റൺബീർ കപൂർ ഏറെ പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് 'രാമായണ' (Ramayana). എന്നാൽ ഈ സിനിമ ഏറ്റെടുക്കാൻ താനൊരിക്കൽ ഭയപ്പെട്ടിരുന്നുവെന്ന് പറയുകയാണ് റൺബീർ. താൻ തീരുമാനം മാറ്റാനുണ്ടായ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചലിസിൽ എത്തിയതായിരുന്നു റൺബീർ. സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര തുടങ്ങിയവരും താരത്തിനൊപ്പമുണ്ടായിരുന്നു. ചടങ്ങിൽവെച്ച് സിനിമയുടെ ആദ്യ ട്രെയിലർ പുറത്തുവിടുകയും ചെയ്തു.

അവിടെവെച്ച് നടന്നൊരു സംഭാഷണത്തിനിടെയാണ് താൻ ആദ്യം ആ പ്രോജക്റ്റ് നിരസിച്ചിരുന്നുവെന്ന് റൺബീർ വെളിപ്പെടുത്തിയത്. തുടർന്ന് തന്റെ മനസ്സ് മാറിയെന്നും അതിൽ പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''ഏകദേശം നാലുവർഷം മുമ്പ് നിർമാതാവ് നമിത് ആണ് ഈ സിനിമയെക്കുറിച്ച് എന്നോട് പറയുന്നത്, ഈ റോളിനെക്കുറിച്ച് എന്നോട് സംസാരിക്കുന്നതും. പക്ഷേ ഉടനെ തന്നെ ഞാൻ 'നോ' പറഞ്ഞു. ഞാൻ വേണ്ടത്ര ഫിറ്റല്ല, വേണ്ടത്ര നല്ലവനല്ല. ഈ കഥാപാത്രത്തോട് എനിക്ക് പൂർണനീതി പുലർത്താൻ കഴിയില്ലെന്നും എനിക്ക് തോന്നി''. ഏകദേശം അതേ സമയത്തുതന്നെയാണ് മകൾ റാഹയുണ്ടായതെന്നും റൺബീർ ഓർക്കുന്നു.

''ആദ്യത്തെ ഭയം വളരെ പെട്ടെന്ന് കൃതജ്ഞതയായി (gratitude) മാറി. കാരണം ഇതുപോലുള്ള അവസരങ്ങൾ എനിക്ക് കരിയറിൽ വളരെ ആവശ്യമായിരുന്നു. എന്റെ ജീവിതവും ജീവിതശൈലിയും മാറ്റേണ്ട ഒരു ഘട്ടത്തിലായിരുന്നു ഞാൻ. ഞാൻ ആദ്യമായി അച്ഛനായി. ശ്രീരാമനായി അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും അച്ഛനാവുകയും ചെയ്യുന്നത് ഒരു മധുരമുള്ള യാദൃശ്ചികതയായി (sweet coincidence) എനിക്ക് തോന്നി. അതെന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിന് ആവശ്യമായിരുന്നുവെന്നും ഞാൻ കരുതുന്നു''.

അതിനുശേഷം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താനെങ്ങനെ തയ്യാറെടുത്തുവെന്നും റൺബീർ പറയുന്നു. ''രാമാനന്ദ് സാഗറിന്റെ 'രാമായണം' കണ്ട ദിവസം മുതൽ തന്നെ തയ്യാറെടുപ്പ് ആരംഭിച്ചുവെന്ന് ഞാൻ കരുതുന്നു. അത് നമ്മുടെ മനസ്സിൽ അത്രയധികം പതിഞ്ഞിരിക്കുന്നതും നമ്മിൽ ആഴത്തിൽ വേരൂന്നിയതുമായ കഥയെയും ശ്രീരാമന്റെ യാത്രയെയും കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. അദ്ദേഹത്തെ അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചപ്പോൾ, ധാരാളം തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. ശാരീരികമായി മാത്രമല്ല, വൈകാരികമായും ആത്മീയമായും. അത് മനസ്സിലാക്കുകയും വളരെ സത്യസന്ധത പുലർത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. ഈ ഭാഗത്തോടും രാമായണത്തിന്റെ കഥയോടും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും ഉണ്ട്''.

ഈ കഥാപാത്രത്തിനായി താൻ മാംസവും മദ്യവും ഉപേക്ഷിച്ചെന്ന് നേരത്തെ റൺബീർ പറഞ്ഞിരുന്നു. ഇതിനെതിരെ അദ്ദേഹം അന്ന് ക്രൂരമായി ട്രോൾ ചെയ്യപ്പെട്ടു.

സായ് പല്ലവി, രവി ദുബെ, സണ്ണി ഡിയോൾ, യഷ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നിതേഷ് തിവാരിയാണ് 'രാമായണം' സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ റിലീസ് ചെയ്യുക. ആദ്യഭാഗം നവംബർ 2026-ൽ റിലീസാവും. രണ്ടാം ഭാഗം 2027-ലും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi