ജയ്കിഷന്‍ കാക്കുഭായ് ഷ്‌റോഫ് എന്ന പേര് സിനിമാപ്രേമികള്‍ക്ക് പരിചിതമായിരിക്കില്ല. ജാക്കി ഷ്‌റോഫ് എന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാറിനെയാണ് അവര്‍ക്ക് സുപരിചിതം. 1982-ല്‍ ബോളിവുഡിലെത്തിയ ആരാധകരുടെ പ്രിയപ്പെട്ട 'ജഗ്ഗു ദാദ'.  42 വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ മിന്നും പ്രകടനത്തിലൂടെ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്നു. സിംഗം എഗെയ്ന്‍, ബേബി ജോണ്‍ എന്നിവയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.  

ഗുജറാത്തി ബിസിനസുകാരനായിരുന്നു അച്ഛന്‍, അമ്മ തുര്‍ക്കി സ്വദേശിനിയും. സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലാണ് അച്ഛന്‍ ജനിച്ചതെങ്കിലും പിന്നീട് പണമെല്ലാം നഷ്ടപ്പെട്ടു. മുംബൈയിലെ തീന്‍ ബാട്ടി എന്ന ചേരിയിലാണ് ജയ്കിഷന്‍ ജനിച്ചതും വളര്‍ന്നതും. അവിടെയുണ്ടായിരുന്ന ആ ഒറ്റമുറിയിലാണ് അച്ഛനും അമ്മയും മക്കളും താമസിച്ചത്. അതുകൊണ്ടുതന്നെ ആ മുറിയുമായിട്ടായിരുന്നു ജാക്കിക്ക് ആത്മബന്ധം കൂടുതല്‍. അവിടെ താമസിച്ചിരുന്ന കാലത്തെക്കുറിച്ച് ജാക്കി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ''അവിടെ പൊതുടോയ്‌ലെറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കുറേ കെട്ടിടങ്ങളുണ്ട്. അവിടെയുള്ളവര്‍ക്കെല്ലാമായി മൂന്ന് ടോയ്‌ലെറ്റുകള്‍ മാത്രം. എനിക്കോര്‍മയുണ്ട്, എന്നും രാവിലെ ഒരു മഗ്ഗുമായി അവിടെ കാത്തിരുന്നത്. നീണ്ട ക്യൂവായിരിക്കും രാവിലെ. പഠിക്കാനും ജോലിക്കുമൊക്കെ നേരത്തെ എത്തണമെങ്കില്‍, അതിരാവിലെ അവിടെ പോയി ക്യൂ നില്‍ക്കണം''. സിനിമയില്‍ വന്നശേഷവും അവിടെത്തന്നെയായിരുന്നു കുറച്ചുകാലം താമസം. പിന്നീടാണ് അവിടുന്ന് കുറേക്കൂടി സൗകര്യമുള്ള സ്ഥലത്തേക്ക് മാറുന്നത്.

placeholder
ഭാര്യ അയേഷ ദത്ത്, മക്കളായ ടൈഗര്‍ ഷ്‌റോഫ്, കൃഷ്ണ ഷ്‌റോഫ് എന്നിവര്‍ക്കൊപ്പം / PTI

സ്‌കൂള്‍കാലത്ത് ഒരു സുഹൃത്താണ് ജാക്കി എന്ന പേര് സമ്മാനിക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരീക്ഷമായതിനാല്‍ അധികം പഠിക്കാനും കഴിഞ്ഞില്ല. പത്തുവരെയേ പഠിച്ചുള്ളൂ. അതിനുശേഷം കുടുംബത്തെ സഹായിക്കാനുള്ള ഓട്ടമായിരുന്നു. പഠനത്തോടൊപ്പം തന്നെ കപ്പലണ്ടി വില്പനയുമുണ്ടായിരുന്നു. തിയേറ്ററുകളിലായിരുന്നു അന്ന് കപ്പലണ്ടിയുമായി ജാക്കി എത്തിയിരുന്നത്. പഠനം നിര്‍ത്തിയതോടെ മുഴുവന്‍ സമയവും ഇതുതന്നെയായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ട്രാവല്‍ ഏജന്റായി ജോലി കിട്ടി. അതിനായി ദിവസവും ഒരുപാട് യാത്ര ചെയ്യണം. ആ യാത്രയ്ക്കിടയില്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് മോഡലിങ് അവസരം കൈയിലേക്കെത്തുന്നത്. ജാക്കി ഷ്‌റോഫിനുള്ളില്‍ ഒരു മോഡലുണ്ടെന്ന് തിരിച്ചറിഞ്ഞ ഒരു പരസ്യ ഏജന്‍സിയുടെ എക്‌സിക്യുട്ടീവ് ഇങ്ങോട്ടുവന്ന് പരിചയപ്പെട്ടു, മോഡലിങ് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. അടുത്തദിവസം തന്നെ ഏജന്‍സിയിലെത്തി, ആദ്യത്തെ ഫോട്ടോഷൂട്ടും അന്നുതന്നെ നടന്നു. 

തൊട്ടുപിന്നാലെ ഒരു ആക്ടിങ് സ്‌കൂളില്‍ ചേര്‍ന്നു. പ്രശസ്തനടന്‍ ദേവ് ആനന്ദിന്റെ മകന്‍ സുനില്‍ ആനന്ദും അവിടെ പഠിക്കുന്നുണ്ടായിരുന്നു. ജാക്കിയെ സുനിലാണ് ദേവ് ആനന്ദിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ദേവ് ആനന്ദാണ് 'സ്വാമി ദാദ' എന്ന തന്റെ സിനിമയില്‍ ആദ്യമായി ജാക്കിക്ക് അവസരം കൊടുക്കുന്നതും. അതുപക്ഷേ ചെറിയൊരു റോളായിരുന്നു. തൊട്ടടുത്തവര്‍ഷം 'ഹീറോ' എന്ന സിനിമയിലൂടെയാണ് ആദ്യത്തെ ബ്രേക്ക് ലഭിക്കുന്നത്. ജാക്കിയുടെ ജീവിതം മാറിമറിയുന്നതാണ് കണ്ടത്. ഹിന്ദിക്കൊപ്പം മലയാളം, തമിഴ്, തെലുഗു, ബംഗാളി, മറാത്തി, കന്നഡ, പഞ്ചാബി, ഭോജ്പുരി, കൊങ്കണി, ഒഡിയ സിനിമകളിലും ജാക്കി അഭിനയിച്ചു. അതിശയന്‍, കുഞ്ചാക്കോ ബോബന്‍ നായകനായ 'ഒറ്റ്' തുടങ്ങിയവയാണ് മലയാളത്തില്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍. 

ജഗ്ഗു ദാദ എന്ന് ജാക്കി ഷ്‌റോഫിന് പേരുകിട്ടിയതിനുപിന്നിലും ഒരു കഥയുണ്ട്. ചേരിയില്‍ ജീവിച്ചിരുന്നവര്‍ 'ദാദ' എന്നാണ് ജാക്കിയുടെ സഹോദരന്‍ ഹേമന്ദിനെ വിളിച്ചിരുന്നത്. അവിടെയുള്ളവരുടെ എല്ലാ കാര്യത്തിനും മുമ്പിലുണ്ടായിരുന്ന ആളാണ് ഹേമന്ദ്. ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം മരിക്കുന്നതും. ഒരിക്കല്‍ കടലില്‍ മുങ്ങിത്താഴുന്ന ഒരു പയ്യനെ രക്ഷിക്കാനായി കടലിലേക്ക് എടുത്തുചാടിയതായിരുന്നു. ആ ശ്രമത്തില്‍ കടലില്‍ മുങ്ങിമരിക്കുകയും ചെയ്തു. അതിന്റെ ഓര്‍മയിലാണ് 'ജഗ്ഗു' എന്ന പേരിനൊപ്പം 'ദാദ' എന്നും ചേര്‍ത്ത് കൂട്ടുകാര്‍ വിളിക്കാന്‍ തുടങ്ങിയത്.