
''കല്‍ക്കണ്ടം ചുണ്ടില്‍...കര്‍പ്പൂരം കണ്ണില്‍...'' ഈ പാട്ടിനൊപ്പം മുഖത്ത് ശൃംഗാരം വരുത്തി കണ്ണുകളിമവെട്ടിച്ച സൗമ്യയെ ഇന്‍സ്റ്റഗ്രാമിലെ റീല്‍സ് പ്രേമികള്‍ക്ക് നന്നായി ബോധിച്ചു. അതൊരു തുടക്കമായിരുന്നു. സൗമ്യയിലെ നര്‍മം ഇഷ്ടപ്പെട്ട ഒരുപാട് പേര്‍ അവരെ അനുകരിച്ച് റീലുകളിട്ടു. സ്ത്രീകള്‍ കുറവായ മിമിക്രിരംഗത്ത് മഞ്ജു വാരിയരുടെയും രഞ്ജിനി ഹരിദാസിന്റെയും ശൈലജടീച്ചറുടെയുമൊക്കെ ശബ്ദം തനിമയോടെ അവതരിപ്പിച്ചാണ് സൗമ്യ പിന്നെ ഞെട്ടിച്ചത്. ഷീലാമ്മ, ഭാവന, നവ്യാനായര്‍... അനുകരിച്ചവരുടെ പട്ടിക നീളുന്നു. ഇന്‍സ്റ്റഗ്രാമില്‍ നാലരലക്ഷംപേര്‍ പിന്തുടരുന്ന സൗമ്യ മാവേലിക്കര നാടറിയുന്ന കലാകാരിയാണിന്ന്. അച്ചന്‍കോവിലാറ്റില്‍ നീന്തിത്തിമര്‍ത്ത് നടന്ന കുഞ്ഞുന്നാളിലേ, സൗമ്യയില്‍ അഭിനയമോഹമുണ്ട്. അടുപ്പമുള്ളവരെ അനുകരിച്ചുകാണിക്കലായിരുന്നു അന്നേ പ്രധാനവിനോദം. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ടിക് ടോക്കില്‍ സ്വന്തം നിലയ്ക്ക് അഭിനയജീവിതം തുടങ്ങി. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലേക്കും ചുവടുവയ്ക്കുന്ന അവര്‍ ഗൃഹലക്ഷ്മിയുമായി വിശേഷങ്ങള്‍ പങ്കിടുന്നു.
''വിവാഹശേഷം കുട്ടികളും വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന സമയം. ആളുകള്‍ ടിക് ടോക്കില്‍ ചറപറ വീഡിയോകളിടുന്നത് കണ്ടപ്പോള്‍, ഒരു രസത്തിന് ഞാനും കുറച്ച് വീഡിയോകള്‍ ചെയ്തു. ഒരുപാട് പേര്‍ കണ്ട് അഭിനന്ദിച്ചു. അങ്ങനെ അഭിനയമോഹം പതിയെ പച്ചപിടിപ്പിച്ച് വന്നപ്പോഴേക്കും ദേ ടിക് ടോക് പൂട്ടി. പുതിയ മേച്ചില്‍പ്പുറം ഇന്‍സ്റ്റഗ്രാം. കുറച്ച് റീലുകളൊക്കെ ചെയ്തിട്ടു. മനസ്സില്‍ കണക്കുകൂട്ടിയ അത്ര ആളുകളൊന്നും വീഡിയോ കാണാന്‍ വരുന്നില്ല. ഫോളോവേഴ്‌സ് നൂറ് കടന്നതുമില്ല. പിന്നെയൊന്ന് മടിച്ചു. എന്നാലും നിര്‍ത്താന്‍ തോന്നിയില്ല. വീഡിയോകള്‍ ഇട്ടുകൊണ്ടേയിരുന്നു. ആയിടയ്ക്കാണ് 'കരിങ്കാളിയല്ലേ...' എന്ന പാട്ടിന് ഞാന്‍ ചെയ്ത റീല്‍ ഇന്‍സ്റ്റയില്‍ അയ്യായിരത്തോളം പേര്‍ കാണുന്നത്. ആളുകള്‍ക്കിഷ്ടമുള്ള എന്തോ എന്നിലുണ്ടെന്ന് അപ്പോള്‍ തോന്നി. 'കല്‍ക്കണ്ടം ചുണ്ടില്‍...' അപ്രതീക്ഷിതമായി വൈറലായതാണ്. ദോശ കഴിക്കുമ്പോള്‍ ഫോണ്‍ മേശയില്‍ ചാരിവെച്ച് ചുമ്മാ എടുത്ത വീഡിയോ. അതിനിത്രയും റീച്ച് കിട്ടുമെന്ന് കരുതിയില്ല. വൈറല്‍ വീഡിയോക്ക് പിന്നാലെ, മീന്‍ വെട്ടുന്ന മറ്റൊരു വീഡിയോ ഇട്ടു. അത് അഞ്ചുലക്ഷത്തിലേറെപ്പേര്‍ കണ്ടു. പിന്നെ, തിരിഞ്ഞുനോക്കിയിട്ടില്ല,'' സൗമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
''മിമിക്രിക്കാരി സൗമ്യയെ നാട്ടുകാര്‍ക്ക് നേരത്തേയറിയാം. കൂട്ടുകാരെയും അധ്യാപകരെയുമൊക്കെ അനുകരിക്കുമായിരുന്നു. പന്തളം എന്‍.എസ്.എസില്‍ പഠിക്കുമ്പോള്‍ അധ്യാപകനായിരുന്ന കുട്ടപ്പന്‍ സുരേഷ് സാറിനെ എപ്പോഴും അഭിനയിച്ചുകാണിക്കും. സാറിന് എന്നെ വലിയ കാര്യമായിരുന്നു. സൗമ്യയുടെ മുന്‍പില്‍വെച്ച് ഒന്നും പറയാന്‍ പറ്റില്ല, അവളത് അനുകരിച്ചുകളയുമെന്ന് ടീച്ചര്‍മാര്‍ അടക്കം പറയും. സിനിമാതാരങ്ങളെ അനുകരിക്കണമെന്ന് അന്നൊന്നും തോന്നിയിരുന്നില്ല. കോളേജ് കാലത്ത് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനുമായിരുന്നു കൂടുതലിഷ്ടം. ഗാനമേള ട്രൂപ്പിന്റെയൊക്കെ കൂടെ കയറി ചുമ്മാ അങ്ങ് പാടും. പാട്ടും ഡാന്‍സും മിമിക്രിയുമൊന്നും പഠിച്ചിട്ടില്ല. എങ്കിലും ചെയ്യും,'' സൗമ്യ പറഞ്ഞു.
''വീഡിയോ എടുക്കുമ്പോള്‍ ഫില്‍റ്റര്‍ ചെറിയതോതില്‍ ഉപയോഗിക്കും. പക്ഷേ, തൊലിനിറം വെളുപ്പിക്കുന്ന ഫില്‍റ്ററൊന്നും ഇടാറില്ല. ആളുകള്‍ എന്റെ രൂപത്തില്‍ത്തന്നെ എന്നെ കാണണമെന്നും പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയണമെന്നും ഞാനാഗ്രഹിക്കുന്നു. ഫില്‍റ്ററിട്ട് വെളുപ്പിച്ചാല്‍, നേരില്‍ക്കാണുമ്പോള്‍ 'അയ്യേ, ഈ സൗമ്യച്ചേച്ചി വീഡിയോയില്‍ കാണുന്നപോലെയേ അല്ലല്ലോ...' എന്നാളുകള്‍ പറയും. ഒരുപാട് പേര്‍ ഇപ്പോഴെന്നെ തിരിച്ചറിയുന്നുണ്ട്. റീല്‍സ് ചെയ്യുമ്പോള്‍ മേക്കപ്പിടണമെന്ന് എന്റെ ഉപദേശിച്ചവരുണ്ട്. പക്ഷേ, താത്പര്യമില്ല.
മനുഷ്യര്‍ പലവിധമല്ലേ? പലരീതിയിലാണ് ആളുകളെന്റെ റീലുകളെടുക്കുന്നത്. ചിലര്‍ കമന്റുകളിലൂടെ അപമാനിക്കും. നിറം പറഞ്ഞ് കളിയാക്കും. 'ഇവള്‍ക്ക് ചുണ്ട് വിറപ്പിക്കുന്നതാണോ സ്‌റ്റൈല്‍', 'നല്ല ഗാനരചയിതാക്കള്‍ ഇറക്കിയ പാട്ടിനെ മോശമാക്കി' എന്നൊക്കെയുള്ള കമന്റ് വരാറുണ്ട്. അതൊക്കെ വായിക്കും. ചിലത് വല്ലാതെ വേദനിപ്പിക്കും. വീഡിയോ നിര്‍ത്തിയാലെന്താന്ന് പലതവണ ചിന്തിച്ചുപോയിട്ടുണ്ട്. പക്ഷേ, പ്രതികരിക്കാറില്ല. എല്ലാവരും നല്ലത് പറയില്ലല്ലോ. വലിയ വലിയ സെലിബ്രിറ്റികള്‍ക്കുനേരേ എന്തുമാത്രം സൈബര്‍ ആക്രമണം നടക്കുന്നു. പിന്നെ, ഈ പാവം പിടിച്ച സൗമ്യക്ക് വന്നാലെന്താ എന്നുകരുതി ആശ്വസിക്കും. ഒരുപാട് മോശമാക്കാന്‍ ശ്രമിക്കരുതേ എന്നേ കളിയാക്കുന്നവരോട് പറയാനുള്ളൂ.
എങ്ങനെയെങ്കിലും സിനിമയിലെത്തണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴോ പോലീസാവാനും. അതും സിനിമ കണ്ടുണ്ടായ മോഹമാണ്. വാണിച്ചേച്ചി (വാണി വിശ്വനാഥ്) ജീപ്പില്‍ വന്ന് ചാടിയിറങ്ങുന്ന സിനിമാസീനുകള്‍ എന്നെ സ്വപ്‌നത്തിലേക്കാണ് കൂട്ടിയത്. വാണിച്ചേച്ചി വരുന്ന രംഗങ്ങളുടെ റീല്‍ ചെയ്യുമ്പോള്‍ എനിക്ക് പോലീസ് ഉദ്യോഗസ്ഥയുടെ ലുക്ക് തോന്നുമെന്ന് ആള്‍ക്കാര്‍ പറയും. അതൊക്കെ സന്തോഷമാണ്. അപ്പൂപ്പനും അമ്മാവനും പോലീസിലായിരുന്നു. എന്റെ പോലീസാവണമെന്ന മോഹം നടക്കാതെപോയി. സിനിമയിലെങ്കിലും ആ വേഷം കിട്ടട്ടേ എന്നാണ് ആഗ്രഹം.'' സൗമ്യ തന്റെ സിനിമാ മോഹത്തിന്റെ കെട്ടഴിച്ചു.
''ദുര്‍ഗാകൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'അയ്യര് കണ്ട ദുബായ്' എന്ന സിനിമയില്‍ ഒരു നഴ്‌സിന്റെ വേഷം ചെയ്തു. ചെറിയൊരു വേഷമാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നു. 'ടെര്‍മിനേറ്റര്‍' എന്ന സിനിമയില്‍ നായികയായി വിളിച്ചിട്ടുണ്ട്. വേറൊരു സിനിമയിലേക്കും വെബ് സീരീസിലേക്കും ക്ഷണമുണ്ട്. ചിത്രീകരണം തുടങ്ങിയിട്ടില്ല. ചെറുപ്പംതൊട്ടേ, ടി.വി. സ്‌ക്രീനില്‍ കണ്ട നടന്മാര്‍ക്കൊപ്പം ചെറിയ രംഗങ്ങളിലാണെങ്കില്‍പ്പോലും അഭിനയിക്കാന്‍ പറ്റി. അത് വലിയ സന്തോഷമാണ്. ബിഗ് സ്‌ക്രീനെന്ന എന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. റീല്‍സാണ് എനിക്ക് സിനിമയിലേക്ക് വഴിതുറന്നത്,'' സൗമ്യയുടെ വാക്കുകളില്‍ സന്തോഷം നിറഞ്ഞു.
''എന്നെ സിനിമയിലേക്ക് വിളിച്ച വിവരമെല്ലാം അയല്‍വാസികള്‍ക്കറിയാം. പക്ഷേ, ഒരു സിനിമയും ഇറങ്ങിക്കാണുന്നില്ല. അതുകൊണ്ട് 'സൗമ്യേ, സിനിമയൊന്നും ആയില്യോ'ന്നാ ആള്‍ക്കാരിപ്പോള്‍ ചോദിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര 'ഹൃദയ'വേദനയാണ് (ചിരിക്കുന്നു). എന്റെ ചേച്ചി മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ ക്ലാര്‍ക്കാണ്. അവള്‍ പറയും, റീലുകളില്‍ ഒതുങ്ങാതെ സ്വന്തമായി കണ്ടന്റുണ്ടാക്കാന്‍. ചെറുപ്പംതൊട്ടേ ഞാന്‍ ഡാന്‍സ് കളിച്ചൊക്കെ നടക്കുന്നത് കാണുന്നതിനാല്‍ എന്നെ നാലാളറിയാന്‍ തുടങ്ങിയപ്പോഴും വീട്ടുകാര്‍ക്ക് പുതുമയൊന്നും തോന്നിയിട്ടില്ല. എന്റെ മാനറിസങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നും.
എന്റെ വീഡിയോകളുടെ ക്യാമറാമാനും എഡിറ്ററും അഭിനേതാവുമൊക്കെ ഞാന്‍തന്നെ. വീടിനുചുറ്റും കാണുന്ന ഓലയും ചൂലുമൊക്കെയാണ് റീല്‍ ഉപകരണങ്ങള്‍. അതെല്ലാം ചേര്‍ത്ത് മനസ്സില്‍ തോന്നുന്നതങ്ങ് ചെയ്യും. ചിലര്‍ ക്യാമറാമാനെ പരിചയപ്പെടുത്താന്‍ പറയും. എഡിറ്റിങ് കാര്യമായി വശമില്ലാത്തതിനാല്‍ അധികം മെനക്കെടാറില്ല. മൊബൈല്‍ ആപ്പില്‍ പറ്റുന്നത് ചെയ്യും. വീഡിയോ എഡിറ്റ് ചെയ്താല്‍ നന്നായിരിക്കുമെന്ന് ചിലര്‍ നിര്‍ദേശിക്കാറുണ്ട്. എഡിറ്റിങ് ചെയ്യേണ്ടാത്ത രീതിയില്‍ അഡ്ജസ്റ്റ് ചെയ്ത് മാറിമാറി സീനുകള്‍ എടുത്താണ് രക്ഷപ്പെട്ടുപോവുന്നത്. അച്ഛന്‍ ശിവരാമന്‍. അമ്മ ലളിത. ഭര്‍ത്താവ് ദിലീപ് കുമാര്‍ ബി.എസ്.എഫിലാണ്. മക്കള്‍ ദിലാര എസ്. ദിലീപ് (ഏഴാംക്ലാസില്‍), ദില്‍ഷ് എസ്. ദിലീപ് (മൂന്നില്‍). എല്ലാവരും വലിയ പിന്തുണയാണ്.
ഇന്‍സ്റ്റയിലെ എന്റെ വീഡിയോ എടുത്ത് പലരും യൂട്യൂബില്‍ പണമുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്കൊക്കെ വരുമാനം വരുമ്പോഴും എനിക്ക് യൂട്യൂബില്‍ ചാനല്‍പോലുമുണ്ടായിരുന്നില്ല. എന്റെ മോളാണ് ഒടുവില്‍ ചാനലുണ്ടാക്കിത്തന്നത്. ഇപ്പോള്‍ വരുമാനമായിവരുന്നു. നേരത്തേ പൈസയുണ്ടാക്കാനുള്ള വഴി അത്രത്തോളം അറിയില്ലായിരുന്നു. പ്രൊമോഷന്‍ ചെയ്യാനടക്കം ധാരാളം മെയില്‍ വരുന്നുണ്ട്. അതിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതിനാല്‍ മെയിലൊന്നും തുറക്കാറില്ല.
കല്‍ക്കണ്ടം ചുണ്ടില്‍ എന്ന പാട്ടുകേള്‍ക്കുമ്പോള്‍ എന്റെ മുഖം ഓര്‍മവരുമെന്ന് പലരും പറയും. കാന്‍സര്‍ രോഗിയായ ഒരമ്മയ്ക്ക് എന്റെ വീഡിയോ കാണുമ്പോള്‍ ചിരി വരുമെന്ന് അവരുടെ മകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മനസ്സുതുറന്ന് ചിരിക്കും, 'ഇന്ന് സൗമ്യ വീഡിയോ ഇട്ടില്ലേ'ന്ന് തിരക്കും. അങ്ങനെ എന്നെ സ്‌നേഹിക്കുന്ന കുറേപ്പേരുണ്ട്. മഞ്ജുച്ചേച്ചിയുടെ മുന്‍പില്‍വെച്ച് അവരുടെ ശബ്ദം അനുകരിക്കാന്‍ പറ്റിയതും ഒരു ഭാഗ്യമാണ്. അവര്‍ക്കത് വലിയ ഇഷ്ടമായി. എന്നെ കെട്ടിപ്പിടിച്ചു. സുരഭിലക്ഷ്മി എന്റെ വീഡിയോ ഇഷ്ടപ്പെട്ടെന്ന് മെസ്സേജ് അയച്ചു. അംബികാ മാം വിളിച്ച് അഭിനന്ദിച്ചു. ജാനകിയമ്മയുടെ ശബ്ദത്തില്‍ പാട്ടുപാടുമ്പോഴും പി. സുശീലയെയും ശൈലജടീച്ചറെയും അനുകരിക്കുമ്പോഴും കൈയടി കിട്ടാറുണ്ട്. വീടിന്റെ ചുറ്റുപാടുള്ളവരെല്ലാം എന്നെക്കുറിച്ച് നല്ലതുപറയുന്നു. ഇനി കേള്‍ക്കാതെ കുറ്റം പറയുന്നുണ്ടോയെന്ന് അറിയില്ല'' (പൊട്ടിച്ചിരിക്കുന്നു). ''എല്ലാത്തിലുമുപരി, പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ഞാനെടുക്കൂ. മനംമടുപ്പിക്കുന്നതിനെ ആ വഴിക്കുവിടും.
അമ്മാ, സൗമ്യ മാവേലിക്കരയുടെ മകളാണെന്ന് പറയുമ്പോള്‍ കൂട്ടുകാരുടെ മുന്‍പില്‍ എനിക്ക് ഭയങ്കര അഭിമാനമാണെ'ന്ന് മകള്‍ പറയും. അതൊക്കെയാണ് എന്റെ സന്തോഷം. മലയാളസിനിമയില്‍ നല്ലൊരു സ്ഥാനത്തെത്തണം, ലോകമറിയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നൊക്കെയുള്ള വലിയ സ്വപ്‌നങ്ങളാണിപ്പോള്‍. നടക്കുമോ എന്നറിയില്ല'', സൗമ്യ പ്രതീക്ഷയോടെ പറഞ്ഞുനിര്‍ത്തി.
Content Highlights: instagram reels star soumya mavelikkara talking about life
Published: 05 Oct 2023, 11:33 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented