90 വയസ്സുകാരനായ ഡോ. എഡ് സാലിംഗര്‍ രാവിലെ എഴുന്നേറ്റ് റെഡിയായി ഓഫീസില്‍ പോവാന്‍ കാറില്‍ കയറി ഇരുന്നു. കാറിന്റെ താക്കോല്‍ കൈയിലുണ്ട്. പക്ഷെ കാറില്‍ തപ്പിയിട്ട് കീ ഹോള്‍ കാണുന്നില്ല. പിന്നെ ആകെ പ്രശ്‌നമായി. മകന്‍ ഡാന്‍ പതിയെ അരികിലെത്തി അച്ഛനോട് പറഞ്ഞു.
''അച്ഛാ.. ഇത് അച്ഛന്റെ കാറല്ല. എന്റെ കാറാണ്. ഇതിന് ചാവിയിടണ്ട ആവശ്യമില്ല. ബട്ടണ്‍ ആണ്.'' ആകെ അങ്കലാപ്പിലായ എഡ് സാലിംഗര്‍ പുറത്തിറങ്ങി. ഓര്‍മകള്‍ എവിടെയൊക്കെയോ മുറിഞ്ഞുപോയ ആ മനുഷ്യന്‍ ഓര്‍മകള്‍ക്കായി പരതിക്കൊണ്ടിരിക്കുന്ന കാഴ്ച.
അടുത്ത ചോദ്യം ഉടൻ വന്നു, ''നീ ആരാ?''
''ഞാൻ അച്ഛന്റെ മകനാണ്...''
ഇപ്പോഴും തന്‍റെ നാൽപതുകളിലാണെന്ന് വിശ്വസിക്കുന്ന ഡോക്ടർക്ക് മകനെന്നു പറഞ്ഞു പരിചയപ്പെടുത്തിയ നരച്ച മുടിയുളള അറുപതുകാരനെ കണ്ടപ്പോൾ അദ്ഭുതമായി. തന്നെ കളിയാക്കുകയാണോ എന്നു ചോദിച്ചപ്പോൾ മകൻ കാര്യങ്ങൾ വിശദീകരിച്ചു. ''അച്ഛാ, അച്ഛന് മറവിരോഗമാണ്. ഞാൻ അച്ഛന്റെ മകൻ ഡാൻ തന്നെയാണ്.''

ഡിമന്‍ഷ്യ ബാധിച്ച ഡോ.സാലിംഗറിന്റെ ഒരു വീഡിയോ മകന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം ലോകമറിയുന്ന താരമായി മാറിയത്. 12 ലക്ഷം പേരാണ് ആദ്യ വീഡിയോ കണ്ട് പിന്തുടര്‍ന്നത്. തുടര്‍ന്ന് വന്ന അനേകം വീഡിയോകളിലൂടെ സാലിംഗര്‍ ലോകം അറിയപ്പെടുന്ന ടിക് ടോക് താരമായി മാറി. സമൂഹമാധ്യമത്തിലെ പ്രിയപ്പെട്ടവനും ആകര്‍ഷവാനുമായ വ്യക്തിത്വങ്ങളില്‍ ഒരാളായി. 50 ലക്ഷത്തോളം പേര്‍ അവരെ ഇപ്പോള്‍ പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ വിജയത്തില്‍ പ്രധാനപങ്ക് വഹിച്ച രണ്ട് വ്യക്തികളുണ്ട്: അദ്ദേഹത്തെ പരിചരിക്കുന്ന മക്കള്‍ ഡാനും മാര്‍ക്കും. ഡിമന്‍ഷ്യ, അല്‍ഷൈമേഴ്‌സ് തുടങ്ങിയ മറവി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ഈ വീഡിയോകളിലൂടെ തന്റെ ലക്ഷ്യമെന്ന് മകന്‍ പറയുന്നു. അത്തരം രോഗികളെ പരിചരിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചാണ് ഡാന്‍ സാലിംഗര്‍ ഈ വീഡിയോകളിലൂടെ പുറംലോകത്തെ കാണിക്കാന്‍ ശ്രമിക്കുന്നത്.
പ്രായമായ അച്ഛനെ പരിപാലിക്കുന്നതില്‍ ഡാനും മാര്‍ക്കും നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ആദ്യമെല്ലാം ഒരു ഡിമന്‍ഷ്യ രോഗി എന്ന നിലയിലായിരുന്നു അച്ഛനെ അവര്‍ കണ്ടിരുന്നത്. എന്നാല്‍ രോഗി എന്നതു മാറ്റിനിര്‍ത്തി അച്ഛനായിത്തന്നെ കണ്ടുതുടങ്ങിയപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരമായി എന്നവര്‍ പറയുന്നു. അച്ഛന്‍ രാവിലെ എഴുന്നേറ്റുവരുമ്പോള്‍ വിശക്കുന്നു എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും മകനെ തിരിച്ചറിയുന്നില്ല. മകനാണിതെന്ന് പറഞ്ഞുമനസ്സിലാക്കുമ്പോള്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ മുഖഭാവവും പിന്നീട് അതില്‍ നിന്നു ലഭിക്കുന്ന സന്തോഷമുള്ള മുഖവുമെല്ലാം വീഡിയോകളിലൂടെ നമ്മുടെ മുമ്പിലെത്തുന്നുണ്ട്.
സ്വന്തം ജീവിതവും ഡിമന്‍ഷ്യ രോഗിയുടെ ആവശ്യങ്ങളും തമ്മില്‍ ബാലൻസ് ചെയ്ത് ജീവിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ഡാന്‍ പറയുന്നു. പ്രായമായ പ്രിയപ്പെട്ട ഒരാളെ പരിപാലിക്കുന്നത് ഒരു മുഴുവന്‍ സമയ ജോലിയായി മാറുമ്പോള്‍ മറ്റൊന്നിനും സമയം കിട്ടില്ല.
അച്ഛന്റെ മറവിരോഗത്തിനെ മറികടക്കാനും അദ്ദേഹത്തിനെ കൂടുതല്‍ സമയം ഊര്‍ജ്ജസ്വലനാക്കാനുമാണ് ടിക് ടോക് എന്ന പ്ലാറ്റ് ഫോം മക്കള്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ നിത്യ ജീവിതവും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കവിതകളും വിജ്ഞാനവുമാണ് ലോകത്തിനുമുമ്പില്‍ അവര്‍ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. വിവിധ സമൂഹമാധ്യമങ്ങളും അവര്‍ ഇതിനായി ഉപയോഗിച്ചു. അതോടെ സമാന അനുഭവങ്ങളുള്ളവര്‍ അവരുമായി ബന്ധപ്പെട്ടുതുടങ്ങി. തങ്ങളുടെ കഥ പങ്കുവയ്ക്കുന്നതിലൂടെ, പ്രായമായ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതില്‍ സന്തോഷവും അര്‍ത്ഥവും കണ്ടെത്താന്‍ ഇത് മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നാണ് ഡാനും മാര്‍ക്കും പ്രതീക്ഷിക്കുന്നത്.
ഡിമന്‍ഷ്യ ബാധിച്ചവര്‍ക്ക് വേണ്ടത് പരിഗണന
അതീവശ്രദ്ധയോടെയുള്ള പരിചരണം ഡിമന്‍ഷ്യ രോഗികള്‍ക്ക് അത്യാവശ്യമാണ്. സൗഹൃദപരമായി മാത്രമേ അവരോട് ഇടപെടാവൂ. കടുത്ത വാക്കുകള്‍ ഉപയോഗിച്ചോ ഉച്ചത്തിലുള്ള ശബ്ദത്തിലോ അവരോട് സംസാരിക്കരുത്. ഇത്തരം നീക്കങ്ങള്‍ രോഗി അക്രമാസക്തമാകുന്നതിലേക്ക് കാര്യങ്ങളെത്തിക്കും. ഇടയ്ക്കിടെ അവര്‍ക്ക് മാനസികോല്ലാസം നല്‍കുന്ന തരത്തിലുള്ള സാഹചര്യങ്ങളിലേക്ക് അവരെ കൊണ്ടുപോവണം.

ഡിമന്‍ഷ്യ തിരിച്ചറിയാം
ഓര്‍മക്കുറവ് തന്നെയാണ് ഡിമന്‍ഷ്യയുടെ പ്രധാന ലക്ഷണം. വളരെമുമ്പു നടന്ന കാര്യങ്ങളെല്ലാം ഇത്തരക്കാര്‍ക്ക് വ്യക്തമായി ഓര്‍മയുണ്ടാവും. പക്ഷെ തൊട്ടുമുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍മയില്‍നിന്ന് മാഞ്ഞുപോവും. പതിവായി ചെയ്യുന്ന കാര്യങ്ങള്‍ ക്രമം തെറ്റിക്കുന്നതും പതിവാണ്.
Content Highlights: dr salinger, dimentia, alzimers
Published: 27 Nov 2023, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented