
അമ്മയുടെ കാലശേഷം എങ്ങനെ ജീവിക്കും, എന്തുചെയ്യും...എന്ന് സഹതപിച്ചവര്‍ക്കുമുന്നില്‍ ഇന്ന് രമ്യ ഗണേഷ് എന്ന കോഴിക്കോട്ടുകാരി ജീവിച്ചുകാണിക്കുകയാണ്. ദുഖിച്ചിരിക്കാന്‍ നേരമില്ലാതെ, ഓരോ കുഞ്ഞുവിജയങ്ങളും ആഘോഷിച്ചാണ് അവര്‍ മുന്നേറുന്നത്. കേരളത്തിലെ വീല്‍ചെയര്‍ മോഡല്‍, ഭിന്നശേഷിക്കാരായ വ്യക്തികളില്‍ സാക്ഷരതാമിഷനിലൂടെ കോളേജില്‍ പ്രവേശനം നേടിയ അപൂര്‍വം പേരിലൊരാള്‍...വിശേഷണങ്ങളേറെയാണ് രമ്യയ്ക്ക്. കോഴിക്കോട്ടുകാരായ സതീദേവിയുടെയും ഗണേശന്റെയും മൂന്നാമത്തെ മകളാണ് രമ്യ. ജനിച്ചപ്പോള്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്തൊരു കുട്ടിയായിരുന്നു. ഒമ്പതാം മാസത്തിലാണ് എല്ലാം കീഴ്‌മേല്‍ മറിയുന്നത്. ''ഒമ്പതാം മാസം വരെ എനിക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പോളിയോവാക്‌സിനെടുത്തതിന്റെ തൊട്ടടുത്ത ദിവസം അമ്മ നോക്കുമ്പോള്‍, എന്റെ ചെവിയിലൂടെ പഴുപ്പുപോലെ ഒലിച്ചിറങ്ങുന്നു. പക്ഷേ, വേറെ അസ്വസ്ഥതകളൊന്നും ഞാന്‍ പ്രകടിപ്പിച്ചതുമില്ല. പനിയോ, കരച്ചിലോ...ഒന്നും. പഴുപ്പ് കണ്ടപ്പോള്‍ ഇവര്‍ക്കാകെ പേടിയായി. നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മൂന്നുദിവസം ഐ.സി.യു.വിലായിരുന്നു. തലച്ചോറില്‍ മുഴുവന്‍ പഴുപ്പ് പടര്‍ന്നിരുന്നുവത്രേ''. ആ മൂന്ന് ദിവസങ്ങളിലും ജീവന്‍ കൈയില്‍പിടിച്ചെന്ന പോലെ രമ്യയുടെ അമ്മ സതീദേവിയും അച്ഛന്‍ ഗണേശനും ഐ.സി.യുവിന് മുന്നില്‍ തന്നെ കാത്തിരുന്നു. കുട്ടിയെ തിരിച്ചുകിട്ടുമോ, ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ...ഇതൊക്കെയായിരുന്നു അവരുടെ പേടി. മൂന്നാമത്തെ ദിവസം ഡോക്ടര്‍ ഐ.സി.യുവില്‍നിന്ന് പുറത്തേക്കുവന്നു. ആ കുഞ്ഞിന്റെ അച്ഛനോടും അമ്മയോടുമായി പറഞ്ഞു, 'തലച്ചോറിന് കാര്യമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഒരു ഭാഗം തളര്‍ന്നതുപോലെയാണ്. വളരുമ്പോള്‍ കുറേ പ്രശ്‌നങ്ങളുണ്ടാവും. ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടിവരും'.
Also Read
ഡോക്ടര്‍ പറഞ്ഞതുപോലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും രമ്യയ്ക്ക് മുന്നില്‍ കടമ്പയായിരുന്നു. വളരെ വൈകിയാണെങ്കിലും പിടിച്ചുപിടിച്ച് അവള്‍ നടന്നുതുടങ്ങി. ''വലുതായപ്പോള്‍ എന്നെ നടക്കാവ് സ്‌കൂളില്‍ ചേര്‍ത്തു. അമ്മയാണ് സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും. അവിടുന്ന് ബാത്ത്‌റൂമില്‍ പോവാനെല്ലാം ടീച്ചര്‍മാരോ കൂട്ടുകാരോ സഹായിക്കും. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ പെട്ടെന്ന് മരിക്കുന്നത്. അതെനിക്ക് ശരിക്കും ഷോക്കായിരുന്നു. എങ്കിലും പരീക്ഷയെഴുതി. റിസള്‍ട്ട് വന്നപ്പോള്‍ കണക്കിന് മാത്രം തോറ്റു. വീണ്ടും പരീക്ഷയെഴുതാനോ ക്ലാസില്‍ പോവാനോ ഒന്നും തോന്നിയില്ല''.
ആ ഇരുണ്ടദിനങ്ങള്‍
രമ്യ പൂര്‍ണമായും വീടിനുള്ളിലേക്കൊതുങ്ങി. ''ആ സമയത്ത് പുറത്തുപോവാനൊക്കെ മടിയായിരുന്നു. കാണുന്നവരുടെയെല്ലാം മുഖത്ത് സഹതാപം മാത്രം. ചിലര്‍ ചോദിക്കും, അമ്മേടെ കാലശേഷം എങ്ങനെ ജീവിക്കും, എന്തുചെയ്യും എന്നൊക്കെ. അതോടെ എങ്ങോട്ടും പോവാതായി. അന്നൊക്കെ വീട് മാത്രമായിരുന്നു എന്റെ ലോകം. അങ്ങനെ എട്ടുവര്‍ഷം വീട്ടില്‍ കഴിഞ്ഞു. അതിനിടയില്‍ എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ വിവാഹം കഴിയുന്നു, കുട്ടികളാവുന്നു. ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ ജോലി കിട്ടുന്നു. എന്റെ ജീവിതത്തില്‍ മാത്രം ഒരു മാറ്റവുമില്ല. ആരെയും അഭിമുഖീകരിക്കാനോ സംസാരിക്കാനോ പോലും താത്പര്യമില്ലാതെ എന്റെ മുറിയില്‍ തന്നെ കഴിഞ്ഞു. പതുക്കെപ്പതുക്കെ മനസ്സിനെ എന്തൊക്കെയോ അസ്വസ്ഥതകള്‍ ബാധിക്കുന്നത് അറിയുന്നുണ്ടായിരുന്നു. അന്നെന്നെ ബാധിച്ചത് ഡിപ്രഷന്‍ ആണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്''.

എങ്ങും പോവാതെ രമ്യയുടെ കാലുകളുടെ വഴക്കമൊക്കെ ഏകദേശം നഷ്ടപ്പെട്ടിരുന്നു. ശാരീരികപ്രശ്‌നങ്ങള്‍ക്കൊപ്പം മനസ്സിന്റെ വിഷമവും. അപ്പോഴാണ് ശാരീരികവൈകല്യമുള്ളവരുടെ പേഴ്‌സണല്‍ ഡവലപ്പ്‌മെന്റ് കോഴ്‌സിനെക്കുറിച്ച് ഒരു പത്രക്കട്ടിങ്ങിലൂടെ രമ്യ അറിയുന്നത്. ആ കോഴ്‌സാണ് രമ്യയുടെ ജീവിതം മാറ്റിമറിക്കുന്നതും.
''അതുവരെയുള്ള 25 വര്‍ഷവും എന്നെ മാത്രമാണ് ഞാന്‍ കണ്ടത്. ഞാനനുഭവിക്കുന്നതാണ് ഏറ്റവും വലിയ ദുരിതമെന്നാണ് ചിന്തിച്ചത്. അവിടെച്ചെന്നപ്പോഴാണ് അതെല്ലാം തെറ്റാണെന്ന് മനസ്സിലായത്. കണ്ണ് കാണാത്തവരെ വെച്ച് നോക്കുമ്പോള്‍ എനിക്കെല്ലാം കാണാന്‍ പറ്റുന്നുണ്ടല്ലോ എന്നോര്‍ത്തു. ഒരാള്‍ ടോയ്‌ലറ്റില്‍ എത്തിച്ചുതന്നാല്‍ സ്വയമെല്ലാം ചെയ്യാന്‍ എനിക്ക് പറ്റും. പക്ഷേ, അതിനുപോലും പറ്റാത്തവരെ ആ കോഴ്‌സിനു പോയപ്പോള്‍ കണ്ടു. ആത്മവിശ്വാസക്കുറവുകൊണ്ട് ഒരാളുടെ മുഖത്തുനോക്കി സംസാരിക്കാത്ത ഞാന്‍ അതൊക്കെ അവിടുന്ന് പഠിച്ചു. ഓട്ടോയിലാണെങ്കിലും, അമ്മ കൂടെയുണ്ടെങ്കിലേ പുറത്തുപോകൂവെന്നായിരുന്നു എന്റെ വാശി. അതും മാറി, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ പുതുമയായിരുന്നു''.
കോഴ്‌സ് കഴിഞ്ഞിറങ്ങിയപ്പോള്‍ ജീവിതം ഒരിക്കലും ഇനി പഴയതുപോലെയാവില്ലെന്ന് ഉറപ്പിച്ചു. പക്ഷേ ആ ധാരണ തെറ്റാണെന്ന് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെളിഞ്ഞു. ''ഒന്നും ചെയ്യാനില്ലാതെ വീണ്ടും വീട്ടിലിരിപ്പ് തുടങ്ങി. ആ പഴയ സ്റ്റേജിലേക്ക് തന്നെയാണ് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി. കോഴ്‌സിനു പോയപ്പോള്‍ പരിചയപ്പെട്ട സുഖദേവ് സാറാണ് സാക്ഷരതാ മിഷന്റെ ക്ലാസിനെക്കുറിച്ച് പറയുന്നത്. അങ്ങനെ അവിടെ ചേര്‍ന്നു, പത്താം ക്ലാസ് എഴുതിയെടുത്തു. പിന്നീട് പ്ലസ് വണ്‍, പ്ലസ്ടുവും. ആ ഇടയ്ക്കാണ് ഡ്രീം ഓഫ് അസ് എന്ന കൂട്ടായ്മയുടെ ഭാഗമാകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുടെ കൂട്ടായ്മയാണിത്. അവരെന്നെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല ചിത്രപ്രദര്‍ശനത്തിന്റെ പ്രധാന കോഡിനേറ്റര്‍മാരില്‍ ഒരാളാക്കി. പൊതുവേദികളില്‍ ആത്മവിശ്വാസത്തോടെ ഞാന്‍ സംസാരിച്ചുതുടങ്ങി''.
മോഡലിങ്ങില്‍ ഒരുകൈ
''മോഡലിങ്ങില്‍ എനിക്ക് ചെറുപ്പത്തിലേ നല്ല താത്പര്യമായിരുന്നു. പക്ഷേ ഭിന്നശേഷിക്കാര്‍ എങ്ങനെ മോഡലിങ് ചെയ്യുമെന്നറിയില്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ഫെസ്റ്റിവലില്‍ ഞാനും പേരുകൊടുത്തു. അങ്ങനെ ആദ്യമായി വീല്‍ചെയറുരുട്ടി റാംപിലൂടെ പോയി. അതിനുശേഷം പെരിന്തല്‍മണ്ണയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനുവേണ്ടിയും റാമ്പ് ചെയ്തു. പിന്നെ കോഴിക്കോടുള്ള രണ്ട് ബൊട്ടീക്കുകള്‍ക്കുവേണ്ടി മോഡലിങ് ചെയ്തു. അങ്ങനെ ചെറിയ ചെറിയ ചുവടുകള്‍. ചേച്ചിയുടെ മകന്‍ കാര്‍ത്തിക്ക് ആണ് എല്ലാത്തിനും സഹായം. അമ്മ എന്നെ നോക്കുന്നപോലെ ഓരോ കാര്യങ്ങളും ചെയ്തുതരാന്‍ അവനറിയാം. ഈ വീല്‍ചെയറിലിരിക്കാന്‍ ആദ്യമൊക്കെ ഭയങ്കര മടിയായിരുന്നു. വീല്‍ചെയറില്‍ പോകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും. അതറിഞ്ഞ കാര്‍ത്തിക്ക് എന്നെയുമിരുത്തി പുറത്തുപോവാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അത് രസമായി. ഇപ്പോള്‍ വീല്‍ചെയറിലിരുന്ന് ഞാന്‍ ഒറ്റയ്ക്ക് പുറത്തുപോവും. നാലഞ്ച് കിലോമീറ്റര്‍ ദൂരമൊക്കെയാണെങ്കില്‍ വീല്‍ചെയര്‍ തന്നെയാണ് ഉപയോഗിക്കുക. ഡോക്ടറെ കാണാന്‍ പോവാനും എന്തെങ്കിലും സാധനം വാങ്ങാനുമൊക്കെ ഇതില്‍ തന്നെയാണ് പോവുന്നത്''.
ഇനിയും ഒരുപാട് ദൂരം പോവാനുണ്ടെന്ന് രമ്യ പറയുന്നു. ''എനിക്കുവേണ്ടി ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാറ്റിവെച്ചയാളാണ് അമ്മ. അമ്മ നല്ല ഭംഗിയില്‍ സാരിയുടുത്ത് ഞാനിതുവരെ കണ്ടിട്ടില്ല. എന്നെ പിടിക്കുമ്പോള്‍ സാരി കാലില്‍ തടയും. അതുകൊണ്ട് അമ്മ കാലില്‍ തട്ടാത്ത രീതിയിലാണ് സാരിയുടുക്കുക. കേള്‍ക്കുന്നവര്‍ക്ക് ഈ പറയുന്നത് കളിയായി തോന്നിയേക്കാം. വീല്‍ചെയറില്‍ ഇരിക്കാന്‍ തുടങ്ങിയശേഷം ഞാനമ്മയോട് പറയും, ഇനിയെങ്കിലും നന്നായി സാരിയുടുക്കാന്‍. അത് ശീലമായിപ്പോയെന്നാണ് അമ്മ പറയുന്നത്. ഇങ്ങനെ എനിക്കുവേണ്ടി ജീവിക്കുന്ന അമ്മയെ നന്നായി നോക്കണം. അതാണിനിയെന്റെ മുമ്പിലെ സ്വപ്‌നം. അതിനൊപ്പം പഠനം മുന്നോട്ടുകൊണ്ടുപോവണം. ബി.എഡിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. പിന്നെ അമ്മയെപ്പോലെ എന്നെ അടുത്തറിയുന്ന, സുഹൃത്തുക്കളെപ്പോലെ എന്നെ മനസ്സിലാക്കുന്ന, എന്റെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒപ്പം നിന്ന് വെളിച്ചം നല്‍കുന്ന ഒരു കൂട്ടുകാരനെ ഞാനും കാത്തിരിക്കുന്നുണ്ട്...''
Content Highlights: life story of Ramya ganesh who is wheelchair model and a survival
Published: 24 Jun 2023, 09:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented