
2011- ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടം. അന്ന് ഗൃഹലക്ഷ്മി മാസികക്ക് വേണ്ടി ഫോട്ടോഷൂട്ടിന് ചെന്നപ്പോഴുള്ള ഓര്‍മ്മക്കുറിപ്പാണിത്.
സീന്‍ - 1
2011 മെയ് 13. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. യു.ഡി. എഫ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്... വിജയാഘോഷങ്ങള്‍, ചര്‍ച്ചകള്‍ ,മുന്നണി യോഗങ്ങള്‍, രാഷ്ട്രീയ കരുനീക്കങ്ങള്‍, എ. ഐ മല്‍പ്പിടുത്തങ്ങള്‍... ഒടുവില്‍ ഉമ്മന്‍ ചാണ്ടി നിയമസഭാകക്ഷി നേതാവാകുമെന്ന് ഏതാണ്ട് ഉറപ്പാകുന്നു.
സീന്‍-2
മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയെ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം. പൂജപ്പുരയിലെ ഉമ്മന്‍ ചാണ്ടിയുടെ വസതി. (പുറംമോടി ഒട്ടും ഇല്ലാത്ത, ഒരു വണ്ടി പോലും കേറ്റിയിടാന്‍ സ്ഥലമില്ലാത്ത ചെറിയൊരു വീട്)സമയം വൈകുന്നേരം 5 മണി. വീടിന്റെ അകവും വരാന്തയും മുറ്റവും കഴിഞ്ഞ് റോഡിന്റെ ഇരുവശങ്ങളിലേക്കും നീണ്ടു കിടക്കുന്ന ആള്‍ക്കൂട്ടം. എല്ലാവരുടെയും വേഷം വൈറ്റ് ആന്‍ഡ് വൈറ്റ്.
സീന്‍-3
റോഡിലെ ചെറിയ കയറ്റവും ഒരു വളവും തിരിഞ്ഞ് ഒരു വെള്ള ടാക്‌സി കാര്‍ വന്നു നില്‍ക്കുന്നു. കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങുന്നു. ഒരാള്‍ ഫോട്ടോഗ്രാഫറായ ഞാന്‍. മറ്റേയാള്‍ ലേഖകന്‍ ബിജു രാഘവന്‍. പൊതുയോഗം പോലെയുള്ള ജനക്കൂട്ടം കണ്ടപ്പോള്‍ അവര്‍ പകച്ചുനിന്നു. രണ്ട് പേരും കൂടിയാലോചിച്ച് അഭിമുഖം അനുവദിച്ച സമയം വരെ കാത്തു നോക്കാം, നടന്നില്ലെങ്കില്‍ തിരിച്ചു പോകാം എന്നുപറഞ്ഞ് അകത്തേക്ക്.
******
വരാന്തയിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഞങ്ങള്‍ ഉള്ളില്‍ കടന്നു. സ്വന്തമായി ഫോണില്ലാത്ത ഉമ്മന്‍ ചാണ്ടി സാര്‍ ഇരുചെവിയിലും ഫോണ്‍ വെച്ച് സംസാരിക്കുന്നു.
സംസാരം കഴിഞ്ഞ് ഞങ്ങളോട് "'ആറ് മണിയല്ലേ പറഞ്ഞത്. ചെറിയൊരു മീറ്റിങ്ങ് കൂടിക്കഴിഞ്ഞ് കാണാം, തിരക്കില്ലാലോ?''
'ഇല്ല സാര്‍ കുഴപ്പമില്ല,' എന്ന് ഞങ്ങള്‍.
കൂടിയാലോചനകള്‍ ,ഫോണ്‍ വിളികള്‍, ആള്‍ക്കൂട്ടത്തിന്റെ വരവും പോക്കും..... അങ്ങനെ സമയം നീണ്ടുതുടങ്ങി. കുറച്ച് വൈകിയാണെങ്കിലും ചാണ്ടി സാര്‍ ഭാര്യ മറിയാമ്മയെ കൂടെ ഇരുത്തി അഭിമുഖം തുടങ്ങി. ഇടയിലൂടെ ഫോണ്‍ വിളികള്‍ ഇടമുറിയാതെ നടക്കുന്നുണ്ട്. മുന്നണി, ഗ്രൂപ്പ് നേതാക്കള്‍ തുടങ്ങി അങ്ങ് ഹൈക്കമാന്‍ഡില്‍ നിന്നുവരെയുള്ള വിളികള്‍ക്കുള്ള മറുപടി പറഞ്ഞ് വീണ്ടും അഭിമുഖത്തിലേക്ക്. അങ്ങനെ ബ്രേക്കും സംസാരവുമായി അഭിമുഖം പൂര്‍ണ്ണമായി. ഇനി എന്റെ ഊഴമാണ്.
സമയം നീളുന്തോറും ആളുകളുടെ എണ്ണവും കൂടി കൊണ്ടേയിരുന്നു.ഒരു ലൈറ്റ് വെക്കാന്‍ പോലും സ്ഥലമില്ലാതായ റൂമില്‍ എങ്ങനെ ചിത്രം എടുക്കും എന്നായി ഞാന്‍. ആലോചിച്ചു വെച്ച ഫ്രെയിമുകള്‍ എടുക്കാന്‍ പറ്റില്ലെന്നായി. കുടുംബ ചിത്രങ്ങളും കുറച്ച് പ്രൊഫൈലുകളും എടുത്തു. പക്ഷേ, മെയിന്‍ ആക്കാന്‍ പറ്റിയ ചിത്രത്തില്‍ തൃപ്തിവരുന്നില്ല.
സമയം ഒമ്പത് ആവാറായി. ഇനി ഭക്ഷണം കഴിഞ്ഞാവാം ചര്‍ച്ചകള്‍ എന്ന് പറഞ്ഞ് മറിയാമ്മ തന്റെ കുഞ്ഞൂഞ്ഞിനെ (ഉമ്മന്‍ ചാണ്ടിയെ മറിയാമ്മ കുഞ്ഞി എന്നാണ് വിളിക്കാറ് ) വിളിച്ച് നേരെ അടുക്കളയിലേക്ക്. പിന്നാലെ ഞാനും പോയി അടുക്കളയിലേക്ക് എത്തിനോക്കി. കൂടുതലൊന്നും ആലോചിക്കാതെ, ''സാറേ ഒരു ചിത്രം ഇവിടെ നിന്നെടുത്താല്‍ കുഴപ്പമുണ്ടോ?''- ഞാന്‍ ചോദിച്ചു.
''ഹേയ് ...ഒരു കുഴപ്പവും ഇല്ല.'' പക്ഷേ, മറിയാമ്മ ഇടക്ക് കയറി 'അയ്യോ അടുക്കള ഫോട്ടോ എടുക്കാന്‍ കൊള്ളില്ല' എന്ന് തടയിടാന്‍ നോക്കി. പേരക്കുട്ടി ചുമരില്‍ എഴുതിവെച്ച, 'എല്ലാ ദിവസവും രാത്രി കഞ്ഞിക്കൊപ്പം സലാഡും വിളമ്പണം'- എന്ന എഴുത്തു കാണിച്ചിട്ട് കണ്ടില്ലേ ,മൊത്തം വൃത്തികേടായി കിടക്കുകയാണെന്ന് പറഞ്ഞു. എഴുത്ത് മായ്‌ച്ചോളാമെന്ന് ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ ഫോട്ടോ എടുത്തുതുടങ്ങി.
അടുക്കളയില്‍ വൈറ്റ് ആന്‍ഡ് വൈറ്റ് അത്ര മാച്ചല്ലാത്തതിനാല്‍ ഒരു കൈലി മുണ്ട് ഇടാമോ എന്ന് ചോദിച്ചു. ചാണ്ടി സാര്‍ സന്തോഷത്തോടെ അതിനും റെഡി. മറിയാമ്മ വീണ്ടും തടസ്സം നിന്നു. ''അവര്‍ക്ക് അങ്ങനെയല്ലേ വേണ്ടത്, അപ്പോ അങ്ങനെ ചെയ്യണ്ടേ'' -എന്നുപറഞ്ഞ് സാര്‍ ലുങ്കിയുടുത്ത് വന്നു. മറിയാമ്മ കഞ്ഞി വിളമ്പി കൊടുത്തു. ഉമ്മന്‍ ചാണ്ടി കഞ്ഞിയും പയറും കഴിക്കുന്ന ചിത്രങ്ങള്‍. കൈലിമുണ്ടില്‍ ഉമ്മന്‍ ചാണ്ടി. അപൂര്‍വ ചിത്രങ്ങള്‍. ഷൂട്ടിനിടയില്‍ ഇടക്കിടെ മറിയാമ്മ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
അവിടെ തിങ്ങിനിറഞ്ഞ ജനക്കൂട്ടമാണ് ഈ ചിത്രങ്ങള്‍ക്ക് നിമിത്തമായത്. അല്ലെങ്കില്‍ ഇങ്ങനെയൊരു ചിത്രത്തിന്റ ഫ്രെയിം മനസ്സില്‍ പോലും വരില്ലായിരിക്കാം. സത്യത്തില്‍ ഷര്‍ട്ട് അഴിച്ച് ബനിയനും കൈലി മുണ്ടിലും ഒരു ചിത്രം എടുക്കാമോ എന്ന് ചോദിക്കാന്‍ തോന്നിയിരുന്നു. നിയുക്ത മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കുന്നത് 'അക്രമമാവും എന്ന് തോന്നിയതിനാല്‍ അതിനു മുതിര്‍ന്നില്ല.

Content Highlights: former kerala chief minister oommen chandy passed away
Published: 19 Jul 2023, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented