ചില മുഖങ്ങൾ അങ്ങനെയാണ്, മിന്നൽപ്പിണർ പോലെ മനസ്സിന്റെ ആഴങ്ങളിൽ മായാത്ത ചിത്രം വരച്ചുചേർക്കും. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ, കണ്ണുകളിൽ കുസൃതിയും ചിരിയിൽ നിഷ്‌കളങ്കതയുമായി 'പ്രിയം' എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദീപാ നായർ. കുഞ്ചാക്കോ ബോബന്റെ പ്രിയപ്പെട്ട 'ആനി'യായി വന്ന ആ പെൺകുട്ടി അന്നത്തെ കൗമാരങ്ങളുടെ സ്വപ്നസുന്ദരിയായി മാറി. പിന്നെയവൾ വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയായത് ഞൊടിയിടയിലായിരുന്നു. മലയാളികൾ ആ മുഖം മറന്നില്ല. 'ആനി എവിടെപ്പോയി?' അന്വേഷണത്തിന്റെ കാൽനൂറ്റാണ്ട്. 26 വർഷങ്ങൾക്കിപ്പുറം, ഇതാ ഞാൻ ഇവിടെയുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ ദീപ ഗൃഹലക്ഷ്മിയ്‌ക്കൊപ്പം ചേരുകയാണ്. 'പ്രിയ'ത്തിലെ പഴയ ആനിയിൽ നിന്ന് ഇന്നത്തെ ദീപയിലേക്കുള്ള ദൂരം അളന്നും ഓർമ്മകളുടെ മധുരം നുകർന്നും ദീപാ നായർ സംസാരിക്കുന്നു.

To advertise here,

എന്തുകൊണ്ടാണ് പിന്നീട് സിനിമയിൽ കാണാതിരുന്നത് ?

എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥി ആയിരിക്കുമ്പോഴാണ് 'പ്രിയ'ത്തിലേക്കുള്ള വരവ്. അന്ന് 19 വയസ്സേയുള്ളൂ. സിനിമ വലിയ വിജയമായതോടെ ഒന്ന് രണ്ട് ഓഫറുകൾ വന്നു. പക്ഷേ, ആ സമയത്ത് പഠനത്തിനായിരുന്നു മുൻഗണന. അന്നത്തെക്കാലത്ത് അവസരങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല. പിന്നീട് വന്ന ഓഫറുകൾ അത്ര സ്‌ക്രീൻ സ്‌പേസ് ഇല്ലാത്തതായിരുന്നു. ഉറപ്പില്ലാത്ത കാര്യത്തിന് വേണ്ടി പഠനം ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ചു.

പിന്നെ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിച്ചു. എന്നാൽ അമേരിക്കയിലെ 9/11 ആക്രമണത്തെത്തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണം ജോലിയിൽ പ്രവേശിക്കുന്നത് വൈകി. ആ ഇടവേള സിനിമയിലേക്കൊരു മടങ്ങിവരവിന് അനുയോജ്യമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ആ സമയത്ത് ഓഫറുകളൊന്നും വന്നില്ല. അന്ന് സിനിമയിൽ ആകെ ബന്ധമുണ്ടായിരുന്നത് ചാക്കോച്ചനുമായി മാത്രം.

വെറുതെയിരിക്കണ്ട എന്നുകരുതി കൈരളി ടിവിയിൽ കുറച്ചുകാലം മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചു.

'പ്രിയ'ത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

അതിന് 'ഗൃഹലക്ഷ്മി'യോട് നന്ദി പറയുന്നു. 1999-ൽ, ഗൃഹലക്ഷ്മി ഒരു സൗന്ദര്യ മത്സരം നടത്തി. മാമന്റെ നിർബന്ധപ്രകാരം അതിലേക്ക് ഫോട്ടോ അയച്ചു. രണ്ടാം സ്ഥാനം ലഭിച്ചു. മത്സരത്തിന് ശേഷം ഫോട്ടോഗ്രാഫർ രാജൻ പൊതുവാൾ സാർ വന്ന് എന്റെ കുറച്ച് ഫോട്ടോകൾ എടുത്തു. ആ വർഷം ഡിസംബറിൽ ഗൃഹലക്ഷ്മിയുടെ കവർ പേജിൽ എന്റെ ചിത്രം വന്നു.

മത്സരത്തിന്റെ ജഡ്ജിങ് പാനലിൽ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹൻ അങ്കിൾ ഉണ്ടായിരുന്നു. ആ സമയത്ത് 'പ്രിയം' സിനിമയിലേക്ക് പുതുമുഖ നായികയെ തിരയുകയായിരുന്നു അണിയറപ്രവർത്തകർ. ഗൃഹലക്ഷ്മിയിലെ ഫോട്ടോ കണ്ടപ്പോൾ വിപിൻ മോഹൻ അങ്കിളിന് എന്നെ ഓർമ്മ വന്നു. അദ്ദേഹം വീട്ടിൽ വന്ന് സംസാരിച്ചു.

വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു?

വിപിൻ മോഹൻ അങ്കിളിന്റെ കൂടെ ഭാര്യ ഗിരിജ ആന്റിയും ഉണ്ടായിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയ്ക്കും ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ അങ്കിൾ പറഞ്ഞ് മനസ്സിലാക്കി. അദ്ദേഹം തന്നെയാണ് ക്യാമറ ചെയ്യുന്നത്, അദ്ദേഹത്തിന്റെ മകളായ മഞ്ജിമ ഉൾപ്പെടെയുള്ള കുട്ടികൾ സിനിമയിലുണ്ടെന്നും മറ്റും പറഞ്ഞു.അതോടെ വീട്ടുകാർ സമ്മതിച്ചു.

അഭിനയത്തിൽ മുൻപരിചയം ഉണ്ടായിരുന്നോ?

സ്‌കൂളിൽ ക്രിസ്തുമസ് സ്‌കിറ്റുകളിൽ സ്ഥിരമായി മേരിയുടെ വേഷം ചെയ്തിരുന്നു. അഭിനയവുമായുള്ള ആകെബന്ധം അതായിരുന്നു. നൃത്തം വലിയ ഇഷ്ടമായിരുന്നു. ഏഴ് വയസ്സു മുതൽ പദ്മശ്രീ കലാമണ്ഡലം വിമലാ മേനോൻ ടീച്ചറുടെ കീഴിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവ പഠിച്ചിരുന്നു.

നൃത്തം ഇപ്പോഴും കൂടെയുണ്ടോ?

നൃത്തം ഒരിക്കലും കൈവിട്ടിട്ടില്ല. വിവാഹത്തിനുശേഷം മെൽബണിലേക്ക് വന്നു. 23 വർഷമായി ഇവിടെയാണ്. താരാ രാജ്കുമാർ എന്ന ഗുരുവിന് കീഴിൽ മോഹിനിയാട്ടം തുടർന്നു പഠിച്ചു. സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തു. ഇടയ്ക്ക് മുട്ടിന് ചെറിയ പ്രശ്നം വന്നപ്പോൾ ഇടവേളയെടുത്തു. മൂന്ന് വർഷമായി ഭരതനാട്യത്തിലെ 'പന്തനല്ലൂർ സ്റ്റൈൽ' വീണ്ടും പഠിച്ചുകൊണ്ടിരിക്കുന്നു.

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ടോ?

വിപിൻ മോഹൻ അങ്കിൾ വിളിച്ച് ഒരു ദിവസം രാവിലെ സ്‌ക്രീൻ ടെസ്റ്റിന് വരാൻ പറഞ്ഞു. സിനിമയിലെ ഒരു പ്രധാന സീനാണ് സ്‌ക്രീൻ ടെസ്റ്റിനു തന്നത്. ആദ്യ ടേക്കിൽ തന്നെ അത് ഓക്കെയായി. എല്ലാവരും കൈയടിച്ചപ്പോൾ ആത്മവിശ്വാസം തോന്നി. സ്‌ക്രീൻ ടെസ്റ്റിലെ ദൃശ്യങ്ങൾ തന്നെ സിനിമയിലും ഉപയോഗിച്ചു.

കുഞ്ചാക്കോ ബോബന്റെ നായികയായ അനുഭവം?

അന്ന് ചാക്കോച്ചൻ 'നിറം' ഒക്കെ കഴിഞ്ഞ് വലിയ ഹൈപ്പിൽ നിൽക്കുന്ന സമയമാണ്. സ്വാഭാവികമായും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം പേടി മാറ്റി. കൂടെ അഭിനയിച്ച കുട്ടികളും പിന്തുണച്ചു. അവരിൽ പലരും മുൻപേ സിനിമയിൽ അഭിനയിച്ചവരാണ്. അവരോട് ആത്മബന്ധം ഉണ്ടായി. ആ അടുപ്പമാണ് സിനിമയിലെ പല സീനുകളും റിയലിസ്റ്റിക് ആക്കിയത്.

തിലകനും ജഗതിയുമടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചല്ലോ?

തിലകൻ ചേട്ടനുമായി ഒരു കോമ്പിനേഷൻ സീനേ ഉണ്ടായിരുന്നുള്ളൂ. ജഗതി സാർ കാര്യങ്ങൾ പറഞ്ഞു തരും. അക്കാലത്ത് ഒരേ സമയം അഞ്ചും ആറും സിനിമകൾ ചെയ്യുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഷൂട്ടിങ്ങിന് ഇടയിലുള്ള ചെറിയ ബ്രേക്കുകളിൽ മേക്കപ്പ് മാറ്റാതെ അദ്ദേഹം കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ട്.

ഇന്ദ്രൻസ് സാറിനോളം വിനയമുള്ള ആരെയും ഞാൻ കണ്ടിട്ടില്ല. സുകുമാരി അമ്മയും നല്ല പിന്തുണ തന്നു. ഇത്രയും വലിയ അഭിനേതാക്കൾക്കൊപ്പം അരങ്ങേറാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

ഒരുപാട് ആരാധകർ ഉണ്ടായിക്കാണുമല്ലോ?

വീട്ടിലെ അഡ്രസ്സും ഫോൺ നമ്പറും ആളുകൾ തേടിപ്പിടിച്ചു. നിറയെ കത്തുകൾ വരുമായിരുന്നു. അമ്മ ആ കത്തുകളെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വന്ന്, 'പണ്ട് കത്തയച്ച ആളാണ് ഞാൻ?' എന്ന് പറയുന്നവരുണ്ട്. ഇത്ര വർഷത്തിന് ശേഷവും ആളുകൾ എന്നെ ഓർക്കുന്നു എന്നത് അദ്ഭുതമാണ്. പലരും മെസ്സേജ് അയക്കുന്നത് 'എന്റെ ഫസ്റ്റ് ക്രഷ് ആയിരുന്നു' എന്ന് പറഞ്ഞാണ്. ആ സിനിമ ഇത്രയും ഇംപാക്ട് ഉണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. ഇന്നത്തെക്കാലത്ത് ഇത്രയും കാലം ആളുകളുടെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുക സാധ്യമാണെന്ന് തോന്നുന്നില്ല. അത്രയധികം സിനിമകളാണ് ഓരോ ദിവസവും വരുന്നത്.

സിനിമയിൽ നിന്ന് മാറി നിന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?

സത്യം പറഞ്ഞാൽ വലിയ വിഷമമൊന്നും തോന്നിയിട്ടില്ല. നമ്മൾ ചിലത് ഉപേക്ഷിക്കുമ്പോൾ മറ്റെന്തെങ്കിലും നേടുന്നുണ്ടല്ലോ. വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു, അത് നടന്നു. സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ 'ആനി' എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത ചിലപ്പോൾ നഷ്ടമായേനേ. അതുകൊണ്ട് നഷ്ടബോധമില്ല. പക്ഷേ, ഒരു കാര്യത്തിൽ ചെറിയ സങ്കടമുണ്ട്. അന്നത്തെ സിനിമാ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ഉള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞില്ല.

ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

തിരിച്ചുവരുമോ എന്ന് പലരും ചോദിക്കാറുണ്ട്. ചില പ്രൊഡക്ഷൻ കൺട്രോളർമാരും മറ്റും സ്‌ക്രിപ്റ്റുമായി സമീപിച്ചിട്ടുമുണ്ട്. പക്ഷേ, അതൊരു വലിയ തീരുമാനമാണ്. ഇപ്പോൾ മെൽബണിൽ അത്യാവശ്യം നല്ല ശമ്പളമുള്ള ജോലിയുണ്ട്. അത് ഉപേക്ഷിച്ച് വരണമെങ്കിൽ അത്രയും മികച്ച ഓഫർ വരണം. കൂടാതെ, കുടുംബം അവിടെയാണ്. കുട്ടികളുടെ കാര്യങ്ങളും നോക്കണം. ഭർത്താവിനെക്കൊണ്ട് സമ്മതിപ്പിക്കുകയുംവേണം (ചിരിക്കുന്നു). എല്ലാം ഒത്തുവരികയാണെങ്കിൽ മാത്രം ആലോചിക്കാവുന്ന ഒന്നാണത്.

സംരംഭകയുമാണല്ലോ?

ഓസ്‌ട്രേലിയയിൽ ഓൺലൈനായി ജ്വല്ലറി ബിസിനസ് തുടങ്ങിയിട്ടുണ്ട്. ആ ബിസിനസ് പ്രൊമോട്ട് ചെയ്യാൻ വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പ്രൊഫൈൽ പബ്ലിക് ആക്കിയത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്; ആളുകൾ തിരിച്ചറിഞ്ഞതോടെ പ്രൊഫൈൽ മുഴുവൻ സിനിമാ പ്രേമികളെക്കൊണ്ട് നിറഞ്ഞു. എങ്കിലും ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് ആളുകളുമായി സംസാരിക്കുന്നതും അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആഭരണങ്ങൾ മാച്ച് ചെയ്തു കൊടുക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi