ചിലിയിലെ എല്‍ക്വിസ് താഴ്‌വരയിലെ മോണ്‍ടെഗ്രാന്‍ഡെ എന്ന ഗ്രാമത്തിലാണ് ലൂസില ഗൊദോയ് വൈ അല്‍ക്കായഗ പിറന്നത്.  അമ്മയും സഹോദരിയും അച്ഛനും അടങ്ങുന്ന ചെറിയ കുടുംബമായിരുന്നു അവളുടേത്. കവിയും അധ്യാപകനുമായിരുന്നു അച്ഛന്‍. മൂന്നാം വയസ്സില്‍  കുടുംബം ഉപേക്ഷിച്ച് അച്ഛന്‍ എവിടേക്കോ പോയി. പിന്നീടൊരിക്കലും അമ്മയും രണ്ടു മക്കളും അയാളെ കണ്ടിട്ടില്ല. അച്ഛന്റെ കവിത്വം അപ്പാടെ പകര്‍ന്നുകിട്ടിയിരുന്നു അല്‍ക്കായഗയ്ക്ക്. വീടുപേക്ഷിച്ച് പോകും മുമ്പ് അച്ഛന്‍ അവള്‍ക്കായി ഒരുക്കിയ പൂന്തോട്ടവും പിറന്നു വീണ താഴ്‌വാരത്തിന് അതിരൊരുക്കിയ ആന്‍ഡിസ് പര്‍വത നിരകളും അവളുടെ കവിത്വത്തിന് ഇന്ധനമായി. 

To advertise here,

സ്‌കൂള്‍കാലത്തുതന്നെ അവള്‍ കവിത എഴുതിത്തുടങ്ങി. പക്ഷേ, ഇല്ലായ്മകളുടെ സന്തതിയായ ആ കൊച്ചുപെണ്‍കുട്ടിക്ക് ഒന്നും എളുപ്പമായിരുന്നില്ല. സ്‌കൂളില്‍ ശ്രദ്ധയില്ലാത്തവളെന്നും മണ്ടിയെന്നും വേണ്ടാത്തത് കുത്തിക്കുറിക്കുന്നവളെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ അവള്‍ക്കു നേരെ ഉയര്‍ന്നു. വഴികാട്ടിയാകേണ്ട അധ്യാപകര്‍ അവളുടെ മേല്‍ മോഷണക്കുറ്റം ചുമത്തി. സഹപാഠികള്‍ ദയയില്ലാതെ അവളെ പരിഹസിച്ചു. പിന്നെ വീട്ടിലിരുന്നായി അവളുടെ പഠനം. അച്ഛനൊരുക്കിയ പൂന്തോട്ടവും അകലങ്ങളിലെ ആന്‍ഡിസും അവളുടെ മനസ്സിനെ അണഞ്ഞുപോകാനാവാത്ത വിധത്തില്‍ അപ്പോഴും ജ്വലിപ്പിച്ചുകൊണ്ടിരുന്നു. 

അക്ഷരങ്ങളുമായി അനായാസം അവള്‍ ചങ്ങാതത്തിലായി. അതിനിടെ ഒരു അധ്യാപികയുടെ സഹായിയായി ചെറിയ വരുമാനവും നേടിത്തുടങ്ങി. അപ്പോഴും എഴുത്ത് തുടര്‍ന്നു. പ്രാദേശിക പത്രങ്ങളില്‍ വടിവൊത്ത വടുക്കളില്ലാത്ത ഭാഷയില്‍ ലേഖനങ്ങളും കവിതകളും അല്‍ക്കായഗ എഴുതി. കുറച്ചൊന്നു മുതിര്‍ന്നതോടെ ചിലിയുടെ പല പ്രവിശ്യകളിലും അധ്യാപികയായി ജോലിനോക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദമായി മാറി ആ അധ്യാപിക. 


ഇരുപതാം വയസ്സില്‍ ഒരു തീവണ്ടിയോഫീസിലെ ജോലിക്കാരനുമായി അവള്‍ പ്രണയത്തിലായി. ആ പ്രണയമാണ് അവളുടെ ജീവിതത്തെ അപ്പാടെ വഴിതിരിച്ചുവിട്ടത്. ഒരു പ്രണസന്ധിയില്‍ അവളോട് കാരണമൊന്നും പറയാതെ അയാള്‍ സ്വയം നിറയൊഴിച്ച് മരിച്ചു. അല്‍ക്കയാഗയ്ക്കത് ജീവിതദുരന്തങ്ങളുടെ പരിസമാപതിയായിരുന്നു. അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയില്‍ നിന്ന് മോഷണക്കുറ്റം ആരോപിക്കപ്പെട്ട വിദ്യാര്‍ഥിയില്‍ നിന്ന് പ്രണയത്തില്‍ വഞ്ചിക്കപ്പെട്ട യുവതിയിലേക്കുള്ള പരിണാമം. അവിടെ മുതലാണ് അവളുടെ കവിതകള്‍ക്ക് ചിറകുമുളച്ചതും ലോകം അവളെ കവിയായി വാഴ്ത്തിയതും. 

1945നവംബര്‍ പത്ത്. പ്രസിദ്ധമായ സ്വീഡിഷ് അക്കാദമിയുടെ വിശിഷ്ടവേദി. സ്വീഡിഷ് കവിയും വിവര്‍ത്തകനുമായ ജാല്‍മര്‍ ഗുല്‍ബര്‍ഗ് പ്രസംഗപീഠത്തിനരികില്‍. അക്കൊല്ലത്തെ സാഹിത്യ നൊബേല്‍ ജേതാവിനെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രസംഗത്തിന് അദ്ദേഹം തയ്യാറാവുകയായിരുന്നു. എല്‍ക്വിസ് താഴ്‌വരയിലെ പഴയ ആ പെണ്‍കുട്ടിയുടെ പേരു പറഞ്ഞുകൊണ്ട് അദ്ദേഹം സ്വാഗത പ്രസംഗം ആരംഭിച്ചു. അച്ഛനൊരുക്കിയ പൂന്തോട്ടത്തില്‍ അവളുടെ വളര്‍ച്ചയും പഠനകാലത്തെ തിരസ്‌കാരവും അദ്ദേഹം പടിപടിയായി പ്രസംഗത്തിലൂടെ വിവരിച്ചു. ഇരുപതാം വയസ്സിലെ പ്രണയത്തകര്‍ച്ചയെപ്പറ്റി പറഞ്ഞ് ഒരു നിമിഷം ഗില്‍ബെര്‍ഗ് നിശ്ശബ്ദനായി. ആ വേദനയില്‍ആന്‍ഡിസിന്റെ താഴ്‌വരകളില്‍ മുഴങ്ങിയ അവളുടെ നിലവിളിയിലേക്ക് അദ്ദേഹം കടന്നു. ആ വിലാപത്തിന് പരോക്ഷമായി അദ്ദേഹം നന്ദി പറഞ്ഞു. ജീവിതത്തിലെ അത്രയൊന്നും ആഴമില്ലാത്ത പതിവുമട്ടിലുള്ള ദുരന്തത്തില്‍ നിന്ന് ലോകസാഹിത്യത്തില്‍ അനശ്വരതയെ സൃഷ്ടിച്ച സര്‍ഗാത്മകതയുടെ അധിപയ്ക്കുള്ള ആദരവുകൂടിയായിരുന്നു ആ വാക്കുകള്‍. 

എഴുതിക്കുറുക്കിയ പ്രസംഗം അവസാനിപ്പിച്ച് ഗില്‍ബെര്‍ഗ് പിന്‍വാങ്ങി.  ആ കൊല്ലത്തെ നൊബേല്‍ ഏറ്റുവാങ്ങാനായി അതേ വേദിയിലേക്ക് ജേതാവ് നടന്നു കയറി. ലാറ്റിനമേരിക്ക അന്നാദ്യമായി സാഹിത്യ നൊബേലിന് ഉടമയായി. ഗബ്രിയേല മിസ്ട്രലിലൂടെ അത് സാധ്യമായി. എല്‍ക്വിസ് താഴ്‌വരയിലെ ഏകാകിയായ, തിരസ്‌കരിക്കപ്പെട്ട, പ്രണയത്താല്‍ തകര്‍ന്ന അതേ പെണ്‍കുട്ടി ഇതാ വിശ്വസാഹിത്യത്തിലെ അനശ്വര നക്ഷത്രമായി ഉയിര്‍ത്തിരിക്കുന്നു. സ്വകാര്യ ജീവിതത്തിലെ പരസ്യമാക്കപ്പെട്ട സാധാരണമായൊരു ദുരന്തത്തെ എത്ര മനോഹരമായാണവള്‍ മഹത്വത്തിനുള്ള ഉപകരണമായി പരുവപ്പെടുത്തിയത്. 

ലോകസാഹിത്യത്തിന് ലൂസില ഗൊദോയ് വൈ അല്‍ക്കായഗയെ പരിചയമുണ്ടാവില്ല. ഒന്നും മറക്കാത്ത കാലം പോലും ആ പേര് മറന്നുകഴിഞ്ഞു.  ഗബ്രിയേല്‍ ഡി അനന്‍സിയോ, ഫ്രെഡറിക്ക് മിസ്ട്രല്‍ എന്നീ ഇഷട കവികളുടെ പേരുകള്‍ ചേര്‍ത്ത്  ഗബ്രിയേല മിസ്ട്രല്‍ എന്ന പേരു സ്വീകരിച്ച പെണ്‍കുട്ടിയാണ് അവള്‍. ലോകകവിതയുടെ ഏറ്റവും തികവുള്ള പര്യായമാണ് ആ പേര്. കവിതയുടെ ലോകത്ത് അനശ്വരതയെ സൃഷ്ടിക്കുമ്പോഴും അവര്‍ അധ്യാപനം ഉപേക്ഷിച്ചിരുന്നില്ല. നിരക്ഷരായ തൊഴിലാളികള്‍ക്കായി അക്ഷരപഠന കളരികള്‍ അവര്‍ ഒരുക്കി. മെക്‌സിക്കോയിലെയും ചിലിയിലെയും സാമ്പ്രദായിക വിദ്യാഭ്യാസ രീതികള്‍ക്ക് പുതുരൂപം നല്‍കിയ വിചക്ഷണകൂടിയായിരുന്നു ഗബ്രിയേല. ലീഗ് ഓഫ് നേഷന്‍സിന്റെ കള്‍ച്ചറല്‍ കമ്മിറ്റിലെ കരുത്തുറ്റ സാന്നിധ്യം. 

കവിതകളിലുടെ മനുഷ്യത്വത്തിനായി വാദിച്ചു ഗബ്രിയേല. കവിതയില്‍ ഇതിഹാസങ്ങള്‍ക്ക് ജന്മമേകിയ ആ വിശ്വകവി 1957 ജവനുവരി 10ന് അന്തരിച്ചു. തന്റെ സമ്പാദ്യത്തിനും സ്വത്തുവകകള്‍ക്കും പുസ്തകങ്ങളുടെ റോയല്‍റ്റി തുകയ്ക്കും മോണ്ടെ ഗ്രാന്‍ഡെ എന്ന തന്റെ ജന്മദേശത്തെ സാധാരണക്കാരായ കുഞ്ഞുങ്ങളെ അവകാശികളാക്കിക്കൊണ്ട് കവിത്വം തുളുമ്പുന്ന മരണം.