പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം 'ദൃശ്യം 3' ഇന്നലെയാണ് റിലീസിനെത്തിയത്. ലാലേട്ടന്റെ ജന്മദിനവും ഇതേ ദിവസമായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകൾ പുറത്തുവരുന്നതിനിടയിൽ, പ്രേക്ഷകരുടെ പ്രതികരണം കണ്ട് മോഹൻലാൽ വികാരാധീനനായി കണ്ണ് തുടയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ഇന്റർനെറ്റിൽ തരംഗമായി മാറിയ ഈ വീഡിയോയിൽ, 'ദൃശ്യം 3' അണിയറപ്രവർത്തകർക്കൊപ്പം ആദ്യ ഷോ (FDFS) ആരാധകർക്കൊപ്പം കാണാനിരിക്കുന്ന മോഹൻലാൽ കണ്ണ് തുടയ്ക്കുന്നത് കാണാം. കൈയടിച്ചുകൊണ്ട്, തന്നെ അഭിനന്ദിച്ച ഒരു പ്രേക്ഷകന് താരം നന്ദി പറയുകയും ചെയ്തു.

സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകർക്ക് നന്ദി അറിയിക്കാൻ താരം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. "ഇന്ന് രാവിലെ ഉണർന്നപ്പോൾ എന്നെ തേടിയെത്തിയ സ്നേഹക്കടൽ ഏറെ വികാരാധീനനാക്കി. എല്ലാ ആശംസകളും പ്രാർത്ഥനകളും ഹൃദയസ്പർശിയായ സന്ദേശങ്ങളും എന്റെ മനസ്സിൽ വലിയ കൃതജ്ഞത നിറയ്ക്കുന്നു. ഇത്തരം നിമിഷങ്ങളാണ് എനിക്ക് ചുറ്റും ഇത്രയധികം സ്നേഹവും കാരുണ്യവും ഉണ്ടെന്നത് എന്നെ ഓർമ്മിപ്പിക്കുന്നത്. എന്റെ ഈ യാത്രയിൽ ഇത്രയും മനോഹരമായ ഒരു ഭാഗമായതിനും ഇന്നത്തെ ദിവസത്തെ ഇത്രയും സവിശേഷമാക്കിയതിനും നന്ദി. നിങ്ങളിൽ ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു." താരം കുറിച്ചു.

സിനിമയുടെ റിലീസിനൊപ്പം താരത്തിന്റെ ജന്മദിനവും ചേർന്നപ്പോൾ തിയേറ്ററുകളിൽ അത് വലിയ ആഘോഷമായി മാറി. സിനിമ കണ്ടതിന് ശേഷം നടന്ന ആഘോഷത്തിൽ നടൻ കേക്ക് മുറിക്കുകയും ചെയ്തു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 3'-ൽ ജോർജുകുട്ടിയായി മോഹൻലാൽ വീണ്ടുമെത്തുമ്പോൾ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ, ദൃശ്യം പരമ്പര ഇവിടെക്കൊണ്ട് അവസാനിച്ചേക്കില്ല എന്നൊരു സൂചന മോഹൻലാൽ നൽകിയിരുന്നു. ഇത് അടുത്ത ഭാഗങ്ങൾക്കായുള്ള ആരാധകരുടെ പ്രതീക്ഷയും ആവേശവും വർദ്ധിപ്പിച്ചിരിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi