ഇന്‍സ്റ്റഗ്രാമിൽ റീല്‍സ് ഉണ്ടാക്കുന്നതില്‍നിന്ന് ഭാര്യയെ തടഞ്ഞ യുവാവിനെ, ഭാര്യയുടെ അച്ഛനും അമ്മയും ചേര്‍ന്ന് കഴുത്തില്‍ കുരുക്കിട്ട് ശ്വാസംമുട്ടിച്ച് കൊന്നു. ബിഹാറിലാണ് സംഭവം. മഹേശ്വര്‍ കുമാര്‍ റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. ആറുവര്‍ഷം മുമ്പാണ് മഹേശ്വര്‍ കുമാര്‍ റാണി കുമാരിയെ വിവാഹം കഴിച്ചത്. അവര്‍ക്കൊരു മകനുമുണ്ട്. 25 വയസ്സുള്ള മഹേശ്വര്‍ കൊല്‍ക്കത്തയിലാണ് ജോലി ചെയ്യുന്നത്. 

അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് സംഭവം. റാണി കുമാരി ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. സ്ഥിരമായി റീല്‍സുണ്ടാക്കുകയും ചെയ്യും. ഇതിനകം അഞ്ഞൂറോളം റീല്‍സ് ഉണ്ടാക്കിക്കഴിഞ്ഞു റാണി. ഭാര്യ എപ്പോഴും റീല്‍സ് ഉണ്ടാക്കുന്നതിനെ മഹേശ്വര്‍ എതിര്‍ത്തിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ക്കിടയില്‍ വഴക്കും പതിവായിരുന്നു. 

കഴിഞ്ഞദിവസം ഭാര്യവീട്ടിലേക്ക് പോയ മഹേശ്വറിനെ കുറിച്ച് ഒരു വിവരവുമില്ലാതായപ്പോള്‍, സഹോദരന്‍ രുദാല്‍ ഫോണില്‍ വിളിച്ചുനോക്കി. മറ്റാരോ ആണ് ഫോണെടുത്തത്. പെട്ടെന്ന് കട്ടാവുകയും ചെയ്തു, പിന്നീട് ഫോണെടുത്തതുമില്ല. സംശയം തോന്നിയ രുദാല്‍ പെട്ടെന്ന് തന്നെ റാണി കുമാരിയുടെ വീട്ടിലെത്തി. അപ്പോഴാണ് മഹേശ്വറിന്റെ മൃതദേഹം കാണുന്നത്. സഹോദരനെ കൊന്നശേഷം, വീട്ടുകാര്‍ കടന്നുകളഞ്ഞതായും ആരൊക്കെയോ ചേര്‍ന്ന് മൃതദേഹം കുഴിച്ചിടാനൊരുങ്ങുകയായിരുന്നുവെന്നും രുദാല്‍ ആരോപിക്കുന്നു. ഉടനെ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.