'ഹഖ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നടി യാമി ഗൗതം വലിയ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ആലിയ ഭട്ട്, കരൺ ജോഹർ തുടങ്ങിയ പ്രമുഖർ യാമിയുടെ അഭിനയത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. നവംബർ ഏഴിന് പുറത്തിറങ്ങിയ ചിത്രം, നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത ശേഷവും വലിയ സ്വീകാര്യത ലഭിച്ചു.

1985-ലെ ചരിത്രപ്രധാനമായ ഷാ ബാനു ബീഗം കേസിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ച ഒരു മുസ്ലീം സ്ത്രീ തന്റെയും മക്കളുടെയും ജീവനാംശത്തിനായി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രം പറയുന്നത്. സുപർണ് വർമയാണ് സംവിധാനം.

'യാമി ഗൗതമിന്റെ പ്രകടനം എന്നെ വല്ലാതെ സ്പർശിച്ചു. നിശബ്ദതയിലൂടെയും നോട്ടത്തിലൂടെയും അവസാനത്തെ മോണോലോഗിലൂടെയും യാമി മികച്ച ഒരു മാസ്റ്റർ ക്ലാസ് തന്നെയാണ് കാഴ്ചവെച്ചത്,' എന്ന് കരൺ ജോഹർ കുറിച്ചു. യാമിയെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ച വിവരം ആലിയ, സോഷ്യൽ മീഡിയയിലൂടെയും പങ്കുവെച്ചിരുന്നു.

2012-ൽ 'വിക്കി ഡോണർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും, സിനിമയിൽ താൻ പലപ്പോഴും അവഗണിക്കപ്പെട്ടതായി യാമി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 'സിനിമയിൽ സ്വാഗതം ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവഗണിക്കപ്പെട്ടിരുന്നെന്നും ഞാൻ നിഷേധിക്കില്ല. നമ്മൾ ആ കൂട്ടത്തിന്റെ ഭാഗമല്ലെന്ന് മറ്റൊരാൾ പറയേണ്ടതില്ല, അവരുടെ ഒരു നോട്ടം തന്നെ അത് മനസ്സിലാക്കാൻ ധാരാളമാണെന്ന്' ഒരഭിമുഖത്തിൽ യാമി പറഞ്ഞിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ തന്റെ കുടുംബവും ഭർത്താവ് ആദിത്യ ധറും നൽകുന്ന പിന്തുണയെക്കുറിച്ചും യാമി സംസാരിച്ചു.

അമ്മയുടെയും സഹോദരിയുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ തന്റെ യാത്ര വളരെ പ്രയാസകരമാകുമായിരുന്നു എന്ന് യാമി പറഞ്ഞു. ഭർത്താവ് ആദിത്യയും താനും ഒരേ ചിന്താഗതിക്കാരാണെന്നും, താൻ അധികം സാമൂഹികമായി ഇടപെടാത്ത ഒരാളാണെങ്കിൽ ആദിത്യ അതിനേക്കാൾ ഒരുപടി മുന്നിലാണെന്നും യാമി തമാശരൂപേണ പറഞ്ഞു. വൻവിജയങ്ങൾ വാരിക്കൂട്ടുന്ന ‘ദുരന്ധർ’ എന്ന ഹിറ്റ് ചിത്രത്തിന്റെ  സംവിധായകനാണ് ആദിത്യ ധർ. 'ഉറി: ദി സർജിക്കൽ സ്‌ട്രൈക്കി'ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിൽ യാമി ഗൗതവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi