
ആന്ധ്രയിലെ ഒരുകര്‍ഷക കുടുംബത്തില്‍ ജനിച്ച പയ്യന്‍ അവന്റെ ചെറുപ്പത്തില്‍ കണ്ട സ്വപ്‌നങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉണ്ടായിരിക്കണം, അപ്രാപ്യമെന്ന് തോന്നുന്നതെല്ലാം പ്രാപ്യമാക്കിയാണ് റാമോജി റാവു എന്ന അതികായന്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നത്. റാമോജി ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് ഉടമയുമായ റാമോജി റാവുവിന്റെ ജീവിതം സ്വന്തം കഠിനപ്രയത്‌നത്താല്‍ സ്വപ്‌നം കണ്ടെതെല്ലാം യഥാര്‍ഥ്യമാക്കിയ കഠിനാധ്വാനിയുടെ കഥ കൂടിയാണ്. 1666 ഏക്കറില്‍ ഹൈദരബാദില്‍ പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി മുതല്‍ തെലുഗ് മാധ്യമമേഖല അടക്കിഭരിക്കുന്ന ഈനാട് ഗ്രൂപ്പ് വരെ തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുതജീവിതമാണ് അദ്ദേഹത്തിന്റേത്. റാമോജി റാവു വിടവാങ്ങുമ്പോള്‍ അടയുന്നത് തെലുഗ് മണ്ണിന്റെ ചരിത്രത്തിന്റെ വലിയ അധ്യായമാണ്.

മണ്ണിന്റെ മണമറിഞ്ഞ ബാല്യം...
1936 നവംബര്‍ 16-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ കര്‍ഷകകുടുംബത്തിലാണ് റാവു ജനിക്കുന്നത്. ബാല്യകാലം മുതല്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതുതായി എന്തെങ്കിലും ചെയ്യാനുമുള്ള ആഗ്രഹം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനും കൃഷി വര്‍ധിപ്പിക്കാനുമുള്ള പലവഴികള്‍ കൗമാരകാലത്ത് തന്നെ അദ്ദേഹം കണ്ടെത്താന്‍ ശ്രമിച്ചു. പഠനക്കാലത്ത് സാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനവിഷയം.
മാര്‍ഗദര്‍ശി ചിട്ടി ഫണ്ടിലൂടെയാണ് പിന്നീട് ആന്ധ്ര കണ്ട ഏറ്റവും വലിയ വ്യവസായ ശൃംഖലയ്ക്ക് അദ്ദേഹം തറക്കല്ലിടുന്നത്. മികച്ച രീതിയില്‍ ചിട്ടി ഫണ്ടിനെ മുന്നോട്ട് കൊണ്ടുപോയ റാവു അതിവേഗം സിനിമ, മാധ്യമമേഖലകളിലേക്ക് തന്റെ വ്യവസായത്തെ വളര്‍ത്തി പന്തലിപ്പിച്ചു.
1983-ല്‍ സ്ഥാപിച്ച ഉഷാകിരൺ മൂവിസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയിലൂടെ തെന്നിന്ത്യയിലെ ശ്രദ്ധേയ നിര്‍മാതാവായി അദ്ദേഹം വളര്‍ന്നു. തെലുഗ്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി 80 സിനിമകള്‍ ഉഷാകിരണ്‍ മൂവിസിന്റെ ബാനറില്‍ അദ്ദേഹം നിര്‍മിച്ചു. മികച്ച തെലുഗ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, നാലു ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവയടക്കം ഒരുപാട് പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2016-ല്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

ഫിലിം സിറ്റിയെന്ന മഹാത്ഭുതം..
തെന്നിന്ത്യന്‍ സിനിമ മദ്രാസിലെ സ്റ്റുഡിയോകള്‍ക്ക് ചുറ്റുംമാത്രം വട്ടമിട്ട് പറക്കുന്ന കാലത്താണ് ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഹൈദരാബാദില്‍ തീര്‍ത്ത് റാമോജി റാവു ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചത്. 1996-ലാണ് അദ്ദേഹം റാമോജി ഫിലിം സിറ്റി സ്ഥാപിക്കുന്നത്. 1666 ഏക്കറില്‍ ഹൈദരാബാദ് നഗരത്തിന് സമീപത്തായി അനാജ്പൂര്‍ ഗ്രാമത്തിലെ ഹയാത്ത് നഗറിലാണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ന് ഒരുദിവസം കുറഞ്ഞത് പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ഈ സ്ഥലത്തിന് ഒരേസമയം അമ്പത് ഫിലിം യൂണിറ്റുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ഇവര്‍ക്കുള്ള താമസസൗകര്യമടക്കം എല്ലാ കാര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
തിരക്കഥയുമായി ഫിലിം സിറ്റിയുടെ ഉള്ളിലേക്ക് വന്നാല്‍ സിനിമയുമായി നിങ്ങള്‍ക്ക് പുറത്തുപോകാം എന്നതാണ് ചുരുക്കം. ലണ്ടന്‍ സ്ട്രീറ്റ്, ഹോളിവുഡ് സൈന്‍, ജാപ്പനീസ് ഗാര്‍ഡന്‍, വിമാനത്താവളം, ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, ലാന്‍ഡ് സ്‌കേപ്പുകള്‍, വിവിധ രീതിയിലുള്ള കെട്ടിടങ്ങള്‍, തെരുവുകള്‍, ലബോറട്ടറികള്‍ തുടങ്ങി വിവിധതരം ഫിലിംസെറ്റുകളുണ്ട്. ലോകത്തെ പ്രശസ്തമായ നിര്‍മിതികളുടെ സമാനരൂപത്തിലുള്ള സെറ്റുകളും ഇവിടെ കാണാനാകും
ലോകശ്രദ്ധ ആകര്‍ഷിച്ച ബാഹുബലി സിനിമയുടെ ബ്രഹ്മാണ്ഡ സെറ്റായ മഹിഷ്മതി സാമ്രാജ്യവും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ലൈവ് ഷോകള്‍, തത്സമയ സിനിമാ ചിത്രീകരണ കാഴ്ചകള്‍, അഡ്വഞ്ചര്‍ ആക്ടിവിറ്റികള്‍ തുടങ്ങി ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഒരുദിവസം കൊണ്ട് കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്രയും കാഴ്ചകള്‍ ഫിലിം സിറ്റിക്കുള്ളിലുണ്ട്. സന്ദര്‍ശകര്‍ക്കായി വിവിധ കാറ്റഗറിയിലുള്ള താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പിന്നിലെ കൗതുകങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനും ഫിലിം സിറ്റിക്കുള്ളിലെത്തിയാല്‍ സാധിക്കും.
ബിസിനസിലെ അതികായന്‍...
1995-ലാണ് അദ്ദേഹം ഇ ടിവി നെറ്റ്‌വര്‍ക്കിന് തുടക്കമിട്ടത്. വ്യത്യസ്തഭാഷകളിലായി 12 ചാനലുകള്‍ ഒരേസമയം ആരംഭിച്ചുകൊണ്ടാണ് ഇ ടിവി നെറ്റ്‌വര്‍ക്ക് ഇന്ത്യന്‍ മാധ്യമമേഖലയില്‍ ചുവടുറപ്പിച്ചത്. തെലുഗിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ഈനാടിന്റെ ഉടമസ്ഥനും റാമോജി റാവു തന്നെയാണ്.
രമാദേവി പബ്ലിക് സ്‌കൂള്‍, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷണ്‍, പ്രിയ ഫുഡ്‌സ്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി തുടങ്ങി വിവിധ വ്യവസായ സംരംഭങ്ങളിലൂടെയാണ് റാമോജി റാവു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലൊരാളായി മാറിയത്. ആന്ധ്രരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നതില്‍ ഒരുകാലഘട്ടം വരെ നിര്‍ണായക സ്വാധീനം റാമോജി റാവു ചെലുത്തിയിരുന്നു.
Content Highlights: Life story of Ramoji rao who is the founder of Ramoji film city and e nadu group
Published: 08 Jun 2024, 12:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented