല്ല പ്രതികരണവുമായി വന്നു. പക്ഷേ ലോക്ക്ഡൗണ്‍ തടസ്സമായി. സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ വന്നു. തുടക്കത്തില്‍ തന്നെ മുടക്കം, ആദ്യം വിഷമം തോന്നിയെങ്കിലും ആ സമയം എനിക്കൊരു മുതല്‍ക്കൂട്ടായി. ആ സമയം പ്രെഫഷണലായിത്തന്നെ മെഴുകുതിരി നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ ഉപയോഗിച്ചു. 'udemy' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ക്ലാസ്സെടുത്തു. കൊറോണക്കാലമായതിനാല്‍ ഫ്രീ ക്ലാസ്സ് കിട്ടി. ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. ഏതൊക്കെ വസ്തുക്കള്‍ കൃത്യമായി എങ്ങനെ ഉപയോഗിക്കാം എന്ന് പഠിച്ചു. അടുത്തത് ഡീലറെത്തേടിയുള്ള പാച്ചിലായിരുന്നു. ഡീലറിനെ കിട്ടി. എന്നാല്‍ അന്നുവരെയുള്ള പൈസ മുഴുവന്‍ ചെലവാക്കിയത് അച്ഛനായിരുന്നു. ചോദിക്കുമ്പോഴെല്ലാം പൈസ തന്ന് എല്ലാത്തിനും പിന്തുണച്ചു. നല്ല ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. മൂന്നു മാസത്തിനകം തന്നെ അച്ഛന്റെ പൈസ തിരികെ നല്‍കാന്‍ കഴിഞ്ഞു. അതാണ് ഏറ്റവും വലിയ നേട്ടമായി ഞാന്‍ വിശ്വസിക്കുന്നത്.
മുറിഞ്ഞുപോയ തിരികള്‍
തുടക്കത്തില്‍ ഈ മേഖലയില്‍ വലിയ രീതിയില്‍ മത്സരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. വര്‍ഷാവസാനമായപ്പോള്‍ പുതിയ ആളുകള്‍ വന്നു തുടങ്ങി. അതുകഴിഞ്ഞ് എന്റെ വിവാഹംകഴിഞ്ഞപ്പോള്‍ കുറച്ചുകാലം ബ്രേക്ക് എടുത്തു. പിന്നെ അദ്ദേഹത്തിന്റെ പിന്തുണയോടുകൂടി തന്നെ പുനരാരംഭിച്ചു. വീട്ടില്‍ മെഴുകുതിരി നിര്‍മാണത്തിനായി ഒരു മുറി തന്നെ ഉണ്ടായിരുന്നു. സംരംഭം നല്ല രീതിയില്‍ മുന്നോട്ട് പോയി. രണ്ട് വര്‍ക്ക്‌ഷോപ്പ് നടത്തി. പങ്കെടുത്തവരെല്ലാം പുതിയ ബിസിനസ് തുടങ്ങി. കുഞ്ഞ് ജനിച്ചപ്പോള്‍ വീണ്ടും നിര്‍മാണം തടസ്സപ്പെട്ടു. ഇതിനിടെ ഓര്‍ഡറുകള്‍ക്കായി പലരും വിളിച്ചു. മകള്‍ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലായിരുന്ന സമയത്ത് ഒരു പാര്‍ട്ടി ഫങ്ഷനായി ഇരുന്നൂറ് മെഴുകുതിരികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വിളിച്ചു. ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ഞാന്‍ നോ പറഞ്ഞു. ആ സമയം ഭര്‍ത്താവാണ് ഈ ചാന്‍സ് കളയണ്ട, വീണ്ടും ആരംഭിക്കണമെന്ന് പറഞ്ഞ് പിന്തുണ നല്‍കിയത്. അങ്ങനെ വീണ്ടും തുടങ്ങി. തിരിച്ചുവിളിച്ച് ഓര്‍ഡര്‍ ഏറ്റെടുത്തു.
വെജിറ്റബിള്‍ മെഴുക്, പാരഫിന്‍ മെഴുക് അല്ലെങ്കില്‍ സോയ വാക്‌സ് എന്നിവയില്‍ നിന്നാണ് നിര്‍മാണം. ടീ ലൈറ്റുകള്‍, കണ്ടെയ്നര്‍ മെഴുകുതിരികള്‍, പില്ലര്‍ മെഴുകുതിരികള്‍, ഡിസൈനര്‍ മെഴുകുതിരികള്‍, ഡെസേര്‍ട്ട് തുടങ്ങി അനവധി വ്യത്യസ്ത ശേഖരങ്ങളാണ് ഈ കൂട്ടത്തിലുള്ളത്. ഏറ്റവും പുതിയ ലൈനപ്പില്‍ വാക്സ് മെല്‍റ്റുകള്‍ ഉള്‍പ്പെടുന്നു. ഇത് ഡിഫ്യൂസറുകളിലെ സുഗന്ധ എണ്ണകള്‍ക്ക് പകരം വയ്ക്കാന്‍ കഴിയും. ജാര്‍ കാന്‍ഡില്‍സില്‍ തന്നെ വലുപ്പത്തിനനുസരിച്ച് വ്യത്യസ്തമായ ഡിസൈനുകളിലാണ് മെഴുകുതിരികള്‍ തയ്യാറാക്കുന്നത്. റോസ്, ലാവന്‍ഡര്‍, മാംഗോ തുടങ്ങി പ്രത്യേക വിശേഷങ്ങള്‍ക്കായി മാത്രം ചെയ്‌തെടുക്കുന്നവയുമുണ്ട്. സുഗന്ധം പരത്തുന്ന മെഴുകുതിരികളാണ് എല്ലാം. ഡെസേര്‍ട്ട് കാന്‍ഡില്‍സില്‍ തന്നെ വാനില, ചോക്കോ...തുടങ്ങി വ്യത്യസ്തങ്ങളായവ ഉണ്ടാക്കുന്നുണ്ട്.
സാധാരണ മെഴുകുതിരി മോള്‍ഡ് ഉപയോഗിച്ചാണ് നിര്‍മാണം. എന്നാല്‍ കൂട്ടത്തില്‍ എന്റെ ഫേവറേറ്റ് ബ്രൗണി കാന്‍ഡില്‍സാണ്. സൈസ് കറക്ട് ആകാന്‍ ഞാന്‍ തന്നെ കാര്‍ബോര്‍ഡില്‍ വെട്ടിയെടുത്ത് മോള്‍ഡ് ഉണ്ടാക്കി നിര്‍മിക്കുന്നതുകൊണ്ട് അല്പം ഇഷ്ടക്കൂടുതല്‍ ബ്രൗണിയോടുണ്ട്. ഇതിനോടകം ആയിരത്തിലധികം ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കി. ഞാന്‍ ഇപ്പോള്‍ എന്റെ സ്വപ്നത്തില്‍ ജീവിക്കുന്നു. ഓരോ ദിവസവും സംരംഭം മെച്ചപ്പെടുത്താനും രസകരമാക്കാനും പുതുമ കൊണ്ടുവരാനുള്ള ആശയം തേടുകയാണ്. റിധയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിക്കുന്നു.
സ്‌പോട്ടിഫൈ കാന്‍ഡില്‍സ് കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനുസരണം ചെയ്ത് കൊടുക്കാറുണ്ട്. സ്‌പോട്ടിഫൈ ആപ്പില്‍നിന്ന് കസ്റ്റമേഴ്‌സിന് ഇഷ്ടമുള്ള പാട്ടിന്റെ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്‌തെടുക്കും. എന്തെങ്കിലും ഉദ്ധരണി വേണമെങ്കില്‍ അതും കൂടി വെച്ച് കാന്‍വ ആപ്പിൽ എഡിറ്റ് ചെയ്യും. ശേഷം സ്റ്റിക്കര്‍ പ്രിന്റ് എടുത്ത് മെഴുകുതിരിയിൽ ഒട്ടിക്കും. മെഴുകുതിരി കൊളുത്തിയശേഷം, ഫോണിൽ സ്റ്റിക്കർ പ്രിന്റ് സ്കാൻ ചെയ്താൽ, നിങ്ങൾ ആവശ്യപ്പെട്ട പാട്ട് കേള്‍ക്കാം. സംഗീതവും മെഴുകുതിരിയും ഇഷ്ടമുള്ളവര്‍ക്ക് രണ്ടും ഒരുമിച്ച് കിട്ടുന്നു എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.
ഭര്‍ത്താവ് അഷ്‌റഫ് റംസാന്‍ എല്ലാത്തിനും നല്ല സപ്പോര്‍ട്ടാണ്. രണ്ട് പെണ്‍മക്കളാണ്, നൂറ മറിയം റംസാന്‍, യുസ്ര ഖേര്‍ റംസാന്‍. മൂത്തമകള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് റീസെല്ലിങ് ബിസിനസ്സ് തുടങ്ങിയത്. ഇപ്പോള്‍ അവള്‍ക്ക് ഏഴുവയസ്സായി. ഇളയ മകള്‍ക്ക് ഒരു വയസ്സും. മക്കളുടെ മുന്നില്‍ ഇന്ന് അഭിമാനത്തോടെ പറയും, ഞാനൊരു മെഴുകുതിരി നിര്‍മാതാവും സംരംഭകയുമാണെന്ന്. അതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.
Content Highlights: life story of entrepreneur ridha
Published: 09 Sept 2023, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented