ഹൃദയശസ്ത്രക്രിയ നടത്തുന്ന വനിതാ സർജൻമാർ രാജ്യത്ത് തന്നെ വിരളമാണ്. കുഞ്ഞുഹൃദയങ്ങൾ സർജറിയിലൂടെ സുഖപ്പെടുത്തുന്ന മലയാളി ഡോക്ടർ വി. സൗമ്യാ രമണൻ വ്യത്യസ്തയാവുന്നത് ഇവിടെയാണ്.
വില്ലനായെത്തുന്ന സൂക്കേടുകളെ ശസ്ത്രക്രിയയിലൂടെ വിരട്ടിയോടിച്ച് ഹൃദയത്തിന് കാവലാളാകുന്ന ഒരു ഡോക്ടർ. ഇതിനോടകം രണ്ടായിരത്തിലേറെ കുട്ടികളുടെ ഹൃദയതാളത്തിന് പൂർണത നൽകാൻ കേരളത്തിലെ ഏക വനിതാ പീഡിയാട്രിക് കാർഡിയാക് സർജൻ കൂടിയായ സൗമ്യയ്ക്ക് സാധിച്ചു.
ഹൃദയത്തിലേക്ക്
കുഞ്ഞുഹൃദയങ്ങളിലേക്ക് വഴിനടത്തിയ യാത്രയെക്കുറിച്ച് ഡോ. സൗമ്യാ രമണൻ പറഞ്ഞുതുടങ്ങി. ''പട്ടം കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്. പ്ലസ്ടു കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നു. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംഎസും എംസിഎച്ചും പൂർത്തിയാക്കി. 2011-ൽ കാർഡിയാക് സർജനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഡോ. കെ.എം. ചെറിയാനൊപ്പം കുട്ടികളുടെ ഹൃദയസംബന്ധിയായ രോഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ചെന്നൈ ഫ്രോണ്ടിയർ ലൈഫ് ലൈൻ ഹോസ്പിറ്റൽ, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിൽ ജോലിചെയ്തു. ഇപ്പോൾ കിംസ് ഹെൽത്തിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റാണ്.''
അച്ഛന്റെ സ്വപ്നം
2008 ലെ എംസിഎച്ച് എൻട്രൻസിൽ രാജ്യത്താകെ യോഗ്യത നേടിയ മൂന്ന് പെൺകുട്ടികളിലൊരാൾ ഡോ. സൗമ്യ രമണനായിരുന്നു. ''എന്റെ അച്ഛൻ, വെങ്കട്ടരമണൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. എന്നെ കാർഡിയാക് സർജനായി കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് എംബിബിഎസ്സിന് ശേഷം മാസ്റ്റർ ഓഫ് സർജറി തിരഞ്ഞെടുത്തത്. അക്കാലത്ത് സർജറി വിഭാഗത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. ക്ലാസിലെ ഒരേയൊരു പെൺതരി ഞാനായിരുന്നു.''
കുഞ്ഞു ഹൃദയങ്ങൾ
കുഞ്ഞുഹൃദയങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ചായി സൗമ്യ. ''പലതരത്തിലുള്ള ഹൃദ്രോഗങ്ങളുമായി എത്തുന്ന കുട്ടികളുണ്ട്. ചിലപ്പോൾ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞാലും ജനിച്ചയുടൻ സർജറി ചെയ്യാൻ പറ്റില്ല. ഒരു മാസം പ്രായമാണ് 'ഐഡിയൽ ടൈം'. ഒരു മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ ശസ്ത്രക്രിയ ചെയ്താൽ അണുബാധയുണ്ടാകുന്നതിന് മുൻപ് ഹൃദയത്തിന്റെ തകരാർ പരിഹരിക്കാനാകും. ചിലർക്ക് ജനിച്ച് അഞ്ച് വർഷം കഴിഞ്ഞ് സർജറി ചെയ്താലും മതി.
ഓരോ തരത്തിലുള്ള ഹൃദ്രോഗങ്ങൾക്കും നിശ്ചിത ചികിത്സാ സമയപരിധിയുണ്ട്. സങ്കീർണമായ ഹൃദയ രോഗങ്ങൾക്ക് ഒന്നിൽക്കൂടുതൽ തവണ സർജറി വേണ്ടിവരാറുണ്ട്. സാധാരണയായി മൂന്നു മുതൽ നാല് മാസത്തിനുള്ളിൽ ആദ്യ സർജറി. ആറു മാസം മുതൽ മൂന്ന് വയസ്സിനുള്ളിൽ രണ്ടാമത്തേത്, നാലുമുതൽ എട്ടുവയസ്സിനുള്ളിൽ മൂന്നാമത്തെ സർജറി. ശരിയായ പ്രായത്തിൽ രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ കുട്ടികളിലെ ഹൃദയരോഗങ്ങൾ പരമാവധി ഭേദമാക്കാനാകും.''
അന്നും ഇന്നും
ഒന്നരപ്പതിറ്റാണ്ട് പിന്നിടുന്ന ആതുരസേവനം. ആരോഗ്യമേഖലയുടെ വളർച്ചയെക്കുറിച്ചും ആളുകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അനുഭവങ്ങളുടെ വെളിച്ചത്തിൽ സൗമ്യ സംസാരിച്ചു.
''ഏകദേശം 15 കൊല്ലം മുൻപാണ് കാർഡിയാക് സർജനാവുന്നത്. ഇക്കാലയളവിൽ ചികിത്സാ സംവിധാനങ്ങളിലും ആളുകളുടെ മനോഭാവത്തിലും നല്ല മാറ്റങ്ങൾ വന്നു. ഹൃദ്രോഗം കണ്ടെത്തിയാലും കുട്ടികളെ ചികിത്സയ്ക്ക് എത്തിക്കാത്ത സ്ഥിതിയായിരുന്നു മുൻപ്. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങൾ അതിനു പിന്നിലുണ്ട്. പിന്നീട് 18 വയസ്സു കഴിഞ്ഞാകും അവർ ചികിത്സ തേടുന്നത്.
പെൺകുട്ടികളിൽ ഹൃദയത്തകരാറുകൾ ഗർഭകാലത്ത് മാത്രം തിരിച്ചറിയുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇന്ന് അതിലൊക്കെ മാറ്റംവന്നു. ഹൃദയത്തിന് തകരാർ കണ്ടെത്തുന്ന കുഞ്ഞുങ്ങൾക്ക് എത്രയും വേഗത്തിൽ ചികിത്സ നൽകാൻ പുതുതലമുറയിലെ മാതാപിതാക്കൾ തയ്യാറാകുന്നു. അത്യാധുനിക സാങ്കേതികവിദ്യകളിൽ പലതും ഹൃദയശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
കുട്ടികളുടെ ഹൃദയപേശികൾക്ക് വികാസം കുറയുമ്പോൾ പേശികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ 'വെൻട്രിക്കുലാർ അക്‌സെസ് ഡിവൈസ്' എന്ന പ്രത്യേക ഉപകരണം വെച്ചുപിടിപ്പിക്കാനാകും. അതിനുള്ള നൂതന അത്യാധുനിക സംവിധാനങ്ങളുണ്ട്. ഹൃദയ ചികിത്സാ രംഗത്തെ സാങ്കേതിക മുന്നേറ്റത്തിന് ഒരു ഉദാഹരണം മാത്രമാണിത്.''
നേട്ടങ്ങൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2006 എംബിബിഎസ് ബാച്ചിന്റെ അവസാന പരീക്ഷയിൽ സർജറി വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവായിരുന്നു സൗമ്യ. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഫ്രാൻസിസ് ഫോണ്ടാന്റെ പേരിലുള്ള യൂറോപ്യൻ അസോസിയേഷൻ അവാർഡ് തന്നെ തേടിവന്ന കഥ പറയുമ്പോൾ ഡോക്ടർ വീണ്ടും പഴയ മെഡിക്കൽ വിദ്യാർഥിയായി.
''കാർഡിയാക് സർജറി വിഭാഗത്തിൽ ഒരു പ്രധാനശസ്ത്രക്രിയയുടെ സാധ്യത കണ്ടെത്തിയ ഡോക്ടറാണ് ഫ്രാൻസിസ് ഫോണ്ടാൻ. ചില കുട്ടികളുടെ ഹൃദയത്തിൽ ഒരു വെൻട്രിക്കിൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അവരിൽ ശുദ്ധ-അശുദ്ധ രക്തങ്ങൾ ഇടകലർന്ന് ശരീരത്തിന് നീലനിറമാകാറുണ്ട്. ഇതുപോലുള്ള രക്തചംക്രമണ സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് അദ്ദേഹം കണ്ടെത്തിയത്. അദ്ദേഹത്തിൽനിന്നും യൂറോപ്യൻ അസോസിയേഷൻ അവാർഡ് സ്വീകരിച്ചത് അഭിമാനമായിരുന്നു. അവാർഡിനൊപ്പമുള്ള ഒരു വർഷത്തെ ഫെലോഷിപ്പിൽ ഫ്രാൻസിസ് ഫോണ്ടാൻ ജോലി ചെയ്തിരുന്ന യൂറോപ്പിലെ യൂണിറ്റിൽ ആറുമാസം ജോലി ചെയ്യാനും അവസരം ലഭിച്ചു. കൂടാതെ ടാറ്റാട്രസ്റ്റിന്റെ ഒരു ഫെലോഷിപ്പിന്റെ ഭാഗമായി ഹാർട്ട് ട്രാൻസ്പ്ലാന്റും പഠിക്കാനായി.''
വെല്ലുവിളികൾ
''കാർഡിയാക് സർജറിയിലേക്ക് സ്ത്രീകൾ വരുന്നത് നിരുത്സാഹപ്പെടുത്തുന്ന ഒരു സാഹചര്യം മുൻപുണ്ടായിരുന്നു.'' കാർഡിയാക് സർജറി മേഖലയിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് ഡോക്ടർ. ''ശസ്ത്രക്രിയയിലെ സങ്കീർണതകളും റിസ്‌ക്കും കണക്കിലെടുത്താൽ പ്രതിസന്ധികൾ ഏറെയുള്ള മേഖലയാണിത്. 'എന്തുകൊണ്ട് കാർഡിയാക് സർജറി' എന്ന ചോദ്യം ഞാൻ പലയിടത്തുനിന്നും കേട്ടു.
ജനിച്ച് ഒന്നാമത്തെ ആഴ്ചയിൽ തന്നെ സർജറി അടിയന്തരാവശ്യമുള്ള കുട്ടികളുണ്ട്. വന്ധ്യതാ ചികിത്സയിലൂടെ വർഷങ്ങൾ കാത്തിരുന്നു കിട്ടുന്ന കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. അതിലെ റിസ്‌ക്ക് ഏറ്റെടുക്കാൻ ഡോക്ടറെന്ന നിലയിൽ തയ്യാറാകേണ്ടിവരും. കുഞ്ഞിനെ പൂർണാരോഗ്യത്തോടെയാണ് തിരികെ നൽകേണ്ടത്. മാതാപിതാക്കൾക്ക് പോസിറ്റീവായ മറുപടി നല്കുക എന്നതും എന്റെ ഉത്തരവാദിത്തമാണ്. അതാണ് ഏറ്റവും വലിയ വെല്ലുവിളി.''
വ്യക്തിജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ കാർഡിയാക് സർജൻ എന്ന ലേബൽ ഇടയ്‌ക്കൊക്കെ തടയാറുണ്ടെന്നും ഡോക്ടർ. ''മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയകൾക്കിടയിൽ കുടുംബത്തിനായി സമയം മാറ്റിവെക്കാനാവില്ല. കുട്ടികളുടെ കാര്യങ്ങൾ അധികം ശ്രദ്ധിക്കാനാകാതെ വരും. അതുപോലെ വ്യക്തിപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യണമെന്നതും ഇതിന്റെ മറ്റൊരു വശമാണ്.''
സ്ത്രീകൾ വരണം
കാർഡിയാക് സർജറി പോലുള്ള മേഖലകളിൽ സ്ത്രീകൾക്ക് ശോഭിക്കാനാകില്ലെന്ന് പഴയ തലമുറയിലുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ പല സാഹചര്യങ്ങളെയും സ്ത്രീകൾക്ക് ആത്മസംയമനത്തോടെ നേരിടാനാകുമെന്നാണ് ഡോക്ടറുടെ അഭിപ്രായം. ''ഏതൊരു പ്രൊഫഷനിലേയും പോലെ തുല്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിവുള്ള സ്ത്രീകളാണ് ഞങ്ങളെല്ലാം. ചികിത്സയ്‌ക്കെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് മുന്നിൽ തുറക്കപ്പെടുന്ന 'സോഫ്റ്റ് ഫേസ്' വനിതാ ഡോക്ടർമാർക്കുണ്ട്. കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം ഇതിനനുബന്ധമായി വീടുകളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ആശങ്കകളും മാതാപിതാക്കൾ തുറന്നു സംസാരിക്കാറുണ്ട്. സാമ്പത്തികമായും വൈകാരികമായും പിന്തുണ നല്കാൻ ഇതിലൂടെ സാധിക്കും. ഡോക്ടർക്ക് രോഗിയോടും അവരുടെ പ്രിയപ്പെട്ടവരോടുമുള്ള സമീപനത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആത്മവിശ്വാസം നല്കാനാകും.''
സമൂഹത്തോട്
ഗർഭസ്ഥശിശുവിന്റെ ഹൃദയ തകരാറുകൾ തിരിച്ചറിയുന്ന സംവിധാനമായ 'ഫീറ്റൽ എക്കോ' യുടെ സാധ്യതകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. ''ഭ്രൂണാവസ്ഥയിൽ ഹൃദ്രോഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അത് നശിപ്പിച്ചു കളയുന്നത് കണ്ടിട്ടുണ്ട്. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്ന പേടിയാണ് അതിനു പിന്നിൽ. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ചെറിയ ഹൃദ്രോ ഗമുള്ള കുഞ്ഞുങ്ങൾക്ക് പോലും ജീവിക്കാനുള്ള അവകാശം ഇതിലൂടെ ഇല്ലാതാവുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാലും കുഞ്ഞ് പൂർണ ആരോഗ്യത്തോടെയിരിക്കും. ഒരു സാധാരണ മനുഷ്യൻ തന്റെ 60-70 വയസ്സിനുള്ളിൽ ചെയ്യുന്നതെല്ലാം അവർക്കും ചെയ്യാനാകും.''
സേവനം സംതൃപ്തി
മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ പല കുട്ടികളും ആരോഗ്യത്തോടെ കാണാനെത്താറുണ്ട്. അത് വലിയ സന്തോഷവും സംതൃപ്തിയും തരുന്നുണ്ടെന്ന് ഡോക്ടർ. ''മുന്നിലെത്തുന്ന കുരുന്നുകളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാറുണ്ട്. ശസ്ത്രക്രിയക്ക് ശേഷം രോഗം ഭേദമായ കുട്ടികൾ എന്നെ കാണാനെത്താറുണ്ട്. അവരിൽ മെഡിസിനും നഴ്‌സിങ്ങും തുടങ്ങി പല മേഖലകളിൽ ശോഭിക്കുന്നവരുണ്ട്. കളിക്കാൻ അമ്മ പുറത്തുവിടുന്നില്ലെന്ന പരിഭവവുമായി എത്തുന്നവരുമുണ്ട്. ഒരുപാട് വിശേഷങ്ങളും സന്തോഷങ്ങളും അവർ പങ്കുവെക്കും.''
കുടുംബം
തിരുവനന്തപുരം കുമാരപുരത്താണ് ഡോ. സൗമ്യ രമണൻ താമസിക്കുന്നത്. ഭർത്താവ് ഡോ. അനൂപ് ഖത്തറിൽ നിയോനേറ്റോളജിസ്റ്റാണ്. അമ്മ വസന്ത രമണൻ. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന പതിനെട്ടുകാരി മേഘ്‌ന, ഒൻപത് വയസുകാരി അനന്യ എന്നിവർ മക്കൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Profile of Kerala's only female pediatric cardiac surgeon., Expertise in complex heart surgeries for infants and children.
Published: 07 Mar 2026, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented