
അണ്ണാറക്കണ്ണാ വാ പൂവാലാ എന്ന് പാടാത്ത മലയാളികളില്ല 'ഭ്രമരം' സിനിമയിലെ ആ പാട്ടുമാത്രം മതി ജയശ്രീ ശിവദാസിനെ ഓർക്കാൻ. ഭ്രമരത്തിലെ മോഹൻലാലിന്റെ ചെറുപ്പകാലത്തെ കളിക്കൂട്ടുകാരി അമ്പിളിയായി വിസ്മയിപ്പിച്ച ബാലതാരമായിരുന്നു ജയശ്രീ. പിന്നീട് 'ഇടുക്കി ഗോൾഡ്', 'ആക്ഷൻ ഹീറോ ബിജു', 'ഇടിയൻ ചന്തു' തുടങ്ങിയ സിനിമകളിലൂടെയും ജയശ്രി പ്രേക്ഷകരുടെ കൈയടിനേടി. ഏറ്റവുമൊടുവിൽ റിലീസായ 'സാഹസ'ത്തിലും ജയശ്രീ മികച്ചുനിന്നു. ബാലതാരത്തിൽനിന്ന് നായികാനിരയിലേക്കെത്തിയ ജയശ്രീ വിശേഷങ്ങൾ പങ്കുവെക്കുന്നു.
സിനിമയിലേക്ക്...
2007-ൽ, 'ഒരിടത്തൊരു പുഴയുണ്ട്’ എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് ജയശ്രീ സിനിമയിലെത്തുന്നത്. ആദ്യത്തെ സിനിമയ്ക്കുതന്നെ അവാർഡ് നേടിക്കൊണ്ട് തുടക്കം ഗംഭീരമാക്കി. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡാണ് ജയശ്രീ സ്വന്തമാക്കിയത്. ''അന്ന് ആ പുരസ്‌കാരം ഒരു സമ്മാനംപോലെയാണ് തോന്നിയത്. അഭിമുഖങ്ങളും അംഗീകാരങ്ങളുമൊക്കെ ഏറെ ആസ്വദിച്ചിരുന്നു. ഇന്നാണ് അതിന്റെ മൂല്യം കൂടുതൽ മനസ്സിലാക്കുന്നത്.’' സ്‌കൂളിൽ പഠിക്കുന്നകാലംതൊട്ടേ കലാപരി പാടികളിൽ നിറസാന്നിധ്യമായിരുന്നു ജയശ്രീ. ബാല്യത്തിന്റെ വർണങ്ങളിൽ പാറിനടന്ന അന്നത്തെ ആ സുന്ദരിക്കൂട്ടി ഇന്ന് മലയാളസിനിമയിൽ ചുവടുറപ്പിക്കുകയാണ്.
അണ്ണാക്കണ്ണന്റ പ്രിയപ്പെട്ട ചങ്ങാതി
‘’ആക്ഷൻ ഹീറോ ബിജു,ഭ്രമരം,ഇടുക്കി ഗോൾഡ് എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ‘ഭ്രമര’ത്തിലെ അമ്പിളിയിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങിയത്. 'ഇടുക്കി ഗോൾഡി'ലെ ജലജ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.'ആക്ഷൻ ഹീറോ ബിജു'വിൽ വലിയ റോളായിരുന്നു. അത്തരം വേഷങ്ങൾ ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. മിന്നാമിന്നിക്കൂട്ടം, അസുരവിത്ത്, ഡോക്ടർ ലൗ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, 2018 എന്നീ സിനിമകളിലും അഭിനയി ച്ചിട്ടുണ്ട്.”
“ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ എന്റെ അനിയനായി അഭിനയിച്ചിരിക്കുന്നത് സ്വന്തം അനിയനായ ജയകൃഷ്ണൻ തന്നെയാണ് അവനാണ് ആദ്യം സെലക്ടാവുന്നത് പിന്നീടാണ് ഞാൻ വരുന്നത്. അച്ഛൻ ശിവദാസ് ഹോട്ടൽ ഉടമയാണ്. അമ്മ സ്വപ്നയും അനുജനും അടങ്ങുന്നതാണ് എന്റെ കുടുംബം, സി.എം.എ. യാണ് ഞാൻ പഠിച്ചത്. സിനിമയോടൊപ്പം കരിയറും കൊണ്ടുപോകണമെന്നാണ് ആഗ്രഹം.’’
അഭിനയവും സംവിധാനവും
അഭിനയത്തിൽ മാത്രമല്ല, സംവിധാനത്തിലും താത്പര്യമുള്ളയാളാണ് ജയശ്രീ. '’അഞ്ചുവർഷംമുൻപാണ് സംവിധാനത്തിലേക്ക് താത്പര്യം തോന്നിയത്. 'കുമ്പളങ്ങി നൈറ്റ്‌സാ'ണ് പ്രചോദനം. നല്ല തിരക്കഥകളിൽനിന്ന് സിനിമ എന്ന വലിയ മാധ്യമത്തിലേക്ക് എത്തുന്ന പ്രക്രിയയെപ്പറ്റി ചിന്തിച്ചുതുടങ്ങിയപ്പോൾ ഇഷ്ടംകൂടി. 2021-ൽ 'ഋത്വാ' എന്ന സംഗീത ആൽബമാണ് ആദ്യമായി സംവിധാനംചെയ്തത്. അതിൽ അഭിനയിക്കു കയും ചെയ്തു. ആ പ്രോസസ് ആസ്വദിച്ചിരുന്നു. മമ്മൂക്ക അതിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഒരുപാട് സന്തോഷമായി. 'മഹാവീര്യർ' എന്ന ചിത്രത്തിന്റെ സഹസംവിധായികയുമായിരുന്നു. അഭിനയത്തിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. എങ്കിലും, സംവിധാനവും ഇഷ്ടമുള്ള മേഖലയാണ്. നല്ല സിനിമകൾ ഉണ്ടാക്കണമെന്നാണ് ആഗ്രഹം.'’ സിനിമയ്ക്കുപുറമേ നല്ലൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ് ജയശ്രീ. 'ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. സന്തോഷം തോന്നുമ്പോഴൊക്കെ ഡാൻസ് ചെയ്യാറുണ്ട്. സ്‌കൂളുകളിലും മറ്റും നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്.'
രണ്ടുപേരും രണ്ടാണ്
‘’മാളവികാ നായരുമായി മുഖസാദൃശ്യമുള്ളതിനാൽ പലരും, ഞങ്ങൾ രണ്ടുപേരും ഒരാളാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ആളുകൾക്ക് കൺഫ്യൂഷനാണ്. ഞാൻ മാളവികയാണെന്ന ധാരണയുള്ളവരുണ്ട്. എന്റെ കഥാപാത്രങ്ങൾ മാളവികയോടും അവരുടെ കഥാപാത്രങ്ങൾ എന്നോടും വന്ന് പലരും ചോദിക്കാറുണ്ട്.’’
മാറ്റങ്ങൾക്കൊപ്പം ഞാനും
‘’ബാലതാരമായി അഭിനയിക്കുന്ന സമയത്ത്, പറഞ്ഞു തരുന്നതുമാത്രമാണ് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ സ്വന്തമായി ആലോചിച്ച്, കഥാപാത്രത്തെ മനസ്സിലാക്കി, കൂടുതൽ നന്നായി അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അഭിനയത്തിൽ കുറച്ചുകൂടി ഫോക്കസ് സ്‌ചെയ്യാൻ ആഗ്രഹിക്കുന്നു. സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് എന്റെ അഭിനയവും മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്കുണ്ട്. എന്നാൽ, ഒരുകാരണവുമില്ലാതെ ഒരു ആക്ടറിനെ വ്യക്തിപരമായി അറ്റാക്ക് ചെയ്യുന്നതിനോട് യോജിപ്പില്ല. 'ഇടിയൻ ചന്തു' എന്ന സിനിമയിലെ കഥാപാത്രത്തിന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. പക്ഷേ, അതെല്ലാം പോസിറ്റീവായി നേരിടാൻ സാധിച്ചു. ഇപ്പോൾ അടുത്ത സിനിമകളുടെ അണിയറപ്രവർത്തനങ്ങളിലാണ്. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിപ്പ് തുടരും.’’
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the journey of Jayasree Sidasiv, the talented actress who captivated audiences as a child star and now shines as a lead in Malayalam cinema. Discover her new ventures and aspirations.
Published: 24 Dec 2025, 03:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented