2005-ൽ, രാധിക റാവുവും വിനയ് സപ്രൂവും ചേർന്ന് സംവിധാനം ചെയ്ത 'ലക്കി: നോ ടൈം ഫോർ ലവ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ താരമാണ് സ്‌നേഹ ഉല്ലാൽ. സിനിമ റിലീസാവുന്നതിനുമുമ്പ് തന്നെ സ്‌നേഹയെ കുറിച്ചുള്ള ചർച്ചകളും തുടങ്ങി. നടി ഐശ്വര്യ റായ്‌യുമായുള്ള സാദൃശ്യമായിരുന്നു അതിനു കാരണം.

'ലക്കി'യിലേക്ക് അപ്രതീക്ഷിതമായി എത്തിയതിനെക്കുറിച്ച് സ്‌നേഹ ഈയിടെ സംസാരിച്ചു. അഭിനയം ഒരിക്കലും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. ആൽഫനിയോൺ സ്റ്റുഡിയോസുമായി സംസാരിക്കുകയായിരുന്നു സ്‌നേഹ. ''ഞാൻ പത്താം ക്ലാസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് അർപ്പിതയുടെ കൂട്ടുകാർ എന്നെ കാണുന്നത്. ഏകദേശം അതേ സമയത്താണ് 'ലക്കി'ക്കായി അവർ നായികയെ തിരഞ്ഞുകൊണ്ടിരുന്നത്. എന്നെക്കുറിച്ച് അവർ സൽമാനോട് പറഞ്ഞുവെന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് എന്നെ വിളിക്കുന്നത്''.

തന്റെ കുടുംബം വളരെ മോശമായൊരു അവസ്ഥയിലായിരുന്നു അപ്പോഴെന്നും സ്‌നേഹ ഓർക്കുന്നു. ''ആ റോളിലേക്കായി എന്നെ സമീപിച്ച സമയത്ത്, മാനസികമായി ഏറെ തകർന്ന സമയമായിരുന്നു. എന്റെ അമ്മയുടെ കാൻസർ ചികിത്സ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിലെ അന്തരീക്ഷവും വളരെ മോശമായിരുന്നു''.

കുടുംബത്തിന്റെ മാനസികാവസ്ഥ മാറ്റാനാണ് താൻ ആ സിനിമ തിരഞ്ഞെടുത്തത്തെന്നും താരം വെളിപ്പെടുത്തുന്നു. ''അമ്മയ്ക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാനാ ഓഫർ സ്വീകരിച്ചു. അമ്മയും എനിക്കൊപ്പം വന്നു''.

എന്നാൽ സിനിമ തന്റെ സ്വാതന്ത്ര്യമെല്ലാം എടുത്തുകളഞ്ഞുവെന്നും അവർ പറയുന്നു. ''ആ സിനിമയിലൂടെ എനിക്കൊരുപാട് സ്‌നേഹം ലഭിച്ചു. എങ്കിലും ഏറെ ബുദ്ധിമുട്ടേറിയ യാത്രയായിരുന്നുവത്. ആ സിനിമ എന്റെ പല കാര്യങ്ങളും നഷ്ടപ്പെടുത്തി. എന്റെ സ്വാതന്ത്ര്യവും കോളേജ് ലൈഫും...അങ്ങനെ പലതും. 16-കാരിയിൽനിന്ന് ഒറ്റരാത്രി കൊണ്ട് ഞാൻ വലിയൊരാളായി''.

ഐശ്വര്യയുമായുള്ള സാമ്യം എന്നാൽ സ്‌നേഹയ്ക്ക് വലിയ ഉയർച്ചയൊന്നും നേടിക്കൊടുത്തില്ല. വളരെ കുറച്ച് ചിത്രങ്ങളേ അവർക്ക് ലഭിച്ചുള്ളൂ. അതിലേറെയും വിജയിച്ചതുമില്ല. സാകോ 363 (ഹിന്ദി), നീലകണ്ഠ (തെലുഗു) എന്നിവയാണ് അവരുടേതായി അവസാനമിറങ്ങിയ ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi