ബോളിവുഡ് താരമായ റൺബീർ കപൂർ 2024-ലാണ് സ്വന്തമായൊരു ലൈഫ് സ്റ്റൈൽ ബ്രാൻഡ് തുടങ്ങുന്നത്. എ.ആർ.കെ.എസ് (ARKS) എന്നാണ് അതിനിട്ട പേര്. തന്റെ പിറന്നാൾ ദിവസമാണ് താരം ബ്രാൻഡിന്റെ ലോഞ്ചിങ് നടത്തിയതും. സാമൂഹ്യമാധ്യമങ്ങളിൽ റൺബീർ സജീവമല്ലാത്തതിനാൽ, സംവിധായകൻ കരൺ ജോഹറാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ റൺബീറിന്റെ സംരംഭത്തെക്കുറിച്ച് പങ്കുവെച്ചത്.

ബ്രാൻഡിന്റെ പേരിനെക്കുറിച്ച് തുടക്കംമുതലേ ചർച്ചകളുണ്ടായിരുന്നു. ആലിയയുടെയും റാഹയുടെയും പേരാണ് ബ്രാൻഡിന്റെ തുടക്കമായ 'AR' എന്നായിരുന്നു ആരാധകരുടെ കണ്ടുപിടുത്തം. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റൺബീർ. ബ്രാൻഡിന്റെ സോഷ്യൽമീഡിയ ചാനലുകളിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ബ്രാൻഡിന്റെ പേരിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ, ''അതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ടായിരുന്നു. ഞങ്ങൾ ഒരു ഷൂവാണ് ബ്രാൻഡിന്റേതായി ആദ്യം തുടങ്ങിയത്. അതുകൊണ്ട് ആദ്യം അത് 'എ രൺബീർ കപൂർ ഷൂ' എന്നായിരുന്നു. പിന്നീട് അത് 'എ രൺബീർ കപൂർ സ്റ്റുഡിയോ' ആയി. പക്ഷേ ഒരു ഘട്ടമെത്തിയപ്പോൾ ആ പേരിന് ഒരു അർത്ഥം ആവശ്യമില്ലെന്ന് ഞാൻ മനസ്സിലാക്കി. ARKS-ഉം ലോഗോയും കണ്ടപ്പോൾ, എല്ലാം ഒത്തുചേരുന്നുണ്ടെന്ന് മനസ്സിലായി''.

അഞ്ചുമിനിറ്റ് വീഡിയോയിൽ ബ്രാൻഡിന്റെ ഫാക്ടറിയിലൂടെ ഒരു ടൂറും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം ബ്രാൻഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. ഫാക്ടറി തന്റെ സഹോദരീഭർത്താവ് ഭരത് സാഹ്നിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം വിവരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi