നൃത്തങ്ങളിലൂടെ ബോളിവുഡ് സിനിമയിലേക്കെത്തി, പിന്നീട് താരറാണിയായി മാറിയ അഭിനേത്രിയാണ് ഹെലന്‍. ഗ്ലാമര്‍നൃത്തങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ നടി. പഴയകാല സിനിമകളിലെ നര്‍ത്തകിയായ കുക്കു വഴിയാണ് ഹെലന്‍ സിനിമയിലെത്തുന്നത്. അന്ന് 13 വയസ്സേയുള്ളൂ അവര്‍ക്ക്. നൃത്തസംഘത്തിലെ ഒരംഗമായിട്ടുള്ള കടന്നുവരവ്. പിന്നീട് സോളോ ഡാന്‍സറായി. ഹൗറ ബ്രിഡ്ജ് എന്ന സിനിമയിലെ 'മേരാ നാം ചിന്‍ ചിന്‍ ചു' എന്ന ഗാനം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് 60-കളിലും 70-കളിലും നൂറുകണക്കിന് സിനിമകളില്‍ നൃത്തംചെയ്തു, അഭിനയിച്ചു.
1957-ലാണ് സംവിധായകന്‍ പ്രേം നാരായണ്‍ അറോറയെ ഹെലന്‍ വിവാഹം ചെയ്യുന്നത്. അന്ന് ഹെലന് 19 വയസ്സേയുള്ളൂ. പ്രേമിന് 46 വയസ്സും. പതിനേഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനവും. പിന്നീട് വിവാഹം കഴിച്ചത് നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ സലിം ഖാനെയാണ്.

അന്നത്തെ കാലത്തെക്കുറിച്ച് 'ആംഗ്രി യെങ് മാന്‍' എന്ന ഡോക്യുമെന്ററിയില്‍ ഹെലന്‍ സംസാരിക്കുന്നുണ്ട്. ''കബ്ലി ഖാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഞങ്ങളാദ്യമായി കാണുന്നത്. അദ്ദേഹം ആ സിനിമയിലെ വില്ലനുമായിരുന്നു. ഞാന്‍ നായികയും. ഒരിക്കലും അദ്ദേഹത്തെ ഒരു വില്ലനായി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ സെറ്റില്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നതേയില്ല. ഡോണ്‍ സിനിമയുടെ സമയത്താണ് കാര്യമായി സംസാരിക്കുന്നത്''. 'ഡോണി'ന്റെ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്നു സലിം ഖാന്‍.
''ഓരോ ദിവസത്തെയും ഷൂട്ടിങ് കഴിഞ്ഞാല്‍ ഹെലനും ഞാനും കൂടി ചെറുതായി മദ്യപിക്കും. കുറേ സംസാരിക്കും. അതിനിടയിലെപ്പോഴാണ് പ്രണയത്തിലായതെന്ന് അറിയില്ല'', സലിം ഖാന്‍ പറയുന്നു.
വിവാഹം എന്നത് ഹെലനെയും സലിം ഖാനെയും സംബന്ധിച്ചിടത്തോളം വലിയൊരു തീരുമാനമായിരുന്നു. കാരണം അന്ന് സലിം ഖാന്‍ വിവാഹിതനാണ്. സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, അല്‍വിറ ഖാന്‍, സൊഹെയ്ല്‍ ഖാന്‍ എന്ന നാലുമക്കളുമുണ്ട്. പക്ഷേ അതൊന്നും ഇരുവരെയും പിന്തിരിപ്പിച്ചില്ല. മക്കളോടും സലിം ഇക്കാര്യം പറഞ്ഞു. ''നിങ്ങളുടെ അമ്മയെ സ്‌നേഹിക്കുന്നതുപോലെ, ഹെലന്‍ ആന്റിയെ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കഴിയണമെന്നില്ല. പക്ഷേ, അതേ ബഹുമാനം കൊടുക്കണം'', എന്നാണ് സലിം ഖാന്‍ അവരോട് പറഞ്ഞത്.

ആദ്യമൊന്നും സലിം ഖാന്റെ ആദ്യഭാര്യ സല്‍മയ്ക്ക് (സുശീല) ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ കുട്ടികള്‍ക്കും. കാലം കുറേ കഴിഞ്ഞപ്പോള്‍, ഹെലനെ കുറിച്ച് കൂടുതലറിഞ്ഞപ്പോള്‍, പതുക്കെ അവരെയും ചേര്‍ത്തുപിടിച്ചു. കുടുംബത്തിന്റെ എല്ലാ ആഘോഷങ്ങളിലും ഹെലനും ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഇന്ന് സല്‍മാന്‍ ഉള്‍പ്പെടെയുള്ള എല്ലാ കുട്ടികള്‍ക്കും ഹെലനും ഏറെ പ്രിയപ്പെട്ട അമ്മയാണ്.
കാലം കുറേ കഴിഞ്ഞപ്പോള്‍ സലിം ഖാനും ഹെലനും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. ഒരിക്കല്‍ മുംബൈയിലൂടെ യാത്ര ചെയ്യുമ്പോള്‍, ഫുട്പാത്തിലിരുന്ന് കരയുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. അടുത്തെത്തി കാര്യം അന്വേഷിച്ചു. അവളുടെ അമ്മ വണ്ടിയിടിച്ച് ഗുരുതരപരിക്കേറ്റ് ഫുട്പാത്തില്‍ കിടന്ന് മരിച്ചുപോയെന്നും, വേറെ ആരുമില്ലെന്നും മനസ്സിലാക്കി. അങ്ങനെ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്കുള്ളില്‍ ദത്തെടുത്തു, അര്‍പ്പിത ഖാന്‍ എന്ന് പേരുമിട്ടു.
Content Highlights: helen glamour girl of indian cinema
Published: 21 Nov 2024, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented