റീല്‍സ് എടുക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം കൂടി. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തില്‍ വീണാണ് ട്രാവല്‍ വ്‌ളോഗറായ ആന്‍വി കാംദാര്‍ മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ആന്‍വിയോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയുള്ള വെളളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ആറുമണിക്കൂറിനുശേഷം വെള്ളച്ചാട്ടത്തിലെ വിള്ളലിനുള്ളില്‍നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആന്‍വിയെ പുറത്തെടുത്തത്. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ മരിക്കുകയായിരുന്നു.
സമീപകാലത്ത് നടന്ന സമാനസംഭവങ്ങളില്‍ ഒടുവിലത്തേതാണ് ആന്‍വിയുടെ മരണം. ലൈക്കുകള്‍ക്കും കമന്റുകള്‍ക്കുമായി എന്തും ചെയ്യാമെന്ന ചിന്ത, പലപ്പോഴും അപകടത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്നും ഓടുന്ന ബസിനും ട്രെയിനിനും മുന്നിലേക്ക് ചാടിയും, ജീവന്‍ പോലും പണയംവെച്ചുള്ള റീല്‍സും ഫോട്ടോയെടുപ്പും.
ന്യൂഡല്‍ഹിയില്‍ കഴിഞ്ഞമാസം രണ്ടുപേര്‍ അറസ്റ്റിലായത് ജീവന്‍പോലും നോക്കാതെയുള്ള റീല്‍സ് ഷൂട്ടിനിടെയാണ്. വലിയ കെട്ടിടത്തിനുമുകളില്‍, ഒരാളുടെ കൈയില്‍പിടിച്ച് താഴേക്ക് തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടി. ഇത് പുറത്തുവന്ന് അല്പനേരത്തിനുള്ളില്‍ തന്നെ അവര്‍ക്കെതിരെ കേസെടുത്തു.
രാജസ്ഥാനിലെ പാലിയിലെ ഹെറിറ്റേജ് ബ്രിഡ്ജില്‍നിന്നും താഴേക്ക് ചാടിയ ദമ്പതിമാര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്. പാലത്തിനുമുകളിലെ റെയില്‍പാളത്തില്‍വെച്ച് ഫോട്ടോയും വീഡിയോയുമെടുക്കുമ്പോഴാണ് പെട്ടെന്ന് ട്രെയിന്‍ വരുന്നത് കണ്ടത്. ഉടന്‍ രണ്ടുപേരും 90 അടി താഴ്ചയിലേക്ക് ചാടുകയായിരുന്നു.
ഔറംഗബാദില്‍ ഒരു പെണ്‍കുട്ടി മരിച്ചത് കാറോടിക്കുന്നതിന്റെ റീല്‍സ് എടുക്കുന്നതിനിടെയാണ്. പെണ്‍കുട്ടി കാര്‍ പിന്നിലേക്ക് എടുക്കുകയായിരുന്നു. സുഹൃത്ത് അതിന്റെ വീഡിയോ എടുക്കുകയും. കാര്‍ പതുക്കെ പോവുന്നതും, പെട്ടെന്ന് വേഗതയിലാവുന്നതും വീഡിയോയില്‍ കാണാം. നേരെ ചെന്നുവീണത് പിന്നിലുള്ള കൊക്കയിലാണ്. അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിനുകാരണം. മഹാരാഷ്ട്രയിലെ നാസിക്കില്‍ റെയില്‍ പാളത്തില്‍വെച്ച് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ചതും കഴിഞ്ഞമാസം തന്നെ.
ഉത്തരാഖണ്ഡ് ആര്‍.പി.എഫിന്റെ കണക്കുകള്‍ പ്രകാരം റെയില്‍പാളത്തിലെ അപകടം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2023-ല്‍ 63 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. പാളത്തില്‍നിന്ന് സെല്‍ഫിയെടുക്കുന്നതും റീല്‍സ് ചിത്രീകരിക്കുന്നതും തന്നെയാണ് ഇതിനുപിന്നിലെ വലിയൊരു കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: accidents and deaths while taking reels and photos
Published: 18 Jul 2024, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented