പെട്ടെന്നൊരു ദിവസം ഒരു തീരുമാനം എടുക്കുന്നതായി സങ്കല്പിച്ചു നോക്കൂ. സമൂഹത്തിന്റെ ആളനക്കങ്ങളില്‍ നിന്നകന്ന് പരിപൂര്‍ണമായ ഏകാന്തതയിലേക്ക് ഉള്‍വലിയാനുള്ള തീരുമാനം. അതും പ്രശസ്തിയുടെ ഉന്നതിയില്‍വെച്ച്. അത്തരമൊരു തീരുമാനമെടുത്ത് വിജയകരമായി നടപ്പാക്കിയ ഒരാള്‍. എഴുത്തുകാരി കിരണ്‍ ദേശായി.‌ ഒന്നും രണ്ടുമല്ല നീണ്ട ഇരുപത് വര്‍ഷം നീളുന്ന ഏകാന്തതയ്‌ക്കൊടുവില്‍ കിരണ്‍ ദേശായി വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.

To advertise here,

വെറും മടങ്ങിവരവല്ല. ഈ വരവില്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയൊരു പുസ്തകവുമായാണ് അവരുടെ രംഗപ്പെടല്‍. ‘ദ ലോണ്‍ലിനെസ് ഓഫ് സോണിയ ആന്‍ഡ് സണ്ണി’ കിരണ്‍ ദേശായിയുടെ മൂന്നാമത്തെ നോവലാണ്. മുപ്പതുവര്‍ഷം മുമ്പ് ‘ഹുല്ലാബലു ഇന്‍ ദ ഗുവാവ ഓര്‍ചാഡ്’ എന്ന കൃതിയുമായായിരുന്നു സാഹിത്യരംഗത്തേക്ക് ഇവരുടെ വരവ്. പത്തുവര്‍ഷത്തിനുശേഷം ലോകശ്രദ്ധ നേടിയ ‘ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്’ എന്ന കൃതി. വിശ്വവിഖ്യാതമായ ആ നോവല്‍ 2006ല്‍ ബുക്കര്‍ സമ്മാനംനേടി.

അവരവരില്‍ നിന്നുതന്നെ അന്യരാക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ വായനക്കാര്‍ തങ്ങളുടെതന്നെ പ്രതിബിംബങ്ങളെ കണ്ടു. ‘ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്’ വായനയുടെ ഉന്നതികള്‍ കീഴടക്കുമ്പോഴായിരുന്നു കിരണ്‍ ദേശായി ആ തീരുമാനം എടുക്കുന്നത്. മുഖ്യധാരയില്‍ നിന്ന്, പ്രശസ്തിയുടെ ശബളിമയില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം. പെട്ടെന്നുള്ള തോന്നല്‍ ആയിരുന്നില്ല കാരണം. എഴുത്തിന്റെ ഏകാഗ്രതയ്ക്ക് അക്ഷരോപാസനയ്ക്ക് ഏകാന്തതയോളം വലിയ തണലില്ല എന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നില്‍.

സോണിയ എന്ന ആര്‍ട്ട് ക്രിട്ടിക്കിനെയും സണ്ണി എന്ന ഡല്‍ഹിക്കാരന്‍ പയ്യനേയും ചുറ്റിപ്പറ്റിയാണ് ദേശായിയുടെ പുതിയ നോവലിന്റെ സഞ്ചാരം. “അവരിലൂടെ ഞാനോര്‍ക്കുന്നത് എന്റെതന്നെ ഇരുപതുകളാണ്. നിലവിലുള്ളതിനേക്കാള്‍ സൗമ്യമായൊരു ലോകത്തെ ആഗ്രഹിക്കുന്ന എന്നെ.” അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ജീവിതത്തിലേക്കും ബന്ധങ്ങളിലേക്കും പുതുദേശത്തിലെ അനുഭവങ്ങളിലേക്കും കടന്നുചെല്ലുന്നു പുസ്തകം.

ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനിന്ന 20വര്‍ഷങ്ങളെ പറ്റി വോഗ് മാസികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ കിരണ്‍ ദേശായി ഇങ്ങനെ പറയുന്നു: “ ഈ വര്‍ഷങ്ങളിൽ ഞാന്‍ വെറുതെയിരിക്കുകയായിരുന്നില്ല. എഴുതിയും തിരുത്തിയും ഉറുമ്പിനെപ്പോലെ ഓരോ ദിവസവും വാക്കുകളും ചുമന്നു നടക്കുകയായിരുന്നു.”

പ്രശസ്തി എന്നത് തന്നെ സംബന്ധിച്ച് ഒരു ലക്ഷ്യസ്ഥാനമല്ലെന്നും തിരിഞ്ഞുനടക്കാന്‍ പ്രേരിപ്പിക്കുന്നൊരു ബിന്ദുവാണതെന്നും അവര്‍ പറയുന്നു. “ആള്‍ക്കൂട്ടത്തില്‍ ഒരാളാവുമ്പോള്‍ ആള്‍ക്കൂട്ടത്തിനുവേണ്ടി നമ്മള്‍ നിരന്തരം നമ്മെ പരിഷ്‌കരിക്കേണ്ടതായി വരും. പക്ഷേ, കല അതാഗ്രഹിക്കുന്നില്ല. കലയ്ക്ക് ആവശ്യം സ്വകാര്യതയാണ്. എഴുത്തുകാര്‍ യാത്രചെയ്യേണ്ടത് തങ്ങളുടെ കഥാപാത്രങ്ങളുടെ ആന്തരിക ലോകത്തേക്കാണ് ആള്‍ക്കൂട്ടങ്ങളിലേക്കല്ല” എന്നും അവര്‍ പറയുന്നു.

സ്വയം വില്‍പനക്കാരാവേണ്ടിവരുന്ന പുതുകാല എഴുത്തുകാരുടെ ബദ്ധപ്പാടിനെ, നിരന്തരം എഴുതിക്കൊണ്ടിരിക്കാനുള്ള സമ്മര്‍ദ്ദത്തെ, എപ്പോഴും സമൂഹത്തിന്റെ കണ്‍വെട്ടത്ത് നിലനില്‍ക്കേണ്ടതുണ്ടെന്ന നിര്‍ബന്ധബുദ്ധിയെ ഒക്കെയും കിരണ്‍ ദേശായി നിരാകരിക്കുന്നു. ഏകാന്തത നഷ്ടപ്പെട്ടാല്‍ എനിക്ക് എഴുത്ത് അസാധ്യമാകും. എന്നെ സംബന്ധിച്ച് ഈ അപ്രത്യക്ഷമാകല്‍ ഒരിക്കലും ഒളിച്ചോട്ടമല്ല, എഴുത്ത് അര്‍ഹിക്കുന്ന നീതിയാണത്.

ന്യൂഡല്‍ഹില്‍ ജനിച്ച് ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠിച്ച് അമേരിക്കയില്‍ ജീവിതമുറപ്പിക്കുകയായിരുന്നു അവര്‍. ന്യൂയോര്‍ക്കിലെ ജാക്‌സണ്‍ ബൈറ്റ്‌സില്‍ തെക്കേ ഏഷ്യന്‍, ഹിസ്പാനിക്, ഈജിപ്ഷ്യന്‍ വംശജര്‍ പാര്‍ക്കുന്ന ഫ്‌ലാറ്റിലാണ് കിരണ്‍ ദേശായിയുടെ താമസം. യോഗര്‍ട്ടും പഴങ്ങളുമായിരുന്നു ഉള്‍വലിയലിന്റെ ഈ ഇരുപത് വര്‍ഷങ്ങളില്‍ അവരുടെ പ്രധാന ഭക്ഷണം. ആഴ്ചാവസാനങ്ങളില്‍ മാര്‍ക്കറ്റിലേക്ക് പോകാനായി മാത്രം പുറത്തിറങ്ങും. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി തിരികെവരും.

എഴുത്തുകാരികൂടിയായ അമ്മ അനിതാ ദേശായിക്കൊപ്പമാണ് കിരണിന്റെ താമസം. ‘ദ ലോണ്‍ലിനെസ് ഓഫ് സണ്ണി ആന്‍ഡ് സോഫിയ’യുടെ കഥാപരിസരം തൊണ്ണൂറുകളുടെയും രണ്ടായിരത്തിന്റെയും തുടക്കകാലമാണ്. “ഇത് ഭൂതകാലത്തെപ്പറ്റിയുള്ള പുസ്തകമാണ്. പക്ഷേ, കാലത്തിന് മാറ്റാനാകാത്ത ഏകാന്തയും അതിലുണ്ട്” കിരണ്‍ പറയുന്നു.

തിരക്കുകളുടെ ഈ സോഷ്യല്‍മീഡിയക്കാലത്തും മനുഷ്യര്‍ ആഗ്രഹിക്കുന്നത് സ്വാസ്ഥ്യത്തിന്റെ ഏകാന്തതയാണെന്നാണ് അവരുടെ പക്ഷം. 88കാരിയായ അമ്മയാണ് തന്റെ ഈ പുതിയ നോവലിന്റെയും ആദ്യ വായനക്കാരിയെന്ന് കിരണ്‍ പറയുന്നു. "അമ്മ എക്കാലവും എന്റെ ആദ്യ വായനക്കാരിയും നേരിയ അളവിലെങ്കിലും എന്റെ എഴുത്തിന്റെ എഡിറ്ററുമാണ്. പക്ഷേ അതിലെല്ലാമുപരി അമ്മ എനിക്ക് അമ്മ മാത്രമാണ്.”

ഡയസ്‌പോറിക് ജീവിതത്തില്‍ എഴുത്ത് ഒളിച്ചോട്ടത്തിനുള്ള പാതയാണോ എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന മറുപടി രസകരമാണ്: “അല്ല എന്നെ സംബന്ധിച്ച് എഴുത്ത് ജീവിതത്തിന്റെ ഭൂപടമാണ്.”

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi