ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിൽ ഇക്കുറി ഇഷ അംബാനിയെത്തിയത് സ്വർണ്ണ സാരിയും ഗജ്രയും 'മാമ്പഴ’വുമായി. ഡിസൈനർ ഗൗരവ് ഗുപ്തയുടെ കസ്റ്റംമെയ്ഡ് സാരി ലുക്കാണ് ഇത്തവണ ഇഷ തിരഞ്ഞെടുത്തത്. കൈകൊണ്ട് പെയിന്റ് ചെയ്ത Pichwai-inspired രൂപകല്പന സാരിയെ മനോഹരമാക്കി. റിലയൻസ് റീട്ടെയിൽ ആരംഭിച്ച, സ്വദേശ് എന്ന കരകൗശല-റീട്ടെയിൽ ബ്രാൻഡിലെ വിദഗ്ധർ സ്വർണ്ണനൂലുകൾ ഉപയോഗിച്ചാണ് സാരി നെയ്തത്.

To advertise here,

ബ്ലൗസിൽ യഥാർത്ഥവജ്രങ്ങളാണ് പതിച്ചത്. ബ്ലൗസിന്റെ പിൻഭാഗത്ത് നിസാമിന്റെ ആഭരണശേഖരത്തിന്റെ ഭാഗമായിരുന്ന തിളക്കമാർന്ന ഒരു സർപേച്ച് ഉണ്ടായിരുന്നു. ചരിത്രത്തിലെ സമ്പന്നമായ ഒരു വസ്തുകൂടി തുന്നിപ്പിടിപ്പിച്ചത് വസ്ത്രത്തെ ജീവസ്സുറ്റതാക്കി.

ബ്ലൗസിൽ നിറയെ തന്റെ അമ്മയുടെ ആഭരണങ്ങളാണ് ചേർത്തുവെച്ചതെന്ന് വോഗിന് നൽകിയ അഭിമുഖത്തിൽ ഇഷ പറഞ്ഞു. 1800 കാരറ്റിൽ കൂടുതൽ വജ്രങ്ങളും, മരതകങ്ങളും, പോൾക്കി, കുന്ദൻ പീസുകളും വസ്ത്രത്തിൽ (ബ്ലൗസ്) പതിച്ചിട്ടുണ്ടെന്നും ഇത് പൈതൃകത്തിന്റെ പ്രതിഫലനമാണെന്നും ഡിസൈനർ ഗൗരവ് ഗുപ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.

ഇഷയുടെ മെറ്റ് ഗാല ലുക്കിന്റെ വിശദാംശങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ആകർഷകമായ സാരിക്കും ആഭരണങ്ങൾക്കുമൊപ്പം, അവർ റെഡ് കാർപ്പറ്റിൽ ഒരു കലാസൃഷ്ടിയും കൊണ്ടുവന്നിരുന്നു - സുബോധ് ഗുപ്തയുടെ ഒരു മാമ്പഴ ശിൽപമായിരുന്നു അത്. ക്രോഷെ ബാഗിൽ തൂക്കിയിട്ടാണിത് ഇഷ കൈവശം വെച്ചത്. ഇക്കൊല്ലത്തെ 'ഫാഷൻ ഈസ് ആർട്ട്' തീമിന് ഇത് പൂർണ്ണമായി യോജിച്ചു. പാത്രങ്ങളും ഭക്ഷണവും പോലുള്ള സാധാരണ വസ്തുക്കളെ ശ്രദ്ധേയമായ കലാരൂപങ്ങളാക്കി മാറ്റുന്നതിൽ പേരുകേട്ട ഇന്ത്യൻ സമകാലീന കലാകാരനാണ് സുബോധ് ഗുപ്ത.

കഴിഞ്ഞ മൂന്ന് വർഷമായി, ഇഷാ അംബാനി മെറ്റ് ഗാലയിൽ സ്ഥിരമായി ഇന്ത്യൻ ഡിസൈനർമാരുടെ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 2024-ൽ, രാഹുൽ മിശ്രയൊരുക്കിയ ഗൗണും കഴിഞ്ഞ വർഷം, അനാമിക ഖന്നയൊരുക്കിയ വസ്ത്രവുമായിരുന്നു വേഷം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi