സഹോദരി അൻഷുല കപൂറിന്റെ വിവാഹാഘോഷങ്ങളിൽ ഓരോ ചടങ്ങിലും വ്യത്യസ്തമായ പരമ്പരാഗത ലുക്കുകളിലൂടെയാണ് ജാൻവി കപൂർ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ നടി ആകാംക്ഷ രഞ്ജന്റെ വിവാഹാഘോഷത്തിൽ വീണ്ടും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ജാൻവി. ഇത്തവണ പൂർണമായും സ്വർണനിറത്തിൽ ഒരുക്കിയ മാക്‌സിമലിസ്റ്റ് ലുക്കിലാണ് താരം എത്തിയത്.

ഈ ലുക്കിന്റെ പ്രധാന ആകർഷണം മുംബൈ ആസ്ഥാനമായ ഡിസൈനർ സുഹാനി പരേഖിന്റെ മിഷോ (Misho) ലേബലിൽ നിന്നുള്ള 24 കാരറ്റ് സ്വർണം പൂശിയ ശിൽപസൗന്ദര്യമുള്ള ബസ്റ്റിയറായിരുന്നു. കടുവയുടെ രൂപവും കണ്ണുകളിൽ റൂബികളും പതിപ്പിച്ചാണ് ഈ ബസ്റ്റിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആഭരണത്തിന്റെയും വസ്ത്രത്തിന്റെയും സവിശേഷതകൾ ഒരുമിച്ച് ചേർത്ത അപൂർവ ഡിസൈൻ.

ബസ്റ്റിയറിനൊപ്പം യാഷ് പട്ടീലിന്റെ ദാറ്റ് ആന്റീക്പീസ് (That Antiquepiece) ലേബലിൽ നിന്നുള്ള ഡ്രേപ്പ്ഡ് മെറ്റാലിക് സിൽക്ക് സ്‌കർട്ടാണ് ജാൻവി ധരിച്ചത്. കൈകൊണ്ട് കെട്ടിയ ഫ്രിഞ്ച് ബോർഡറുള്ള സിൽക്ക് ഷാൾ ദുപ്പട്ടയായി അണിഞ്ഞതോടെ ലുക്കിന് കൂടുതൽ രാജകീയ ഭംഗിയായി. ലുക്കിനൊപ്പമുള്ള ആഭരണങ്ങളിലും സ്‌റ്റൈലിസ്റ്റ് മേഗൻ കോൺസെസിയോ മാക്‌സിമലിസ്റ്റ് ശൈലി തന്നെയാണ് പിന്തുടർന്നത്.

സുരഭി ദിദ്വാനിയയുടെ മോട്ടിഫ് (Motif) ബ്രാൻഡിൽ നിന്നുള്ള, കൃഷ്ണന്റെ രൂപം പതിപ്പിച്ച വലിയ ഗോൾഡൻ ചോക്കറാണ് ആഭരണങ്ങളിലെ പ്രധാന ആകർഷണം. ഇതിന് പുറമെ അതേ ബ്രാൻഡിലെ വളകൾ, മോതിരങ്ങൾ, ജുംക ശൈലിയിലുള്ള കമ്മലുകൾ എന്നിവയും ജാൻവി അണിഞ്ഞിട്ടുണ്ട്. മീര മഹാദേവിയുടെ എംബോസ് ചെയ്ത വെൽവെറ്റ് ഹാൻഡ്ബാഗും ക്രിസ്റ്റൽ അലങ്കാരങ്ങളുമാണ് ലുക്കിന് കൂടുതൽ ആഡംബരം നൽകിയത്. അപരാജിത തൂരിന്റെ എംബ്രോയ്ഡറി ചെയ്ത ഹീലുകളാണ് താരം തെരഞ്ഞെടുത്തത്.
തിളക്കമുള്ള മേക്കപ്പിനൊപ്പം ഗ്ലിറ്റർ ഐഷാഡോ, കട്ടിയുള്ള ഐലാഷുകൾ, പിങ്ക് ലിപ്സ്റ്റിക്, റോസ് ടോൺ ബ്ലഷ്, ഡയമണ്ട് ബിന്ദി എന്നിവയാണ് ജാൻവി തെരഞ്ഞെടുത്തത്. നീളൻ ബ്രെയ്ഡായിരുന്നു ഹെയർസ്‌റ്റൈൽ. ഓരോ ചടങ്ങിനും അനുയോജ്യമായ വസ്ത്രങ്ങളും ആക്സസറികളും തിരഞ്ഞെടുക്കുന്നതിലെ ജാൻവി കപൂറിന്റെ ഫാഷൻ സെൻസാണ് ഈ ഗോൾഡൻ ലുക്കിനെയും വേറിട്ടതാക്കുന്നത്. ട്രെഡീഷണലും മോഡേൺ ഫാഷനും അനായാസം സമന്വയിപ്പിക്കുന്ന താരം, ഇത്തവണയും തന്റെ സ്‌റ്റൈൽ തിരഞ്ഞെടുപ്പിലൂടെ ആരാധകരെയും ഫാഷൻ പ്രേമികളെയും ഒരുപോലെ ആകർഷിച്ചു. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi