ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ദുരനുഭവം തുറന്നുപറയാന്‍ മുന്‍നിരയിലേക്ക് വന്നത്. കാലങ്ങളായി ഉള്ളിലൊതുക്കി ജീവിക്കേണ്ടി വന്ന വേദനകളെല്ലാം തുറന്നുപറയാന്‍ ഒരു വേദി കിട്ടിയ അവസരത്തില്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പലരും തുറന്നുപറഞ്ഞു. ആദ്യമായാണ് മയലാളസിനിമാ മേഖലയില്‍ ഇങ്ങനെയൊരു തുറന്നുപറച്ചിലിന് സ്ത്രീകള്‍ മുതിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ നടന്ന സംഭവത്തെപ്പറ്റി എന്തുകൊണ്ട് ഇത്രയും കാലം മിണ്ടാതിരുന്നെന്നും പ്രതികരിച്ചില്ലെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവരികയാണ് ഇപ്പോഴവര്‍ക്ക്.  

മോശം അനുഭവങ്ങളോട് പ്രതികരിച്ചവര്‍ നേരത്തേയുമുണ്ടായിരുന്നു, പക്ഷേ, നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അവര്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ക്ക് തുറന്നുപറയാന്‍ ധൈര്യമുണ്ടായിരുന്നില്ല, സിനിമാസ്വപ്‌നം പൊലിയുമോ? അപമാനിക്കപ്പെടുമോ? ആക്രമിക്കപ്പെടുമോ? എന്നൊക്കെയുള്ള ഭയമായിരുന്നു. സിനിമാസംഘടനകളുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണ് കുറ്റാരോപിതരെന്നതും മറ്റൊരു സത്യം. ഈ അവസരത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്.

'നോ എന്നു പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം' എന്നാണ് ഡബ്ല്യു.സി.സി. ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

വൈകിയെങ്കിലും കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യപ്പെട്ടുവരുന്ന സ്ത്രീകള്‍ക്ക് ഡബ്ല്യു.സി.സി. ശക്തി പകരുകയാണ്.