മണിരത്നത്തിൻ്റെ 1991-ലെ റൊമാൻ്റിക് ത്രില്ലർ 'റോജ'യിലൂടെയാണ് സംഗീതസംവിധായകൻ എആർ റഹ്മാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വർഷങ്ങളെടുത്താണ് ബോളിവുഡിലെ ഒരാളായി തന്നെയാളുകൾ പരിഗണിച്ചതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ എട്ടുവർഷത്തോളമായി തനിക്ക് അവസരം കുറവാണെന്ന് പറയുകയാണ് അദ്ദേഹം.

To advertise here,

സുഭാഷ് ഘായിയുടെ ‘താൽ’ എന്ന 1999-ലെ റൊമാൻ്റിക് ചിത്രത്തോടെയാണ് ഹിന്ദി സിനിമയ്ക്കകത്തുള്ള ഒരാളായി തനിക്ക് തോന്നിത്തുടങ്ങിയതെന്നും റഹ്മാൻ പറയുന്നു. 'താൽ' വീട്ടിലെ സംഗീതമായി മാറി. എല്ലാവരുടെയും അടുക്കളകളിലേക്ക് അത് കടന്നുചെന്നുവെന്നു പറയാം. ഇപ്പോഴും, മിക്ക വടക്കേ ഇന്ത്യക്കാരുടെയും രക്തത്തിൽ അലിഞ്ഞുചേർന്ന പാട്ടാണിത്. കാരണം ഇത് പഞ്ചാബിയും ഹിന്ദിയും മലയോര സംഗീതവും ചേർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

"ഒരിക്കലും ഹിന്ദി സംസാരിച്ചിരുന്നില്ല, തമിഴർക്ക് ഹിന്ദി സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ്, കാരണം ഞങ്ങൾക്ക് അത്രയധികം വൈകാരികമായ ബന്ധമുണ്ട്. അപ്പോൾ സുഭാഷ് ഘായി പറഞ്ഞു, 'നിങ്ങളുടെ സംഗീതം എനിക്കിഷ്ടമാണ്, പക്ഷെ നിങ്ങൾക്ക് കൂടുതൽ കാലം ഇവിടെ തുടരണമെങ്കിൽ, ഹിന്ദി പഠിക്കൂ.' 'ശരി, ഞാൻ കുറച്ചുകൂടി മുന്നോട്ട് പോയി ഉർദു പഠിക്കാം എന്നു ഞാൻ പറഞ്ഞു, കാരണം 1960-കളിലും 70-കളിലും ഹിന്ദി സംഗീതത്തിൻ്റെ മാതൃസ്ഥാനത്തായിരുന്നു ആ ഭാഷ."- റഹ്മാൻ ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനോട് പറഞ്ഞു.

ഉച്ചാരണത്തിൽ ഉർദുവിനോട് വളരെ സാമ്യമുള്ളതിനാൽ അദ്ദേഹം അറബിയും പഠിച്ചു. "പിന്നീട് സുഖ്‌വിന്ദർ സിങ്ങിന്റെ സ്വാധീനത്തിൽ പഞ്ചാബിയിലേക്ക് കടന്നു, സുഖ്‌വിന്ദറും റഹ്മാനും പിന്നീട് 'ദിൽ സേ’, 'താൽ', 'സ്ലംഡോഗ് മില്യണയർ' തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചു. ഐശ്വര്യ റായ്, അക്ഷയ് ഖന്ന, അനിൽ കപൂർ എന്നിവർ അഭിനയിച്ച 'താലി'ലെ മറ്റ് ഗാനങ്ങളും റഹ്മാന് അംഗീകാരം നേടിക്കൊടുത്തു.

ഹിന്ദി സിനിമാ ലോകത്ത് 'വിവേചനമുണ്ടെന്നും തമിഴ് സമൂഹം ബോളിവുഡിൽ വിവേചനം നേരിടുന്നുണ്ടെന്നും വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെയായിരുന്നു- "ഒരുപക്ഷേ ഞാനറിയാത്തതാവാം, അല്ലെങ്കിൽ മറച്ചുവെക്കപ്പെട്ടതാവാം. ഞാൻ ഇതൊന്നും അനുഭവിച്ചിട്ടില്ല. കഴിഞ്ഞ എട്ട് വർഷമായിവിടെ ഒരു അധികാര കൈമാറ്റം സംഭവിച്ചിട്ടുണ്ടാവാം. ക്രിയേറ്റീവല്ലാത്ത ആളുകൾക്ക് ഇപ്പോൾ അധികാരമുണ്ട്. ചിലപ്പോൾ ഇതൊരു സമുദായപരമായ കാര്യമായിരിക്കാം... അതെന്നിലേക്ക് വന്നിട്ടില്ല. എനിക്ക് കിട്ടേണ്ടിയിരുന്ന അവസരങ്ങളെപ്പറ്റി ചില കിംവദന്തികൾ കേൾക്കുന്നുണ്ട്. ഞാൻ പറയുന്നു, നല്ല കാര്യം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഇപ്പോൾ കൂടുതൽ സമയം കിട്ടുന്നുണ്ട്. ഞാൻ ജോലി തിരയുന്നില്ല, ജോലി തേടിപ്പോവാൻ ആഗ്രഹിക്കുന്നുമില്ല. ജോലി എന്നിലേക്ക് വരണമെന്നാണ്  ആഗ്രഹം; അർഹതപ്പെട്ടത് എനിക്ക് ലഭിക്കും."-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi